പതിവ് പോലെ പറഞ്ഞുകൊള്ളട്ടെ. ഈ കഥയിൽ പറയുന്നവരാരും ജനിച്ചിട്ടില്ല, ജീവിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഞാനൊരു കഥയെഴുതി. അതിൽ ഒരു ഫിലോമിന ഉണ്ട്. ഏതോ സാമദ്രോഹി ചെന്ന് അവളുടെ ഭർത്താവിനോട് പറഞ്ഞു , ഞാൻ അവളെക്കുറിച്ച് കഥയെഴുതിയെന്ന്. സംഗതി പ്രശ്നമായി. ഇത് പറഞ്ഞവൻ കഥ കണ്ടിട്ടില്ല. കേട്ടറിവാണ്. അവന് വിശ്വാസമാണ്. ഭർത്താവാദ്ദേഹവും കഥ കണ്ടിട്ടില്ല. ഭാര്യ ,പറയുന്നത് ഞാനത് ഒളിച്ചുവെച്ചിട്ട് ആരുമറിയാതെ ആളുകൾക്ക് വായിക്കാൻ കൊടുക്കും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്നാണ്. ശ്രീമതി ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നത്.
ഞാനൊരു കഥയെഴുതി എന്നത് സത്യം. അതിൽ ഒരു ഫിലോമിന ഉണ്ടെന്നതും സത്യം. അത് അടുത്ത സുഹൃത്തുക്കൾക്ക് വായിക്കാൻ കൊടുത്തു എന്നതും സത്യം. അതിലെ ഫിലോമിനയെ കണ്ടിട്ട് , താൻ കഥയെഴുതി നടക്കേണ്ട എന്ന മുന്നറിയിപ്പോടെ , ഒരു വായിനോക്കി ആ കഥ വലിച്ചുകീറിക്കളഞ്ഞു. അതായത് ഇപ്പോൾ കഥ ജീവനോടെ ഇല്ല. ഇതുപറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. കീറിക്കളഞ്ഞവൻ പറയുന്നത് , എനിക്ക് അത് വീണ്ടും ഓർമ്മയിൽ നിന്നെഴുതാൻ കഴിയും എന്നാണ്. അതുകൊണ്ട് കീറിക്കളഞ്ഞു എന്ന് അയാൾ ആരോടും പറയില്ല.
ഒടുവിൽ ഇത് പറഞ്ഞുകൊടുത്തവനും ഫിലോമിനയ്ക്കും ഫിലോമിനയുടെ ഭർത്താവിനും കൂടി ഒരു ഫുൾ ബ്രാണ്ടി വാങ്ങിക്കൊടുത്ത് പ്രശ്‍നം പരിഹരിച്ചു. അങ്ങനെ പ്രശ്നപരിഹാരമായപ്പോൾ ഞാൻ അനുനയത്തിൽ ചോദിച്ചു : ആകട്ടെ, കഥയിലേത് പരാമർശമാണ് ഫിലോമിനയെ കുറിച്ച് ഉള്ളത് ? അപ്പോൾ ഭർത്താവദ്ദേഹം പറഞ്ഞു : " കഥയിൽ ചോദ്യമില്ല "
അപ്പോൾ ?
ഒരു ഫുൾ കിട്ടാനുള്ള വഴിതേടി ഇരുന്നപ്പോളാണ് താൻ കഥയെഴുതിയെന്നും അതിലൊരു ഫിലോമിനയുണ്ടെന്നും കേട്ടത്. അത് വെച്ചൊന്ന് പയറ്റി. സംഗതി ഒത്തു. ഇനിയും നീ നീ കഥയെഴുതണം. ഇതുകൊണ്ട് നിർത്തിക്കളയരുത്. കഥയെഴുത്തിന് എന്തൊരു പ്രോത്സാഹനം !
ഈ ഫുള്ളിനൊപ്പം ചവക്കുന്ന വറുത്ത കോഴിക്കുമുണ്ടൊരു കഥ. കോഴീടെ കഥയെഴുതാമല്ലോ. കോഴീടെ ഹസ്ബൻഡ് ഗുസ്തിക്ക് വരില്ലല്ലോ. അപ്പോൾ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കോഴിക്കഥ
ഈ ഫിലോമിനയുടെ ഹസ്ബൻഡ് ജോസഫ് അല്ല , ജോൺ ആണ്. ഇനി ഫുൾ വാങ്ങാൻ കാശില്ലാത്തതുകൊണ്ട് മുന്നേ പറയുന്നു. ജോണിനൊരു ഒറ്റക്കുഴൽ തോക്ക് ഉണ്ട്. അത് ആദ്യം ഒടിച്ചുമടക്കണം . എന്നിട്ട് കുഴലിൽ ഒരു ചെറിയ ഉണ്ട വെയ്ക്കണം. എന്നിട്ട് പിടിച്ച് നിവർക്കണം. എന്നിട്ട് അതിൻറെ ട്രിഗറിൽ പിടിച്ചമർത്തണം . തീയും പുകയുമൊന്നുമില്ല. സ്സും , എന്നൊരു ശബ്ദം. അത്രേയുള്ളു. ഉണ്ട എവിടേക്കോ പോയിട്ടുണ്ട്, തീർച്ച.തോക്ക് ഒടിച്ചുമടക്കി നോക്കിയാൽ ഉണ്ട അവിടെ ഉണ്ടാവില്ല. അതിൽ നിന്ന് വെടി പൊട്ടിയെന്ന് മനസിലാക്കാം. പറയുന്നത് സത്യമാണ്. അല്ലാതെ ഒരു ഫുള്ളിൻറെ കുശുമ്പ് കൊണ്ട് പറയുന്നതല്ല.
ഒത്തുതീർപ്പായി ഒരു ഫുൾ ഞാൻ വാങ്ങാമെന്ന് സമ്മതിച്ചയുടൻ ജോൺ തോക്കും എടുത്ത് ഫുള്ളിന് കൂട്ടിന് പക്ഷിവേട്ടയ്ക്ക് പോയി. പക്ഷികളൊന്നും വന്ന് , എന്നാൽ ചേട്ടാ, ഞാൻ വരാമെന്ന് പറഞ്ഞ് തോക്കിൻ മുന്നിൽ ഇരുന്നില്ല . ഉച്ചവെയിൽ കൊണ്ടിട്ട് ഒരു പക്കിയെപ്പോലും കിട്ടിയില്ല. ഒടുവിൽ മൂന്തി മൂന്നും കഴിഞ്ഞ നേരത്ത് ദൂരെ ഒരു വെളുത്ത പക്ഷിയെ കണ്ട ജോൺ ഉന്നംവെച്ച് ഒരു വെടി. കേട്ടത് ഒരു പശു അമറുന്നതാണ് വെളുത്ത പക്ഷി വാസ്തവത്തിൽ ഒരു വെളുത്ത പശുവായിരുന്നു. ഇതുവരെ ഒരു വെടിയും ഒന്നിനും കൊണ്ടില്ലെങ്കിലെന്താ , ദേ ഇപ്പോൾ പശുവിന് വെടികൊണ്ടിരിക്കുന്നു. നിങ്ങടെ പശുവിനെ വെടി വെച്ചേ , എന്ന് ആരോ തൊള്ളായിട്ടു. മൂന്തി മൂന്നും കഴിഞ്ഞിരുന്നു. ഇരുട്ട് പരക്കുന്നുണ്ടായായിരുന്നു. ജോൺ തോക്ക് അടുത്തുള്ള ഒലിപ്പ് തോട്ടിലേക്ക് ഇട്ടിട്ട് ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ സ്ഥലം വിട്ടു.
രാത്രി ഇരുട്ടിയശേഷം ജോൺ തോക്ക് റിക്കവർ ചെയ്യാൻ പുറപ്പെട്ടു. വെട്ടമില്ലാതെ ആണ് പുറപ്പാട്. പശുവിന് വെടികൊണ്ടതല്ലേ, ആരെങ്കിലും കണ്ടാൽ പ്രശ്നമാവില്ലേ . ഒരു വിധത്തിൽ തപ്പിത്തടഞ്ഞ് ഒലിപ്പുതോടിൻറെ പരിസരത്തെവിടെയോ എത്തിപ്പെട്ടു. ഇതിനിടയിൽ ഉരുണ്ട വീണ് അവിടെയുമിവിടെയും അൽപ്പമൊക്കെ ഉരയുകയോ മറ്റോ സംഭവിച്ചിട്ടുണ്ട്. ജോൺ പറയുന്നത് ഇതൊക്കെ ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണെന്നാണ് . തുടർന്ന് ആരും കാണാതെ ഒലിപ്പു തോട്ടിൽ നിന്ന് തൻറെ തോക്ക് തിരിച്ചെടുക്കാനുള്ള ഭഗീരഥ പ്രയത്നമാരംഭിച്ചു. തെന്നി വീണും ഉരുണ്ട് വീണും നടുവിടിച്ച് വീണും ജോൺ പ്രാകാനും ശപിക്കാനും തുടങ്ങി. സഭ്യമായ രോഷം അസഭ്യമായ രോഷമായി വളർന്നു. ഒടുവിൽ തോക്ക് കണ്ടെത്താനാവാതെ ഒലിപ്പു തോട്ടിൽ നിന്നും ഒരുവിധം വലിഞ്ഞ് കയറി , അടുത്തുള്ള തോമാച്ചൻറെ വസതിയിലെത്തി. ഇരുട്ടത്ത് ആകെ ചെളിയിൽ മുങ്ങി ചോരയും പുരണ്ട് നിൽക്കുന്ന ജോണിനെ കണ്ട തോമാച്ചൻ കണ്ണും മിഴിച്ച് നിന്നുപോയി. കുറെ നേരത്തേക്ക് ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. അൽപ്പം കഴിഞ്ഞ് ആകാംക്ഷയോടെ ചോദിച്ചു " എന്താ ജോണേ ?"
ജോൺ ഇരുട്ടത്ത് കിളിയെ കണ്ടതും വെടിവെച്ചതും വിവരിച്ചു. തോക്ക് ഒലിപ്പു തോട്ടിലെറിഞ്ഞ് ഓടിരക്ഷപെട്ടതും വിവരിച്ചു.
"ആഹ് ! താനായിരുന്നോ എൻറെ പശുവിനെ വേദി വെച്ചത് ?" തോമസ് കുടുകുടെ ചിരിക്കാൻ തുടങ്ങി. ജോൺ പരുങ്ങലോടെ പറഞ്ഞു." പശുവിൻറെ വില എത്രയാണെന്ന് പറഞ്ഞാൽ ഞാനതങ്ങു തന്നേക്കാം "
"എടീ ലിസിയേ !" തോമസ് ഉറക്കെ പെണ്ണുമ്പിള്ളയെ വിളിച്ചു.
ഇതാ ചില ആണുങ്ങളുടെ കുഴപ്പം. ഇത് അങ്ങേർക്കങ്ങു പറഞ്ഞു തീർത്ത് കൂടെ ? പെരുംകള്ളൻ. അങ്ങേര് പറഞ്ഞ കാശ് കുറഞ്ഞുപോയെന്ന് ലിസി പറയില്ലല്ലോ. ലിസിയെ സുഖിപ്പിക്കാം. താനല്ല വിലപറഞ്ഞതെന്ന് തൻറെ അടുത്ത് അങ്ങേർക്ക് പറഞ്ഞൊഴിയാം. നല്ല സൂപ്പർ ഭാര്യയും ഭർത്താവും. സംഭവിച്ചുപോയില്ലേ . അനുഭവിക്കുക തന്നെ.
"എന്താ മനുഷ്യാ , ഇനിയെങ്കിലും എവിടേലും കിടന്നുറങ്ങിക്കൂടെ ?" അടുക്കളയിൽ നിന്ന് ലിസി ഉറക്കെ ചോദിച്ചു.
"എടീ നിൻറെ ചത്ത പശുവിന് എത്ര രൂപയാണെങ്കിൽ കൊടുക്കുമെന്ന് ജോൺ ചോദിക്കുന്നു "
"ചത്ത പശുവോ ? അതിനെ വെട്ടിമൂടിയില്ലേ , മനുഷ്യാ ?" ലിസി ചോദിച്ചു .
"നീയിങ്ങട് വന്നേ " തോമസ് വിളിച്ചുകൂകി .
ലിസി വരാന്തയിലേക്ക് വന്നു. "എടിയേ നിൻറെ പശുവിനെ വെടിവെച്ചത് ജോണാ . അതിൻറെ വിലയെത്രയെന്ന് പറഞ്ഞാൽ ജോൺ തരും നീയാ ടോർച്ച് ഇങ്ങെടുക്ക് . പശുവിനെ എടുത്തോണ്ട് വരട്ടെ "
"പശുവല്ലേ എരുത്തിലിൽ നിന്ന് പുല്ല് തിന്നുന്നത് ?"
"പശു പുല്ലല്ലാതെ പഴം തിന്നണോ? നീയാ ടോർച്ച് ഇങ്ങെടുക്ക്. അങ്ങേരുടെ തോക്ക് എടുത്തോണ്ട് വരട്ടെ."
"നിങ്ങൾക്കിപ്പോളെന്താ വേണ്ടത് , മനുഷ്യാ ? ടോർച്ചോ , പശുവോ ?"
"ടോർച്ച് "
"എന്തിന് ? പശുവാണെങ്കിൽ എരുത്തിലിൽ നിൽക്കുന്നു. തോക്ക് അങ്ങേരുടെ വീട്ടിൽ കാണും "
"ഇതാ പെണ്ണുങ്ങടെ ഒരു കാര്യം . ഞാൻ പോയി ടോർച്ചെടുത്തോണ്ട് വരാം . ജോൺ ഇരിക്ക് "
"ഇങ്ങേരിപ്പോ തന്നെ കുടിച്ച് ഒരു പരുവമായി . നിങ്ങളും കൂടി കുടിച്ച് പോയി വഴി കെടന്നോ " ലിസി ചാടിത്തുള്ളി അകത്തേക്ക് പോയി.
തോമസ് ടോർച്ചുമെടുത്ത് വന്നു. ജോണും തോമസും കൂടി തോക്കെടുക്കാൻ പോയി. വളരെ നേരം തിരഞ്ഞെങ്കിലും തോക്ക് കിട്ടിയില്ല.
അടുത്ത ദിവസം രാവിലെ ജോൺ വീണ്ടും സംഭവസ്ഥലം സന്ദർശിച്ചു. തലേ രാത്രി തങ്ങൾ തിരഞ്ഞ തോക്ക് , അതാ ഒലിപ്പ് തോട്ടിൽ കിടക്കുന്നു ! ജോൺ തോക്കുമെടുത്ത് തോമസിനെ കണ്ട് സന്തോഷം പങ്കിടാൻ ക്ഷണിച്ചു. "വന്നേക്കണം " എന്ന് പറഞ്ഞിട്ട് ജോൺ പോയി.
തലേ ദിവസം മുഴുവനും അണ്ണാനെയും മുണ്ടിയെയും തിരഞ്ഞിട്ട് കിട്ടിയില്ല. ഒടുവിൽ കാക്ക ആയാലും മതി , പൂച്ചയായാലും മതി എന്ന് നിനച്ചിട്ടും ഫലം നാസ്തി. അതുകൊണ്ട് ബുദ്ധിമാനായ ജോൺ രണ്ട് ബ്രോയിലർ കോഴികളെ വാങ്ങിക്കൊണ്ടുവന്ന് കെട്ടിയിട്ടു. അവറ്റ ഓടിപ്പോകരുതല്ലോ. എന്നിട്ട് മാറി നിന്ന് ഉന്നം നോക്കി ഒരു വെടി . സും എന്നൊരു ശബ്ദം കോഴി അറിഞ്ഞ ലക്ഷണമില്ല. തോക്ക് ചവിട്ടി മടക്കി അടുത്ത ഉണ്ട വെച്ച് നിവർത്ത് ഉന്നം നോക്കി അടുത്ത വെടി സും . കോഴി ജോണിനെ ഇങ്ങേരെന്താ കാട്ടുന്നതെന്ന മട്ടിൽ നോക്കി. വീണ്ടും ജോൺ തോക്ക് ചവിട്ടി മടക്കി .......
ജോൺ വിയർത്ത് കുളിച്ചു. വെയിൽ ഇല്ലാത്തിടത്തേക്ക് ഇങ്ങേർക്ക് കോഴിയെ മാറ്റി കെട്ടരുതോ എന്ന് ഫിലോമിന ചോദിച്ചത് കേൾക്കാത്ത മട്ടിൽ ജോൺ അടുത്ത വെടിവെച്ചു . സും
ഒടുവിൽ കോഴിക്ക് ചാകേണ്ട നേരമായി. ഇനിയും വൈകിയാൽ ബ്രാൻഡിയുടെ കൂടെ കഴിക്കേണ്ട ഫ്രെയ്‌ഡ് ചിക്കൻ ഹോട്ടലിൽ നിന്ന് ബൈക്കിൽ വരേണ്ടിവരും. ഫിലോമിന രണ്ട് ചെറുകല്ലുകളെടുത്ത് ജോൺ വെടിവെയ്ക്കുന്നത് കാണാൻ വന്നു നിന്നു. ജോൺ വെടിവെച്ചതും ഫിലോമിനയുടെ കയ്യിലിരുന്ന ചെറുകല്ലു ഒരു കോഴിത്തലയിൽ കൊണ്ടതും അതൊന്നു പിടഞ്ഞവസാനിച്ചതും ജോൺ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അടുത്ത വെടിയോടൊപ്പം അടുത്ത കല്ലും ഫിലോമിനയുടെ കയ്യിൽ നിന്നും പറന്നും. അടുത്ത കോഴിയും ചരിഞ്ഞു വീണു. ഫിലോമിന കോഴികളെയുമെടുത്ത് അടുക്കളയിലേക്ക് മാർച്ച് ചെയ്തു. ജോൺ വിജയിയായി തോക്ക് ഉയർത്തിപ്പിടിച്ച് ആത്മഗതം ചെയ്തു. " ഒരിക്കൽ ഉന്നം കിട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പം ആണ്."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ