ഇന്ന് ഒരു എടിഎമ്മിൽ പോയി. എടിഎമ്മിൽ കാർഡിട്ടു. പൈസ വന്നില്ല. ഇൻസഫിഷ്യൻറ് ഫണ്ട്. എന്ന് വെച്ചാൽ തുക തരാൻ തികയില്ല. കാർഡ് യൂസ് വൺ . തുക കുറച്ചു വീണ്ടും കാർഡിട്ടു. ഇപ്പോഴും കാശ് വന്നില്ല. അഞ്ഞൂറിൽ കുറഞ്ഞ നോട്ടില്ല. കാർഡ് യൂസ് റ്റു . അകൗണ്ട് ബാലൻസ് അറിയാൻ കാർഡിട്ടു. ബാലൻസ് അറിഞ്ഞില്ല. കാർഡ് യൂസ് ത്രീ. അകെ പാവങ്ങൾക്ക് അനുവദിച്ചിട്ടുള്ള കാർഡ് യൂസ് മാസത്തിൽ അഞ്ച്! ഇനി എനിക്ക് ഈ മാസം രണ്ടു തവണ കൂടി കാർഡ് ഫ്രീ ആയി യൂസ് ചെയ്യാം. പിന്നെയും കാർഡിട്ടാൽ -- ഇടാമല്ലോ, -- ഓരോ തവണയും ഞാൻ കൊടുക്കേണ്ടും രൂപാ ഇരുപത്തിരണ്ട് പൈസ അമ്പത് മാത്രം.
പാവങ്ങളെ ഇങ്ങനെ ഇടിച്ചുപിഴിഞ്ഞ് കൊള്ളയടിക്കുന്ന ബാങ്കുകൾ ബിസിനസുകാർക്ക് എത്രതവണ വേണമെങ്കിലും കാർഡ് യൂസ് ചെയ്യാമെന്ന് പറയുന്നു. പണം നൽകാൻ ശേഷിയുള്ളവൻ എടിഎം ഉപയോഗിക്കാൻ പണമൊന്നും നൽകേണ്ട. പണം നൽകാൻ ശേഷിയില്ലാത്ത പാവപ്പെട്ടവൻ എടിഎം ഉപയോഗിക്കാൻ പണം നൽകണം. ഈ തലതിരിഞ്ഞ നയത്തിനെതിരെ ഒരാളും മിണ്ടുന്നില്ല. തികച്ചും വ്യത്യസ്തരെന്നവകാശപ്പെടുന്ന ഇടതു പാർട്ടികൾ പോലും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു! കാരണം ഈ നേതാക്കന്മാരും മാന്യന്മാരാണ്. അവരെ ബാങ്കുകൾ ബുദ്ധിമുട്ടിക്കുന്നില്ല ! രാഹുൽ ഗാന്ധിയോടൊ , പ്രീയങ്ക ഗാന്ധിയോടൊ , അമീത് ഷായോടോ ഇങ്ങനെ ബാങ്കുകൾ പണം പിടുങ്ങില്ല. ശബ്ദമില്ലാത്ത പാവങ്ങളെ മാത്രമേ ബാങ്കുകൾ കൊള്ളയടിക്കുന്നുള്ളൂ.
മുമ്പൊരു വാർത്ത വന്നിരുന്നു. റോഡ്‌സൈഡിലുള്ള നാൽപ്പത് സെൻറ് കിടപ്പാടം , എത്ര കുറഞ്ഞാലും നാൽപ്പത് ലക്ഷം ആരും കൊടുക്കുന്ന വസ്തു ഈടായി സ്വീകരിച്ച് ബാങ്ക് വായ്പ്പ നൽകി. ബാങ്ക് മതിപ്പ് വില കണക്കാക്കിയത് പതിനായിരം രൂപ വെച്ച് നാല് ലക്ഷം മാത്രം . വായ്‌പ്പതുക ഒരു ലക്ഷം മാത്രം. തിരിച്ചടവിന് ശേഷം ബാക്കി നിൽക്കുന്ന തുക നാൽപ്പതിനായിരം. ബാങ്ക് കിടപ്പാടം ജപ്തി ചെയ്തു. ഇനി സ്ഥലം ബാങ്കിൻറെ സ്വന്തം. അത് വിറ്റ് എത്ര കിട്ടിയാലും ആ തുക ബാങ്കിൻറെ സ്വന്തം ആകുന്നു !
ഈ ബാങ്കിങ് കൊള്ള തുടങ്ങിയത് ബ്രിട്ടീഷ് ഭരണ കാലത്തായിരിക്കാം. ബ്രിട്ടീഷുകാർ പോയിട്ട് മുക്കാൽ നൂറ്റാണ്ട് ആകുന്നു. ഇപ്പോഴും ഈ കാടൻ നിയമം നിലനിൽക്കുന്നു. ഇപ്പോഴും ബാങ്കിങ് കൊള്ള തുടരുന്നു. ഇതിനെന്ത് ന്യായീകരണമാണ് ബാങ്കുകൾക്ക് പറയാനുള്ളത് ? ഇതിനെന്ത് ന്യായീകരണമാണ് രാഷ്ട്രീയക്കാർക്ക് പറയാനുള്ളത് ?
നിങ്ങൾ വായ്‌പ്പാ വേണമെങ്കിൽ വായ്പ്പതുകയിലുമധികം മൂല്യമുള്ള ഈടു ബാങ്കിന് നൽകണം. മുടക്കം വരുത്തിയാൽ , നാട് മുഴുവൻ നാറ്റിക്കും. പിന്നെ ജപ്തി നടത്തും. ബാങ്കിന് കിട്ടാനുള്ളത് കഴിച്ച് ഒരു പൈസ നിങ്ങൾക്ക് തരില്ല.
ഇങ്ങനെ പാവങ്ങളെ, കർഷകരെ, മധ്യവര്ഗങ്ങളെ , കൊള്ളയടിച്ച് ഉണ്ടാക്കുന്ന പണം നാടിൻറെ വികസനത്തിനായി ബിസിനസുകാർക്ക് വായ്പ്പകളായും സബ്സിഡികളായും നൽകി രാജ്യത്തെ വളർത്തിക്കൊണ്ടിരിക്കുകയാണ്. അവർക്ക് വായ്പ്പകൾക്ക് മതിയായ ഈടു നൽകാൻ ആരും പറയുകയില്ല. കയ്യിലൊരു പൈസയുമില്ലാത്തവന് ഓടിച്ചെന്നാൽ ബാങ്ക് കസേരയിട്ട് സ്വീകരിക്കും. എഴുതിക്കൊടുക്കുന്ന തുക കയ്യിൽ കൊടുക്കും. തിരിച്ചടവ് മുടങ്ങിയാൽ ബാങ്ക് സഹിച്ചുകൊള്ളും. വായ്‌പ്പാ എടുത്തിട്ട് , തിരിച്ചടയ്ക്കുന്നിലെന്നു നാട്ടുകാർ ആരും അറിയുകയില്ല. ഒരു ജപ്തിയുമില്ല. വേണേൽ വായ്പ്പയെടുത്ത തുകയുമായി വല്ല വിദേശ നാടുകളിലും പോയി ഇന്ത്യൻ രാജാവായി ജീവിക്കാം !
ഈ അവസ്ഥയ്ക്ക് മാറ്റം വരണം . വേണ്ടേ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ