2022 മാർച്ച് 1, ചൊവ്വാഴ്ച

എന്താണ് പ്രേമം ?

ഒരു പെണ്ണ് നിലവിളിക്കുന്നു 

আমি যাযে

അമി ജാബേ 

ഞാൻ പോകും 

അവനോടൊപ്പം പോകും 

ഞാൻ അവനോടൊപ്പം പോകും 


പെണ്ണ് അകലെയല്ല 

എൻറെ (എൻറെയല്ല , വാടക വീടാണ് ) വീടിനെതിർവശത്താണ് 

അവളുടെ (അവളുടെ സ്വന്തം ) വീട് 

തന്തയും തള്ളയും പറയുന്നത് എനിക്ക് കേൾക്കാം 

മകളോട് ഇങ്ങനെ ചോദിക്കാൻ പാടുണ്ടോ ? ദേഷ്യം വന്നെന്ന് കരുതി ?

എന്താ ചോദിച്ചതെന്ന് നിങ്ങൾക്കൊക്കെയറിയാം 

നമ്മൾ മലയാളികളും ഇത്തരം സാഹചര്യങ്ങളിൽ കേൾക്കുന്ന ചോദ്യമാണിത് 


പ്രണയമെന്താണ് ?

ഭ്രാന്താണോ ?

അല്ലേ ?

ആണോ ?

പറയൂ .


ഒന്ന് കണ്ടു 

വീണ്ടും കണ്ടു , ഒന്ന് ചിരിച്ചു . ഓടിപ്പോയി 

പിന്നെയും പിന്നെയും കണ്ടു ചിരിച്ചു ഓടിപ്പോയി 

പിന്നെ തടഞ്ഞു നിർത്തി ചോദിച്ചു 

"ഇഷ്ടമാണോ ?"

വെളുത്ത മുഖം ചുവന്നു തുടുത്തു 

അവളൊന്നും പറഞ്ഞില്ല 

അടുത്ത ദിവസം കണ്ടപ്പോൾ കാതരമിഴികൾ നീണ്ടുവന്നു 

ചിരിച്ചു 

അവളും ചിരിച്ചു 

ചോദ്യം ആവർത്തിക്കില്ല 

അവൾ ഉത്തരം പറഞ്ഞുമില്ല.

പിന്നെയൊരിക്കൽ ഒരു വനിതാ സുഹൃത്തിനോടൊപ്പം നടന്നുപോകുമ്പോൾ അവൾ മിഴിച്ച് നോക്കി 

മുഖം തിരിച്ച് അവൾ നടന്നുപോയി 

അന്നവൾ ചിരിക്കാൻ മറന്നു 

അടുത്ത ദിവസം അവളൊരു സ്നേഹിതയ്ക്കൊപ്പം കാത്ത് നിന്നു 

"ഉം ?"

"ആരായിരുന്നു ?"

"ഏത് ?" എനിക്കോർമ്മ വന്നില്ല 

"ഇന്നലെ കൂടെ ?"

"ആരൂല്ലായിരുന്നു "

"കൂടൊരുപെണ്ണ് , കളിച്ച് ചിരിച്ച് , ഭാര്യ ആയിരുന്നോ ?"

"ഞാൻ കെട്ടുമ്പോൾ അത് നിന്നെയായിരിക്കും "

"വേണ്ട "

"എന്നാൽ ഞാൻ കെട്ടുന്നില്ല "

"അതല്ല, എനിക്ക് പോണം . ആരായിരുന്നു ?"

"ഏത് ?"

"ഇന്നലെ , കൂടെ , കളിച്ച് ചിരിച്ച് ഒരു പെണ്ണ് ?"

" ഹായ് , അത് ലൈലമ്മ ജേക്കബ് , എന്നോടൊപ്പം ജോലിചെയ്യുന്ന സ്ത്രീ. അവരുടെ വിവാഹം കഴിഞ്ഞതാണ്. ഭർത്താവും ഇവിടെ തന്നെ ജോലി ചെയ്യുന്നു വേറൊരു ഓഫീസിൽ "

"സത്യം ?"

"സത്യം "


എന്തിനായിരുന്നു ഇതൊക്കെ ?

അവളെ കരയിക്കാനോ ?

ഇന്നവൾ കരയുന്നു 

അവളുടെ പിതാവ് എന്നെ കാണാൻ വന്നു 

" നീ അവളെ പറഞ്ഞ് മനസിലാക്കണം , ഞങ്ങൾക്കൊരു  മകളേയുള്ളൂ . ഇത് നല്ലൊരു ബന്ധമാണ് "

അവളുടെ മാതാവ് എന്നെ കാണാൻ വന്നു 

"പ്ലീസ് പ്ലീസ് " അവർ പറഞ്ഞുകൊണ്ടിരുന്നു 


ഞാനവളെ കണ്ടു 

" നിന്നെ അവരല്ലേ വളർത്തിയത് ? ഞാൻ ആരാ ? നിൻറെ ഭാവി അവരല്ലേ തീരുമാനിക്കേണ്ടത് ?"

"ഞാൻ എന്ത് വേണം ?" അവൾ മുഖത്തേക്കുറ്റു നോക്കി ചോദിച്ചു 

" നീ അച്ഛനെയും അമ്മയെയും അനുസരിക്കണം "

അവളുടെ കണ്ണുകളിൽ ഒരു കടലിളകി വരുന്നത് ഞാൻ കണ്ടു. 

"ന്നെ വേണ്ടാല്ലേ !" അവളുടെ വാക്കുകൾ മുറിഞ്ഞു 

"പൊയ്ക്കോ " അവൾ പറഞ്ഞു 

ഞാൻ പടിയിറങ്ങി 


" ഓ നോ " അലമുറ കേട്ട് ഞാൻ പടികൾ തിരികെ കയറി 

അവൾ ഷാളുമായി മേശപ്പുറത്ത് 

അവളുടെ അമ്മയും അച്ഛനും അവളെ  ബലമായി പിടിച്ചിരിക്കുന്നു 

ഞാൻ ചെന്ന് പറഞ്ഞു " അവളെ വിട് "

അവർ പിടി വിട്ടു മാറി നിന്നു 

ഞാൻ അവളുടെ കൈപിടിച്ച് ഇറങ്ങാൻ പറഞ്ഞു 

അവൾ ഒന്ന് മടിച്ചു . പിന്നെ ഇറങ്ങി വന്നു 

ഞാൻ ചോദിച്ചു " ഞാൻ കൊണ്ടുപോയ്‌ക്കോട്ടെ ഇവളെ ?"

അവരൊന്നും പറഞ്ഞില്ല 

അവളെ കൈപിടിച്ച് ഞാനിറങ്ങി പോന്നു .


അവളുടെ ഭാവി ഞാനായിട്ട് കളഞ്ഞു , ഇല്ലേ ?

എന്താണ് പ്രേമം ?





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ