സ്ത്രീയെന്താണ് ? പുരുഷനെന്താണ് ? പ്രണയമെന്താണ് ? പ്രതിലിപിയിൽ ഇതല്ലാതെ മറ്റൊരു വിഷയവുമില്ല. സന്തോഷം. വിഷയങ്ങൾ കുറഞ്ഞിരിക്കുമല്ലോ. വിഷയങ്ങൾ കൂടുന്തോറും അത് ചർച്ച ചെയ്യാനും കൂടുതൽ പ്രയാസമാകും. പ്രതിലിപിയിൽ ആകെ മൂന്ന് ഐറ്റങ്ങളേ ഉള്ളൂ. സ്ത്രീ, പുരുഷൻ , പ്രണയംപ്രണ. മിയ്ക്കവർക്കും ഇതൊക്കെ വായിച്ച് ചെടിച്ചിട്ടുണ്ടാവും എന്ന് നമ്മൾ ഭയക്കും. എത്രനേരമെന്ന് കണ്ടാണ് ഒരേ വിഷയം തന്നെ പേർത്തും പേർത്തും പറഞ്ഞുകൊണ്ടേയിരിക്കുന്നത്. പക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യം ഇവിടെ ആർക്കും മതിവരുന്നില്ല, എന്നതാണ്. എങ്കിൽ പ്രശ്‍നം മനസിൻറെതാണ് . അതൃപ്തമായ മനസ്. പ്രണയം തേടുന്ന മനസ്. കാമം കരഞ്ഞുതീർക്കുന്ന കഴുതയെപ്പോലെ ചിലർ കരഞ്ഞുകൊണ്ടേയിരിക്കുന്നു.
പഴം കിട്ടിയാൽ ആദ്യം ചെയ്യേണ്ടത് പഴത്തൊലി ഉരിഞ്ഞു കളയുകയാണല്ലോ. അതുപോലെ ആനുഷംഗികമായി വരുന്ന ചില കാര്യങ്ങൾ നമ്മൾക്ക് ഉരിഞ്ഞു കളയാം. സ്വവർഗ പ്രണയങ്ങളാണ് അങ്ങനെ ഉരിഞ്ഞു കളയുന്നത്. അതിവിടെ ആരും അവതരിപ്പിക്കാത്തതുകൊണ്ടു തന്നെ. സ്ത്രീ പുരുഷ പ്രണയങ്ങളെപ്പോലെതന്നെ തീവ്രമായ വികാരം തന്നെയാണ് സ്വവർഗ്ഗപ്രണയികളും അനുഭവിക്കുന്നത്. ഒരു കാലത്ത് അത് മാനസിക രോഗമായി കരുതപ്പെട്ടിരുന്നു. കടുത്ത ദണ്ഡനകൾക്ക് വിധേയരാക്കപ്പെട്ടിരുന്നു. ഇന്ന് അത് സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.ബ്രിട്ടീഷുകാർ നമ്മൾക്ക് വേണ്ടി എഴുതിത്തന്ന നമ്മുടെ ശിക്ഷാ നിയമത്തിൽ സ്വവർഗ ലൈംഗികകൃത്യം കുറ്റകരമാക്കപ്പെട്ടിരിക്കുന്നു. അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും സ്വവർഗ വിവാഹങ്ങൾ നടക്കുന്നു. നാം നമ്മുടെ നിയമങ്ങളും മോറൽ കോഡും പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇനി നമ്മൾക്ക് പ്രതിലിപി പ്രണയങ്ങളിലേക്ക് വരാം. പ്രതിലിപിയിലെ സ്ത്രീ എഴുത്തുകാർക്ക് പ്രണയമല്ലാതൊന്നുമില്ല എഴുതാൻ. തുലാ മഴ പോലെ അതിങ്ങനെ പെയ്തുകൊണ്ടേയിരിക്കുന്നു. തീവ്രതയില്ല. അതാണ് തുലാമഴ. പെണ്ണെഴുത്തിൽ പ്രണയത്തിനും തീവ്രതയില്ല. പെണ്ണെഴുത്തിൽ അത് തുലാ മഴയും ആകുന്നില്ല. മഴയ്ക്ക് ശേഷം മരം പെയ്യുമല്ലൊ, അതുപോലെയാണ് പെണ്ണെഴുത്തിൽ പ്രണയം പൂക്കുന്നത്.
പ്രതിലിപിയിൽ ചുവപ്പിനോടും വാകപ്പൂവിനോടും പ്രണയം ചേർത്ത് വെച്ചിരുന്നവർ എവിടെയോ മറഞ്ഞു. സന്തോഷം. ചുവ്വപ്പിന് പ്രണയവുമായല്ല , സോഷ്യലിസവുമായാണ് ബന്ധം. പ്രണയത്തിനൊരു നിറമുണ്ടെങ്കിൽ അത് ചോരയുടെ ചുവപ്പാകാൻ വയ്യ, അത് വിപ്ലവത്തിൻറെ കൊടിയടയാളമാണ്. പ്രണയത്തിനൊരു നിറമുണ്ടെങ്കിൽ അത് നീലയാകണം. ആകാശ നീല. എല്ലാ പ്രണയങ്ങളും സഹനത്തിൻറെ പീഡാനുഭവങ്ങളുടെ മതമാണ്. മറ്റൊരു നിറം പ്രണയത്തിന് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.
പ്രണയമെന്താണ് ? വർഷങ്ങൾക്ക് മുമ്പ് ലസിത എന്ന പ്രതിലിപിയിലെ വനിതാ സുഹൃത്ത് ചോദിച്ച ചോദ്യമാണ്. ഞാൻ പ്രണയത്തെ കുറിച്ച് എഴുതിയിരുന്നു . അത് വായിച്ചിട്ടാകണം, ലസിത എഴുതി , എന്താണ് പ്രണയം ? നിങ്ങൾക്ക് പറയാമോ ? സത്യസന്ധമായ ഉത്തരം , എനിക്കറിയില്ലെന്നായിരുന്നു. പ്രണയത്തെ കുറിച്ചെഴുതുന്ന ഞാൻ എങ്ങനെ പറയും , എനിക്ക് പ്രണയമെന്തെന്ന് അറിയില്ലെന്ന് ? ഞാൻ ഒഴിഞ്ഞു മാറി. അതിൽപ്പിന്നെ , എൻറെ പ്രീയ സുഹൃത്ത് എന്നോട് സംവദിച്ചിട്ടില്ല.
എന്നാലിപ്പോൾ നീ പ്രണയത്തെ കുറിച്ചെഴുതുന്നു . നിനക്ക് പ്രണയത്തെ കുറിച്ചറിയാമോ ? എന്ന് ലസിത ചോദിച്ചാലും ഉത്തരമതുതന്നെ. എനിക്കറിയില്ല, സുഹൃത്തേ. (ലസിത ഇനി ചോദിക്കില്ല )
പ്രതിലിപിയിലെ പ്രണയത്തിന് ചേരുവകൾ രണ്ടു മതി. ആണും പെണ്ണും. അവരങ്ങ് പ്രണയിച്ചുകൊള്ളും. പ്രതിലിപിയിൽ സ്ടത്രീകളെഴുതുന്ന പ്രണയ കവിതകളിൽ , പുരുഷൻ സ്ത്രീയോട് പ്രണയമറിയിക്കുന്ന രീതിയാണ് കാണുന്നത്. അതെനിക്ക് മനസിലാകുന്നില്ല. സ്ത്രീയ്ക്ക് പ്രണയമാനസം ഉണ്ടാവില്ലേ ? പുരുഷന് സ്ത്രീയോട് മാത്രമേ പ്രണയം തോന്നാവു ? സ്ത്രീ പുരുഷനെ പ്രണയിച്ചാലെന്താ ? പ്രണയിക്കുന്നില്ലേ ? പിന്നെന്തിന് പ്രതിലിപി സ്ത്രീകൾ പുരുഷന്മാരായി ചമഞ്ഞ് സ്ത്രീകളോട് പ്രണയമറിയിക്കണം ? പ്രണയയാചന നടത്തണം ?
ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ലാത്ത ലോകമാണ് പ്രതിലിപി.
പ്രണയിക്കാത്ത മനസുകളില്ല. കൗമാരം കടക്കുന്നതോടെ എതിർ ലിംഗത്തിൽ പെട്ടവരോട് ആകർഷണം -- ഇഷ്ടം -- തോന്നും. അഞ്ചാം ക്‌ളാസ് മുതൽ പ്രണയവുമായി നടന്നവരുണ്ടാകാം. അതോ , നാലാം ക്ലാസോ ? അതൊക്കെ വൈയക്തികമാണ്. പല സാഹചര്യങ്ങൾ മനസുകളെ സ്വാധീനിക്കുന്നു. അതായത് , ഒരാൾ പത്താം വയസിൽ പ്രണയിക്കുമെന്നോ, പ്രണയിക്കില്ലെന്നോ , നമ്മൾക്ക് പറയാൻ കഴിയില്ല. ചില ജ്യോതിഷികൾ പറഞ്ഞേക്കും.
പത്താം ക്‌ളാസ് ആകുമ്പോഴാണ് പ്രണയം കള്ള് മൂക്കുന്നതു പോലെ മൂക്കുന്നത്. അതുവരെയും പ്രണയം ഇളം കള്ളാണ്. മധുര കള്ളിന് ലഹരിയില്ല. കുഴപ്പമില്ല. കള്ള് മൂത്താൽ കുഴപ്പമാണ്. അതിന് ലഹരിയുണ്ട്. സ്വബോധത്തെ മൂത്ത കള്ള് നശിപ്പിക്കും. മൂത്ത കള്ള് പോലെയാണ് പ്രേമം മൂത്താൽ. അത് ആത്മനാശം വരുത്തും. ഒരു പതിനഞ്ച് മുതൽ ഇരുപത്തഞ്ച് വരെയുള്ള പ്രായമാണ് കുഴപ്പം പിടിച്ചത്. ജീവിതമെന്തെന്നറിയാത്ത പെണ്ണ് വീണുപോകും. അത് കഴിഞ്ഞാൽ പിന്നെ അനുഭവങ്ങളായി , പക്വത ആയി. ( ഇപ്പോൾ പ്രായമെത്രയായാലും ആർക്കും പക്വത ഇല്ലെന്നാണ് കാണുന്നത്.)
ആണുങ്ങൾക്ക് പ്രണയം പത്താം വയസിൽ തുടങ്ങിയാൽ , പ്രണയം അവസാനിക്കണമെങ്കിൽ അവൻ മരിക്കണം. മരിക്കുന്ന നിമിഷത്തിലും അവൻറെ മനസ്സിൽ ആരോടെങ്കിലും അടങ്ങാത്ത പ്രണയമുണ്ടാവും..
പെണ്ണുങ്ങളുടെ കാര്യമിത്തിരി കഷ്ടമാണ്. ആദത്തെ നിർമ്മിച്ച് കഴിഞ്ഞ് വേസ്റ്റ് വന്ന സാധനങ്ങൾ വെറുതേ കളയേണ്ടെന്ന് കരുതിയാണ് ആ വേസ്റ്റ് സാധനങ്ങൾ കൊണ്ട് അവ്വയെ ദൈവം നിർമ്മിച്ചത്. എന്നിട്ട് രണ്ടിനെയും കൂടി ചേർത്ത് വെച്ചു. ദൈവത്തിൻറെ ഒരു കുന്നായ്‌മ . അന്ന് തുടങ്ങി രണ്ടും കൂടി സ്വയമങ്ങ് ചേർത്ത് തുടങ്ങി. തന്തയും തള്ളയും പിന്നാലെ വടിയും കത്തിയുമായി ഓടാനും തുടങ്ങി.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരിക പരിമിതികളുണ്ട്. പുരുഷൻ ജീവിച്ചിരിക്കുന്ന കാലത്തോളം പ്രൊഡക്ടീവ് ആണ്. അവന് സന്താനോൽപ്പാദന ശേഷിയുണ്ടാവും. ( ചില പുരുഷന്മാർക്ക് മുപ്പത്താറോ മുപ്പത്തെട്ടോ വയസ്സാകുമ്പോഴേക്കും ഉദ്ധാരണം നഷ്ടപ്പെടുന്നുണ്ട്. അവരിൽ ചിലർക്ക് ചെറിയ കുട്ടികളോട് വികാരം തോന്നാറുണ്ട്. അവരാണ് കുട്ടികളെ പീഢിപ്പിക്കുന്നത് . സ്ത്രീകൾക്ക് നാല്പത്തഞ്ചോ അമ്പതോ ആകുമ്പോഴേക്കും മാസമുറ -- കുട്ടികൾക്ക് ജന്മം നൽകാനുള്ള ശേഷി -- നഷ്ടപ്പെടാറുണ്ട്. ( ചില സ്ത്രീകൾ ഈ പ്രായം കഴിഞ്ഞും കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട് )
ലൈംഗിക ചോദനയാണ് പ്രണയത്തിന് പിന്നിൽ. അതുകൊണ്ടാണ് കാവ്യകാരന്മാർ ശൃംഗാരത്തിൻറെ സ്ഥായീ ഭാവം രതി ആണെന്ന് പറയുന്നത്. രതി കാമം തന്നെയാണ്. ശൃംഗാരം രതിസുഖത്തെ നൽകുന്നു. രതി സെക്സ് ആണ്. സെക്ഷ്വൽ പ്ലഷർ ആണ് ശൃംഗാരം. ശൃംഗാരത്തിലേക്ക് നയിക്കുന്ന ദാഹം ആണ് പ്രണയം . ഡിസയർ, അഫക്ഷൻ, ലവ് ,
(തുടരും )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ