ഹ , ഇന്നലെ എനിക്കൊരു അബദ്ധം പറ്റി
പറ്റി , എന്നുപറഞ്ഞാൽ മതി. അബദ്ധമാണ് പറ്റിയതെന്നെടുത്തു പറയേണ്ടതില്ല
ഒവ്വ , സമ്മതിച്ചു
നമ്മൾ മണ്ടനാണ്. സമ്മതിച്ചു.
ഒരു കൊച്ചൊരു ലേഖനമെഴുതി .
കോച്ച് ലേഖനമെന്നല്ല, കൊച്ച് മീൻസ് പെങ്കൊച്ച് ഒരു ലേഖനമെഴുതി
നമ്മൾ ആണായതുകൊണ്ട് ആദ്യം കൊച്ചിൻറെ ഫോട്ടോ നോക്കി പ്രൊഫൈൽ നോക്കി പിന്നെ ലേഖനം വായിച്ചു.കൊടുത്തു അഞ്ച് സ്റ്റാർ എന്നിട്ടെഴുതി ഗംഭീരം. പിന്നെന്ത് കമൻറ് എഴുതുമെന്ന് കാണാൻ കാത്തുകൊണ്ട് ഒന്ന് നിവർന്നിരുന്നു. അപ്പോൾ വെറുതെ ഒന്നോടൊന്ന് നോക്കി. ഇന്നലെ പെങ്കൊച്ച് എഴുതിയ ലേഖനം ഇന്നലെത്തന്നെ മുന്നൂറ് ആളുകൾ ആയിച്ചിരിക്കുന്നു ! ഓരോ ദിവസവും എഴുതുന്നുണ്ട്. ഒരുദിവസവും നാലക്കം തൊടാതെയില്ല, വായനക്കാർ.
എഹ് ! എൻറെ കമൻറ് എവിടെ ? കമൻറ് പെരുമഴയിൽ കുളിച്ച് നിൽക്കുകയാണ് പെൺകൊച്ചിൻറെ ലേഖനം ! ആഹ് ! അതും പോയി . പോനാൽ പോകട്ടും പോടാ. അന്നേരം പ്രതിലിപി അടച്ചു. ഇപ്പൊ തുറന്നു. എവിടെ ! പെങ്കൊച്ച് നമ്മുടെ കമൻറ് മൈൻഡ് ചെയ്തിട്ടില്ല. ആത്മഹത്യ ചെയ്താലോ , എന്നാലോചിച്ചു. താടിക്ക് കയ്യും കൊടുത്തിരുന്നു. അപ്പോൾ അനിത പാലും കൊണ്ട് പോകുന്നു. രണ്ടു പിള്ളേരുള്ള മുതലാണ്. പറയൂല്ല, കേട്ടോ. ഒതുങ്ങി നല്ല ഷേപ്പ് ഉള്ള ശരീരം. ഐശ്വര്യമുള്ള വദനം. ഞാനിപ്പോൾ മിൽമ ബൂത്തിൽ നിന്നാണ് പൽ വാങ്ങുന്നത്. അവിടെ ഒരു പെൺകുട്ടിയായിരുന്നു പാൽ വിൽക്കാനിരുന്നിരുന്നത്. അവളെന്നെ കാണുമ്പോൾ കാര്യമൊന്നുമില്ലാതെ ചിരിക്കും. അപ്പോൾ അവിടെ വരെ നടന്നു ചെന്ന് പാൽ വാങ്ങിയാൽ രണ്ടുണ്ട് കാര്യം. പാലും കിട്ടും , പെണ്ണിനേയും കാണാം. ഒരു ചിരി ഫ്രീ കിട്ടും . ഇപ്പോൾ രണ്ടു ദിവസമായി അവളെ കാണുന്നില്ല. അവളുടെ കറുത്ത തടിയൻ തന്തയാണ് തുറിച്ച ചുവപ്പ് വീണ കണ്ണുകളുമായി ബൂത്തിൽ ഇരിക്കുന്നത്. അന്വേഷിച്ചപ്പോൾ അറിയുന്നു, അവൾക്ക് സർക്കാർ ജോലി കിട്ടിപ്പോയി. ഇനി വരില്ല. ജോലി അങ്ങു പാലക്കാട്ടാണ്. അപ്പോൾ അവധി ദിവസങ്ങളിൽ പോലും ഉണ്ടാവില്ല ബൂത്തിൽ. പിന്നെന്തിന് പാല് വാങ്ങണം. അതുകൊണ്ടിന്നലെ വൈകിട്ട് പാൽ വാങ്ങിയില്ല.
അനിത കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പാൽ വിതരണം ആരംഭച്ചത്. കാരണം കഴിഞ്ഞയാഴ്ചയാണ് അനിതയുടെ പശു പ്രസവിച്ചത്. അയൽപക്കമായിട്ടും എന്നോട് വേണോന്ന് ഒന്ന് ചോദിച്ചില്ല. ഒരു അയൽപക്ക സ്നേഹമൊക്കെ വേണ്ടേ. അനിത പാലും കൊണ്ട് പോകുന്നത് കണ്ടപ്പോൾ അനിതയോടിത്തിരി ഇത്തിരിയല്ലാട്ടോ , ഒത്തിരി സ്നേഹം തോന്നി. അനിതയോട് പാൽ വേണമെന്ന് പറഞ്ഞാൽ എലാ ദിവസവും രാവിലെയും വൈകിട്ടും അനിതയെ കാണാമല്ലോ. ഹാ ! ഓരോ നുള്ള് പഞ്ചാര , രാവിലെയും വൈകിട്ടും പാലിനൊപ്പം. ഹാവൂ
അങ്ങനെ കുളിച്ച് കുട്ടപ്പനായി പൗഡറിട്ടു, മീശ മിനുക്കി. ക്ളീൻ ഷേവ് ആയി കണ്ണാടിയിൽ ചാഞ്ഞും ചരിഞ്ഞും നോക്കി , ചുണ്ടത്ത് മന്ദഹാസം ഫിറ്റ് ചെയ്ത് അതും കണ്ണാടിയിൽ നോക്കി ശരിപ്പെടുത്തി പാൻസും ഷർട്ട് ഇൻ ചെയ്തും പോളീഷിട്ട് മിനുക്കിയ ഷൂസും , പിന്നെ കത്രികയെടുത്ത് മീശയുടെ തുമ്പ് ഒന്നൂടെ കത്രിച്ച് അനിതയുടെ വീട്ടിലേക്ക് നടന്നു.
അനിതയുടെ വീടിൻറെ മുൻവാതിൽ തുറന്നു കിടന്നിരുന്നു. കാളിംഗ് ബെല്ലൊന്നും കണ്ടില്ല. അകത്തേക്ക് കയറി. സൈഡിലെ മുറിയുടെ വാതിൽ അടച്ചിരിക്കുന്നു. അതിനകത്ത് ഭാര്യയും ഭർത്താവും കൂടിയാകണം, കളിക്കൊഞ്ചൽ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ കതകിൽ തട്ടി. ഓ , ഇത്രപകലാണോ രണ്ടുംകൂടി എനിക്ക് തന്നെ ഒരു നാണം തോന്നി . വന്നിട്ട് മിണ്ടാതെ പോകുന്നതെങ്ങനെ ? ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും ?
അവളുടെ കാർക്കോടകനായ ഭർത്താവ് വാതിൽ തുറക്കുന്നതും കാത്ത് നിന്ന എനിക്ക് മുന്നിൽ വാതിൽ തുറന്ന് പ്രത്യക്ഷപ്പെട്ടത് അവളുടെ മകൾ ! അവളങ്ങ് കോയമ്പത്തൂരെങ്ങാണ്ട് കോളേജിൽ പഠിക്കുന്നെന്നാണ് കേട്ടത്. അവളിവിടെ ? കൂടെ അകത്താരാണ് ?
അകത്താരെയും കണ്ടില്ല. വാതിലടഞ്ഞു നിൽക്കുകയാണവൾ. കോപത്തോടെ കണ്ണ് മുഴപ്പിച്ചാണ് നോട്ടം. "അമ്മയിവിടില്ല . പിന്നെ വാ " അവൾ വാതിലടച്ചു.
ഇതെന്ത് പെണ്ണ് ? ഇങ്ങനെയാണോ വീട്ടിലാരെങ്കിലും വന്നാൽ ? ഇതെന്ത് സ്വഭാവം. കുറെ കഴിഞ്ഞപ്പോൾ പുരുഷ ശബ്ദം . അടക്കിപ്പിടിച്ച് കുശുകുശുക്കുന്നു "പോയോ ?" അവൾ കുശുകുശുക്കുന്നു "ആ ?". അവൻ കുശുകുശുക്കുന്നു "നോക്കിയേ ". വാതിൽ കുറ്റി നീക്കുന്നു. അൽപ്പം മാത്രം തുറക്കുന്നു. വിടവിലൂടെ രണ്ടു കണ്ണുകൾ. കുറച്ചൂടെ തുറക്കുന്നു. വാതിൽക്കൽ അവൾ "പോയില്ലേ ? പിന്നെ വാ "
"ഞാനിവിടെ ഇരിക്കാം. 'അമ്മ വരട്ടെ "
"ഇയാളോട് പോകാനല്ലേ പറഞ്ഞത് ?" പെണ്ണിന് ദേഷ്യം .
"പോകുന്നില്ല. ഇവിടെ ഇരിക്കുവാ . 'അമ്മ വന്നിട്ടേ പോകൂ "
"അത് വേണ്ട. പോയിട്ട് പിന്നെ വന്നാൽ മതി "
ഞാനൊന്നും മിണ്ടിയില്ല. അവൾ അൽപ്പം വെയിറ്റ് ചെയ്തു. പിന്നെ വാതിലടച്ചു കുറ്റിയിട്ടു.
കുറച്ച് കഴിഞ്ഞപ്പോൾ ബൈക്ക് വന്നു നിന്നു. അവളുടെ അപ്പനാണ്. " ഇവിടെ ആരുമില്ലാതെ വാതിലൊക്കെ തുറന്നിട്ടിട്ട്എല്ലാരും എവിടെപ്പോയി?"
"ഇവിടെ ആരുമില്ലേ ?"
"ആരേം കാണുന്നില്ല ".
അവളുടെ അപ്പൻ തൊള്ള തുറന്നു "എടീ പെണ്ണേ "
അവൾ വാതിൽ തുറന്ന് പ്രത്യക്ഷയായി
"വാതിലടച്ച് അകത്തിരുന്നാൽ മതിയോ? വീട്ടിൽ ആരേലും വന്നാൽ നോക്കണ്ടേ ?''
അവൾ മിണ്ടിയില്ല
"ഓ അവർ അകത്ത് കഥയും പറഞ്ഞിരിക്കുകയായിരുന്നു "
"ആരാടീ കഥ പറയാൻ വന്നത് ?"
"ലതാമ്മേടെ അവിടത്തെ "
അപ്പൻ തണുത്തു. ലതേടെ മകൾ ശ്രീക്കുട്ടി എന്ന് തന്തയങ്ങൂഹിച്ചു
"ആരാ ശ്രീജിത്തോ ? അവനെന്താ ഇങ്ങോട്ടിറങ്ങാൻ ഇത്ര നാണം ?" ഞാൻ കൊളുത്തിക്കൊടുത്തു
"ശ്രീക്കുട്ടിയായിരിക്കും . അവരൊന്നിച്ചല്ലേ പഠിച്ചത്." തന്ത വിശദീകരിച്ചു.
"ഓ ശ്രീക്കുട്ടിയാണോ . എന്നിട്ടാണോ എന്നെ അറിയാത്തതു പോലെ . അവളെ ഞാൻ ട്യൂഷൻ പഠിപ്പിച്ചതല്ലേ. ഇങ്ങോട്ട് വിളിച്ചേ "
"ശ്രീക്കുട്ടീ ദേ നിൻറെ ട്യൂഷൻ സാർ വിളിക്കുന്നു." അവളുടെ തന്ത പറഞ്ഞു.
ശ്രീക്കുട്ടി വന്നില്ല. അവളുടെ തന്ത അകത്തേക്ക് കയറി . മരപ്പട്ടിയെ തൂക്കിയെടുത്തുകൊണ്ടുവരുമ്പോലെ ഒരു മെലിഞ്ഞ ചെക്കനെ തൂക്കിയെടുത്ത് കൊണ്ടുവന്ന് നിർത്തി ശ്രീക്കുട്ടിയുമല്ല, ശ്രീജിത്തുമല്ല , പങ്കജാക്ഷിയമ്മയുടെ മകൻ അഭിജിത് .
"നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്, ഇവിടെ ആരുമില്ലാത്തപ്പോൾ വരരുതെന്ന് "
സംഗതി നമ്മുടെ ഡൊമൈന് പുറത്താകയാൽ ഞാൻ പുറത്തേക്ക് നടന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ