2022 മാർച്ച് 29, ചൊവ്വാഴ്ച

ഇരിക്കുന്ന കമ്പ് മുറിക്കരുത്

 ജ്യോതിഷ രത്നം പണ്ഡിറ്റ് ഗുരു സ്വാമി കവിടി വാരി സഞ്ചിയിലിട്ടു അതിൻറെ വാവട്ടം ചരട് കൊണ്ട് ബന്ധിച്ചു. പലകയെടുത്ത് യഥാസ്ഥാനത്ത് ഒതുക്കി വെച്ചു. എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ സഹായി കൊച്ചുകോവാലൻ ചോദിച്ചു. "എനിക്ക് ഇതുവരെ മന്ത്രോപദേശം കിട്ടിയില്ല "

ഒരു ഇരുന്നൂറ് കുപ്പിയിൽ നിന്ന് നേരിട്ട് പിടിച്ചപ്പോൾ ഗുരു ധ്യാനത്തിലായി. ധ്യാനത്തിലിരുന്ന ഗുരുവിന് മന്ത്രോപദേശം നൽകാൻ ആജ്ഞ ലഭിച്ചു. ചെവി അടുത്തുകൊണ്ടുവരാൻ ഗുരു കൊച്ചുകോവാലനോട് ആംഗ്യം കാട്ടി. കൊച്ചുകോവാലൻ ഏതു ചെവിയാണ് കൊണ്ടുചെല്ലേണ്ടതെന്നറിയാതെ വിഷമിച്ചു. ഗുരു വീണ്ടും ആംഗ്യം കാണിച്ചപ്പോൾ ഇടതു ചെവിയാണെന്ന് കോവാലന് തോന്നി. അപ്പോൾ ഒരു സംശയം . വലതു ചെവിയിലല്ലേ , മന്ത്രോപദേശം സ്വീകരിക്കേണ്ടത് ? ഗുരു വീണ്ടും ആംഗ്യം കാണിച്ചപ്പോൾ കോവാലൻ സംശയിച്ചത് സത്യമെന്ന് തെളിഞ്ഞു. വലത് ചെവിയായിരുന്നു കൊണ്ടുചെല്ലേണ്ടത്. കോവാലൻ വലത് ചെവി സ്വാമിയുടെ വായുടെ നേരെ പിടിച്ചു. 

" ദൈവമേ നീ കാക്കുമാറാകണം "

കൊച്ചുകോവാലൻ ഏറ്റുചൊല്ലി 

" ദൈവമേ കക്കുമാറാകണം "

എന്നിട്ട് ഗുരു അരുളി " നീയിത് ഒരുലക്ഷം തവണ ചൊല്ലണം. അപ്പോൾ  സിദ്ധിയുണ്ടാവും .

കൊച്ചുകോവാലൻ സർവ്വസമയവും മന്ത്രം ചൊല്ലി തുടങ്ങി. ഒരു ലക്ഷം ആകേണ്ടേ. സിദ്ധി വരണ്ടേ .അതോടെ എപ്പോൾ ഇരുന്നൂറ് പിടിച്ചാലും അതുടനെ കക്കാൻ തുടങ്ങി. ഇപ്പോഴത്തെ ലാങ്ക്വേജിൽ  പറഞ്ഞാൽ വാളു വെയ്ക്കാൻ തുടങ്ങി. 

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ശിഷ്യൻറെ പുരോഗതി അറിയാൻ ഗുരു ചോദിച്ചു." നിനക്ക് സിദ്ധി ആയെങ്കിൽ പോകാം "

കോവാലൻ സംശയത്തോടെ പറഞ്ഞു " സിദ്ധി ആയെന്നാ തോന്നുന്നത്."

"എന്താ അടയാളം ?"

"അടിയൻ എപ്പോൾ ഇരുന്നൂറ് മോന്തിയാലും , ഉടൻ കക്കും "

"വാള് വെയ്ക്കുന്നതാ , സിദ്ധിയുടെ ലക്ഷണം ? മരമണ്ടൻ " അപ്പോൾ ഗുരുവിനൊരു ഉൾവിളിയുണ്ടായി . " നീ മന്ത്രമൊന്ന് ചൊല്ലിക്കേ "

"ദൈവമേ കക്കുമാറാകണം "

"കക്കുന്നുണ്ടല്ലോ . ആ മന്ത്രം സിദ്ധിയായി. ഇനി അത് ചൊല്ലേണ്ട " ഗുരു അരുളിച്ചെയ്തു.

"ഡോക്ടറെ കണ്ടായിരുന്നു. ഇനി കുടിക്കരുത്. കുടിച്ചാൽ ചത്തുപോകുമെന്ന് ഡോക്ടർ പറഞ്ഞു."

"ഉം. കുടിക്കേണ്ട "

"അത് വയ്യ."

"എന്നാൽ ചത്തോളൂ "

ഗുരു ഇരുന്നൂറ് ഒഴിച്ചു 

"അടിയന് തരാതെ അവിടന്ന് ഇതുവരെ കഴിച്ചിട്ടില്ല "

"അതും ശീലിക്കേണ്ടേ ?"

അടുത്തദിവസം  ഗുരു ഇരുന്നൂറ് പിടിച്ച് ധ്യാനത്തിൽ അമർന്ന് മൊഴിഞ്ഞു  "മാവേലിക്കര നിന്ന് വന്ന അശോകൻ "

കൊച്ചുകോവാലൻ വാതിൽക്കൽ നിന്ന് ഏറ്റുപറഞ്ഞു "മാവേലിക്കര നിന്ന് വന്ന അശോകൻ "

സിദ്ധൻ വന്നിട്ട് നാലുവർഷമായി . ഇന്നുവരെ പ്രവചനം തെറ്റിയിട്ടില്ല. ഇന്ന് പ്രവചനം തെറ്റിയിരിക്കുന്നു. മാവേലിക്കര നിന്ന് അശോകൻ അവിടെ സിദ്ധനെ കാണാൻ വന്നിട്ടില്ല. 

സിദ്ധന് എല്ലാം മനസിലായി. സിദ്ധന് പെട്ടെന്ന് സുഖമില്ലാതെയായി. ഇന്ന് പ്രവചനമുണ്ടായിരിക്കുന്നതല്ല. പകരം , ഇന്ന് എത്തിയിട്ടുള്ളവർക്ക് തത്കാല ശാന്തിക്കുള്ള തീർത്ഥം വാങ്ങി അൽപ്പം കുടിച്ചിട്ട് ബാക്കി തലയിലും സ്വഭവനത്തിലും തളിക്കാവുന്നതാണ്. ദക്ഷിണ ഗുരു ഇരിക്കുന്ന പീഠത്തിന് മുന്നിൽ സമർപ്പിച്ചാൽ മതിയാവും.

ഭക്തർ പോയിക്കഴിഞ്ഞപ്പോൾ സിദ്ധൻ ശിഷ്യനോട് പറഞ്ഞു. "ഇരിക്കുന്ന കമ്പ് മുറിക്കരുത് "

ശിഷ്യൻ ഗുരുവിനോട് പറഞ്ഞു "അതുതന്നെയാ അങ്ങോട്ടും പറയാനുള്ളത് "

 

 

 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ