2022 മാർച്ച് 14, തിങ്കളാഴ്‌ച

ഇയാളെ നിനക്കറിയാമോടീ

 തേപ്പ്  എൽസാ വർഗീസ് 

എത്സമ്മയല്ലെന്ന് ഞാനെടുത്ത് പറയുന്നു.

തെറ്റിദ്ധാരണയുണ്ടാക്കരുത്. അത് ചിലരുടെയൊരു സ്വഭാവമാണ്. ഞാൻ കഥയെഴുതിയപ്പോൾ അതിൽ പത്മിനിയെന്നൊരു കഥാപാത്രം വന്നു. ഉടനേ ആരോ ഓടിച്ചെന്ന് പത്മിനിയുടെ ചെവിയിൽ ഓതിക്കൊടുത്തു, ഞാൻ പത്മിനിയെക്കുറിച്ച് കഥയെഴുതിയെന്ന്. പത്മിനി കണ്ടില്ല. വായിച്ചില്ല. കേട്ടവിവരം വെച്ചുകൊണ്ട് 180 ഡെസിബെല്ലിൽ (ചെവിക്കല്ല് തകർന്ന് പോകുന്ന ഒച്ചയിൽ പത്മിനി പ്രതിഷേധമുയർത്തി. ആരോപണം പലതാണ്. ഞാൻ കഥയെഴുതി. ഞാൻ ഓഫീസിൽ ഇരുന്നാണ് കഥയെഴുതിയത്. ഞാൻ ഓഫീസ് സമയത്താണ് കഥയെഴുതിയത്. ഞാൻ ഓഫീസ് സ്റ്റോറിൽ നിന്ന് വാങ്ങിയ ഓഫിസ് ആവശ്യങ്ങൾക്കുപയോഗിക്കേണ്ടും കടലാസിലാണ് കഥയെഴുതിയത്. അങ്ങനെ പത്മിനി ബഹളം കൂട്ടിയപ്പോൾ എനിക്ക് കഥ റിലീസ് ചെയ്യേണ്ടി വന്നു. കഥയിലെ പത്മിനി ഒരു ബസിൻറെ പേരാകുന്നു. പത്മിനിയും ആ ബസിൽ യാത്ര ചെയ്തിട്ടുണ്ടാവാം. ഞാൻ യാത്ര ചെയ്തിട്ടുണ്ട്. പത്മിനി സൈലൻസ്. ഹാ ഭഗവാനെ, സമാധാനമായി. 

സൂപ്പർ തേപ്പ് ആണ് എൽസാ വർഗീസ്. ജിതികാ വർഗീസല്ല. അവളെത്ര സുന്ദരിയാണെന്ന് പറയുകയില്ല. അവരവിടെ നിൽക്കട്ടെ. എനിക്ക് ജോലി കിട്ടുകയും അവൾക്ക് കിട്ടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഞാൻ അവളെ ലൈനടിച്ച് സ്വന്തമാക്കണമെന്ന് വിചാരിക്കുന്നു. അപ്പോൾ അവളെ കുറിച്ചെന്തെങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞാൽ നിങ്ങളാരെങ്കിലും അവളെ അടിച്ചുകൊണ്ടു പോകും. 

തൂപ്പ് അല്ല, തേപ്പ്. എനിക്കറിയാവുന്ന അവളുടെ ആദ്യത്തെ തേപ്പ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്. അങ്ങ് തെക്കെങ്ങാണ്ടുനിന്നും വരുന്ന ഒരു പാവം മീശ കിളിർത്ത തുടങ്ങുന്ന ഒരു കൊല്ല ചെറുക്കൻ . അവനോടവൾക്ക് പ്രേമമാണെന്നും പറഞ്ഞ് കുറേനാൾ കൊണ്ടുനടന്നു. പിന്നെ അത് വിട്ടു.

പിന്നീട് പ്രേമിച്ചത് പത്താം ക്ലാസിൽ ട്യൂഷൻ പഠിപ്പിക്കുന്ന സാറിനെയാണ്. പ്രേമമെന്ന് പറഞ്ഞാൽ ഇതാണ് യഥാർത്ഥ പ്രേമം. സംസ്ഥാന ഹർത്താൽ ദിവസം അവൾ ഇരുപത്തിരണ്ട് കിലോമീറ്റർ നടന്നാണ് ട്യൂഷൻ സെൻററിലെത്തിയത്. സാർ പറഞ്ഞിരുന്നതുപോലെ വന്നു. വൈകിട്ട്  അവൾക്ക് വീണ്ടും ഇരുപത്തിരണ്ട് കിലോമീറ്റർ നടക്കേണ്ടി വന്നു. അന്ന് ട്യൂഷന് വന്ന ഏക വിദ്യാർത്ഥി അവളും അദ്ധ്യാപകൻ അയാളും . 

അത് കഴിഞ്ഞ് പ്ലസ് ടുവിലെത്തിയപ്പോൾ സാർ അവളെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു. അവൾ ചെല്ലുമ്പോൾ സാർ മാത്രമേയുള്ളു. അവളെ അടുത്തേക്ക് വിളിപ്പിച്ച് സാർ അവളുടെ ഒരു ഫോട്ടോ കാട്ടി. അവളുടെ തുണിയില്ലാത്ത ഫോട്ടോ. അവൾക്ക് മനസിലായി, സാമീസ് ട്യൂഷൻ സെന്ററിലെ മലയാളം സാർ എടുത്ത അവളുടെ തുണിയില്ലാ ഫോട്ടോ.  അവൾ  സാമീസ് ട്യൂഷൻ സെന്ററിലെ മലയാളം സാറിനെ കുറിച്ചും ഹർത്താൽ ദിവസം സാർ ചെല്ലാൻ പറഞ്ഞതും എല്ലാം പറഞ്ഞു. അവൾ വിചാരിച്ചതുപോലെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പകരം സാറും അവളെ പ്രേമിക്കാൻ തുടങ്ങി. സിനിമയ്ക്ക് കൊണ്ടുപോകാൻ തുടങ്ങി. പിന്നെ വേറെ ചില സാറന്മാരും അവളെ രഹസ്യമായി സിനിമക്ക് വിളിച്ചു. പിള്ളേർ കൂക്കി വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ പഠനം നിർത്തി , അല്ലാതെന്ത് ?

അതുകഴിഞ്ഞപ്പോൾ ഓട്ടോക്കാരൻ സുദേവനെ പരിചയപ്പെട്ടപ്പോൾ  അവളാദ്യം ഒന്നകന്നു നിന്നു. സുദേവൻ പാവമാണെന് അവൾക്ക് തോന്നിയപ്പോൾ അവൾ അടുത്തു. അപ്പോൾ സുദേവൻ അവളെയും കൊണ്ട് കറങ്ങാൻ പോകും. സിനിമയ്ക്ക് എല്ലാ പുതിയ പടം വരുമ്പോഴും കൊണ്ടുപോകും.

പക്ഷെ സിനിമയ്ക്ക് കൊണ്ടുപോകുമ്പോൾ ലോഡ്ജിലേക്കെന്ന് പറയാതെ സുദേവൻ അങ്ങോട്ട് കൊണ്ടുപോയി. അവൾ ചോദിച്ചപ്പോൾ , നിസാരമായി "ആദ്യമായിട്ടൊന്നുമല്ലല്ലോ " എന്ന് മാത്രം പറഞ്ഞു. പക്ഷെ അബോർഷൻ ആദ്യമായിട്ടായിരുന്നു. അത് സുദേവൻ ഓട്ടോയിൽ ത്തന്നെ ദൂരെയുള്ള ഒരാശുപത്രിയിൽ കൊണ്ടുപോയി നടത്തി. 

സുദേവൻ ചിലവായ കാശ് ചോദിക്കാൻ തുടങ്ങി.  അവൾ ഇല്ലെന്നും. സുദേവൻ അവളുടെ അബോർഷൻ എന്ന് ഏത് ആശുപത്രിയിൽ നടന്നെന്ന് നാട്ടുകാരോടെല്ലാം പറഞ്ഞു നടന്നു. 

അവൾ കണ്ണാടിയിലൊന്ന് നോക്കി. താൻ ഒരു സംഭവമാണെന്ന് സ്വയം ബോധ്യപ്പെട്ടു. പ്രേമിക്കാൻ വരുന്നവൻ പണവുമായി വരണമെന്ന് ഒരു നിർബന്ധമേ അവൾക്കുണ്ടായുള്ളൂ. പലരും പണവുമായി വന്നു. പണമില്ലാത്തവന് അകത്തേക്ക് പ്രവേശനമില്ല.

ഒരിക്കൽ പഴയ മലയാളം സാർ , വിശ്വംഭരൻ സാർ , സാമീസിലെ സാർ ഒരു കൊച്ചുപെണ്കുട്ടിയെയും കറക്കിയെടുത്ത് കൊണ്ടുപോകുന്നത് അവൾ കണ്ടു. അവൾ തൻറെ അനുഭവമോർത്തു . അവൾ നേരെ ചെന്ന് പെൺകുട്ടിയുടെ കരണത്ത് ഒന്ന് പുകച്ചു. "ഇയാളെ നിനക്കറിയാമോടീ , നിന്നെപ്പോലെ എത്രയെണ്ണത്തെ പഞ്ചാരവാക്ക് പറഞ്ഞ് ഇയാൾ പിഴപ്പിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോടീ ", അവൾ പെൺകുട്ടിയോട് ആക്രോശിച്ചു. ആളുകൾ ചുറ്റും കൂടി. ആളുകൾ പിറുപിറുത്തു " ആ എങ്ങാണ്ടുനിന്ന് ഒരുത്തൻ ഒരു കൊച്ച് പെണ്ണിനെ കറക്കിയെടുത്ത്കൊണ്ടുവന്നിരിക്കുന്നു "

 "ഇതെൻറെ മകൾ ", വിശ്വംഭരൻ ദയനീയതയോടെഅവളോട് പറഞ്ഞു. ആളുകൾ അയാളെ സംശയത്തോടെ നോക്കി. പെൺകുട്ടി പൊട്ടിക്കരഞ്ഞു. അവൾ ചീറിക്കൊണ്ട് നിന്നു. "'താൻ പലതും പറയും. എന്നെ കൊണ്ടുനടന്ന് പിഴപ്പിച്ചപ്പോഴും താനിങ്ങനെ പല അടവുകളും ഇറക്കീട്ടുണ്ട് "'

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ