വിവാഹത്തിൻറെ അന്ന് അതയാൾക്ക് മറക്കാനാവുമോ ? പ്രിയ കാമുകിയെ തേച്ച് , മറ്റൊരു പെണ്ണിനെ വിവാഹം ചെയ്ത് , അവളോടൊപ്പം ആദ്യ രാത്രി പങ്കിടാൻ അയാൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവളുമൊരു പക്ഷെ ആരെയെങ്കിലും തേച്ചിട്ട് ആയിരിക്കണം അയാളോടൊപ്പം ആദ്യ രാത്രി പങ്കിടാൻ എത്തിയിരിക്കുന്നത്. അത് അവൾ പറയുമോ ? പതിവ്രത ! ത്ഭൂ . വിവാഹ ശേഷം വധുവുമൊത്ത് ഗൃഹത്തിലെത്തിയ ശേഷം അയാൾ കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ പുറത്ത് കടന്നു. അയാൾക്ക് അവളോടൊപ്പം ആദ്യരാത്രി കിടക്കാൻ കഴിയില്ലായിരുന്നു. അയാളുടെ കാമുകിക്കും വീട്ടുകാർക്കും പണവും സ്വർണ്ണവും ഉണ്ടായില്ല. ഒരർത്ഥത്തിൽ ഇവൾ തന്നെ സ്വർണ്ണവും പണവും നൽകി വിലയ്ക്ക് വാങ്ങിയിരിക്കയാണ്. അവൾക്ക് കിട്ടിയ അവകാശം തൻറെ വസതിയിൽ കഴിയാനും തൻറെ ഭാര്യയെന്നറിയപ്പെടാനുമുള്ള അവകാശം മാത്രമാണ്. തൻറെ ഈ ശരീരത്തിന്മേലും മനസിന്മേലും അവൾക്ക് ഒരു അധികാരവും സിദ്ധിക്കാൻ പോകുന്നില്ല. അത് തിരിച്ചറിഞ്ഞ് അവൾ തന്നെ വിട്ടുപോകുമെങ്കിൽ താൻ സന്തോഷിക്കും.
കൂട്ടുകാരോടൊപ്പം അയാൾ അവിടെനിന്നും കടന്നു. അവരോടൊപ്പം ഏറെ ഇരുട്ടുവോളം കഴിച്ചു. അൽപ്പം മദ്യം കഴിച്ചു. കൂട്ടുകാരെ വിട്ട് , പഴയ കാമുകിയുടെ വാതിലിൽ ചെന്ന് മുട്ടി. ഇതുവരെ കണ്ടിട്ടില്ലാത്ത മട്ടിലായിരുന്നു അവളുടെയും വീട്ടുകാരുടെയും സമീപനം. അയാളെ അധിക്ഷേപിച്ച് ഇറക്കി വിട്ടു. ഒരു പെണ്ണിൻറെ കഴുത്തിൽ ഒരു ചരട് കിട്ടിയെന്ന് കരുതി തനിക്കെന്ത് മാറ്റമാണ് വന്നുഭവിച്ചതെന്ന് അയാൾക്ക് മനസിലായില്ല. വിവാഹ നിശ്ചയത്തിന് ശേഷവും രാത്രികളിൽ അയാൾ അവളോടൊപ്പം കഴിഞ്ഞിട്ടുണ്ട്. ആ അവളാണ് ഈ രാത്രിയിൽ അവളുടെ വീട്ടുകാരെയെല്ലാവരെയും വിളിച്ചുണർത്തി കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിൽ സംസാരിച്ചത് ! പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് ചങ്ങമ്പുഴ പാടിയിട്ടുണ്ടെന്ന് അയാൾ ഓർമ്മിച്ചു. ആ വരികൾ അയാൾക്ക് ഓർത്തെടുക്കാനായില്ല.
എന്നാലും ഭാര്യയോടൊപ്പം ആ രാത്രി ചിലവഴിക്കാൻ അയാൾ ആഗ്രഹിച്ചില്ല. അയാൾ സരോജിനിയെ തേടി പോയി. സരോജിനി ആ രാത്രിയിൽ അവിടെയുണ്ടായിരുന്നില്ല. അല്ലെങ്കിലും സരോജിനിയെ കിട്ടണമെങ്കിൽ നേരത്തെ പറയണം. സരോജിനിയെ കിട്ടിയില്ലെങ്കിൽ ജയനായാലും മതിയെന്നയാൾ ചിന്തിച്ചു. ജയൻറെ മൊബെയിലിലേക്ക് അയാൾ വിളിച്ചു. ജയനും ആ രാത്രി അയാളോടൊപ്പം ചലവഴിക്കാൻ വിസമ്മതിച്ചു. ആദ്യ രാത്രിയൊക്കെയല്ലേ, നിങ്ങൾ ഭാര്യയുടെ അടുത്തേക്ക് ചെല്ല് .ജയൻ അയാളെ ഉപദേശിച്ചു.
2
അവൾ വിവാഹ വേഷം മാറി. സാധാരണ വേഷം ധരിച്ച് ഭർത്താവിനെ കാത്തിരുന്നു. ഒരു നിമിഷം മേൽച്ചുണ്ടിൽ നേർത്ത മീശയുള്ള ജോണിനെ അവളോർമ്മിച്ചു. പിന്നെ ആ ഓർമ്മയെ തുടച്ചുകളഞ്ഞു. പ്രേമമൊന്നുമായിരുന്നില്ല, അത്. ഒരു ഇഷ്ടം. അവനെ ഇഷ്ടം ആയിരുന്നു അവൾക്ക്. അവന് തന്നെ ഇഷ്ടമായിരുന്നോ എന്ന് അവളൊരിക്കലും ചോദിച്ചില്ല. അവളെ ഇഷ്ടമാണെന്ന് അവനൊരിക്കലും അവളോട് പറഞ്ഞിട്ടുമില്ല. അവർ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവൾക്കിഷ്ടമായിരുന്നത് കൊണ്ട് വളരെ അടുത്ത് അവർ ഇടപെട്ടിട്ടുണ്ട്. പലപ്പോഴും അവൻറെ കരവലയത്തിൽ അമരാൻ അവളാഗ്രഹിച്ചു. പക്ഷെ അവൻ അകലം പാലിച്ചു. അവളുടെ വിവാഹമറിഞ്ഞപ്പോൾ അവനാണ് ഏറെ സന്തോഷം പ്രകടിപ്പിച്ചത്. എല്ലാക്കാര്യങ്ങൾക്കും അവനുണ്ടായിരുന്നു. അവനൊരു സഹോദരിയുണ്ടായിരുന്നെങ്കിൽ എങ്ങനെയോ , അങ്ങനെയാണ് അവൻ എല്ലാം ചെയ്തത്. ഒരു സഹോദരിയോടെന്നപോൽ അവൻ കുറുമ്പ് കാട്ടുകയും ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. അവളവനെ ഇടിക്കുകയും പിച്ചുകയും അടിക്കുകയും ചെയ്തു. അതേ അവരുടെ ബന്ധം അങ്ങനെയായിരുന്നു.
രാത്രി ഏറെഇരുട്ടുവോളം അയാളെ, അവളുടെ ഭർത്താവിനെ , കണ്ടില്ല. അവൾക്ക് കണ്ണുകൾ നിറഞ്ഞു. നിശബ്ദയായി അവളേറെ നേരം കരഞ്ഞു. പിന്നെ കിടക്കയിലേക്ക് വീണുറങ്ങിപ്പോയത് അവളറിഞ്ഞില്ല.
3
അയാളുടെ കാമുകിയും വീട്ടുകാരും അയാൾക്കായി വിവാഹത്തലേന്ന് വളരെയിരുട്ടുവോളം കാത്തിരുന്നു. അയാൾ രാത്രിയിൽ വരുമെന്ന് അവളോട് പറഞ്ഞിരുന്നു. രഹസ്യമായി അവളുടെ വീട്ടുകാർ ആളെക്കൂട്ടി ആ രാത്രിയിൽ, അയാളുടെ വിവാഹ തലേന്ന് അയാളെ തടഞ്ഞുവെച്ച് അവളുടെയും അയാളുടെയും വിവാഹം നടത്താൻ തയാറായി കാത്തിരുന്നു.
അവരുറങ്ങാതെ കാത്തിരുന്നത് മിച്ചം. അയാൾ വന്നില്ല.
എത്രയോ രാത്രികളിൽ അയാൾ അവളോടൊപ്പമുണ്ടായിരുന്നു. ഏതെങ്കിലുമൊരു രാത്രിയിൽ അയാളെ തടഞ്ഞു വെച്ച് , അവരുടെ വിവാഹം നടത്താമായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷവും അയാൾ വന്നിട്ടുണ്ട്. അവളോടൊപ്പം കഴിഞ്ഞിട്ടുണ്ട്. പൊട്ടിപ്പെണ്ണ് ഒക്കത്തിനും കൂട്ട് നിന്നു. ഇപ്പോൾ വേറൊരുത്തി അയാളുടെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു. ഇനി പറഞ്ഞിട്ടെന്ത് കാര്യം ?
4
ചേട്ടൻ ഇവിടെയാണോ കിടന്നുറങ്ങിയത് ? എന്തേ എന്നെ വിളിക്കാതിരുന്നത് ?
രാവിലെ ഉണർന്നവൾ കുളിച്ച് അടുക്കളയിലേക്ക് പോകുമ്പോൾ ആണ് അയാൾ സെറ്റിയിൽ കിടന്നുറങ്ങുന്നത് കണ്ടത്. അവൾ അടുത്ത് ചെന്നതും , അയാൾ കണ്ണ് തുറന്നു. അവളെ നോക്കി പുഞ്ചിരിച്ചു. അതൊന്നും അയാൾ ബോധപൂർവ്വം ചെയ്തതല്ല. തലേന്നാളത്തെ ചിന്തകൾ , ഈ വെളുപ്പാൻകാലത്ത് അയാളെ വിട്ടുപോയിരുന്നു.
നീ ടയേഡ് അല്ലെ, കിടന്നുറങ്ങിക്കോട്ടെ , എന്ന് വിചാരിച്ചു. അയാൾ പറഞ്ഞു. എത്ര വലിയ കള്ളമാണ് താൻ തട്ടിവിടുന്നതോർത്ത് അയാൾക്ക് ചിരിവന്നു. അവളുടെ സന്തോഷം കണ്ടപ്പോൾഇത്തരം നുണകളിലൂടെയാണല്ലോ അഭിരാമിയെ താൻ വീഴ്ത്തിയതെന്ന് അയാളോർത്തു. അവളിപ്പോൾ വെറും ചണ്ടി. തൻ ചവച്ചു തുപ്പിയത്. ഇനി അവളെ തനിക്കെന്തിനാണ്? താനായിരുന്നില്ല, അഭിരാമിയുടെ ആദ്യ കാമുകൻ. അജോയ് ആയിരുന്നു തനിക്ക് മുമ്പ് അവളുടെ കാമുകൻ. അജോയ്‌ക്കും അവൾ വഴങ്ങിയിട്ടുണ്ടാവണം. അഭിരാമി നഷ്ടമായതിൽ അയാൾക്ക് ഇപ്പോൾ സന്തോഷം തോന്നി. ഇനി തൻറെ പെണ്ണ് ഇവളാണ്. ഇവൾ മാത്രം. തൻറെ കുട്ടികളുടെ 'അമ്മ ഇവൾ മാത്രം. ആയാളും എഴുന്നേറ്റ് അവളോടൊപ്പം അടുക്കളയിലേക്ക് നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ