2022 ഏപ്രിൽ 11, തിങ്കളാഴ്‌ച

ഞാൻ വന്നു

 സുന്ദരീ സുന്ദരീ  , കൊച്ചുമ്മൻ തോമസ് വിളിച്ചു 

ഞാൻ സുന്ദരിയാണെന്ന് എനിക്കറിയാം , മോളി മാത്യു പറഞ്ഞു.

ഞാൻ പറഞ്ഞ കാര്യമെന്തായി ? കൊച്ചുമ്മൻ തോമസ് ചോദിച്ചു .

കാത്തിരിക്ക് , മോളി മാത്യു പറഞ്ഞു.


ഞാൻ പറഞ്ഞ കാര്യമെന്തായി ? കൊച്ചുമ്മൻ തോമസ് ചോദിച്ചു 

കാത്തിരിക്ക് , മോളി മാത്യു പറഞ്ഞു .

ഫസ്റ്റ് ഐ മാരി എ റിച്ച് മാൻ ,  ദൻ ഐ ഷാൽ മാരി യു , മോളി വിശദീകരിച്ചു .

കൊച്ചുമ്മൻ തുടർന്നൊന്നും പറഞ്ഞില്ല 


മോളി പറഞ്ഞത് പോലെ പ്രവർത്തിച്ചു 

ഒരു ധനികനെ വിവാഹം ചെയ്തു. മൂന്ന് വർഷം അയാൾക്കൊപ്പം കഴിഞ്ഞു. 

മൂന്നാം വർഷം അയാൾ മരിച്ചു.

 

അവളുടെ ദോഷം കൊണ്ടാ അയാൾ ചത്തത് . അവളുടെ കാൽ കണ്ടില്ലേ? അത്തരം പെണ്ണുങ്ങൾക്ക് ഭർത്താവ് വാഴില്ല. പൊതുജനം  അവർക്കറിയുന്ന ശാസ്ത്രം പറഞ്ഞു നടന്നു.

 

കൊച്ചുമ്മൻ തോമസ് ശവ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു .

പിന്നെയൊരു ദിവസം മോളിയെ കണ്ടു 

നീയിപ്പോഴും സുന്ദരിയാണ് , കൊച്ചുമ്മൻ തോമസ് പറഞ്ഞു 

അതെനിക്കറിയാം , മോളി പറഞ്ഞു 

നിൻറെ ഭർത്താവ് മരിച്ചു 

അതും എനിക്കറിയാം 

എന്നെ വിവാഹം ചെയ്യാമെന്ന് ---

ഞാനൊരാൾക്ക് വിവാഹ വാഗ്ദാനം നൽകിപ്പോയല്ലോ , അടുത്ത ചാൻസ് തീർച്ചയായും നിങ്ങൾക്ക് 

അതെന്നത്തേക്ക് ?

നിശ്ചയിക്കാൻ ഞാൻ ദൈവമാണോ ?


കൊച്ചുമ്മൻ തോമസ് കാത്തിരുന്നു 

നാലാം വർഷത്തിൽ പെരുമഴയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അയാൾ മരിച്ചു. 

പൊതുജനം പറഞ്ഞു. അവളുടെ കാൽ കണ്ടില്ലേ ? അത്തരം പെണ്ണുങ്ങൾക്ക് ഭർത്താക്കന്മാർ വാഴില്ല. ആദ്യമൊരുത്തനെ കെട്ടി. അവൻ ചത്തു. പിന്നെ ഇയാളെ കെട്ടി. ഇയാളും ചത്തു.

ശവ സംസ്കാരത്തിന് ചെന്നപ്പോൾ തന്നെ അവസരമുണ്ടാക്കി കൊച്ചുമ്മൻ തോമസ് മോളിയുടെ വിവാഹ വാഗ്ദാനം ഓർമ്മിപ്പിച്ചു. 

സംഗതി ശരി തന്നെ. ഇപ്പോൾ എനിക്ക് ധാരാളം പണമുണ്ട്. പക്ഷെ ഒരു ജോലിയില്ല. സർക്കാർ ജോലിയുള്ള ആരെയെങ്കിലും വിവാഹം ചെയ്യാനായിരുന്നെങ്കിൽ എനിക്കൊരു സർക്കാർ ജോലി ആയേനെ . ആ ആശ കൂടി ഒന്ന് സാധിക്കും വരെ കാത്തിരിക്ക് 


മോളി ഒരു സർക്കാർ ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു. രണ്ടാം വർഷം അയാൾ ചത്തു. മോളിക്ക് സർക്കാർ ജോലിയായി.

പൊതുജനം പറഞ്ഞു , അവളുടെ കാലുകൾ നോക്ക്. ഇത്തരം പെണ്ണുങ്ങൾ വിവാഹം ചെയ്യാതിരിക്കയാണ് നല്ലത്. വെറുതെ ആണുങ്ങളെ കൊല്ലാൻ !

ആണുങ്ങള് അവരെ കെട്ടാതിരുന്നാൽ പോരേ ?

കാലമെത്താറായവർ അവരെ ഓടിച്ചെന്ന് കെട്ടും. 

അതാ വിധിയെന്ന് കരുതിയാൽ പോരെ? അവരെയെന്തിനാ കുറ്റം പറയുന്നത് ?

പൊതുജനത്തിന് ആ അഭിപ്രായം അത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. എടാ ആ പോകേടെ മോള് ഒരുത്തനോടൊപ്പം ഒളിച്ച് പോയെന്ന് കേട്ടത് ശരിയാണോടാ ? കൊച്ചുപാക്കരൻ മോഹനനോട് വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു. 


കൊച്ചുമ്മൻ തോമസ് മോളിയെ ചെന്ന് കണ്ടു. 

ഹും എന്നാ വേണം തനിക്ക് ? ഞാൻ ചത്താൽ എൻറെ ജോലിയും സർവ്വ സ്വത്തുക്കളും തനിക്ക് കിട്ടണം , അല്ലേ ? ഈ മോളി അത്രയ്ക്ക് മണ്ടിയല്ല. 


മോളി പിന്നീട് വിവാഹമൊന്നും ചെയ്തില്ല. വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല. കൊച്ചുമ്മൻ തോമസും വിവാഹമൊന്നും ചെയ്തില്ല. വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല.


ഒരു ദിവസം മോളി മാത്യു കൊച്ചുമ്മൻ തോമസിനെ ഓർമ്മിച്ചു. കൊച്ചുമ്മൻ തോമസിൻറെ പ്രേമത്തെ കുറിച്ചോർത്തു. കൊച്ചുമ്മൻ തോമസ് ഇപ്പോഴും തന്നെ പ്രേമിക്കുന്നുണ്ടോയെന്ന് അത്ഭുതം കൂറി . ഉത്തരം കണ്ടെത്താൻ കൊച്ചുമ്മൻ തോമസിൻറെ വീട്ടിലേക്ക് ചെന്നു. അവിടെ സിറ്റ് ഔട്ടിൽ ചാരുകസേരയിൽ കിടക്കുകയായിരുന്നു കൊച്ചുമ്മൻ തോമസ്. .

ഞാൻ വന്നു , മോളി പറഞ്ഞു 

എനിക്കറിയാമായിരുന്നു, വരുമെന്ന് . കൊച്ചുമ്മൻ തോമസ് പറഞ്ഞു 

വിവാഹം ചെയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ടോ ? മോളി ചോദിച്ചു 

ആ ദിവസം കാത്തിരിക്കയാണ് ഞാൻ . കൊച്ചുമ്മൻ പറഞ്ഞു 

എനിക്ക് സമ്മതം . മോളി സമ്മതം അറിയിച്ചു.

കൊച്ചുമ്മന് ഒന്ന് കിടക്കണമെന്ന് തോന്നി . നീണ്ടു നിവർന്നൊന്ന് കിടന്നു. പിന്നെ അനക്കമില്ലാണ്ട് ആയി. 

മൂക്കിന് നേരെ വിരൽ പിടിച്ച് നോക്കിയിട്ട് , മോളി അയൽക്കാരെ വിളിച്ച് വിവരം പറഞ്ഞു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ