2022 ഏപ്രിൽ 13, ബുധനാഴ്‌ച

സാർ പറയുന്നത് പോലെ

 കുരുത്തക്കേടിനൊരതിരുണ്ട് .നിങ്ങളും സമ്മതിക്കും. ആ അതിരെവിടെയാണ് ? അത് കണ്ടുപിടിക്കാൻ കഴിയുമോ ? 

 

 26 ജൂൺ 


ഞാൻ നേരം വെളുത്ത് എഴുന്നേറ്റിട്ടില്ല. നേരം വെളുത്ത് എന്ന് പറഞ്ഞാൽ അത്രയ്ക്കങ്ങ് വെളുത്തിട്ടില്ല. വെളുത്ത് വരുന്നതേയുള്ളൂ. ഏത് പൊട്ടനെന്നറിയില്ല , വാതിലിൽ തട്ടുന്നു. ആരുമെന്നെ വിളിക്കേണ്ട കാര്യമൊന്നുമില്ല. അപ്പോൾ ഇതാര് ? ഞാൻ ചെന്ന് വാതിൽ തുറന്നു. ആതിരയാണ്. എൻറെ ട്യൂഷൻ വിദ്യാർത്ഥിനിയാണ്. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. കയ്യിലൊരു ചെറിയ ബ്രീഫ് കേസ് ഉണ്ട്. 

 

" എന്താ ഇത്ര രാവിലെ ?" . 

"ഞാനിനി വീട്ടിലേക്കില്ല "

"എന്താ ? എന്ത് പറ്റി ?"

"എൻറെ വിവാഹം നിശ്ചയിക്കാൻ പോകുന്നു. അതുകൊണ്ട് ഞാൻ വീട്ടീന്നിങ്ങ് പോന്നു."

"ഇനിയെന്താ പരിപാടി ?" 

( ദൈവമേ ! ഈ കൊച്ച് എന്തുദ്ദേശിച്ചാ ? )

"സാർ പറയുന്നത് പോലെ " 

" ഞാനെന്ത് പറയാനാ ? നിനക്ക് ഇഷ്ടം അല്ലെങ്കിൽ നിൻറെ മമ്മിയോട് പറ. അല്ലെങ്കിൽ പാപ്പയോട് പറ "

"അങ്ങനെയല്ലല്ലോ സാർ പറഞ്ഞത് ?" അവൾ പറഞ്ഞു.

"ഞാനെന്ത് പറഞ്ഞു ?"

അവൾ ബ്രീഫ് കേസ് തുറന്നൊരു കടലാസ്സ് പുറത്തെടുത്തു. അതെൻറെ കയ്യിൽ തന്നു. ഞാൻ അമ്പരന്ന് പോയി. എൻറെ പേര് , ഒപ്പ് എല്ലാമായി എൻറെ കൈപ്പടയിൽ ഒരു കത്ത്. നിനക്കിഷ്ടമില്ലാത്ത വിവാഹത്തിന് നീ സമ്മതിക്കരുത്. ഞാൻ നിന്നെ കെട്ടാം. നമ്മൾക്കൊരുമിച്ച് ജീവിക്കാം. ഞാൻ നിന്ന നിലയിൽ ഉരുകിപ്പോയി. ഞാനെങ്ങനെയൊരു കത്തെഴുതിയിട്ടില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ ചില അക്ഷരങ്ങൾ ഞാനെഴുതുംപോലെയല്ല . ആയുടെ ദീർഘം , ര , അങ്ങനെ ചില അക്ഷരങ്ങൾ വ്യത്യസ്ഥങ്ങൾ . ഒപ്പ് ഒരുവിധം അനുകരിച്ച് ഒപ്പിച്ചു വെച്ചിരിക്കുകയാണ്. ആകെപ്പാടെ ഒറ്റനോട്ടത്തിൽ ഞാനെഴുതിയതെന്ന് തോന്നും. ശ്രദ്ധിച്ച് നോക്കിയാൽ അത് ഞാനെഴുതിയതല്ലെന്ന് മനസിലാകും. 


ഈ പെണ്ണ് ഈ കത്ത് വിശ്വസിച്ച് വന്നിരിക്കയാണ്. അവളങ്ങനെ തലകുനിച്ച്നിൽക്കുകയാണ്. 

ഞാൻ പറഞ്ഞു "ഇത് ഞാനെഴുതിയതല്ല "

അവൾ പുറത്തിറങ്ങി കിണറിനു നേരേ ഒരോട്ടം. എൻറെ ചങ്കിൽ ഒരു അമിട്ട്. കൂടെ ഓടാതിരിക്കാൻ പറ്റില്ലല്ലോ. കിണറിൻറെ മറയിൽ കയറും മുമ്പ് വട്ടം പിടിച്ചു. അയലത്തെ അന്നാമ്മ ചേടത്തി മിഴിച്ച് നിന്നു. 

ലൈലമ്മ ഓടിവന്നു. " എന്താ സാറേ ,  എന്താ പ്രശ്‍നം ?" അപ്പോഴേക്കും അന്നാമ്മ ചേടത്തിയും വന്നു. ഞാനെന്താ പറയുക ? അവളെ ഞാൻ വട്ടം പിടിച്ചിരിക്കുന്നു. അവൾ നിന്ന് മോങ്ങുന്നു. 

ലൈലമ്മ പറഞ്ഞു. "സാർ അവളെ വിട് "

"അവൾ കിണറ്റിൽ ചാടും "

"നമ്മൾക്ക് മുങ്ങിയെടുക്കാം. സാർ വിട് "

ഞാൻ ധർമ്മസങ്കടത്തിലായി. അവൾ ചാടിയാൽ ? ആര് മുങ്ങിയെടുക്കും ? ചത്തുപോയാൽ ?

ലൈലമ്മ പറഞ്ഞു " സാർ വിട്. അവൾ ചാടുകയില്ല "

ഞാൻ പിടി അയച്ചു. പിന്നെ പിടി വിട്ടു.  

അവൾ കിണറ്റിൽ ചാടിയില്ല. ലൈലമ്മ ചോദിച്ചു " എന്താടീ പെണ്ണെ കാര്യം ?"

ലൈലമ്മ നിന്നിടത്തുനിന്ന്  എൻറെ അടുത്ത് വന്നിട്ട് ചെവിയിൽ ചോദിച്ചു "വല്ലതും ഒപ്പിച്ച് വെച്ചോ ?"

ഞാൻ ലൈലമ്മയുടെ കണ്ണുകളിൽ നോക്കി. 

ഞങ്ങൾ മൂന്നുപേരും അവളെയും കൊണ്ട് വീടിനകത്തേക്ക് പോന്നു. ലൈലമ്മ അവളുടെ ബ്രീഫ് കേസ് തുറന്ന് നോക്കി. അവളുടെ സ്വർണ്ണാഭരണങ്ങൾ എല്ലാം എടുത്തിട്ടുണ്ട്. ഡ്രസ് എടുത്തിട്ടുണ്ട്. പിന്നെ ഒരടുക്ക് കടലാസുകൾ മടക്കി വെച്ചിരിക്കുന്നു. എല്ലാം എൻറെ പേരും ഒപ്പുമുള്ള പ്രേമലേഖനങ്ങൾ. 

" ഇതേതായാലും നിങ്ങളെഴുതിയതല്ല. ചില അക്ഷരങ്ങൾക്ക് സാമ്യമുണ്ട്. ചില അക്ഷരങ്ങൾ വ്യത്യസ്ഥങ്ങളും . അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ഉണ്ട് . ആരോ നിങ്ങൾക്ക് പണിതരാണ് വേണ്ടി മിനക്കെട്ട് പണിതതാണ് " ലൈലമ്മയുടെ പ്രഖ്യാപനം . അതുകൊണ്ടെന്താവാനാണ്? അവൾ കരച്ചിൽ  നിർത്തി മിണ്ടാതിരിക്കുകയാണ്. 

" കൊച്ചേ , നിന്നെ ആരോ പറ്റിച്ചതാണ്. ഇത്  എങ്ങനെയാ നിനക്ക് കിട്ടിയത് ?" ലൈലമ്മ ചോദിച്ചു.

"എന്നെ ആരും പറ്റിച്ചതല്ല . " അവൾ നിർത്തിവെച്ചിരുന്നു കരച്ചിൽ വീണ്ടും തുടങ്ങി. " സാർ എന്നോടാണ് പുസ്തകം വാങ്ങുന്നത്. പുസ്തകം തിരികെ തരുമ്പോൾ സാർ കത്ത് അതിൽ വെച്ച് തരും."

" നീ മറുപടി കൊടുക്കുമോ ?"

"മറുപടി എഴുതി പുസ്തകത്തിൽ വെയ്ക്കും."

" അപ്പോൾ ഇടയ്ക്ക് ഒരു തേഡ് പാർട്ടി ഇല്ല " , ലൈലമ്മ എന്നെ നോക്കി.

സംഗതി ശരിയാണ്. ക്ലാസെടുക്കുമ്പോൾ ഞാൻ അവളോട്‌പുസ്തകം വാങ്ങുന്നു. ക്ലാസ്കഴിയുമ്പോൾ  അവൾക്ക് പുസ്തകം തിരികെ കൊടുക്കുന്നു. ഇതിനിടയിൽ അവളെഴുതിയ കത്തെടുക്കണം. അവൾക്കുള്ളകത്ത്  അതിൽ വെയ്ക്കണം . ഒരു തേഡ് പാർട്ടിക്ക് സാധ്യത ഇല്ല. അതല്ലെങ്കിൽ മറ്റാരെങ്കിലും കത്തെടുത്തിട്ട് മറ്റൊരു കത്ത് പുസ്തകത്തിൽ വെയ്ക്കണം. അതിന് ചാൻസില്ലെന്ന് അവൾ. 


അപ്പോഴേക്കും ഗൾഫ് ഓമന പറന്നുവന്നു. വന്നപാടെ ഓമന പ്ളേറ്റ് വെച്ചു. നാലാള് അറിയണമല്ലോ. "എന്തിയേടാ എൻറെ കൊച്ച്. ഞാൻ നിലത്ത് വെയ്ക്കാതെ വളർത്തിക്കൊണ്ടുവന്നതാ. അവളെ നിൻറെ അടുത്തോട്ട് വിട്ടത് പഠിപ്പിക്കാനാ , പ്രേമിക്കാനല്ല."

"അവളല്ല്യോ ഈ നിൽക്കുന്നത് ?" ലൈലമ്മ ചോദിച്ചു.

"നിന്നെ ഞാൻ സ്റ്റേഷനി കേറ്റുമെടാ. ഇനി അവളെ ആര് കെട്ടും ?" ഓമന വിലപിച്ചു.

" എൻറെ കയ്യിൽ എല്ലാ തെളിവുകളുമുണ്ട്. അവളെല്ലാം വിസ്തരിച്ചെഴുതി  വെച്ചിട്ടാ നിൻറെ കൂടെ ഇറങ്ങിപ്പോന്നത്." ഗൾഫോമന തെളിവ് ഉയർത്തിക്കാട്ടി. അവളെഴുതി വെച്ചിട്ട് പോന്ന കടലാസ്.

"നിങ്ങടെ മോളല്ലേ ?" ലൈലമ്മ പറഞ്ഞു 

"എൻറെ വയറ്റിൽ പിറന്നിട്ടെന്താ ഇവളിങ്ങനെ മൂളയില്ലാതായതെന്ന് ഞാനാലോചിക്കുകയാ ", ഗൾഫോമന ഉദീരണം ചെയ്തു.

ഗൾഫോമന ബ്രീഫ് കേസ് എടുത്ത് മുന്നിൽ നടന്നു. പെണ്ണ് പിന്നാലെ നടന്നു. ആളുകൾ റോഡിനിരുവശത്തും നിന്ന് വീക്ഷിച്ചു.


26 ജൂലായ് 

എൻറെ ട്യൂഷൻ കുട്ടികളിൽ പകുതിയും പോയി.  വാസുപിള്ളയുടെ  ട്യൂട്ടോറിയലിൽ പോയി. എൻറെ കൂടെ പഠിപ്പിച്ചിരുന്ന സണ്ണിയും പോയി. ഹാഫ് പിള്ളേരും ഒരു സ്റ്റാഫും പോയി. ട്യൂട്ടോറിയൽ പൊന്നപ്പന് ഒരു സ്റ്റാഫിനെ എടുത്തപ്പോൾ ബോണസ്സായി കിട്ടിയത് ഇരുപത്തൊന്ന് കുട്ടികളെയാണ്. ഒരു വർഷത്തെയല്ല , തുടർന്നുള്ള വർഷങ്ങളിലും ഈ കുട്ടികളുമുണ്ടാവും. 

നഷ്ടം എനിക്ക് മാത്രം. പ്രേമ ട്യൂഷൻ സെൻറർ എന്ന് ചിലർ എനിക്ക് ഒരു പേരും തന്നു. പ്രേമിക്കാൻ മികച്ച ട്യൂഷന് സമീപിക്കുക. പ്രേമ ട്യൂഷൻ സെൻറർ . എസ് എഫ് ഐ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യ മതിലെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും ബാക്കിക്കുട്ടികൾ എവിടെയും പോയില്ല. 


25 ഡിസംബർ 


ക്രിസ്തുമസ് അവധി ദിനം . പ്രതീക്ഷിക്കാത്ത ഒരു വിസിറ്റർ വന്നു.  ഗൾഫോമനയുടെ മകൾ ആതിരയോടൊപ്പം , സണ്ണിയോടൊപ്പം , മറ്റ് ഇരുപത് കുട്ടികളോടൊപ്പം വാസുപിള്ളയുടെ ട്യൂട്ടോറിയലിലേക്ക് പോയ അനുഗ്രഹ. 

അനുഗ്രഹ എന്തോ പറയാനുള്ളത് പോലെ ചുറ്റിപ്പറ്റി നിന്നു. 

"അനുഗ്രഹയ്ക്ക് എന്തോ പറയാറുണ്ടല്ലോ ?" ഞാൻ ചോദിച്ചു.

"സാർ ദേഷ്യപ്പെടുമോ ?"

"ഇല്ല "

"സത്യം ?"

"സത്യം "

"ആരോടും പറയരുത് "

"ഇല്ല "

ഇവളെന്ത് കുന്തമാ പറയാൻ പോകുന്നതെന്ന് ഞാനാലോചിക്കുകയായിരുന്നു. 

"ആതിരയുടെ പുസ്തകത്തിൽ കത്ത് വെച്ചത് ഞാനാ "

ഞാനവളെ മിഴിച്ച് നോക്കി. 

"ആതിരയുടെ പുസ്തകത്തിൽ ഞാൻ കത്ത് വെയ്ക്കും. അവളെഴുതുന്ന കത്തുകൾ ഞാനെടുക്കും," അനുഗ്രഹ പറഞ്ഞു. "കത്തെഴുതി എൻറെ കയ്യിൽ തന്നത് സണ്ണി സാറാ . ആതിരയുടെ പുസ്തകത്തിൽ നിന്നെടുക്കുന്ന കത്ത് ഞാൻ സണ്ണിസാറിന് കൊടുക്കും. ആരോടും പറയില്ലെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചു."

ഞാൻ ഒന്നും പറഞ്ഞില്ല. അനുഗ്രഹ പാവം കുട്ടിയാണ്. കൂട്ടിന്   വല്യമ്മച്ചിയും പട്ടിണിയും . ഞാൻ ഫീസ് വാങ്ങിയിരുന്നില്ല. ഫീസ് വേണ്ടെന്ന് പറഞ്ഞ് സണ്ണിയാണ് അവളെ വാസുപിള്ളയുടെ ട്യൂട്ടോറിയലിൽ കൊണ്ടുപോയത്. ഫീസ് കൊടുക്കാത്തതുകൊണ്ട് അവളെ ആക്ഷേപിച്ച് ഇറക്കി വിട്ടു. അവളിരുന്ന് കരഞ്ഞു. ഞാൻ പറഞ്ഞു " അനുഗ്രഹ ഇങ്ങ് പോരെ. നമ്മൾക്ക് പഴയത് പോലെ ഹാപ്പിയായി കഴിയാം. അനുഗ്രഹയുടെ പഴയ കൂട്ടുകാർ ഇവിടെയാണല്ലോ."

"വരാം , സാർ ", എന്ന് പറഞ്ഞ് അവൾ പോയി .


3 ജാനുവരി 


സണ്ണി കാണാൻ വന്നു. സുഖമാണോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ചിരിച്ചു. കുറെ നേരം അമേരിക്കയെ കുറ്റം പറഞ്ഞു. പിന്നെ ബി ജെ പി ക്ക് ഇന്ത്യയിൽ സ്കോപ്പില്ലെന്ന് സമർഥിച്ചു. ഞാൻ കേട്ടിരുന്നു. ഒടുവിൽ പറഞ്ഞു " അവിടെ കഴിഞ്ഞ നാലുമാസമായി എനിക്ക് ശമ്പളം തന്നിട്ടില്ല."

" ചോദിക്കണം. തരാൻ പറയണം " ഞാൻ പറഞ്ഞു. പോരെങ്കിൽ നിങ്ങളൊരേ രാഷ്ട്രീയപ്പാർട്ടിക്കാരല്ലേ ?"

"ഞാൻ ഈ മാസം മുതൽ ഇവിടെ വന്നോട്ടെ ?"

" ആകെ ഇരുപത് പിള്ളേരുണ്ട്. ഞാനെങ്ങനെ ശമ്പളം തരാനാ ? " ഞാൻ ചോദിച്ചു. 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ