2022 ഫെബ്രുവരി 27, ഞായറാഴ്‌ച

ഷീന

വിനിത സന്തോഷ് എഴുതുമ്പോൾ ആണ് ഷീന ആമി എന്നൊരെഴുത്തുകാരിയുണ്ടെന്ന് ഞാനറിയുന്നത്. ഷീന ആമിയുടെ ചുംബനത്തിൻറെ ഗന്ധം എന്ന കഥയെക്കുറിച്ചാണ് വിനിത പ്രതിലിപിയിൽ എഴുതിയിരിക്കുന്നത്. ആദ്യം ഞാൻ വിനിത എഴുതിയത് വായിച്ചു. അപ്പോൾ ഷീന ആമി എഴുതിയ ചുംബനത്തിൻറെ ഗന്ധം എന്ന കഥ വായിക്കാൻ ആഗ്രഹമുണ്ടായി. സാധാരണ പ്രതിലിപിയിലെ എഴുത്തുകാർ ആരും മറ്റൊരാളെ പ്രശംസിച്ച് എഴുതാറില്ല. 

ദയ എന്ന പെണ്ണിനോട് വിടുവായത്തം പറയുന്ന ഗൗതം എന്നൊരു ചെറുപ്പക്കാരൻ . ഓരോ ചുംബനത്തിനും ഓരോ ഗന്ധമാണെന്ന് അവൻ ദയ എന്ന സ്ത്രീയോട് പറയുന്നു. അവൻ അവളെയും ചുംബിച്ചിട്ടുണ്ട്. അവൻ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്ന ഓരോ പെണ്ണിനേയും ഉപയോഗിച്ച് വലിച്ചെറിയുകയാണെന്ന് ദയയ്ക്ക് അറിയാം. അങ്ങനെ ഒരു വിധിക്ക് സ്വയം സമർപ്പിക്കാൻ അവൾ തയാറല്ല. അവൾക്ക് അവനോട് അഭിനിവേശമുള്ളപ്പോൾ തന്നെ അവൾ അവനെ നിരസിക്കുന്നു. അതാണ് കഥ. ബാക്കി അനുബന്ധമാണ്. അനുബന്ധം ആയി ചേർത്തിരിക്കുന്നത് കൂടി പറയാം. അവൾ ഒരു സാഡിസ്റ്റിനെയാണ് വിവാഹം കഴിച്ചത്. അവൾ വേദനയിൽ പുളയുമ്പോൾ സന്തോഷം കണ്ടെത്തുന്ന ഒരു നരാധമനെ. അത് അവളുടെ പതനം. അവൻറെ -- ഗൗതമിൻറെ ജീവിതവും നന്നായില്ല. അതുമൊരു പതനം. അപ്പോൾ പോലും അവനെ നിരാശപ്പെടുത്താനും അതിൽ ആനന്ദം കണ്ടെത്താനുമാണ് അവൾ ആഗ്രഹിക്കുന്നത്. 

ഇതിലുൾക്കൊള്ളുന്ന സന്ദേശമെന്താണ് ? ഗൗതമിൻറെ വീഴ്ചയാണ് , അവൻറെ കാഴ്ചപ്പാടാണ് ദയയ്ക്ക് അവൻ അസ്വീകാര്യനായിത്തീരാൻ കാരണം. ഒരു പെണ്ണിൻറെ ചുംബനത്തിൽ എന്താണിത്ര ലഹരിയെന്നെനിക്ക് മനസിലാവുന്നില്ല. അവളുടെ അനേക കോടി ബാക്ടീരിയകൾ ജീവിക്കുന്ന തൊലിയിലാണോ സുഖം? തൊലിയ്ക്കടിയിലെ മാംസത്തിൻറെ സുഖമോ ? അവളുടെ ദഹനരസത്തിലാണോ സുഖമിരിക്കുന്നത് ? ഗൗതം അച്ചടക്കമുള്ളവനായിരുന്നെങ്കിൽ , അവളെ മാത്രം സ്നേഹിച്ചിരുന്നെങ്കിൽ , തീർച്ചയായും അവൾ അവനെ സ്വീകരിച്ചേനേ. അവൻ കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന പെൺകുട്ടികളെ മുഴുവൻ വളയ്ക്കാൻ നടക്കുന്നതുകൊണ്ട്, അവരെ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്നതുകൊണ്ട്, ദയ അവൻറെ പ്രണയം ( അത് പ്രണയമല്ല ) നിരസിക്കുകയാണ്. 

എന്നിട്ട് ദയ എന്ത് നേടി. ഒന്നും നേടിയില്ലെന്നും അവൾ ചെന്നുപെട്ടത് നരകക്കുഴിയിലാണെന്നും ഷീന നമ്മോട് പറയുന്നു. അവനും ജീവിതത്തിൽ പരാജയപ്പെട്ടു. 

അതേ , ജീവിതത്തിൽ ചില നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തണം. നമ്മൾക്ക് ആശ തോന്നാം. ആശിക്കുന്നതെല്ലാം നേടണമെന്ന ചിന്ത അരുത്. ആശിക്കുന്നവയിൽ നിന്ന് നമ്മൾ അർഹിക്കുന്ന ഒന്ന് മാത്രം തിരഞ്ഞെടുത്തിരുന്നെങ്കിൽ ഗൗതം ദയയോടൊപ്പം സന്തോഷമായി ജീവിച്ചേനെ, രണ്ടുപേരുടെയും ജീവിതം സന്തോഷമയമായി തീർന്നേനേ . 

ബഷീർ പണ്ട് രാത്രിയിൽ മതിൽ ചാടി ചുംബിക്കാൻ പോയ കഥ നിങ്ങളോർമ്മിക്കുന്നുണ്ടാവും. പാർട്ടി ഓഫീസിനടുത്ത വലിയ വീട്ടിലെ ജോലിക്കാരിയാണ് കഥാപാത്രം. രാത്രിയിൽ കാണാമെന്ന് അവർ സൂചന നൽകുന്നു. രാത്രിയിൽ മതിൽ വലിഞ്ഞു കയറി ചെന്ന് ചുംബിക്കാനടുക്കും നേരം അവൾ വായ് തുറന്നു. അവളുടെ വായ്‌നാറ്റം അസഹ്യമായിരുന്നു.   ഇപ്പോൾ ചുംബനത്തെ കുറിച്ച് പറഞ്ഞപ്പോൾ അതോർമ്മ വന്നു എന്ന് മാത്രം . 

ഷീനയുടെ മറ്റൊരു കഥയാണ് ദ്രൗപദി. ദ്രൗപദി ഒരു വേശ്യയായിരുന്നില്ലെന്ന് ഷീന തിരിച്ചറിയുന്നില്ല. അഥവാ ചിലർ പരിഹസിക്കുംപോലെ ദ്രൗപദിയെ വേശ്യയായി ഷീന കാണുന്നു. കഥ നമ്മൾക്കറിയുന്ന കഥ തന്നെ. വഞ്ചിതയായി , ചതിയിൽ പെട്ട് , കെണിയിൽ പെട്ട് വീണുപോയ ഒരു പെണ്ണ് വേശ്യയായി മാറുന്നു. അവൾ രോഗബാധിതയാകുന്നതോടെ വീണ്ടുമൊരിക്കൽക്കൂടി തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. എത്രയോ പെൺകുട്ടികളുടെ കഥയാണ് ഇത്. ഇതിൽ ഷീന പറയുന്നുണ്ട് , അയാൾക്ക് നൽകാൻ തന്നിൽ ഒന്നുമവശേഷിക്കുന്നില്ലെന്ന്! ഷീന എന്തബദ്ധമാണ് പറയുന്നത് ? പെണ്ണെന്നാൽ വെറും ശരീരമായി കാണുന്ന ഉപഭോഗസംസ്കാരത്തിൻറെ ആളാണോ ഷീന ? പെണ്ണെന്നാൽ കളങ്കപ്പെട്ടു പോകുന്ന ഒന്നാണോ ? ഉടഞ്ഞുപോകുന്ന ചില്ലുപാത്രമാണോ ?ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിന്ന് ഷീന ഇങ്ങനെയാണോ പെണ്ണിനെ കാണുന്നത് ? ഒരു പെണ്ണിന് നൽകാനുള്ളത് സ്നേഹമാണ്. അല്ലാതെ തുടയിടുക്കല്ല. അത് ഷീന , പുരുഷന്മാരെപ്പോലെ , തിരിച്ചറിയുന്നില്ല. ഇന്നത്തെ പുരുഷന്മാർക്ക് ഷീനയെക്കാൾ വിവരമുണ്ട്. അതുകൊണ്ടാണയാൾ , ആ കവി , അവളെ ഏറ്റെടുക്കുന്നത്. 

ഒരു പെണ്ണിൻറെ  മിഴിവുറ്റ  ജീവിതം പലഘട്ടങ്ങളിലൂടെ ഷീന  വരച്ചിട്ടു. 

ഷീനയിലെത്തിയത് വിനിതയിലൂടെ ആണ്. വനിതയുടെ കുറിപ്പിന് അഭിനന്ദനങ്ങൾ. ഒപ്പം ഇപ്പോൾ മാത്രം കണ്ടെത്തിയ ഷീന എന്ന എഴുത്തുകാരിക്കും അഭിനന്ദനങ്ങൾ. 

 

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ