2022 ഫെബ്രുവരി 27, ഞായറാഴ്‌ച

കൊണ്ടുവിട്ടേക്ക്.

ഒരു പഴയ കഥ. ഒരു പഴങ്കഥ.

ഈ കഥയിലെ തെറ്റുകുറ്റങ്ങളെല്ലാം ക്ഷമിക്കുക.

പറഞ്ഞല്ലോ,ഇതൊരു പഴങ്കഥ .

ക്ഷമിക്കുക 

പറഞ്ഞോട്ടെ .

ഇന്നേക്ക് കുറെ നാളുകൾക്ക് മുമ്പ് 

ഞാനൊരു ഡോക്ടറുടെ വീട്ടിൽ പോയി.

അതിനുമുമ്പും പോയിട്ടുണ്ട്.

പലവട്ടം പോയിട്ടുണ്ട്. ഡോക്ടർ ആ വീട്ടിൽ വന്നുകയറി താമസമാകുന്നതിനുമുമ്പും ആ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. 

ഭാർഗ്ഗവിയമ്മയെ അവിടെ കെട്ടിച്ചുകൊണ്ടുവന്നതാണ് കുമാരൻ.

കുമാരൻറെ വീടാണത്. സുലോചനയുടെയും മണിയുടെയും വീടാണത്. സുലോചനയുടേയും മണിയുടെയും കാലം മുതൽ ഞാനവിടെ പോയിട്ടുണ്ട്. 

സുലോചന ഡോക്ടറുടെ ഭാര്യയാകുന്നത് അതിനുശേഷമാണ്.

അതിനുശേഷവും ഞാൻ അവിടെ പോയിട്ടുണ്ട്.

ചിലപ്പോൾ അവിടെ താമസിച്ചിട്ടുമുണ്ട്.

അങ്ങനെയുള്ള ഞാൻ അവിടെ പോയി.

ഞങ്ങൾ വിശേഷങ്ങളും കഥകളും നാട്ടുകാര്യങ്ങളുമൊക്കെ , കേരളം ഇന്ത്യ , ലോകം അടക്കമുള്ള രാഷ്ട്രീയവുമെല്ലാം ചർച്ച ചെയ്ത് രസിച്ചു. അതൊക്കെ ഞങ്ങളുടെ പതിവ് രീതികളാണ്. അപ്പോൾ സുലോചന പറഞ്ഞു നീ ഇന്ന് പോകണ്ട . അപ്പോൾ മണി പറഞ്ഞു നീ ഇന്ന് പോകണ്ടാ. അപ്പോൾ ഡോക്ടർ പറഞ്ഞു നീ ഇന്ന് പോകണ്ടാ. ഓ , അല്ല. പോവാ , എന്ന് ഞാനും പറഞ്ഞു. 

ഞാൻ മുറ്റത്ത് തനിച്ച് നിൽക്കുമ്പോൾ രവി തൊട്ടിയുമെടുത്ത് വെള്ളം കോരാൻ തുടങ്ങി. പുതിയ വേലക്കാരൻ പയ്യൻ വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടായിരുന്നു. അവൻ അടുക്കളയിൽ നിന്നും വെള്ളം കോരാൻ പാത്രവുമെടുത്തു വന്നതുകൊണ്ട് അവൻ പുതിയ വേലക്കാരൻ പയ്യനാണെന്ന് മനസിലായി. അതൊരു പയ്യനാണെന്ന് ആരും പറയില്ല. കുളിച്ച് ക്രോപ്പ് ചെയ്ത മുടികോതി വെച്ചിരിക്കുന്നു. വെളുത്ത വട്ട മുഖത്ത് നെറ്റിയിൽ ഒരു പൊട്ട് തൊട്ടിരിക്കുന്നു. മാറുമറയ്ക്കാത്ത പെണ്ണിനെ പോലെ വലിയ ഉരുണ്ട മുലകൾ പ്രദർശിപ്പിച്ച് , നാണത്തിൽ കുതിർന്ന ചിരി സമ്മാനിച്ചുകൊണ്ട്, കവിളിൽ നുണക്കുഴികൾ വിടർത്തിക്കൊണ്ട് , അവൻ ശബ്ദം താഴ്ത്തി പറഞ്ഞു , ഇന്ന് പോകണ്ടാ. ഞാനൊന്നും പറഞ്ഞില്ല.

വൈകുന്നേരം പിന്നെയും സുലോചന പറഞ്ഞു , നീ ഇന്ന് പോകണ്ടാ. മണി പറഞ്ഞു നീ ഇന്ന് പോകണ്ടാ . ഡോക്ടർ പറഞ്ഞു , നീ ഇന്ന് പോകണ്ടാ. അതുകൊണ്ട് ഇന്ന് അവിടെ താമസിക്കാമെന്ന് ഞാനും തീരുമാനിച്ചു. 

കാര്യങ്ങൾ സംഭവരഹിതമാണ്. കഥയെന്ന് പറഞ്ഞാൽ മുഖം , പ്രതിമുഖം , ഗർഭം ഒക്കെ വേണോ ? അതൊക്കെ നാടകത്തിലല്ലേ വേണ്ടൂ? ആ  , എനിക്കറിയേലാ. അറിവില്ലായ്മയാണ് പരമാനന്ദം. അറിവ് ദുഖമാണുണ്ണീ. 

അന്ന് രാത്രി പത്ത് പത്തരയായപ്പോൾ എല്ലാവരും ഉറങ്ങാൻ കിടന്നു. ഞാൻ കിടന്ന മുറിയിൽ രവിയും വന്നു കിടന്നു. ദേ നല്ലൊരു ചരക്ക് പെണ്ണ് ഞാനുറങ്ങുന്ന മുറിയിൽ വന്നു കിടക്കുന്നു. ആ മുറിയിൽ ഞാനും അവനും മാത്രം. കതകടച്ച് കുറ്റിയിട്ടിരിക്കുന്നു . ജാനാലകളും അടച്ചിട്ടിരിക്കുന്നു. കുറേനേരം കാത്തു.എല്ലാരും ഒന്നുറങ്ങിക്കോട്ടേന്ന് വെച്ചു. പിന്നെ അവൻറെ കൂടെ ചെന്ന് കിടന്നു. അതവൻ പ്രതീക്ഷിച്ചിരുന്നതുപോലെ. 

രാവിലെ ഞാനെഴുനേറ്റപ്പോൾ അവനില്ല. രാവിലെ ഞാൻ കുളിച്ചൊരുങ്ങി ബസിൽ കയറുമ്പോഴും അവനെ കണ്ടില്ല. ഞാൻ ബസ് കയറി പോന്നു.

ബസിൽ ആണ് ഈ കഥയുടെ രണ്ടാം അങ്കം. എൻറെ ഷർട്ടിൻറെ പോക്കറ്റിൽ മുപ്പത്തെട്ട് രൂപ ചില്ലറയുണ്ടായിരുന്നു. അത് അതേപോലെയുണ്ട്. പാൻറ്സിൻറെ പോക്കറ്റിൽ മൂന്ന് നൂറ് രൂപാ നോട്ടുകളുണ്ടായിരുന്നു. അത് കാണാനില്ല. ബസ് ടിക്കറ്റിനുള്ളത് ഉണ്ടായിരുന്നതുകൊണ്ട് , ഞാൻ ബസിൽ നിന്നിറങ്ങിയില്ല. 

അതിൻറെ മൂന്നാം അങ്കം ഒരു ഡയലോഗ് ആണ്. ഞാൻ രാത്രിതാമസിച്ച ദിവസം ആ വീട്ടിൽനിന്ന് ഒരു തുക കാണാതായി. എത്രയെന്ന് പറയുന്നില്ല. ഒരു തുക കാണാതായി എന്നേ ഡോക്ടർ പറയുന്നുള്ളു. എന്നേ സുലോചന പറയുന്നുള്ളൂ. അവരൊന്നും വേറൊന്നും പറഞ്ഞില്ല. അവരുടെ വീട്ടിൽ ആശാരിപ്പണിക്ക് വന്ന ശശി ഇപ്പോൾ ഡോക്ടറുടെ അടുത്ത സുഹൃത്ത് ആയിരിക്കുകയാണ്. പണിയില്ലാത്തപ്പോഴെല്ലാം ഡോക്ടറുടെ  വീട്ടിലുണ്ടാവും. ശശിയുടെ ഒരു അഭിപ്രായപ്രകടനമാണ് മൂന്നാമങ്കം . വിരുന്നുകാരൻ വന്നുപോയപ്പോഴാണ് കാശ് കാണാതെ പോയത്. വീട്ടുകാരുടെ മൗനസമ്മതമില്ലാതെ ഇതുപോലൊരു പ്രസ്താവം നടത്താൻ അവന് ധൈര്യം വരുമോ ? ശശി ഇങ്ങനെപറഞ്ഞെന്നും പറഞ്ഞ് സുലോചന നടന്നു.

രവി എടുക്കൂല്ല. എവിടെയെങ്കിലും പൈസ ഇരുന്നാൽ രവി അതെടുത്ത് സുലോചനയുടെ കയ്യിൽ കൊണ്ട് കൊടുക്കും. എവിടെയാണിരുന്നതെന്നും പറയും. കടയിൽ വിട്ടാൽ , ബാക്കി കൃത്യമായി സുലോചനയുടെ കയ്യിൽ കൊണ്ടുക്കൊടുക്കും. ഒരു പൈസയുടെ വ്യത്യാസമില്ല. കള്ളം പറയില്ല. പിന്നെങ്ങനെ പൈസ പോയി !

ഭാർഗവിയെ കെട്ടിച്ച് കൊണ്ടുവരുമ്പോൾ മുതൽ അവരുടെ വീടിന്നയൽപക്കം ലീലാമ്മയുടെ വീടാണ്. അവർ നല്ല സഹകരണവും അടുപ്പവും ആണ്. ലീലാമ്മയുടെ മകൾ രാധാമണിയുടെ വിവാഹം കഴിഞ്ഞു. ഇനി രാധാമണിയുടെ ഇളയ ചെക്കൻ ഓമനക്കുട്ടൻ വീട്ടിലുണ്ട്. 

ഈയിടെയായി ഡോക്ടറുടെ വീട്ടിൽ പലതും മോഷണം പോകുന്നു. പണം പോകുന്നു. വിലപിടിപ്പുള്ള  സാധനങ്ങൾ പോകുന്നു.കപ്പ പറിച്ച് അരിഞ്ഞുണങ്ങിയ രാത്രിയിൽ പണിക്കാർ പോയിക്കഴിഞ്ഞ് കുമാരൻ വാച്ചഴിച്ച് അതും കുറച്ച് രൂപയും തലയിണക്കീഴിൽ വെച്ച് കിടന്നുറങ്ങി. നേരം വെളുത്തപ്പോൾ വാച്ചുമില്ല, രൂപയുമില്ല! എങ്ങനെ പോയി ? വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയാണ് . വാതിൽ തുറന്നിട്ടില്ല, പിന്നെയെങ്ങനെ ? ഓടിളക്കിയിട്ടില്ല. പിന്നെയെങ്ങനെ ?

ഡോക്ടർ ലയൺസ് ക്ലബ് മെമ്പർ ആണ്. സ്ഥലം എസ്‌ഐയും ലയൺസ് ക്ലബ് മെമ്പറാണ്. ആ പരിചയം വെച്ച് എസ ഐയോട് ഓമനക്കുട്ടനെ ഒന്ന് വിരട്ടണമെന്ന് ഡോക്ടർ എസ് ഐയോട് പറഞ്ഞു. അങ്ങനെ സ്ഥലത്തെ പോലീസുകാർ പരിസരത്തൊക്കെ വണ്ടിയിൽ ചുറ്റാൻ തുടങ്ങി. ഓമനക്കുട്ടനെ കണ്ടാൽ ഒന്ന് വിരട്ടും. ഓമനക്കുട്ടന് വേലയും കൂലിയുമില്ലല്ലോ, അവനാണ് മോഷണം നടത്തുന്നതെന്ന് സുലോചനയ്ക്കും ഡോക്ടർക്കും ഒരു സംശയം. 

ഓടിളക്കിയിട്ടില്ലല്ലോ, എന്ന് ശശി പറഞ്ഞതിനടുത്ത ദിവസം രാവിലെ കാണുന്നത് ഓടിളക്കി മാറ്റിവെച്ചിരിക്കുന്നതായാണ്. അപ്പോൾ ദേ വരുന്നു അടുത്ത ഇൻഫർമേഷൻ. വെളുപ്പിന് അഞ്ചരയ്ക്ക് ഓമനക്കുട്ടൻറെ വീട്ടിലേക്ക് ആരോ ഓടിപ്പോകുന്നത് കണ്ടു . രവിയാണ് അത് പറഞ്ഞത്. അതോടെ ഓമനക്കുട്ടൻ ദുഷ്ടകഥാപാത്രമായി. ലീലാമ്മയോട് ഡോക്ടർ പറഞ്ഞു. ചെറുക്കനെ ഇവിടെ നിർത്തിയെക്കണ്ടാ. എവിടെയെങ്കിലും പറഞ്ഞുവിട്. ഇല്ലെങ്കിൽ അവൻറെ ഭാവി പോക്കാ. 

ലീലാമ്മ ഓമനക്കുട്ടനെ ബോംബെയിൽ അവൻറെ അളിയൻറെ അടുത്തേക്ക് അയച്ചു. 

വീണ്ടും മോഷണം നടന്നില്ല. കാരണം ഉച്ച സമയത്ത് മുറ്റത്തിരുന്ന ഭാർഗ്ഗവിയമ്മയ്ക്ക് ബാധ കയറി. ഉച്ചത്തിൽ അലറിവിളിച്ച് വീടിനകത്തേക്ക് ഓടിക്കയറിയ ഭാർഗ്ഗവിയമ്മ പത്തായത്തിൻ കീഴിൽ നിന്ന് രവിയുടെ ഭാണ്ഡം വലിച്ച് പുറത്തിട്ടു. അതഴിച്ച് അതിലുള്ളതെല്ലാം പുറത്തിട്ടു. ദേ വരുന്നു , കുമാരൻറെ വാച്ച്. മോഷണം പോയ വിലപിടിപ്പുള്ള സാധനങ്ങൾ. രൂപാനോട്ടുകൾ വളരെയേറെ. 

അടുത്ത ദിവസം രവിയെ ഡോക്ടർക്ക് വീട്ടിൽ പണിക്ക് ഏർപ്പാട് ചെയ്ത ആശുപത്രി ജീവനക്കാരിയെ വിളിച്ച് , രവിയെ അവരെ ഏൽപ്പിച്ചു. അപ്പോൾ തുടങ്ങി അവൻ അവരെ ശല്യം ചെയ്യാൻ തുടങ്ങി. അവനുടൻ അവൻറെ വീട്ടിൽ പോകണം. ജോലിസമയം കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞിട്ട് അവൻ സമ്മതിക്കുന്നില്ല. അവൻ പറഞ്ഞു , ഇനിയും ഉണ്ട് വേറെ പൈസ.

അവർ ഡോക്ടറോട് വിവരം പറഞ്ഞു. ഡോക്ടർ പറഞ്ഞു, കൊണ്ടുവിട്ടേക്ക്.

 

 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ