2022 ഏപ്രിൽ 3, ഞായറാഴ്‌ച

ഓർമ്മക്കുറവ്

ബീഫ് ഫെസ്റ്റിവൽ നടത്തി കെട്ടിച്ച് വിട്ടതാണ് 

സാധാരണ വിവാഹ സദ്യ വെജിറ്റേറിയൻ ആണ് 

ഇത് സാധാരണ വിവാഹമല്ലല്ലോ ; അപ്പോൾ സാധാരണ വിവാഹ സദ്യ പോരല്ലോ 

താറാവ് , കോഴി , ബീഫ് ഒക്കെയും അണിനിരന്നു. ബുഫെ ആയിരുന്നു പോൽ 

ഞാൻ കണ്ടില്ല. എന്നെ വിളിച്ചില്ല . വിളിക്കേണ്ടതാണ്. ട്യൂഷൻ പഠിപ്പിച്ച സാറെന്ന നിലയിൽ . ക്ഷണിക്കാൻ ആ പദവി പോരെന്ന് അവളുടെ വീട്ടുകാർ തീരുമാനിച്ചിരിക്കാം 

"ആരെയും വിളിച്ചില്ലെന്ന് വേണം പറയാൻ . എന്നിട്ട് ആള് കുറവായിരുന്നോ ?" അവളുടെ തന്ത മേനി പറഞ്ഞു. 

"സ്‌കൂളിലെ സാറിനെ വിളിച്ചിട്ടില്ല. പിന്നെയാ ട്യൂഷൻ സാറ് !" അവളുടെ 'അമ്മ പറഞ്ഞു നടന്നു . 

വിളിക്കേണ്ട.  ഈ വിശദീകരണങ്ങളാണ് കൂടുതൽ അപമാനകരം . മനപ്പൂർവ്വം അപമാനിക്കൽ ആയിരിക്കാം . 


അവളാദ്യം ഒരു ബുക്കുമായി എനിക്ക് മുന്നിലിരിക്കുന്നത് 

ഏഴാം  ക്ലാസിൽ  പഠിക്കുമ്പോഴാണ് 

എട്ട് , ഒൻപത് , പത്ത് 

പത്തിൽ കോഴി  മുട്ടയ്ക്ക് അടയിരിക്കും പോലെ ഇരുന്ന് പഠിപ്പിച്ചു 

എന്നിട്ടും ക്ലാസിൽ ഫസ്റ്റ്  ക്‌ളാസ് ടീച്ചറിൻറെ മകളായിരുന്നു 

അവളെ ഒരു ടീച്ചറിനും അറിയില്ലായിരുന്നു 

ഓഹ് , അവളോ ? അവൾ ജയിച്ചേക്കും . അതായിരുന്നു അവളെ പഠിപ്പിച്ച അദ്ധ്യാപകരുടെ അഭിപ്രായം 

പത്തിലെ റിസൾട്ട് വന്നു 

സ്‌കൂളിൽ ഒരേയൊരു ഡിസ്റ്റിംക്ഷൻ 

അതവളായിരുന്നു.

"അവള് പഠിച്ചു . അവൾക്ക് ഡിസ്റ്റിംക്ഷൻ കിട്ടി " അവളുടെ തന്ത പറഞ്ഞു .

"അതിപ്പോ അയാൾ ട്യൂഷൻ പഠിപ്പിച്ചിട്ടാണോ ?" അവളുടെ 'അമ്മ ചോദിച്ചു. 

അയാൾ ദിവസം ഒരു മണിക്കൂർ ട്യൂഷൻ പറഞ്ഞുകൊടുത്തുകാണും . സ്‌കൂളിൽ സാറന്മാർ ഓരോദിവസവും അഞ്ചമണിക്കൂർ പഠിപ്പിച്ചതിന് വിലയില്ലേ ? 

ഞാൻ അവകാശ വാദമൊന്നും നടത്തിയില്ലല്ലോ ? പിന്നെന്തിനീ വിചാരണ ?

അതറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

സ്ഥലത്തെ ഒരു ട്യൂട്ടോറിയൽ കോളേജിൽ നിന്ന് ഡിസ്റ്റിംക്ഷൻ കിട്ടിയതിനുള്ള ഗോൾഡ് മെഡൽ അവൾക്ക് നൽകി .

അവൾ പഠിച്ചത് ആ ട്യൂട്ടോറിയൽ കോളേജിലാകുന്നു. 

ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകരെലാം അവളെ പുകഴ്ത്തി പ്രസംഗിച്ചു 

അവൾ അവളെ പഠിപ്പിച്ച അധ്യാപകർക്കെല്ലാം നന്ദി പറഞ്ഞു 

അവൾക്ക് ഗോൾഡ് മെഡൽ കൊടുത്തു.

ഫോട്ടോയെടുത്തു. 

എല്ലാവരും പിരിയുന്നതുവരെ അവളെ അവിടിരുത്തി. എല്ലാവരും പിരിഞ്ഞുകഴിഞ്ഞപ്പോൾ ഗോൾഡ് മെഡൽ തിരികെ വാങ്ങി അടുത്ത വർഷത്തെ കുട്ടിക്ക് നൽകാനെന്ന് പറഞ്ഞ്  കീശയിൽ താഴ്ത്തി .

പുതിയ ബാച്ച് ആരംഭിക്കുന്ന നോട്ടീസിൽ അവൾക്ക് ഗോൾഡ് മെഡൽ കൊടുക്കുന്ന ഫോട്ടോയുണ്ടായിരുന്നു 

അവരുടെ ട്യൂട്ടോറിയലിൽ പഠിച്ചാണ് അവൾ ജില്ലയിലെ ഏക ഡിസ്റ്റിംക്ഷൻ നേടിയതെന്നും 

നമ്മൾക്കെന്ത് ? നമ്മൾക്ക് നോട്ടിസില്ലല്ലോ . നമ്മൾക്ക് ഗോൾഡ് മെഡൽ ഇല്ലല്ലോ . 

അടുത്ത പ്ലസ് വൺ ട്യൂഷൻ അവൾ ട്യൂട്ടോറിയലിലാക്കി 

ഇനി ആരും പറയില്ലല്ലോ, ഞാൻ പഠിപ്പിച്ചിട്ടാണ് ഡിസ്റ്റിംക്ഷൻ കിട്ടിയതെന്ന് 

പിന്നെയാരും പറഞ്ഞില്ല, അവൾക്ക് ഡിസ്റ്റിംക്ഷൻ കിട്ടിയെന്ന് .

എന്നിട്ടും എന്നോട് ശത്രുത.ഞാൻ കൂടോത്രം ചെയ്തിട്ടാണ് അവൾക്ക് പ്ലസ് ടുവിന് ഡിസ്റ്റിംക്ഷൻ കിട്ടാതിരുന്നതെന്ന് ജോത്സ്യൻ പറഞ്ഞത്രേ.

ആയിക്കോട്ടെ. 



പിന്നെയൊന്നും അവളെ കുറിച്ച് കേട്ടില്ല.

പിന്നെയും കൂടോത്രം ചെയ്‌തെന്ന് ആരും പറഞ്ഞില്ല . സന്തോഷം 

പിന്നെയുണ്ടായത് അവളുടെ വിവാഹമാണ്. 

ട്യൂഷൻ സാറിനെയൊക്കെ വിളിക്കുന്നത് മോശമാണെന്ന് അഭിപ്രായം 

അങ്ങനെയാണെങ്കിൽ എല്ലാ ട്യൂഷൻ സാറന്മാരെയും ട്യൂട്ടോറിയൽ സാറന്മാരെയും സ്‌കൂൾ സാറന്മാരെയും കുടിപ്പള്ളിക്കൂടം ആശാനെയും ഛെ !!  അതൊന്നും വേണ്ട. 


പിന്നെ സംഭവിച്ചത് അവൾ മൂന്ന് കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് വന്നു എന്നതാണ്. 

പിന്നെ വിവാഹമോചനം .

തന്തയുടെ ബിസിനസ് തകർച്ച 

ഞാൻകൂടോത്രം ചെയ്തെന്ന് പറഞ്ഞില്ല. ക്ഷേത്രത്തിൽ മാംസ സദ്യ നടത്തിയപ്പോഴേ പറഞ്ഞതല്ലേ , എന്ന് ചിലർ 

അതിൽ കിടന്ന് കറങ്ങി അവരുടെ നിർഭാഗ്യങ്ങൾ 


കഴിഞ്ഞ ദിവസം അവളുടെ 'അമ്മ പതിവില്ലാതെ വീട്ടിലേക്ക് വിളിച്ചു.

പത്താംക്ലാസിൽ പഠിപ്പിച്ച കാലത്ത് പോയിട്ടുള്ളതാണ് . പിന്നീട് പോയിട്ടില്ല .

കൂടോത്രക്കാർക്ക് വരാമോ എന്ന് ചോദിച്ചില്ല 

ചായ തന്നു 

ചായയല്ല പതിവ് ; കട്ടൻ കാപ്പിയാണ് . ഞാനോർമ്മിപ്പിച്ചു 

നീയിപ്പോൾ വരാറില്ലല്ലോ ? അവർ പറഞ്ഞു. 

മനുഷ്യർക്ക് ഓർമ്മക്കുറവ് സ്വാഭാവികം. ഞാനൊന്നും പറഞ്ഞില്ല.

പോരാൻ നേരം വരെയും അവരൊന്നും പറഞ്ഞില്ല.

പോരാൻ എഴുന്നേറ്റപ്പോൾ അവർ ചോദിച്ചു " നിനക്കവളെ പണ്ട് ഇഷ്ടമായിരുന്നല്ലോ. അവളെ കെട്ടരുതോ ?" 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ