2022 മാർച്ച് 28, തിങ്കളാഴ്‌ച

രാജൂനെന്താ ഒരു കുറവ് ?

 രാജൂനെന്താ ഒരു കുറവ് ? പണമില്ലേ ? ഇട്ടു മൂടാനുള്ള പണമുണ്ട്. തലമുറകൾക്ക് കഴിയാനുള്ള പണമുണ്ട്. ചെറുപ്പമല്ലേ ? വയസ് അമ്പതല്ലേ ആയുള്ളൂ.? രാജൂനെന്താ ഒരു കുറവ് ? രാജൂനെന്താ ഒരു പെണ്ണ് കിട്ടാതെ ?

വയസ് അമ്പത് ആയിട്ടും വിവാഹമായില്ലേ ! അതെന്താ ? സ്ത്രീധനം കൂടുതൽ വേണമായിരിക്കും . അല്ലേൽ പിന്നെന്താ നിങ്ങൾക്ക് മാത്രം ഒരു പെണ്ണിനെ കിട്ടാതെ ?

സ്ത്രീധനം കൂടുതൽ വേണമെന്നൊന്നും ഞങ്ങൾ ആവശ്യപ്പെട്ടില്ലല്ലോ .

പിന്നെന്താ ? ചെറുക്കന് വല്ല കുഴപ്പവും ?

അവനൊരു കുഴപ്പവുമില്ല. അതാ , അവൻ വരുന്നു. നിങ്ങൾ നോക്ക് വല്ല കുഴപ്പവും ഉണ്ടോന്ന് .

പെണ്ണുമ്പിള്ളേടെ ഡയലോഗ് കേട്ടാൽ തോന്നും പെൺപിള്ളേരെ ഞാൻ പോക്കറ്റിൽ ഇട്ടു നടക്കുകയാണെന്ന് . അവരുടെ മകനെന്താ കുറവെന്ന് ഞാനെങ്ങനെ അറിയാനാണ് ? കൂടിവന്നാൽ അഞ്ചു മിനിറ്റ് നേരത്തെ പരിചയമേ എനിക്ക് അവരുമായുള്ളൂ. ആരെങ്കിലും ഉണ്ടെങ്കിൽ പറയാമെന്ന് പറഞ്ഞ് ഞാൻ അവിടന്ന് രക്ഷപെട്ടു. അവിടന്ന് കുറച്ച് അകലത്തുള്ള ഒരു വീട്ടിൽ കയറി ഒരു അന്വേഷണം നടത്തി 

അയൽപക്കത്ത് ഉള്ളവരെയൊക്കെയറിയുമല്ലോ ഇല്ലേ ? ഞാൻ ചോദിച്ചു 

ഇയാൾക്കിപ്പോ ആരെക്കുറിച്ചാ അറിയേണ്ടത് ? നാൽപ്പത്തഞ്ച് വയസ് വരുന്ന ഒരു ഉരുപ്പടി പെണ്ണുംപിള്ള ചിരിച്ചു. അവരുടെ മകൾക്ക് ഇരുപത്തിനാല് വയസ്. ഉരുണ്ട് കൊഴുത്തൊരു പെണ്ണ് . വെളുത്തിട്ട്. ചെക്കന്മാർ വരും കാണും അവർക്ക് ഇഷ്ടപ്പെടും. ചെക്കന്മാരുടെ വീട്ടുകാർക്ക് കിട്ടുന്നത് പോരാ. അത് ഒഴപ്പിപ്പോകും. ഇപ്പൊ കുറേപ്പേർ വന്നുപോയി. അതിനും കുറ്റം നമ്മൾക്ക്. ഞാൻ വിചാരിച്ചു , ഇവരുടെ കോന്തൻ ഭർത്താവ് ചത്തിരുന്നെങ്കിൽ അപ്പുറത്തെ രാജൂന് ആലോചിക്കാമായിരിക്കുന്നു. ഞാൻ പറഞ്ഞതിങ്ങനെ " അപ്പുറത്തെ രാജൂന് ഇതുവരെ വിവാഹം ഒന്നും ആയില്ലല്ലോ അതെന്താ ?"

" ഹും ആരുപറഞ്ഞു വിവാഹം ഒന്നും ആയില്ലെന്ന് ! മൂന്ന് കെട്ടി. മൂന്ന് ഒഴിഞ്ഞു. നാലാമത് കെട്ടാൻ പെൺപിള്ളേരെ അന്വേഷിച്ച് നടക്കുകയാ "

അതെന്താ മൂന്നും ഒഴിയാൻ ? ചെറുക്കന് വല്ല കുഴപ്പവും ?

കുഴപ്പം ചെറുക്കാനാണോ , തള്ളയ്ക്കാണോ ? അതൊന്നും അറിയാൻ മേല . ആദ്യം കെട്ടുന്നത് ആ ചെറുക്കൻ ഗൾഫിൽ നിന്ന് ആദ്യം വരുമ്പോൾ. പെണ്ണ് വലിയ പണക്കാരി.  കെട്ടിയതിനടുത്ത ദിവസം ചെറുക്കൻ അവധി കഴിഞ്ഞ് ഗൾഫിലേക്ക് പറന്നു. പിന്നെ ചെറുക്കൻ വരുന്നത് വിവാഹം ഒഴിയാനാണ് .

അതെന്താ കാരണം ?

തള്ള പറയുന്നത് അവള് നപുംസകമാണെന്നാ . അവളും ഇളയ നാത്തൂനും കൂടി ആശുപത്രിയിൽ ചെന്നപ്പോൾ നാത്തൂൻ പെണ്ണിനെ അറിയുന്ന ഡോക്ടറായിരുന്നു അവളെ പരിശോധിച്ചത്. പരിശോധിച്ചിട്ട് ഡോക്ടർ നാത്തൂൻ പെണ്ണിനോട് പറഞ്ഞെന്ന് , അവള് നപുംസകമാണെന്ന്. അവൾക്ക് കുട്ടികളുണ്ടാവില്ലെന്ന്. അവളെ കൊണ്ട് വീട്ടിൽ വിട്ടു. ബന്ധമൊഴിഞ്ഞു. ആ ഷോക്കിൽ അവളുടെ തന്ത ഹൃദയസ്തംഭനം വന്ന് മരിക്കുകയും ചെയ്തു. 

അതിപ്പോ നപുംസകമാണെങ്കിൽ , എന്ത് പറയാനാ ? അവരെ കുറ്റം പറയാൻ പറ്റുമോ ?

ആ പെണ്ണിനെ കൊല്ലത്ത് കെട്ടിച്ചു . അവൾക്കിപ്പോൾ മൂന്ന് കുട്ടികളുണ്ട്. അവൾ പ്രസവിച്ച മൂന്ന് പെൺകുട്ടികൾ. നയംസകങ്ങൾ പ്രസവിക്കുമോ ?

മൂന്ന് കെട്ടിയെന്ന് പറഞ്ഞത് പ്രാസമൊപ്പിച്ച് പറഞ്ഞതായിരിക്കും ?

പിന്നെ ചെറുക്കൻ ഗൾഫിൽ നിന്ന് വരുന്നത് അടുത്ത വിവാഹത്തിന്. സുന്ദരി ഒരു പെണ്ണ്. സ്‌കൂൾ ടീച്ചർ. വിവാഹത്തിൻറെ അടുത്ത ദിവസം ചെറുക്കൻ ഗൾഫിലേക്ക്. പിന്നെ ചെറുക്കൻ ഗൾഫിൽ നിന്ന് വരുന്നത് വിവാഹം ഒഴിയാൻ.

എന്താ കാരണം ? 

പെണ്ണ് ഉറക്കെ ഫോണിൽ സംസാരിക്കുന്നു. ഭിക്ഷക്കാർ വരുമ്പോൾ വാതിൽ തുറന്ന് അവർക്ക് പൈസ കൊടുക്കുന്നു. അമ്മായപ്പൻ പെണ്ണിന് വിളമ്പി കൊടുത്തു. അമ്മായപ്പനോടൊപ്പമിരുന്ന് പെണ്ണ് ആഹാരം കഴിച്ചു പെണ്ണിന് ഭ്രാന്താണ്.

കഴിഞ്ഞോ ?

ഇല്ല. മൂന്നാമത്തേത് ഇത്തിരി ദൂരെനിന്നായിരുന്നു. അതും വിവാഹം കഴിഞ്ഞതിനടുത്ത ദിവസം ചെറുക്കൻ ഗൾഫിലേക്ക് പറന്നു. ചെറുക്കൻ തള്ളയെ വിളിക്കും ഫോണിൽ. പെണ്ണുമ്പിള്ളയെ വിളിക്കില്ല. ചെറുക്കൻ തള്ളയെ വിളിച്ചാൽ തള്ള സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്യും . ഫോൺ പെണ്ണിന് കൊടുക്കില്ല. അവിടത്തെ വേലക്കാരിക്ക് പോലും നേരിട്ട് അവനോട് ഫോണിൽ സംസാരിക്കാം. അവൻ കെട്ടിക്കൊണ്ടുവന്ന പെണ്ണിന് അവനോട് സംസാരിക്കാൻ പാടില്ല. എന്തേലും ഉണ്ടെങ്കിൽ തള്ളയോട് പറയണം. ഒരാവശ്യത്തിന് അഞ്ച് പൈസ കൊടുക്കില്ല. ഒരിക്കൽ ഭർത്താവിൻറെ ഫോണിലേക്ക് വേലക്കാരി വിളിച്ചു. അവളെടുത്തപ്പോൾ , ഭർത്താവിൻറെ കയ്യിൽ കൊടുക്കാൻ വേലക്കാരിയുടെ കൽപ്പന. ഒടുവിൽ സഹികെട്ട് അവൾ ആത്മഹത്യ ചെയ്തു 

രാജൂൻറെ കുറവെന്തെന്ന് ഇപ്പോളെനിക്കറിയാം. ഇനി ആ വഴി പോകരുതെന്നും അറിയാം. ഒരു പെണ്ണിൻറെയും അവളുടെ വീട്ടുകാരുടെയും ശാപം ഞാനെന്തിന് വാങ്ങണം ?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ