എൻറെ കാര്യം കഷ്ടത്തിലാണ്.
ഒരു ഏടാകൂടം വന്നുപെട്ടിരിക്കുന്നു.
പേര് മോഹനൻ
പഞ്ചാര മോഹനൻ
സർവ്വ പ്രേമ മഹാശയൻ
ആദ്യം നോക്കിയത് പന്ത്രണ്ടാം ക്ലാസിൽ ട്യൂഷൻ പഠിക്കാൻ വന്ന ലക്ഷ്മിക്കുട്ടിയെയാണ്
ആള് തണ്ടും തടിയും ഉണ്ട്
പ്ലസ്‌ടു ആണെങ്കിലും പതിനെട്ട് -- ഇരുപതിൻറെ മുഴുപ്പ് ഉണ്ട് .
ല്ലെങ്കിൽ വേണ്ട. പതിനെട്ടാകുന്നതുവരെ നമ്മൾക്ക് കാത്തിരിക്കാം .
ക്ലാസിനു മുമ്പും ക്ലാസിന് ശേഷവും അവളെ തനിച്ച് വിളിച്ച് ഹെഡ് മാസ്റ്റർ മോഡലിൽ സ്വകാര്യം പറഞ്ഞും ചോദിച്ചും അവളുമായി കമ്പനിയായി .
ഹെഡ്മാസ്റ്റർ മോഡൽ അറിയില്ലേ ? പിന്നെന്നാ അറിയാം ? ഭാവം കണ്ടാൽ തോന്നും അറിയില്ലാത്തതായി ഒന്നുമില്ലെന്ന് .
കഴിഞ്ഞയാഴ്ച നീയല്ലേടാ പറഞ്ഞത് നിന്നെ ദൈവം വിളിച്ച് ഡൗട്ട് ചോദിച്ചെന്ന് ?
കമ്പനിയായ ശേഷം രഹസ്യമായി നാം നമ്മുടെ ദിവ്യ പ്രേമം അവളോട് ഉര ചെയ്തു.
"എനിക്ക് ലക്ഷ്മിക്കുട്ടിയെ ഇഷ്ടം ആണ് "
" അതെനിക്കറിയാം. സാർ നേരത്തെയും പറഞ്ഞിട്ടുണ്ട് "
" അങ്ങനെയല്ല " എങ്ങനെ പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ ഇംഗ്ളീഷ് ഭാഷയെ ശരണം പ്രാപിച്ചു. ഓർക്കണം. നമ്മുടെ ഭാഷയിൽ ഒരു കാര്യം പറഞ്ഞു മനസിലാക്കിക്കാൻ പ്രയാസമാണ്. കാര്യം പറയണമെങ്കിൽ , കേൾക്കുന്ന ആളിന് മനസ്സിലാകണമെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ തന്നെ പറയണം . ഞാൻ ഇംഗ്ളീഷിൽ മൊഴിഞ്ഞു. "ഐ ലവ് യു."
ആദ്യം അവളുടെ മുഖത്തു അടികൊണ്ടതുപോലെ ഒരു ഭാവം . അത് കഴിഞ്ഞ് കറണ്ട് വന്നതുപോലെയൊരു ചിരി. എന്നിട്ടവൾ മൊഴിഞ്ഞു. "ഞാനൊരാളെ പ്രേമിക്കുന്നുണ്ട് "
എനിക്കത് വിശ്വാസം വന്നില്ല. ഞാൻ ചോദിച്ചു "ആരെയാണ് ?"
അവൾ പറഞ്ഞു "സാർ അറിയും. മോഹനൻ കാട്ടിപ്പറമ്പിലെ "
ൻറെ ദൈവമേ , കാത്ത് വെച്ചൊരു മാമ്പഴം കാക്കച്ചി കൊത്തിപ്പോയല്ലോ.!
അവളുടെ കടലിളകുന്ന മിഴിയും , വലിയ കണ്ണുകളും തടിച്ചു ചുവന്ന അധരങ്ങളും വലിയ സ്തനങ്ങളും തടിച്ച നിതംബവും എല്ലാം കൊത്തിക്കൊണ്ട് പോയല്ലോ പഞ്ചാര മോഹനൻ !..ആ പോകട്ടെ, വേറെയും പെൺപിള്ളേർ കാണും. ഏതേലും വരും. കാത്തിരിക്കാം
അപ്പോൾ വരുന്നു കാട്ടിപ്പറമ്പിലെ പഞ്ചാര മോഹനൻ .അവൻ വന്നത് തിളങ്ങുന്ന കുപ്പായമിട്ട് , മുഖത്തു മിനുക്കപൗഡറിട്ട് പഞ്ചാര മീശ ഒന്നൂടെ കറുപ്പിച്ച്. പല്ലുമുഴുവൻ കാട്ടി അവൻ ഇളിച്ചു. "എന്നെ അറിയുവല്ലോ ?" അവൻ ചോദിച്ചു. എന്നിട്ട് സഗൗരവം പ്രസ്താവിച്ചു "ലക്ഷ്മിക്കുട്ടിയെ തൊട്ടുള്ള കളിയൊന്നും വേണ്ട. ഇത് ആരെങ്കിലും അറിഞ്ഞാൽ പിന്നെ ആരും നിൻറെ അടുത്ത് പിള്ളേരെ വിടില്ല. നീ പട്ടിണിയായിപ്പോകും ." അവൻ എന്നെ പുശ്ചത്തോടെ നോക്കിയിട്ട് വന്നതുപോലെ ഇറങ്ങിപ്പോയി.
കാത്തുകാത്തിരുന്നപ്പോൾ ദൈവം പ്രാർത്ഥന കേട്ടു. വന്നു സുന്ദരാംഗിയവൾ . ശ്രീകുമാരി. ബി കോം തോറ്റ് വന്നിരിക്കയാണ്. അവളുടെ അമ്മയാണ് കൊണ്ടുവന്നത്. ഒരു പേപ്പർ മാത്രേ പോയൊള്ളൂ. ഇത്തവണ അവൾക്ക് അത് കിട്ടണം. സാറിനെ ഏൽപ്പിക്കുവാ !
പെണ്ണ് തോറ്റതും , തള്ള അവളെ എന്റടുത്ത് കൊണ്ടുവന്നതും ദൈവം എൻറെ പ്രാർത്ഥന ദൈവം കേട്ടിട്ടാണ്. അപ്പോൾ ബാക്കി കാര്യങ്ങളും ദൈവം നോക്കിക്കൊള്ളും. ദൈവത്തിനുള്ളതിൽ ഒരു ചെറിയ വിഹിതം അഡ്വാൻസ് എന്ന നിലയിൽ, ബാക്കി കാര്യം സാധിച്ച് കഴിഞ്ഞിട്ടെന്ന് പ്രത്യേകം പറഞ്ഞ് അങ്ങോട്ട് കൊടുത്തു. ഇനിയൊന്നും പേടിക്കാനില്ലല്ലോ. ദൈവം അഡ്വാൻസ് വാങ്ങിയിരിക്കയല്ലേ. കൊച്ചുങ്ങളേ , നിങ്ങളിതൊന്നും ആരോടും പറഞ്ഞ് ചളമാക്കരുത്. പിന്നെ ആരും പിള്ളേരെ എന്റടുത്ത് പഠിക്കാൻ വിടൂല്ല. ഉണ്ടായിരുന്നതും പോയല്ലോ , കണ്ണാ . എന്ന അവസ്ഥയാകും.
പെണ്ണെന്ന് പറഞ്ഞാൽ , സുന്ദരിയെന്ന് പറഞ്ഞാൽ അതിവളാണ് അതിവളാണ് അതിവളാണ്
വെളുത്ത് തുടുത്തൊരു പെണ്ണ് . ചുവന്നുതുടുത്ത ചുണ്ടുകൾ. മനോഹരാംഗിയവൾ മെല്ലെ നടന്നുവരും , സ്വപ്നലോകത്തിലൂടെ .
ഞാൻ ചോദിച്ചു "നീയെന്താ സ്വപ്നം കാണണേ ?"
"സ്വപ്നമോ ? ഞാനോ ? ഞാനൊരു സ്വപ്നവും കണ്ടില്ല." ചുണ്ടുകൾ കോട്ടി അവൾ മൊഴിഞ്ഞു. മുഖത്തു നോക്കാതെ .
"വേലയെന്റടുത്ത് വേണ്ട. എത്ര പെൺകുട്ടികളെ കണ്ടിരിക്കുന്നു , ഞാൻ ".
അതോടെ അവൾ സ്വപ്നം കണ്ടുള്ള നടത്തം നിർത്തി. സ്വപ്നം കണ്ടിരിക്കുന്നത് നിർത്തി. എപ്പോഴും ഉണർന്നിരിക്കും. ചുറുചുറുക്കോടെ നടക്കും
" മ് , ഇങ്ങനെ വേണം പെങ്കുട്ട്യോള് ", ഞാൻ പറഞ്ഞു
അവൾ ചിരിച്ചു.
അവളുടെ കരിമിഴികളിൽ ഒരു സ്വപ്നത്തിൻ നിഴലാട്ടം ഞാൻ കണ്ടു. അത് ഞാനായിരുന്നില്ലേ? കവിളിൽ ലേശം ലജ്ജ കലരുന്നില്ലേ ? അതെന്നെ കാണുമ്പോഴല്ലേ ?
അങ്ങനെ പഠിപ്പിക്കുന്നതിനിടയിൽ കൊച്ചുവർത്തമാനം പറഞ്ഞിരിക്കെ , ഇതൊക്കെ നമ്മൾ ആണുങ്ങൾ വേണ്ടേ മുന്കയ്യെടുക്കാൻ . ഞാൻ പറഞ്ഞു. "എനിക്ക് ശ്രീകുമാരിയെ ഇഷ്ടമാ". ഇംഗ്ളീഷിൽ പറഞ്ഞില്ലെങ്കിൽ മനസിലായില്ലെങ്കിലോ എന്ന് കരുതി ഞാൻ കൂട്ടിച്ചേർത്തു " ഐ ലവ് യു "
അവളുടെ ചിരി മാഞ്ഞു. മുഖം തുടുത്തു. അവൾ പറഞ്ഞു "സോറി "
ഞാൻ ചോദിച്ചു "അതെന്താ ?"
"ഒരാളെ എനിക്ക് ഇഷ്ടമാ. ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അത് അയാളെ മാത്രമായിരിക്കും "
"ആരാണെന്ന് പറഞ്ഞു കൂടെ ?"
"വേണ്ട. സാററിയേണ്ട "
"ഞാനാരോടും പറയില്ല "
"കാട്ടിപ്പറമ്പിലെ മോഹനൻ ചേട്ടൻ "
"അവൻ ലക്ഷ്മിക്കുട്ടിയുടെ പിന്നാലെ നടക്കുവല്ല്യോ ?" ഞാൻ അറിയാതെ ചോദിച്ചുപോയി.
"അത് വെറുതെ തമാശ. ചേട്ടൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് "
ഞാൻ ലക്ഷ്മിക്കുട്ടിയോട് ചോദിച്ചു "എടീ , ആ മോഹനൻ ശ്രീകുമാരിയുടെ പിന്നാലെ നടക്കുകയല്ലേ ? അവളോട് കെട്ടിക്കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ ?"
"അത് വെറും തമാശ. ചേട്ടൻ എല്ലാം എന്നോട് തുറന്ന് പറയും "
ഹമ്പടാ !
വീണ്ടും പഞ്ചാരമോഹനൻ എനിക്ക് മുന്നിൽ ഹാജരായി. "നീ പിള്ളേരെ പാടിപ്പിച്ച് ഫീസ് വാങ്ങിത്തിന്നാൽ മതി. വേറൊന്നും അന്വേഷിക്കേണ്ട." അവൻ പറഞ്ഞു
ഒരു ദിവസം പെണ്ണമ്മ കയറി വന്നു. ലേശം കരുത്ത് തടിച്ചിട്ടാണെങ്കിലും കാണാൻ ഒരു ഭംഗിയുണ്ട്. സ്ഥലത്തെ പ്രധാന ദിവ്യയാണ്. പണക്കാരിയാണ്. മകൾക്ക് അഡ്മിഷന് വന്നിരിക്കയാണ്.
"ൻറെ സാറേ എന്ത് പറയാനാണ് ? അവൾക്ക് എല്ലാം കാണാപ്പാഠമാണ്. പക്ഷെ പരീക്ഷ ജയിക്കുന്നില്ല. എല്ലാരും പറയുന്നത് സാറിന്റടുത്ത് വന്നാൽ പഠിച്ചില്ലേലും ജയിക്കുമെന്നാ. അതുകൊണ്ട് നാളെ മുതൽ അവളിങ്ങ് വരും. ജയിച്ചാൽ സാറിന് ലോട്ടറിയടിച്ചെന്ന് കരുതിക്കോ."
പെണ്ണമ്മ പോയി . അന്നു പെണ്ണമ്മയുടെ മകളെ സ്വപ്നം കണ്ട് കഴിച്ചു. നാളെ വരുമല്ലോ.
ഓ വന്നു. ദൈവമേ ഈ ചതി നീയെന്നോട് വേണ്ടായിരുന്നു. കറുത്ത് തടിച്ച് ഒരു ചെറിയ മല പോലെ. മേൽച്ചുണ്ടിൽ കനത്ത കറുത്ത മീശ എന്നെ നോക്കി വിരട്ടി. വേണ്ട വേണ്ട, അവളുടെ തടിയന്തന്ത പെൺവേഷം കെട്ടി വന്നിരിക്കും പോലെ.
അവളെ കാണുമ്പോൾ എൻറെ എനർജി ലെവൽ സീറോയിലെത്തും . ഓ ദൈവമേ !
റിസൾട്ടവരുന്നതിന് രണ്ട ദിവസം മുന്നേ അവളുടെ 'അമ്മ വന്നു നൂറിൻറെ രണ്ടു കേട്ടെടുത്ത് മേശപ്പുറത്ത് വെച്ചു. "അവള് ജയിച്ചു സാറേ " അവർ പ്രഖ്യാപിച്ചു. ഞാൻ കണ്ണുമിഴിച്ചിരുന്നു. തള്ളയ്ക്ക് വട്ടായോ ? റിസൾട്ട് നാളെയല്ലേ വരൂ ?
"സാറേ ട്യൂട്ടോറിയൽ കാര് തിരുവനതപുരത്ത് പോയി റിസൾട്ട് കൊണ്ടുവന്നു. അവളുടെ നമ്പറുണ്ട്. അവര് വന്ന് അവളുടെ ഫോട്ടോ ചോദിച്ചപ്പോൾ ഞാൻ കൊടുത്തു. എല്ലാർക്കും അറിയാം അവളിവിടെയാണ് പഠിച്ചതെന്ന്. പിന്നെ സാറിന് നോട്ടീസ് അടിക്കേണ്ടല്ലോ. അവള് ജയിച്ചെന്ന് നാട്ടുകാരുമറിഞ്ഞോട്ടെന്ന് ഞാൻ വെച്ചു . സാറിന് പരാതിയില്ലല്ലോ ?"
"എന്ത് പരാതി? അതും പ്രത്യേകിച്ച് പെണ്ണമ്മയോട് !"
പെണ്ണമ്മ ഹാപ്പിയായി എഴുന്നേറ്റ് പോയി. എനിക്കൊരു സംശയം . ട്യൂട്ടോറിയൽകാർ എന്നെ പരിഹസിക്കാൻ കള്ളം പറഞ്ഞതാണോയെന്ന് . അടുത്ത ദിവസം റിസൾട്ട് വന്നപ്പോൾ ഞാൻ നോക്കി. സാരിയാണ് . അവൾ ജയിച്ചിരിക്കുന്നു.
അതിനേക്കാൾ അവിശ്വസനീയമായ വാർത്തയാണ് പിന്നീട് വന്നത്. പെണ്ണമ്മയുടെ മകൾ അജിതകുമാരിയെ പഞ്ചാരമോഹനൻ വിവാഹം ചെയ്യുന്നു.
" അവളുടെ തന്ത നാടുമുഴുവൻ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിരിക്കയാണ്. ഒരു കിലോ സ്വർണ്ണം. പത്ത് ലക്ഷം രൂപയുടെ കാർ , പത്ത് ലക്ഷം രൂപ ക്യാഷ്. " മോഹനൻ ഉദീരണം ചെയ്തു.
"മഹാൻ മിടുക്കൻ " ഞാൻ പറഞ്ഞു
"നിനക്ക് അസൂയയുണ്ടല്ലേ ? പഠിച്ച മണ്ടൻ . പഠിച്ചിട്ട് നീ എന്ത് നേടി ?" അവൻ പുശ്ചത്തോടെ പറഞ്ഞു.
വിവാഹം ഗംഭീരം. വിവാഹവേദിയൊക്കെ പലരും ഫോട്ടോയെടുത്ത് കൊണ്ടുപോയി. വല്ലപ്പോഴും എടുത്തുവെച്ച് കാണുകയെങ്കിലും ചെയ്യാമല്ലോ.
അതോടെ പഞ്ചാര മോഹനൻ അവളുടെ ഇരുനിലമാളികയിലേക്ക് താമസം മാറി. പത്ത് ലക്ഷമല്ല , അതിലുമെത്രയോ കൂടുതൽ അവളുടെ പേരിൽ ഫിക്സഡ് കിടപ്പുണ്ട്. എടുക്കാൻ പറ്റില്ല, തന്തയറിയാതെ .
"നീ പണിചെയ്ത് കാശുണ്ടാക്കി ജീവിക്കണം. " അമ്മയപ്പൻ കർശനമായി പറഞ്ഞു. അങ്ങനെ പഞ്ചാര മോഹനൻ കള്ള് ഷാപ്പിൽ ജോലിക്കാരനായി.
രാവിലെ ഷാപ്പിൽ പോകും വൈകിട്ട് തിരികെ വരും.
" പോകാനും വരാനും ഒരു സ്‌കൂട്ടർ വേണം " അമ്മയപ്പന് മുന്നിൽ ദയാഹർജി മോഹനൻ വക
"കാശുണ്ടേൽ വാങ്ങിച്ചോ " അമ്മയപ്പൻറെ അനുവാദം.
"ഇപ്പൊ ബിയററാ , താമസിയാതെ ഷെഫ് ആയി പ്രൊമോഷൻ കിട്ടും " ലഷ്മിക്കുട്ടി പറഞ്ഞു
"ബസിൽ പോകാതെ കാറിൽ പൊയ്ക്കൂടേ ?" ഞാൻ ഒരു ദിവസം ചോദിച്ചു.
"ശവത്തിൽ കുത്താതെടാ " അവനൊരു ബസിൻറെ പിന്നാലെ ഓടി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ