2022 ഏപ്രിൽ 9, ശനിയാഴ്‌ച

വിജയൻ ചേട്ടൻ

ജാനകി  രമ്യ മാങ്കുളത്ത് "അവൻ " എന്നൊരു കഥ എഴുതിയിരിക്കുന്നു. വായിച്ചിട്ടില്ലാത്തവർ വായിക്കുക. നിങ്ങൾക്കറിയാമല്ലോ, ചില വിഭാഗം ജോലിക്കാർ ഇത്തിരി തരികിടകളായിരിക്കും. അതവരുടെ ജോലിയുടെ സ്വഭാവം കൊണ്ടാണെന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നത് , ചില പെണ്ണുങ്ങളുടെ സ്വഭാവം കൊണ്ടാണ് അവരിങ്ങനെയാകുന്നതെന്നാണ്.

 

ഉദാഹരണത്തിന് , നിങ്ങൾക്ക് മോഹനത്തെ അറിയാമല്ലോ. അവളുടെ 'അമ്മ ചെല്ലമ്മ ഭർത്താവിനെ കളഞ്ഞിട്ട് കാമുകനോടൊപ്പം പോയവകയിൽ ജനിച്ചവളാണ് മോഹനം. അവളുടെ തന്ത വാസുദേവൻ ഭാര്യയെ കളഞ്ഞിട്ട് കാമുകി ചെല്ലമ്മയോടൊപ്പം പോയവകയിലാണ് അവൾ ജനിച്ചത്. അതായത് തന്ത വഴിയിലും , തള്ളവഴിയിലും ഒരേ  കേസ് ! ചെല്ലമ്മ ഹൌസ് വൈഫ് ആയിരുന്നു. വാസുദേവൻ ബസ് ഡ്രൈവറും. അല്ലല്ല, രമ്യയുടെ കഥയും ഈ കഥയും രണ്ടും രണ്ടാണ്. ഇവിടെ കാമുകി കാമുകനൊപ്പം ഓടിപോയി ഒരുമിച്ച് ഉഷാറായി ജീവിച്ചു. രമ്യയുടെ കഥയിലെ പോലെ വളിച്ച് പുളിശ്ശേരിയടിച്ചില്ല . അവർ ഹീറോയും ഹീറോയിനുമായി ജീവിച്ചു. 


അതൊക്കെ പോകട്ടെ. ഞാനിപ്പോൾ പരിചയപ്പെടുത്തുന്നത് വിജയനെ ആണ്. വിജയൻ  ഹൌസ് വൈഫ് ആണ്. ശ്രീമതി വിജയമ്മ സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. വല്ല ലോണോ മറ്റോ വേണമെങ്കിൽ പറയണം കേട്ടോ. നമ്മൾക്ക് വിജയനെക്കൊണ്ട് പറയിപ്പിക്കാം .


അപ്പോൾ നമ്മുടെ ശ്രീമതി വിജയമ്മ എട്ടുമണിയാകുമ്പോഴേക്കും വീട്ടിൽ നിന്നിറങ്ങി ഓട്ടം തുടങ്ങിയിട്ടുണ്ടാവും. സഹകരണ ബാങ്ക് ഓഫീസുവരെയും ഓടും. ശ്രീമതി വിജയമ്മയുടെ ആരോഗ്യത്തിൻറെ രഹസ്യം ഈ ഓട്ടം ആകുന്നു. ഒന്നാം തരം ഓട്ടക്കാരിയാണ് ശ്രീമതി വിജയമ്മ. സിയൂളിൽ ഒളിമ്പിക്സിന് ഓടാൻ പോയിരുന്നെങ്കിൽ സ്വർണ്ണവുമായി തിരികെ വന്നേനെ. രാജ്യത്തിന് ഒരു സ്വർണ്ണമെഡൽ നഷ്ടം. അല്ലാതെന്താ ? ഓട്ടം രാവിലെ മാത്രമേയുള്ളൂ. വൈകിട്ട് റിട്ടേൺ മെല്ലെ നടന്നാണ്. അമേരിക്കയുടെ റോക്കറ്റ് അങ്ങോട്ട് പോകുമ്പോൾ വലിയ സ്പീഡിലല്ലേ പോക്ക്. തിരികെ വരുമ്പോൾ വേഗത കുറച്ച് പാരച്യൂട്ട് ഒക്കെ വിടർത്തി , മഴയായാലും വെയിലായാലും കുട നിവർത്തിപ്പിടിക്കുംപോലെ നിവർത്തിപ്പിടിച്ച് മെല്ലെയല്ലേ വരവ് . അതുപോലെ തന്നെ ഡാ 


രാവിലെ വിജയമ്മ ഒന്നും ഉണ്ടാക്കിയിട്ടില്ല. പുവർ വിജയൻ തനിയെ ഉണ്ടാക്കാനൊന്നും മിനക്കെടില്ല . രാത്രിയിൽ വന്നിട്ട് അവളുണ്ടാക്കും. അപ്പോൾ വിജയൻ ഉണ്ണും. അത്രേയുള്ളൂ. അപ്പോൾ രാവിലെയും ഉച്ചയ്ക്കും ? അത് രാജമ്മ കൊണ്ടുക്കൊടുക്കും, അല്ലെങ്കിൽ വന്നുവിളിക്കും. അപ്പോൾ ചെന്ന് കഴിക്കും. അങ്ങനെ വിജയമ്മയും വിജയനും വിജയകരമായി ജീവിക്കുന്നു. ത്രീ ചിൽഡ്രൻസ് നെ പ്രൊഡ്യൂസ് ചെയ്തിട്ടുമുണ്ട്. 


അങ്ങനെയിരിക്കേ , വരുന്നു വിലാസ ലോലിത , തന്വ൦ഗി , താമര നയന , മുഖം കമല പുഷ്പം പോലെ , മാറത്ത് കമല മൊട്ടുകളുമായി . അവൾ മൊഴിയുന്നു. "ചേട്ടൻ രാവിലെ വല്ലതും കഴിച്ചോ ?" 

"ചേട്ടൻ രാവിലെ വല്ലതും കഴിച്ചോ ?" ചോദ്യം ഒന്നൂടെ കേൾക്കാൻ കൊതിച്ചു വിജയൻ. സുന്ദരിയുടെ വദന കാന്തി കണ്ട് മയങ്ങിയങ്ങിരുന്നുപോയി. പെണ്ണ് പോകും മുമ്പ് ധൃതി പിടിച്ച് പറഞ്ഞറിയിച്ചു "ഇല്ല , അവള് രാവിലെ ഒന്നും ഉണ്ടാക്കിയില്ല "


"ചേട്ടൻ ഒന്നും ഉണ്ടാക്കിയില്ലേ ?" മാധുര്യമൂറുന്ന ശബ്ദം കാതിനിമ്പം ചേർത്തു. " ഓ , എനിക്ക് രാവിലെ ഒരു വയ്യായ്ക "


"ഞാനുണ്ടാക്കി തരാലോ !" പെണ്ണ് അടുക്കളയിലേക്ക് നടന്നു. വേണ്ടതെന്തെന്ന് പെണ്ണുര ചെയ്യും , വിജയൻ ചേട്ടൻ അതെടുത്തു കൊടുക്കും. അതിനിടയിൽ വിജയൻ ചേട്ടൻ പറഞ്ഞു " ഉണ്ടാക്കുമ്പോൾ നിനക്ക് കൂടി ഉണ്ടാക്കണം. എനിക്ക് മാത്രമായി ഉണ്ടാക്കിയാൽ ഞാൻ കഴിക്കില്ല . 


പെണ്ണ് രാവിലത്തേത് ഉണ്ടാക്കി. രണ്ടുപേരും ഒപ്പമിരുന്ന് കഴിച്ചു.  ഉച്ചയ്ക്കുള്ളത് ഉണ്ടാക്കി വെച്ചു. വിജയനെടുത്ത് കഴിച്ചാൽ മതി.


അന്ന് രാജമ്മ വന്ന് വിളിച്ചിട്ട് വിജയൻ പോയില്ല. 


പെണ്ണ് അടുത്ത ദിവസവും രാവിലെ വന്നു. രാവിലത്തേത് ഉണ്ടാക്കി വിജയൻ ചേട്ടനും ലതയും ഒരുമിച്ച് കഴിച്ചു. ഉച്ചയ്ക്ക് കഴിക്കാറുള്ളത് ഉണ്ടാക്കി വെച്ചു. പെണ്ണ് പോകാനിറങ്ങിയപ്പോൾ വിജയൻ ചേട്ടൻ ചോദിച്ചു "എന്താത്ര ധൃതി ?"

"ഒന്നൂല്ല " പെണ്ണ് മൊഴിഞ്ഞു.

"ഉച്ചയ്ക്ക് കഴിച്ചിട്ട് പോകാം "

"ചേട്ടൻ എടുത്ത് കഴിച്ചാൽ മതി."

"ഉച്ചയ്ക്ക് ഉണ്ടാൽ , നാലുമണിക്ക് കുടിക്കാൻ ചായ ഇട്ടുതരണമെന്ന് പറയുമെന്ന് പേടിച്ചാണോ ? വേണേൽ ചായ ഞാൻ അനത്തിത്തരാം "

'യ്യോ , അതുകൊണ്ടൊന്നുമല്ല ചേട്ടാ "

"എന്നാൽ നില്ല് . ഊണുകഴിച്ചിട്ട് , വൈകിട്ട് ചായയുമിട്ടിട്ട് പോകാം."

ചേട്ടൻ പറഞ്ഞാൽ പെണ്ണെങ്ങനെ പോകും ? പെണ്ണ് നിന്നു. ഉച്ചയ്‌ക്കൊരുമിച്ചുണ്ടു . വൈകിട്ട് ചായയും രണ്ടുപേരുമൊരുമിച്ചു കുടിച്ചു. 

രാജമ്മാസ് ഫുഡ് കംപ്ലീറ്റ്‌ലി കട്ട് . വേണ്ടെന്ന് വെച്ചു.

അങ്ങനെ എല്ലാം സുഖം സ്വസ്ഥം 

ജീവിതം സുന്ദരം.  സുഖകരം. സ്വപ്ന സദൃശം . മനോമോഹനം. മോഹനം 

ദൈവം പരാമദുഷ്ടൻ , ആർക്കുമങ്ങനെ കൂടുതൽ സുഖം കൊടുക്കില്ല. ചില മൊശടുപിടിച്ച കിളവന്മാരെപ്പോലെയാണ് ദൈവം . ദൈവമാണെന്ന് പറഞ്ഞിട്ടെന്താ ? അസൂയയിൽ പെണ്ണുങ്ങളെ കവച്ചുവെയ്ക്കും. ദൈവം പണിയൊപ്പിച്ചു. ഒരു ദിവസം വിജയമ്മ ഓടിപ്പടഞ്ഞ് ഓഫീസിലെത്തിയപ്പോൾ പണിമുടക്ക്. സിംപ്ലി ഗോ ബാക്ക് . 

വിജയമ്മ മെല്ലെ നടന്നു. രാവിലെ ഓടിയത് മിച്ചം. ഒന്ന് വിശ്രമിക്കാൻ പോലുമൊത്തില്ല . വീട്ടിൽ ചെന്നൊന്ന് കിടക്കണം. ക്ഷീണം മാറീട്ട് എഴുന്നേറ്റ് വല്ലതുമുണ്ടാക്കാം. 


വീട്ടിലെത്തിയപ്പോൾ എല്ലാം അടച്ചുപൂട്ടിക്കിടക്കുന്നു. അങ്ങേരിതെവിടെ പോയി? ആരോടന്വേഷിക്കും ? അപ്പോൾ അകത്ത് കിക്കിക്കി എന്നൊരു പെൺചിരി. "ഭഗവാനേ " വിജയമ്മ വിളിച്ചുപോയി. 

ശബ്ദം കേട്ട മുറിയുടെ ജനാലപ്പാളിയുടെ വിടവിലൂടെ നോക്കി. 

പിന്നൊന്നൂടെ നോക്കാൻ വിജയമ്മക്ക് കഴിഞ്ഞില്ല.

ജനാല ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി വിജയമ്മ. നിലത്ത് തളർന്നിരുന്നു വിജയമ്മ.

ആരെന്ന് നോക്കാൻ വിജയൻ ജനാലപ്പാളി അൽപ്പമൊന്ന് തുറന്ന് പുറത്തേക്ക് നോക്കി. പുറത്ത് വിജയമ്മ .

"ഞാൻ പൂവാ ചേട്ടാ " എന്നുംപറഞ്ഞ് ലത പുറത്തേക്ക് 

"എടീ " എന്നും വിളിച്ച് ലതയുടെ പിന്നാലെ വിജയമ്മ.

"അവളെ തൊട്ടുപോകരുത് " വിജയൻ 

വിശ്വസിക്കാനാവാതെ വിജയനെയും നോക്കി നിന്നുപോയി വിജയമ്മ. "  "നീയിങ്ങുവാടീ " എന്ന് വിജയൻ ചേട്ടൻ 

" ഈ വീട്ടിൽ ഒരാള് മതി " എന്ന് വിജയമ്മ 

"എന്നാൽ നീയിറങ്ങിക്കോ " എന്ന് വിജയൻ ചേട്ടൻ 

"എന്താ , എന്താ ?" എന്ന് അയലോക്കക്കാർ 

വിജയമ്മ കിണറ്റിൽ ചാടാൻ കിണറിൻറെ വക്കത്ത് 

വിജയൻ ചേട്ടനും ലതയ്ക്കും സമാധാനമായി 

അവള് ചത്താൽ അവടെ ജോലി ഭർത്താവിന് കിട്ടണമല്ലോ.

അപ്പോൾ താൻ വിജയൻ സാറാകും. മാസാമാസം ശമ്പളം തനിക്ക് കിട്ടും. വീട്ടുകാരി പുഷ്പം പോലുള്ള കോച്ച് പെണ്ണ് , ലത. ഹാ 

ലതയുംഅതുതന്നെയാണലോചിച്ചത് . വിജയമ്മ ചത്താൽ വിജയൻ ചേട്ടന് ജോലി കിട്ടും . താൻ വിജയൻ ചേട്ടൻറെ ഭാര്യ. എന്തൊരു ഭാഗ്യം !

അപ്പോഴാണ് വിജയമ്മയുടെ അമ്മാവൻ ഓടിച്ചെന്ന് വിജയമ്മയെ കിണറിൻ വക്കത്ത് നിന്ന് പിടിച്ചു മാറ്റിയത് 

"എനിക്കിനി ജീവിക്കേണ്ട "  എന്ന് വിജയമ്മ 

"എന്താടാ ?" എന്ന് വിജയമ്മയുടെ അമ്മാവൻ 

" എനിക്ക് ഇവളാ വല്ലതും വെച്ച് വിളമ്പി ത്തരുന്നത് . എനിക്കിവൾ മതി " വിജയൻ പറഞ്ഞു തീർന്നില്ല, വിശ്വനാഥ സ്വാമി , വിജയമയുടെ അമ്മാവൻ , കിളവൻ , വൃദ്ധൻ ലതയ്ക്കിട്ട് ഒറ്റത്തൊഴി . പെണ്ണ് മൂന്ന് കരണം മറിഞ്ഞ് മൂന്ന് മീറ്റർ അകലെ ചെന്ന് നടുവടിച്ച് ലാൻഡ് ചെയ്തു. എന്നിട്ട് കൽപ്പിച്ചു. ഇനി നിന്നെ ഈ ഭാഗത്ത് കണ്ടുപോയിട്ടുണ്ടെങ്കിൽ കൊതി അരിഞ്ഞ് കളയും , $$$$$  (അത് മലയാളത്തിൽ എഴുതാൻ കൊള്ളില്ല )

വിജയൻ നാവിറങ്ങിപ്പോയത് പോലെ മിണ്ടാതെ നിന്നു. പെണ്ണ് നോക്കിയപ്പോൾ അതുവരെ ഗജരാജനെപ്പോലെ നിന്ന വിജയൻ ചേട്ടൻ സിംഹത്തിന് മുന്നിൽ  എലിയായി നിന്ന് വിറയ്ക്കുന്നു. കൂടുതൽ ക്ഷതം തട്ടും മുമ്പ് പോകുന്നതാണ് ആരോഗ്യത്തിന് നന്നെന്ന് കണ്ട പ്കജാക്ഷിപുത്രി ലത അവിടന്ന് എഴുന്നേറ്റ് പോയതിൽ പിന്നെ ആ ഭാഗത്തേക്ക് ചെന്നതായി അറിവില്ല . ആ കശ്മലൻ വിജയൻ ചേട്ടൻ ലതയെ അന്വേഷിച്ച് പോയതുമില്ല. 


പ്രീയ ജാനകി രമ്യ  മാങ്കുളമേ , ഈ കഥ ഇവിടെ സമാപ്തം . 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ