ജനാധിപത്യത്തിൻറെ ശവക്കുഴികൾ തീർക്കുന്നത് ജനാധിപത്യമെന്ന് സാദാ സമയവും മോങ്ങുന്ന അമേരിക്കതന്നെയാണ്.
ജനാധിപത്യ വിരുദ്ധമായ തങ്ങളുടെ പ്രവർത്തനങ്ങളെ സോവിയറ്റ് യൂണിയനെന്ന ഭൂതത്തെ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക നേരിട്ടുകൊണ്ടിരുന്നത്. ഇൻഡോ ചൈനയിലെയും കൊറിയയിലെയും ജനങ്ങളെ ബോംബിട്ട് കൊന്നുകൊണ്ടിരുന്നത് സോവിയറ്റ് യുണിയനെന്ന ഭൂതത്തെ നേരിടാൻ എന്ന പേരിലായിരുന്നു. ലോകമെങ്ങും സോഷ്യലിസ്റ്റ് ഭൂതത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചവർ ആയിരുന്നു അവർ. അതിനുവേണ്ടി ജനാധിപത്യത്തെ നിഷ്കരുണം അവർ കൊന്നു. സൈനിക ഭരണത്തെയും ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ അവർ പിന്തുണച്ചത് സോഷ്യലിസമെന്ന ഭൂതത്തെ നേരിടാൻ വേണ്ടിയായിരുന്നു. അപ്പോളവർ ജനാധിപത്യത്തിൻറെ ഉസ്താദുമാരല്ല, ജനാധിപത്യത്തിൻറെ ഘാതകരായി. വാക്കും പ്രവർത്തിയും തമ്മിൽ ഒരിക്കലും എന്തെങ്കിലും ബന്ധമുണ്ടെന്ന് അവർ കരുതിയിരുന്നില്ല. ജനാധിപത്യമെന്ന് മോങ്ങിക്കൊണ്ട് , ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഭീകരരാണവർ. " ഞങ്ങളോടൊപ്പമല്ലെങ്കിൽ , ഞങ്ങളുടെ ശത്രു ". അതായിരുന്നു അവരുടെ വിദേശ നയം.
ആദ്യമായി അമേരിക്കയുടെ പടക്കപ്പലുകൾ ജപ്പാൻ തീരത്തേക്ക് സന്ദർശനം നടത്തിയത് , നമ്മളാവശ്യപ്പെടുന്ന കരാറുകളിൽ അവർ ഒപ്പിടുന്നില്ലെങ്കിൽ , യുദ്ധത്തിനുള്ള അധികാരത്തോടെയാണ്. പക്ഷേ, അമേരിക്ക കരുതിയത് പോലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കപ്പലുകളിൽ കൊണ്ടുപോയ മദ്യം മുഴുവൻ തീർന്നിട്ട് , അവസാനം വിനാഗിരി ഒഴിച്ചു നൽകി. കുടിച്ചു ബോധം കെട്ട് വീണ അവർ അമേരിക്കൻ നാവികർ നൽകിയ കടലാസുകളിലെല്ലാം വേണ്ടത്ര ഒപ്പിട്ടു നൽകി . അമേരിക്കയുടെ അധികാരവും അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും തുടങ്ങുന്നതിവിടെയാണ്. ചമ്പാരനിലെ കൃഷിക്കാരുടെ അവസ്ഥയിലായിരുന്നു , ജാപ്പനീസ് അധികാരികൾ. അതേ ! ലോകം മുഴുവൻ ചമ്പാരനിലെ കൃഷിക്കാർ ആണുള്ളത്. കൊടുക്കുന്ന കടലാസുകളിലെല്ലാം ഒപ്പിട്ട് രസിക്കുന്നവർ !
ഒപ്പിടാൻ മടിക്കുന്നവർക്കുള്ളതാണ് റഷീo ചേഞ്ച് . അവരെയങ്ങ് മാറ്റുക. എങ്ങനെയും മാറ്റുക. വിമാനാപകടത്തിൽ കൊലപ്പെടുത്തുക. ഭീകരാക്രമണത്തിൽ കൊലപ്പെടുത്തുക. കലാപങ്ങളുണ്ടാക്കുക. ഭരണകൂടത്തെ അട്ടിമറിക്കുക. അമേരിക്ക നേരിട്ട് യുദ്ധം ചെയ്ത് രാജ്യം പിടിച്ചെടുത്ത് ഭരണാധികാരിയെ കൊലപ്പെടുത്തുക. തങ്ങളെ എതിർക്കുന്നവരെ കൊലപ്പെടുത്തുക. അവർ വീണ്ടും അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ അതിനേക്കാൾ നല്ലൊരു വഴിയുണ്ടോ , വേറെ ? മറ്റ് ഭരണാധികാരികളെ വിരട്ടാനും ഈ കൊലപാതകങ്ങൾ ഉപകരിച്ചു. ജീവനിൽ കൊതിയുള്ള ഭരണാധികാരികൾ വായടച്ച് മിണ്ടാതെയിരുന്നു. കൊടുത്ത കടലാസുകളിൽ ഒപ്പിട്ട് നൽകി അധികാരം നിലനിർത്തി.
ജനാധിപത്യമെവിടെ ? അമേരിക്കയിൽ തന്നെ ജനാധിപത്യമുണ്ടോ ? അമേരിക്കൻ ജനാധിപത്യമൊരു ഫലിതമാണ്. എസ് എൻ ഡി പി ക്കാരിൽ നിന്ന് അമേരിക്ക കോപ്പിയടിച്ചതാണോ ജനാധിപത്യമെന്ന് ഒരു എസ് എൻ ഡി പി ക്കാരൻ സംശയം ചോദിച്ചു. അതേ , എസ് എൻ ഡി പി യിലെ ജനാധിപത്യമാണ് , അമേരിക്കയിലെ ജനാധിപത്യം . അംഗങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. പ്രതിനിധികൾ അവർക്ക് തോന്നിയവരെ തിരഞ്ഞെടുക്കുന്നു.കഴുത പാർട്ടിയും ആന പാർട്ടിയും , എന്ന് രണ്ടു പാർട്ടികൾ. ഏത് പാർട്ടി അധികാരത്തിൽ വന്നാലും ലോകം രണ്ടായി തിരിഞ്ഞിരിക്കുന്നു. അമേരിക്ക സംരക്ഷിക്കേണ്ട ഭരണകൂടങ്ങളും, അമേരിക്ക നശിപ്പിക്കേണ്ട ഭരണകൂടങ്ങളും. മറ്റൊരു ജനാധിപത്യ മൂല്യങ്ങളും അവർക്കില്ല. "ഗോർബി , ഗോർബി " , എന്ന് ആഹ്ലാദത്തോടെ അവർ കൈകൊട്ടി ആർത്ത് വിളിച്ചപ്പോൾ ഗോർബച്ചേവ് എന്ന മരമണ്ടൻ സാഹ്ലാദo അവർക്കൊപ്പം തുള്ളിച്ചാടി. അതേ സമയം പിന്നിൽ നിന്നിരുന്ന യെൽട്സിൻറെ കയ്യിലവർ കത്തിനൽകിയത് ഗോർബി കണ്ടില്ല; അതെന്തിനെന്ന് അറിഞ്ഞുമില്ല. അറിഞ്ഞപ്പോൾ കൂടെ കരയാൻ ആരുമുണ്ടായതുമില്ല. ഒരു രാഷ്ട്രത്തിൻറെ സമ്പൂർണ്ണ തകർച്ചയായിരുന്നു, അത് .
ഇന്തോനേഷ്യയിലും , ചിലിയിലും അവർ സോഷ്യലിസ്റ്റ് ഭൂതത്തെ നശിപ്പിക്കാൻ നടത്തിയ കൂട്ടക്കൊലകൾ ചരിത്രം ഒരിക്കലും മറക്കാതിരിക്കട്ടെ. രാജ്യത്തെ പകുതി ജനങ്ങളെ കൂട്ടക്കശാപ്പ് ചെയ്തുകൊണ്ടാണ് ഇന്തോനേഷ്യയിലും ചിലിയിലും അവർ സോഷ്യലിസ്റ്റ് ഭൂതത്തെ എതിരിട്ടത്. ഇറാഖിലും ലിബിയയിലും അകാരണമായി യുദ്ധത്തിലൂടെ ജനങ്ങൾ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത ഭരണാധികാരികളെ കൊലപ്പെടുത്തി. എന്താണ് ജനാധിപത്യം എന്ന് ചോദിച്ചാൽ , അത് സമയം വരുമ്പോൾ അമേരിക്ക തീരുമാനിക്കും എന്നാണ് ഉത്തരം.
അമേരിക്കയുടെ ലക്ഷ്യം ഏകലോകക്രമം തന്നെയാണ്. അമേരിക്ക പറയും. ലോകം അനുസരിക്കും. അതാണ് ജനാധിപത്യം. അമേരിക്ക ജനാധിപത്യ രാജ്യമല്ലേ , അപ്പോൾ അമേരിക്ക പറയുന്നതല്ലേ ജനാധിപത്യം ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ