2022 ഏപ്രിൽ 10, ഞായറാഴ്‌ച

ബി സ്മാർട്ട്

കുറെ ദിവസമായി അവളാകെ  മൂഡ് ഓഫ് ആയി നടക്കുന്നു. കാമുകൻ വേറെ പെണ്ണിൻറെ പിന്നാലെ പോയിക്കാണും. അല്ലെങ്കിൽ രണ്ടും കൂടി പിണങ്ങിക്കാണും. ഞാൻ വിചാരിച്ചു. എൻറെ ക്ലാസിലെ കുട്ടിയാണ്. ഓ , എനിക്ക് ഇവളുമാരുടെ പ്രേമത്തെ കുറിച്ചൊന്നും അറിയില്ല. അവറ്റയ്ക്ക് തമ്മിൽ തമ്മിൽ ആർക്ക് ആരൊക്കെയുമായി ലൈനാണെന്ന് അറിയാം. 

 

ഹാജർ ബുക്കെടുത്ത് പേരുവിളിച്ചു. ഒക്കെയും പ്രസൻറ് സെർ ! ഒന്നൊഴികെ .  ഇന്ന് സോണിയ വന്നിട്ടില്ല. ഹാജർ വിളികഴിഞ്ഞ്  അടുത്തിരുന്ന നിമ്മിയുടെ പുസ്തകം വലിച്ചെടുത്തു. നിമ്മി കരഞ്ഞു. ക്ലാസ്‌ നിശ്ശബ്ദം. കുറെ ദിവസമായി ശ്രദ്ധിക്കുന്നതാണ് , ആകെ മൂടിക്കെട്ടിയതുപോലൊരു മുഖവുമായി നിമ്മി നടക്കുന്നത്. ഇപ്പോൾ പെട്ടെന്ന് കരയാൻ എന്തുണ്ടായി? 

 

ഞാൻ ചോദിച്ചു " നിമ്മി , വാട്ട് ഹാപ്പൻഡ് ?" . നിമ്മി കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. 

"കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ പ്രശ്‍നം ? പറയൂ ?"

കരച്ചിലല്ലാതെ മറുപടിയില്ല. 

"സെൻഡ് യു റ്റു ഹെഡ് മിസ്ട്രസ് ?" ഞാൻ ചോദിച്ചു.

"നോ " അവൾ പറഞ്ഞു.

"ഓക്കേ , ബട്ട് യു കം റ്റു മി ഇൻ ടീച്ചേർസ് റൂം ആൻഡ് ടെൽ മി വൈ യു ക്രയ്ഡ് . നൗ യു ഗോ വാഷ് യുവർ ഫേസ് "

അവൾ പോയി മുഖം കഴുകി വന്നു. അത് വരെ ഞാൻ വെയ്റ്റ് ചെയ്തു. 

അതൊരു ഹാബിറ്റ് ആയിത്തീർന്നിരുന്നു.  അവൾ വന്നിട്ടേ ക്ലാസ് തുടങ്ങു. അവളുണ്ടെങ്കിലേ ക്ലാസ്‌ എടുക്കൂ. സോണിയ വരുന്നത് വരെ പഠിപ്പിക്കാൻ നിമ്മിയുടെ പുസ്തകമാണ് എടുക്കുക. 

സോണിയ അടുത്ത സമയത്താണ് വന്നത്. ഒരു പുതിയ അഡ്മിഷൻ. അഫ്ഗാൻ പെണ്ണ്. അഫ്ഗാൻ അഭയാർത്ഥിയുടെ മകൾ. നോസ് ഒൺലി ഇംഗ്ലീഷ്. പഷ്ത്തൂ അറിയാം. എന്ത് പ്രയോജനം ? പഷ്ത്തൂ ഭാഷ അറിയുന്ന മറ്റൊരു കൂട്ടിയില്ല. 

 ഹെഡ് മിസ്ട്രസ് അവളുടെ പപ്പയോട് പറഞ്ഞു. "വി കണ്ടക്റ്റ് ആൻ എൻട്രൻസ് ടെസ്റ്റ്. ഷീ ഹാസ് റ്റു പാസ് ഇറ്റ് ."

സോണിയ എൻട്രൻസ് ടെസ്റ്റിന് വന്നു. കുറെ ചോദ്യങ്ങൾ എഴുതിക്കൊടുത്തിട്ട്  പറഞ്ഞു " ഗോ ഓവർ ദെയ്ർ ആൻഡ് റൈറ്റ് ആൻസേർസ് ". എന്നിട്ട് എന്നെ നോക്കാനേൽപ്പിച്ചു. എന്ത് നോക്കാനാണ് ? ഷിറ്റ് . ഞാൻ ഒരു കസേരയിൽ ഇരുന്ന് ഉറങ്ങാൻ നോക്കി. 

അവൾ ചോദ്യങ്ങൾ നോക്കി മിഴിച്ചിരിക്കുന്നത് കണ്ടപ്പോൾ ഓർത്തു, അവൾക്ക് അഡ്മിഷൻ കിട്ടിക്കോട്ടെ. ഞാൻ  ഉത്തരങ്ങൾ പറഞ്ഞുകൊടുത്തു. കുറച്ചൊക്കെ. അത് മതി. പാസാകാൻ . ഉത്തരങ്ങൾ കൊണ്ടുകൊടുത്തപ്പോൾ അവരുടെ ചോദ്യം " അഡ്മിഷൻ കൊടുക്കാനോ ?" 

ഉത്തരക്കടലാസ് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. 'കുഴപ്പമില്ല, അഡ്മിഷൻ കൊടുക്കാം "

അങ്ങനെ സോണിയ എൻറെ ക്ലാസിൽ തന്നെ വന്നു. നല്ല വെളുത്ത കുട്ടി. നല്ല ഉയരം. സ്മാർട്ട്. ഉയരത്തിനൊത്ത വണ്ണം. എല്ലാവരുടെയും കണ്ണുകൾ അവളിൽ. ക്ലാസിൽ വന്ന അവൾ നിമ്മിയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു. നിമ്മിയുമായി കൂട്ടായി. 

ഹാജർ എടുത്തുകഴിയുമ്പോൾ ഞാൻ നിമ്മിയുടെ പുസ്തകമെടുക്കും മുമ്പ് സോണിയ അവളുടെ പുസ്തകമെടുത്ത് എനിക്ക് നേരെ നീട്ടും. അത് വാങ്ങി ഞാൻ ക്ലാസെടുക്കും. 

വടിയെടുക്കാൻ , ചോക്കെടുക്കാൻ , ഓഫീസിലേക്ക് നിമ്മി പോയ്‌കൊണ്ടിരുന്നിടത്ത് അവൾ ആദ്യമെഴുന്നേറ്റ് പോകും. 

ഷി ഫസ്റ്റ് . അതാണ് അവസ്ഥ. നമ്മൾക്ക് ഒരു കുട്ടിയെ ഒഴിവാക്കാൻ പറ്റില്ലല്ലോ. ഒരു കുട്ടിയോട് പ്രത്യേകത കാട്ടാൻ പറ്റില്ലല്ലോ. അങ്ങനെ നിമ്മിയുടെ സ്ഥാനം സോണിയ കൈക്കലാക്കി. 

അപ്പോഴും നിമ്മിയെ നോക്കി ഞാൻ ചിരിക്കും. കണ്ണിറുക്കി കാട്ടും. ഷി വാസ് ഹാപ്പി . 

അങ്ങനെ ഹാപ്പിയായ നിമ്മി മെല്ലെ മെല്ലെ ദുഖിതയായി. എന്താ വീട്ടിൽ എനി ഇഷ്യു ? എനി പേഴ്സണൽ ഇഷ്യു ? ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പറ്റിയില്ല. ഇന്ന് രാവിലെ അവൾ കരഞ്ഞിരിക്കുന്നു. എന്താ കാരണം ? അറിയണം. ലേഡി ടീച്ചേർസ് അറിഞ്ഞാൽ ആകെ കുളമാക്കും 

ഓ നിമ്മിയുടെ കാര്യം പിന്നീട് ഓർത്തതേയില്ല. നാല് കഴിഞ്ഞ് കുട്ടികൾ ലൈബ്രറി പുസ്തകമെടുക്കാൻ വന്ന സമയത്താണ് നിമ്മി വന്നത്. 

ഒരു കോണിലേക്ക് മാറി നിന്ന് ഞാൻ നിമ്മിയെ അടുത്തേക്ക് വിളിച്ചു. നിമ്മി വന്നു. 

"എന്തിനാ നിമ്മി കരഞ്ഞത്?"

"സാറിപ്പോ എന്നോട് മിണ്ടില്ല. എന്നോട് പുസ്തകം വാങ്ങില്ല " വീണ്ടും അവൾ കരയാൻ തുടങ്ങി. ഞാൻ കൈലേസ് എടുത്ത് അവളുടെ മുഖം തുടച്ചു. 

'സോണിയ ആദ്യം പുസ്തകമെടുത്തു തരുന്നതുകൊണ്ടല്ലേ ?" ഞാൻ പറഞ്ഞു.

"അവളെന്നോട് പറഞ്ഞല്ലോ, സാറിന് അവളെ ഇഷ്ടമാണ്. സാർ ഉത്തരമെല്ലാം പറഞ്ഞുകൊടുത്തിട്ട് ആണ് അവൾക്ക് ഇവിടെ അഡ്മിഷൻ കിട്ടിയതെന്ന് "

"യു സില്ലി" ഞാൻ പറഞ്ഞു. "ഇതൊക്കെ കേട്ട് കരയാൻ നീയും. നീ അത്ര മണ്ടിയാണോ ?" ഞാൻ ചോദിച്ചു 

അവളുടെ തോളത്ത് ആശ്വസിപ്പിക്കാൻ ഞാൻ കൈ വെച്ചു. അവളെൻറെ മാറിലേക്ക് ചാരി.

"നീ കരയാതെ. ബി സ്മാർട്ട്. ഇനി കരയരുത്."

"ഇല്ല." ഏങ്ങലടിച്ചുകൊണ്ട് അവൾ പറഞ്ഞു. 

 

അടുത്ത ദിവസം രാവിലെ ഞാൻ കേട്ട വാർത്ത എന്നെ ഞെട്ടിച്ചു " ഇവിടത്തെ ഒരു സാറും ഒരു കുട്ടിയും തമ്മിൽ പ്രേമത്തിലാണ് "

ആരെന്ന് ചോദിച്ചിട്ട് ഉത്തരമില്ല . 

 

 

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ