ഇന്ത്യ സ്വതന്ത്രമാകാതിരിക്കുന്നതായിരുന്നു നല്ലതെന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടില്ലേ ? ഇന്ത്യ സ്വതന്ത്രമായത് മുതൽ നാട് വികസിച്ചുകൊണ്ടിരിക്കുന്നു. കണ്ടില്ലേ ? കാണുന്നില്ലേ ?
നാട് വികസിക്കുന്നത് പാവങ്ങളുടെ നെഞ്ചത്ത് കൂടിയാണ്. ദരിദ്രരാണ് വികസനത്തിന് വഴിമാറിക്കൊടുക്കേണ്ടത്. പാവങ്ങളുടെ കൂര പൊളിച്ച് സിൽവർ കോട്ടഡ് തട്ടിപ്പ് ലൈൻ ഉണ്ടാക്കിയാൽ ഒരുലക്ഷം കോടി പൊടിയും. അതിൽ പതിനായിരം കോടി എവിടെയൊക്കെ സമർപ്പിക്കണമെന്ന് അത് ചെയ്യേണ്ടവർക്കറിയാം. അതിന് റൂട്ട് മാപ്പുണ്ടാക്കുന്നവർക്കറിയാം, എവിടെയൊന്നും തൊടാൻ പാടില്ല, എവിടെയൊക്കെ വളയണമെന്ന്. നേരെ പോകേണ്ടത് ചിലയിടത്തു ചെല്ലുമ്പോൾ വല്ലാതങ്ങ് വളയും. കോടിയേരിയുടെ കൊട്ടാരത്തിനടുത്ത് ഒരിക്കലുമെത്തില്ല. ചെറിയാൻമാരെയും റഷീറുമാരെയും ഒഴിഞ്ഞുപോകും. ചിലരുടെ അടുത്തുകൂടി ബഹുമാനപുനരസരം പോകാൻ വേണ്ടി വല്ലാതങ്ങു വളയും. പശ്ചിമ തീരാ റെയിൽവേ വളഞ്ഞ് തകഴിയിലെത്തിയത് തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ട്രെയിൻ പോകുന്നത് കാണാൻ വേണ്ടിയായിരുന്നു പോൽ. ശിവശങ്കരപിള്ളയെ തൊടാതെ തൊട്ടടുത്തുകൂടി ഇന്നും ട്രെയിൻ ബഹുമാനപുരസ്സരം ഓടിക്കൊണ്ടിരിക്കുന്നു.
നാട് സ്വതന്ത്രമായതു തുടങ്ങി നാട് വികസിക്കുകയാണ് . വികസനം ദുരിതമാകുന്നത് പാവങ്ങൾക്കാണ്. പണക്കാരെ ബഹുമാന പുരസ്സരം താണുവണങ്ങി വളഞ്ഞൊഴിഞ്ഞു പോകും. അവർക്ക് വേണ്ടിയാണല്ലോ, നാട് വികസിക്കുന്നത്
ഭരണഘടന ചില അവകാശങ്ങൾ നൽകുന്നുണ്ടെന്ന് പറയപ്പെടുന്നു. ജീവനും സ്വത്തിനുമുള്ള അവകാശം ഉണ്ട് പോൽ . സ്വാതന്ത്ര്യ പ്രാപ്തി മുതൽ ഇങ്ങോട്ട് പോലീസുകാർതല്ലിക്കൊന്ന മനുഷ്യർ ഇന്ത്യൻ പൗരന്മാരായിരുന്നില്ലേ ? അവർക്കും മൗലികാവകാശങ്ങൾ ഉണ്ടായിരുന്നില്ലേ ? ഈച്ചര വാരിയരുടെ മകൻ രാജനെയും , തിരുനെല്ലി വർഗീസിനെയും പോലീസുകാർ കൊന്നിട്ട് എന്തുണ്ടായി ? അവർ ചത്തു എന്നല്ലാതെ ? അങ്ങനെ എത്ര പേരെ കൊന്നു. അടുത്ത കാലത്തല്ലേ ശ്രീജിത്തിനെ "ആളുമാറി" തൊഴിച്ച് കൊന്നത് ? എന്നിട്ട് , യഥാർത്ഥ "ശ്രീജിത്ത് " ഒരു കുഴപ്പവുമില്ലാതിപ്പോഴും ജീവിച്ചിരിക്കുന്നു ! പോലീസുകാർക്ക് തൊഴിച്ച് കൊല്ലാൻ അവകാശം എവിടെയാണ് പറഞ്ഞിരിക്കുന്നത് ? നിയമങ്ങളുണ്ട്. നിയമങ്ങൾ പണക്കാരുടെ രക്ഷയ്ക്ക് വേണ്ടിയാണ്. പാവപ്പെട്ടവനെ രക്ഷിക്കാൻ ഇവിടെ നിയമങ്ങളില്ല. ദരിദ്രനെന്ത് അവകാശം ? ഇതാണ് നാം നേടിയ സ്വാതന്ത്ര്യമെങ്കിൽ , സ്വാതന്ത്ര്യമെന്ന പദത്തിനെന്തർത്ഥം ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ