2018 ഫെബ്രുവരി 4, ഞായറാഴ്‌ച

സർക്കാരാഫീസുകൾ ൨

ദയാനന്ദൻറെ കഥയിൽനിന്നും തുടങ്ങാം. ഏതിനുമൊരു തുടക്കം വേണമല്ലോ. ദയാനന്ദൻ സർക്കാർ നിയമിച്ച് , ശമ്പളം നൽകുന്നൊരുദ്യോഗസ്ഥനാണ്. പക്ഷെ അദ്ദേഹം വില്ലേജ് ഓഫീസിലല്ല ജോലിചെയ്യുന്നത്. അദ്ദേഹത്തിൻറെ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ അദ്ദേഹത്തിന് ശമ്പളം നൽകുന്ന ഉദ്യോഗസ്ഥനധികാരമില്ല . വരുമാനം നിർണയിച്ച് സർട്ടിഫിക്കറ്റു നൽകേണ്ടത് സ്ഥലത്തെ പ്രധാനദിവ്യനായ വില്ലേജ് ആഫീസറാണ്. ആകയാൽ ദയാനന്ദജി രാവിലെ തന്നെ വില്ലേജ് ആഫീസിൽ ഹാജരായി വരുമാന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൊടുത്തു. 

കഥ സംഗതി ഓൺലൈനിൽ അക്ഷയകേന്ദ്രങ്ങൾ വഴിയാക്കുന്നതിനു മുൻപാണ്. കൊടുത്ത ഉടനെ വില്ലേജ് ആഫീസ് ശിപായിയുടെ കൽപ്പന വന്നു. അടുത്തയാഴ്ച വന്നോളൂ. 

മതി മതി സമയമുണ്ട്. ദയാനന്ദൻ ഭവ്യതയോടെ സ്വന്തം ഓഫീസിലേക്ക് പോയി. 

അടുത്തയാഴ്ച ചെന്നു . ശിപായി അറിയിച്ചു. വില്ലേജ് ഓഫീസർക്ക് വീടുപണി നടക്കുകയാണ്. മൂന്നുദിവസം ലീവിലാണ്.

മൂന്നുദിവസം ലീവ് കഴിഞ്ഞുവന്നാൽ സർട്ടിഫിക്കറ്റ് കിട്ടിയാൽ അപേക്ഷ തപാലിലയച്ചാൽ മൂന്നാം പക്കം അഞ്ചുമണിക്ക് മുന്നേ കിട്ടും. ദയാനന്ദൻ സമാധാനമായി ഓഫീസിൽ പോയി.  

മൂന്നാം ദിവസം ഓഫീസ് തുറക്കാൻ വന്ന ശിപായി കാണുന്നത് ദയാനന്ദനെയാണ്. "സ്സോ , അദ്ദേഹം ഇന്നലെ വന്നിട്ടുണ്ടായിരുന്നു.ഇനിയിപ്പോൾ രണ്ടുദിവസം ലീവാ. അദ്ദേഹത്തിൻറെ വീടുപണി നടക്കുവാ "

ദയാനന്ദൻ കരഞ്ഞില്ലെന്ന് തോന്നുന്നു. കരഞ്ഞിട്ടുണ്ടാവാം. ഏതായാലും ഇക്കാര്യത്തിൽ നമ്മൾക്ക് വ്യക്തമായ വിവരമില്ല.  ദയാനന്ദജി ശിപായിയുടെ കാലുപിടിച്ചു. ആഫീസർ കൊട്ടാരക്കരയിൽ നിന്ന് ദയാനന്ദന് സർട്ടിഫിക്കറ്റ് നൽകാൻ മാത്രമായി ട്രാൻസ്‌പോർട്ട് ബസിൽ വരണം. അദ്ദേഹത്തിന് വീടുപണി നടക്കുകയാണ് .

ദയാനന്ദൻ അഞ്ഞൂറ് രൂപ ശിപായിവശം ട്രാൻസ്‌പോർട്ട് ബസിൽ ടിക്കറ്റെടുക്കാൻ കൊടുത്തു. ശിപായി സ്നേഹപുരസ്സരം മൊഴിഞ്ഞു " നാളെ വന്നോളൂ  അപേക്ഷ തിരുവനന്തപുരത്ത് കൊണ്ടുപോയി അവിടെ പെട്ടിയിലിട്ടാൽ മതി. ഇനിയിപ്പോൾ അതേ നടക്കുള്ളൂ "


ദയാനന്ദൻ അടുത്ത ദിവസം രാവിലെ ഹാജർ നേരെ തിരുവനന്തപുരത്തിന് പോകാൻ അവധിയെടുത്ത് വന്നിരിക്കയാണ്. സർട്ടിഫിക്കറ്റ് എഴുതി വില്ലേജ് ഓഫീസറുടെ മേശയിലെത്തിയിരിക്കുന്നു. ദയാനന്ദജി അതിനകമ്പടിയായുണ്ട്. വില്ലേജാഫീസർ സർട്ടിഫിക്കറ്റ് ഒപ്പിടാനായി എടുത്തു. പുറത്തൊരുകാർ വന്നു നിന്നു  അകത്തേക്ക് ചുവന്നുതടിച്ചൊരുമനുഷ്യൻ ഹാഫ് ഡോർ തള്ളിത്തുറന്ന് കയറിവന്നു. ഡെപ്യൂട്ടി കളക്ടർ . വില്ലേജ് ആഫീസർ വിറച്ചുകൊണ്ടെണീറ്റ് നിന്നു . ഒപ്പിടാനെടുത്ത സർട്ടിഫിക്കറ്റ് അവിടെത്തന്നെ . "ഒരു മിനിറ്റ് പുറത്തോട്ട് നിൽക്ക് " ഡെപ്യൂട്ടി കളക്ടർ ദയാനന്ദജിയോട് കൽപ്പിച്ചു. ദയാനന്ദൻ പുറത്തിറങ്ങി നിന്നു .

ഒരു മിനിറ്റല്ല അരമണിക്കൂർ കടന്നുപോയിക്കഴിഞ്ഞപ്പോൾ ഡെപ്യൂട്ടികളക്ടർ മുന്നേയും വില്ലേജ് ഓഫീസർ പിന്നാലെയുമായി ഇറങ്ങി കാറിൽക്കയറി എവിടേക്കോ ഒരുപോക്ക് അങ്ങു പോയി . "ഇതിനി സാർ വരത്തില്ല " ശിപായിജിക്ക് അത്രയും പറയാൻ കരുണയുണ്ടായി. അടുത്ത ദിവസത്തേക്ക് ബസിൽ വരാൻ അഞ്ഞൂറ് രൂപ ശിപായിയെ ഏൽപ്പിച്ച് ദയാനന്ദജി പോയി.


ഒവ്വ , അദ്യം വന്നു. പല്ലുകാട്ടി ചിരിച്ചു. ശിപായി സർട്ടിഫിക്കറ്റ് എടുത്തുകൊടുത്തു. അത്യാവശ്യം ബോധിപ്പിച്ചു. ആദ്യം സർട്ടിഫിക്കറ്റ് ആദ്യമായികാണുന്നതുപോലെ വായിച്ച് കാണാപാഠം പഠിക്കാൻ തുടങ്ങി. ഇപ്പോഴെങ്കിലും പുറപ്പെട്ടില്ലെങ്കിൽ അപേക്ഷ അവിടെ സമയത്തിനുമുൻപായി എത്തിക്കാനാവില്ല. ഓഫീസർക്ക് തിരികെ ബസിൽപോകാനുള്ള അഞ്ഞൂറ് രൂപ മേശയുടെ പകുതിതുറന്നുവെച്ച ഡ്രായറിൽ ഇടുന്നതുവരെ അദ്യം സർട്ടിഫിക്കറ്റ് വായിച്ചുപഠിച്ചു. അതങ്ങട്ട് വീണുകഴിഞ്ഞപ്പോൾ ഉറക്കമുണർന്ന കുട്ടിയെപ്പോലെ സർട്ടിഫിക്കറ്റ് ഒപ്പിട്ടു. " വേഗം കൊണ്ട് പോയാൽ സമയത്തിനുമുമ്പ് അങ്ങെത്താം " ആഫീസർ ദയാപുരസ്സരം പറഞ്ഞു. എന്തൊരു സ്നേഹമുള്ള മനുഷ്യൻ !

ഏതായാലും അഞ്ചുമണിക്ക് മുന്നേ ദയാനന്ദജിയെ തിരുവനന്തപുരത്തെത്തിക്കാൻ ദൈവം നിശ്ചയിച്ചിരുന്നില്ല. സാരമില്ല. ആയിരത്തഞ്ഞൂറ് ചിലവായാലെന്താ , സമയത്തിന് സർട്ടിഫിക്കറ്റ് കിട്ടിയില്ലേ !



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ