2022 മാർച്ച് 1, ചൊവ്വാഴ്ച

ഒരു രഹസ്യ പ്രണയം

അക്കാലത്ത് രണ്ടു സംഘങ്ങളുണ്ടായിരുന്നു. ഒന്ന് സുലോചനയുടെ നേതൃത്വത്തിൽ . അത് ശരിക്കും വലിയൊരു സംഘമായിരുന്നു. അവർ ഒരുമിച്ചാണ് നടപ്പ്. അവർ ഒരുമിച്ചാണ് ഇരിപ്പ്. അവർ ഒരുമിച്ചാണ് എപ്പോഴും . 

രണ്ടാമത്തെ സംഘത്തിൽ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. മണിയും ഞാനും. എപ്പോഴും ഞങ്ങളൊരുമിച്ചായിരിക്കും. ഞങ്ങളുടെ താവളം ഒരു ചെറിയ കുളത്തിൻറെ കരയിലാണ്. അവിടെ എപ്പോഴും തണലാണ്‌ , തണുപ്പാണ്. മണിക്ക് അന്നൊരു പ്രേമമുണ്ടായിരുന്നോ ? ഒരു ചെറുക്കന് മണിയോട് പ്രേമമുണ്ടെന്നും , അവൻ സ്‌കൂൾവിട്ടാൽ മണിയെ കാണാൻ ഓടിവന്ന് അവരുടെ വീടിൻറെ മതിലിന്മേൽ കയറി ഇരിക്കുമായിരുന്നെനും മണി എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കന്ന് പ്രേമമൊന്നുമില്ല. എങ്കിലും മണി അന്ന് എനിക്ക് ഒരു പ്രേമം കണ്ടുപിടിച്ച് തന്നു. എൻറെ ക്ലാസിലെ സുന്ദരി പെണ്ണ് ആരെന്ന് മണിയുടെ ചോദ്യം. പത്മിനി എന്ന് എൻറെ ഉത്തരം. അങ്ങനെ പത്മിനിയെ എനിക്ക് മണി ചാർത്തി തന്നു. ഞാൻ പത്മിനിയോട് സംസാരിച്ചിട്ട് കൂടിയില്ല. പത്മിനി എന്നോടും സംസാരിച്ചിട്ട് കൂടിയില്ല. 

ഞങ്ങൾ കുളക്കരയിലിരിക്കുമ്പോൾ , മണിയെന്നോട്  ആ ചെറുക്കനെ കുറിച്ച്, അവന് മണിയോടുള്ള ഇഷ്ടത്തെ കുറിച്ച് പറയും. മണിയെന്നോട് പത്മിനിയെ കുറിച്ച് ചോദിക്കും. എനിക്ക് വാസ്തവത്തിൽ മണിയോടായിരുന്നു പ്രേമം . അത് ഞാനൊരിക്കലും പറഞ്ഞില്ല. എപ്പോഴും ഒരുമിച്ചായിരുന്നു എനിക്ക് മണിയോട് പ്രേമം തോന്നിയെങ്കിൽ , അവൾക്കെന്നോടും പ്രേമം തോന്നിയിരുന്നില്ലേ ? അറിയില്ല. എന്നോട് പറഞ്ഞിട്ടില്ല. ഞാനും പറഞ്ഞിട്ടില്ല. അടുത്ത വർഷം അവൾ കോളേജിലായി. പഴയ സ്‌കൂൾ സുഹൃത്ത് വഴിപിരിഞ്ഞു. പിന്നീടൊരിക്കലും അവനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. ഞാനും സ്‌കൂൾ വിട്ടു. പിന്നീടൊരിക്കലും പത്മിനിയെ കണ്ടിട്ടില്ല. അല്ലെങ്കിൽ തന്നെ ഞാൻ പ്രേമിച്ചത് പത്മിനിയെ ആയിരുന്നില്ലല്ലോ. ഞങ്ങളുടെ സൗഹൃദം തുടർന്നു.ഒടുവിൽ ഞാൻ കൂടുതൽ പൊസസീവായിത്തീർന്നിരുന്നു. എന്നിട്ടും ഞങ്ങളുടെ സൗഹൃദം തുടർന്നു , ഞങ്ങളുടെ കൂട്ട് തുടർന്നു. ഇപ്പോൾ അവൾ അവളുടെ പ്രണയത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നില്ല. ഞാൻ എൻറെ പ്രണയത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നില്ല.  എനിക്ക് പ്രണയമെന്നും മണിയോടായിരുന്നുവല്ലോ.അതിപ്പോഴും ഞാൻ പറഞ്ഞില്ല. അവൾ വിവാഹിതയാകുന്നതിന് മുമ്പൊരിക്കലും പറഞ്ഞില്ല. വിവാഹ ശേഷവും പറഞ്ഞില്ല. വിവാഹ ബന്ധം അവസാനിച്ചിട്ടും പറഞ്ഞില്ല. 

എനിക്കവളോട് പ്രേമമാണെന്ന് , എന്നും അവൾക്കറിയാമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞങ്ങളുടെ കുളക്കര സംഭാഷണങ്ങൾ പ്രേമം മാത്രമായിരുന്നില്ല. മണി ഏറേ കഥകളെന്നോട് പറഞ്ഞു. കൂടുതലും ഹിന്ദി കഥകൾ. ഒരു പക്ഷെ ഹിന്ദികഥകളുടെ മലയാള പരിഭാഷകൾ , ഒരു പക്ഷെ ബംഗാളി കഥകളുടെ പരിഭാഷകൾ മണി വായിച്ചിട്ടുണ്ടാകാം.  കൂടുതലും നിരക്ഷരരായ കർഷകരെ ബ്രാഹ്മണർ ചതിക്കുന്നതും  വഞ്ചിക്കുന്നതുമായ കഥകളാണ് മണി പറഞ്ഞത്. ഞങ്ങളെന്താണ് പറയുന്നതെന്നറിയാൻ ചിലപ്പോൾ സുലോചന അവരുടെ സംഘത്തിൽ നിന്ന് സരളയെ പറഞ്ഞുവിടുമായിരുന്നു. അതുകൊണ്ടെന്താ,? മണി പറഞ്ഞ കഥകൾ ഒരാൾ കൂടി കേട്ടു എന്ന് മാത്രം . 

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ