ദൈവം പിഴച്ചാൽ നമ്മൾക്കെന്ത് ചെയ്യാനാകും ?
ദൈവമല്ലെടോ , താനാ പിഴച്ചത്.
അയാൾ മിണ്ടിയില്ല. എങ്ങനെ മിണ്ടാനാകും? അയാൾ ജീവിതകാലം മുഴുവനും ആരെ തോൽപ്പിക്കാൻ ശ്രമിച്ചുവോ , അവനിന്ന് തലയുയർത്തി നിൽക്കുന്നു.
അയാൾ ഒരായുസ് മുഴുവൻ ആർക്ക് വേണ്ടി ജീവിച്ചുവോ , അവളിന്ന് മുറിയിൽ അടച്ചുപൂട്ടി ഇരിക്കുന്നു.
അയാൾ ജാതിമതവ്യത്യാസമില്ലാതെ എല്ലാ ദൈവങ്ങൾക്കും ഇഷ്ടം പോലെ പൈസ കൊടുത്തു. എന്നിട്ടും ദൈവങ്ങളൊന്നും അയാളുടെ പ്രാർത്ഥന കേട്ടില്ല. ദൈവങ്ങളൊക്കെ ചെകിടന്മാരെപ്പോലെ അയാൾക്ക് മുന്നിൽ നിന്നു.ആ ദൈവനിഷേധിയുടെ വിജയം അയാൾ കാണേണ്ടി വന്നു. അയാൾക്ക് തന്നെ അവൻറെ മുന്നിൽ യാചനയുമായി നിൽക്കേണ്ടി വന്നു.
അവനെക്കുറിച്ചോർമ്മിക്കുമ്പോൾ അയാളുടെ ഉള്ളം എരിഞ്ഞു. കോപാഗ്നിയിൽ അയാൾ സ്വയം വെന്തു. തൻറെ കോപത്തിന് പാത്രമായവനുമുന്നിൽ യാചനയുമായി നിൽക്കേണ്ടി വരിക ! അയാൾ നിന്നില്ലേ ? ദൈവത്തിന്കണ്ണുണ്ടായിരുന്നെങ്കിൽ , കാതുണ്ടായിരുന്നെങ്കിൽ . എത്ര വർഷങ്ങളായി ,എത്ര കാശ് ദൈവങ്ങൾക്ക് താൻ നൽകി? എന്തിന് ? ശത്രുവിൻറെ മുന്നിൽ മുട്ടുകുത്താനോ ?
അവനെയും അവൻറെ വീട്ടുകാരെയും എന്നും അയാൾ അധിക്ഷേപിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൻ പഠിക്കുന്ന കാലത്ത് ഫീസടക്കാൻ വഴികാണാതെ , അവൻറെ തന്ത വന്നപ്പോൾ താൻ പറഞ്ഞ വാക്കുകൾ അയാളോർമ്മിച്ചു . 'ഞാൻ പറഞ്ഞോ , അവനെ പഠിക്കാൻ വിടാൻ ? ഏതെങ്കിലും കടയിൽ ജോലിക്ക് നിർത്തിയിരുന്നെങ്കിൽ തനിക്ക് ഒരാശ്വാസമായേനെ. ഇപ്പോൾ എരക്കാൻ നടക്കുന്നു." അയാൾ പോകാതെ നിന്നപ്പോൾ അയാൾ ക്ഷുഭിതനായി ചോദിച്ചു " പിള്ളേരെ ഉണ്ടാക്കുമ്പോൾ ഓർമ്മിക്കണമായിരുന്നു. അതോ ഇനി ഞാനുണ്ടാക്കിയെന്ന് താൻ പറയുമോ ?"
അയാൾ പിന്നെ നിന്നില്ല. എവിടെയോ തെണ്ടി കാശൊപ്പിച്ചു കാണും. അതുകൊണ്ടാണല്ലോ, അവൻ പരീക്ഷയെഴുതാതെ വന്നെന്ന് കരുതിയിരിക്കുമ്പോൾ , അവൻ നല്ല മാർക്ക് വാങ്ങി ജയിച്ചെന്ന് നാട്ടുകാർ പറയുന്നത് താൻ കേൾക്കാൻ ഇടയായത്. അത് താൻ അറിയാൻ വേണ്ടിയായിരിക്കണം അവൻറെ തന്തക്കിളവൻ നാടാകെ അങ്ങനെ പറഞ്ഞുപരത്തിയത്. അവന് ജോലി കിട്ടുകയും ചെയ്തു.
പിന്നീടാണ് അടുത്ത സംഭവമുണ്ടായത്. അവൻ പെണ്ണാലോചിച്ച് വന്നു ! അവനെങ്ങനെ ധൈര്യം വന്നു ? എന്തോ പഠിച്ച് , അബദ്ധത്തിലങ്ങു ജയിച്ച് , ഒരു ജോലിയും കിട്ടിയെന്ന് വെച്ച് തൻറെ മകളെ വിവാഹം ചെയ്യാൻ ആലോചിക്കാൻ അവനു ധൈര്യം വന്നോ ? ആക്ഷേപിച്ച് ഇറക്കി വിട്ടു. അപ്പോഴും തൻറെ തല ഉയർന്ന് തന്നെ നിന്നു.
അവൻ കുറെ നാൾ കെട്ടാതെ നിന്നു. എന്തെങ്കിലും അവൻറെയോ , അവളുടെയോ മനസിലുണ്ടെങ്കിൽ , അതങ്ങു മാറ്റിക്കോട്ടേന്ന് കരുതി അവളുടെ വിവാഹം ധൃതി പിടിച്ച് നടത്തി. പേരുകേട്ട വീട്ടുകാർ. ധനശേഷിയുള്ളവർ. കാണട്ടെ, വിവാഹാഘോഷം. കേമമായി നടത്തി. അവനെയും ക്ഷണിച്ചു. സദ്യ കേമമായിരിക്കും. വന്നാൽ ഉണ്ടിട്ട് പോകാം .
പക്ഷെ പെണ്ണിങ്ങ് പോന്നു . അവിടത്തെ കാര്യങ്ങളറിഞ്ഞപ്പോൾ , ഇനി അങ്ങോട്ട് വിടുന്നത് ശരിയല്ലെന്ന് ഉറപ്പായി. അല്ലെങ്കിൽ തന്നെ അമ്മായമ്മയും അമ്മായച്ചനും ഭർത്താവും ഏകസ്വരത്തിൽ പറഞ്ഞു. "അവൾക്ക് ഭ്രാന്താ. അവൾ നപുംസകമാ . പ്രസവിക്കാത്തവൾ. അവളിനി അങ്ങോട്ട് വരണ്ടാ."
അവൾ പറഞ്ഞ കാരണങ്ങൾ ഇതൊന്നുമായിരുന്നില്ല. അതേക്കുറിച്ചൊന്നും അങ്ങോട്ട് എന്തെങ്കിലും പറയാനോ ചോദിക്കാനോ അവസരം അവർ നൽകിയതുമില്ല.
പെണ്ണ് വീട്ടിൽ ഊമയെ പോലെ നിന്നപ്പോൾ ഭാര്യ പറഞ്ഞു. "അവനിപ്പോഴും കെട്ടിയിട്ടില്ല . അന്ന് അവനെ നിങ്ങൾ ആട്ടിയിറക്കിയതല്ലേ, അവനിനി ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല. നിങ്ങൾ അങ്ങോട്ട് ചെന്നൊന്ന് --"
അയാൾ അവനെ ചെന്ന് കണ്ടു. വളരെ നേരം ലോകകാര്യങ്ങൾ പറഞ്ഞു. ഒടുവിൽ ചോദിച്ചു "ഒരു വിവാഹമൊക്കെ വേണ്ടേ ?"
"വേണമല്ലോ. പെണ്ണും ഉണ്ട് അല്പം കഴിയട്ടെ എന്ന് പെണ്ണ് പറഞ്ഞതുകൊണ്ട് കാത്തിരിക്കാമെന്ന് ഞാനും പറഞ്ഞു."
"ആരാ പെണ്ണ്? " പ്രത്യാശയോടെ അയാൾ ചോദിച്ചു
"ഓ , അവൾ ഈ നാട്ടുകാരിയൊന്നുമല്ല, നിങ്ങളറിയാൻ " അവൻ ചിരിച്ചു .
അയാൾ വഴിയിലേക്കിറങ്ങി നടന്നു. പൊള്ളുന്ന വെയിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ