എൻറെ പ്രണയങ്ങളെ കുറിച്ച് പറയാം. ഇനി പറഞ്ഞിട്ട് എന്താണ് ? ഒന്നൂല്ല.
എല്ലാം കഴിഞ്ഞില്ലേ . ഒന്നും മീതിയില്ല . ഒന്നും ശരിയായില്ല. ഓകെ . പോട്ടെന്നേ . സാരമില്ല. ഒക്കെയും പോകട്ടെ .
ആദ്യ പ്രണയം നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു.
പുതിയ ടീച്ചർ വന്നു. എന്നാ സൗന്ദര്യം
എന്നാ മിനുമിനുപ്പ്. പളുപളുപ്പ്
സാരീടെയാണ് പളുപളുപ്പ്
ടീച്ചറുടേതാണ് മിനുമിനുപ്പ്
ടീച്ചറുടേതാണ് സൗന്ദര്യം
ടീച്ചർ കെട്ടിയിട്ടില്ല
ഞാൻ പ്രാർത്ഥിക്കും
ദൈവമേ, ഞാൻ വലുതാകുന്നതുവരെ ടീച്ചറെ ആരും കെട്ടല്ലേ
ഞാൻ വലുതായിക്കഴിയുമ്പോൾ എനിക്ക് ടീച്ചറെ കെട്ടാൻ പറ്റണെ
ആ സമയത്ത് സാരി സിൽക്ക് ആണോ എന്നൊരു പരിശോധനയുണ്ട്
ആദ്യം ടീച്ചർ വരുമ്പോൾ ഒരാൾ സാരി വിരലുകൾക്കിടയിൽ തെറ്റിച്ച് നോക്കും
എന്നിട്ട് പ്രഖ്യാപിക്കും സാരി സിൽക്ക് ആണോ എന്ന്
മറ്റൊരാൾ ടീച്ചറുടെ സാരിയിൽ തൊടുന്നത് എനിക്ക് ഇഷ്ടമല്ല.
അതുകൊണ്ട് ഞാൻ ആദ്യം സാരിപരിശോധന നടത്തും
ഒരാൾ പരിശോധിച്ച് റിസൾട്ട് പറഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കും
മറ്റൊരാൾ പിന്നെ പരിശോധന ആവർത്തിക്കില്ല
ഒരു ദിവസം ടീച്ചറുടെ സാരിയുടെ നേരെ മറ്റൊരു കൈ നീളുന്നത് കണ്ടു.
എൻറെ അവകാശം ഹനിക്കുകയോ ?
റ്റു ബി ഫസ്റ്റ് , ഞാൻ ധൃതിയിൽ സാരിയിൽ പിടിച്ചു
ടീച്ചർ കസേരയിൽ ഇരുന്നു. പിന്നെ എഴുന്നേറ്റില്ല
ടീച്ചറുടെ സാരിയുടെ കുത്തഴിഞ്ഞു പോയി
മുഴുവൻ കുട്ടികളെയും ഡ്രിലിന് ഓടിച്ച് വിട്ടിട്ടാണ് ടീച്ചർ സാരിയുടുത്തത്
സംഗതി നാടുമുഴുവൻ പ്രസിദ്ധമായി
ഞാൻ ടീച്ചറുടെ സാരിയുടെ കുത്തഴിച്ചു
സംഗതി എന്താണെന്ന് അറിയില്ലെങ്കിലും
ടീച്ചറിൻറെ പേരിനൊപ്പം എൻറെ പേര് കേട്ടത് എനിക്ക് ബഹുസന്തോഷമായി
ആരെങ്കിലും പെണ്ണുങ്ങൾ പോകുമ്പോൾ ആളുകൾ വിളിച്ചു പറയും
"അവനെ സൂക്ഷിച്ചോണേ ,
മേഴ്സി ടീച്ചറുടെ സാരിയുടെ കുത്ത് അഴിച്ചോനാ അവൻ "
അതോടെ സാരി സിൽക്ക് ആണോ എന്ന പരിശോധന നിരോധിച്ചു.
ആരും സാരി തൊട്ട് നോക്കരുതെന്ന് നിയമം വന്നു.
അതെനിക്ക് ഇഷ്ടപ്പെട്ടു.
എൻറെ ശ്രദ്ധക്കുറവുകൊണ്ട് മറ്റാരെങ്കിലും
മേഴ്സിടീച്ചറുടെ സാരി തൊട്ടു നോക്കില്ലല്ലോ.
കാലം മാറിക്കൊണ്ടിരിക്കും
ഞാൻ അഞ്ചാം ക്ലാസിലായി , പുതിയ സ്‌കൂളിലായി
ദാ വരുന്നു അന്നമ്മ ടീച്ചർ
അത് നിങ്ങൾക്ക് കണ്ടാലേ മനസിലാകൂ
അന്നമ്മ ടീച്ചറിൻറെ സൗന്ദര്യമാണ് റിയൽ സൗന്ദര്യം
ഞാൻ മേഴ്സി ടീച്ചറെ വിട്ടു ; അന്നമ്മ ടീച്ചറെ എടുത്തു
വിവരം ദൈവത്തെ ബോധിപ്പിച്ചു
"മേഴ്സി ടീച്ചറെ വേറെ ആരെങ്കിലും കെട്ടിക്കോട്ടെ ,
ഞാൻ വലുതാകുമ്പോൾ
അന്നമ്മ ടീച്ചറിൻറെ ഭർത്താവ് ചത്തുപോകണം
അപ്പോൾ ടീച്ചറെ എനിക്ക് കെട്ടണം " ദൈവത്തോട് ഞാൻ പറഞ്ഞു
ആറാം ക്ലാസിലായപ്പോൾ അന്നമ്മ ടീച്ചറില്ല.
അന്നമ്മ ടീച്ചർ അപ്പോഴും അഞ്ചാം ക്ലാസിൽ
കാണാൻ സൗകര്യമില്ലാതായപ്പോൾ ടീച്ചറെ വിട്ടു
അഞ്ചാം ക്ലസുമുതൽ കാണുന്ന പത്മിനിയോടായി പ്രണയം
ദൈവത്തെ വിളിച്ച് അന്നമ്മ ടീച്ചറെ റിലീസ് ചെയ്തു .
പകരം പതിമിനിയുടെ പേര് രജിസ്റ്റർ ചെയ്തു.
എനിക്ക് പത്മിനിയോട് ഗംഭീര പ്രേമം
ഞാൻ രാവിലെ ഒൻപതിന് സ്‌കൂളിലെത്തും
നല്ല ബദാം കായ്കൾ പെറുക്കി ബാഗിലിടും
ഒൻപത് നാൽപ്പതിന് പത്മിനി വരുമ്പോൾ ഞാൻ വഴിയിൽ കാത്ത്നിൽക്കും
ചിരിയില്ല. അറിയുന്ന ഒരു ഭാവവുമില്ല
തൂണ് പോലെ നിൽക്കും
പത്മിനി അടുത്ത് വരുമ്പോൾ ബാഗ് തുറക്കും , ബദാം കായ്കൾ എടുത്ത് കൊടുക്കും
അവൾ ചിരിച്ചുകൊണ്ട് അത് മുഴുവൻ വാങ്ങി ബാഗിലിടും
എന്നിട്ട് കൂട്ടുകാരികൾക്കൊപ്പം പോകും
അവൾ വന്നില്ലെങ്കിൽ ആർക്കും കൊടുക്കില്ല
ഒരു ദിവസം ബദാം കായ്കൾ വാങ്ങിയിട്ട് പോകുന്നതിനിടയിൽ അവൾ പറയുന്നത് ഞാൻ കേട്ടു
എനിക്ക് മാത്രമേ തരൂ
എന്താടീ മിണ്ടാത്തത് ? കൂട്ടുകാരികൾ ചോദിച്ചു
ആ !
നീ മിണ്ടു
ഊഹും . അൽപം ആലോചിച്ചിട്ട് അവൾ പറഞ്ഞു
രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമാ . മിണ്ടത്തില്ല
അവളുടെ കൂട്ടുകാരികൾ പറയുന്നത് ഞാൻ കേട്ടു
അവൾ മൗനമായിരുന്നു.
ആറിനും ഏഴിനും ശേഷം ഞങ്ങൾ രണ്ടു സ്‌കൂളിലായി
ബദാം കായ്കളുടെ കൈമാറ്റം അവസാനിച്ചു
എട്ടിലും ഒമ്പതിലും പത്തിലും അവളെ മനസ്സിൽ കൊണ്ടുനടന്നു
കണ്ടില്ലെങ്കിലും പ്രേമിച്ചു
അവൾ മാത്രമായിരുന്നു മനസ്സിൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ