ഹേമ മാലിനിയുടെ ന്യൂ ജെൻ ഭാര്യ വെറും തമാശ കഥയാണ്. ഭർത്താവിൻറെ അനിയത്തി പ്രസവിച്ചു. കുട്ടിയെ കാണാൻ പോകേണ്ടത് മര്യാദ. പക്ഷെ ഭാര്യ ഭർത്താവിനോടൊപ്പം നാത്തൂനെയും കുഞ്ഞിനേയും കാണാൻ ചെല്ലാൻ വിസമ്മതിക്കുന്നു. കാരണം എന്തെന്ന് അങ്ങോട്ട് പറയുന്നുമില്ല. ഭാര്യ ഊഞ്ഞാലിൽ കയറിയിരുന്ന് ആടുകയാണ്. വട്ടല്ല. അങ്ങനെ സംശയിക്കേണ്ട. ബ്യുട്ടി പാർലറിൽ പോകാൻ കഴിയുന്നില്ല, കാരണം സിമ്പിൾ. കൊറോണക്കാലം ആയതുകൊണ്ട് ബ്യുട്ടി പാർലറിൽ പോകാൻ കഴിയുന്നില്ല. ബ്യുട്ടി പാർലറിൽ പോയി സുന്ദരിയാകാതെ എങ്ങനെ മുനുഷ്യരുടെ മുഖത്തു നോക്കും ?
നമ്മുടെ നാട്ടിൽ ഇപ്പോൾ പെണ്ണുങ്ങൾക്ക് മാത്രമല്ല, ആണുങ്ങൾക്കും ബ്യുട്ടി പാർലറുകൾ ആയിട്ടുണ്ട്. ആയത് ഹേമ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോൾ എൺപത് കഴിഞ്ഞ പുരുഷന്മാർ മുടിയും മീശയും കറുപ്പിച്ച് ഷർട്ടും മുണ്ടുമായി മുപ്പത്തെട്ട് വയസുകാരായി ആണ് നടപ്പ്. അവരുടെ ഭാര്യമാരെ കണ്ടാൽ അറുപത് വയസ് തോന്നിക്കും . ഭാര്യയെക്കാൾ പത്തുവയസ് കൂടുതലുണ്ടായിരുന്നു അയാൾക്ക് വിവാഹസമയത്. ഇപ്പോൾ ഭാര്യയ്ക്ക് അയാളേക്കാൾ ഇരുപത്തിരണ്ട് വയസ് കൂടുതലാണ്. അങ്ങനെയിരിക്കെ ഭാര്യ മരിച്ചു. ആറുമാസമായപ്പോഴേക്കും അയാൾ രണ്ടാമത് വിവാഹം ചെയ്തു. ആളൊരുമിടുക്കാനാണ്. ഇപ്പോൾ ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹത്തിലെ കുട്ടികൾക്ക് കൊടുക്കാനുള്ളതൊക്കെ കൊടുത്തു കെട്ടിച്ചു പറഞ്ഞുവിട്ടു .
ഹേമ ചുറ്റിനുമുള്ള ജീവിതങ്ങൾ ശ്രദ്ധിക്കണം. സ്ത്രീകളെക്കാൾ പലപ്പോഴും ബാലിശമായി പെരുമാറുന്നത് പുരുഷന്മാരായിരിക്കാം. ചിലരോട് സംസാരിക്കാതിരിക്കുന്നതാണ് നന്ന്. പറഞ്ഞാൽ അവർക്ക് മനസിലാവില്ല. പെണ്ണുങ്ങൾക്ക് ബുദ്ധി കുറവാണെന്ന് വിശ്വസിക്കുന്ന ആണുങ്ങളുണ്ട്. ചില ആണുങ്ങൾക്ക് പെണ്ണുങ്ങളേക്കാൾ ബുദ്ധികുറവാണെന്നത് അനുഭവം.
ഹേമ മാലിനിയുടെ മധുവിധുകാലം എന്നൊരു ലേഖനമാണ് അടുത്തത് . ഹേമ പറയുന്നത് ഫാസ്റ്റ് ഫുഡ് പോലെയാണ് ഇന്നത്തെ ദാമ്പത്യം എന്നാണ്. പഴയകാലത്ത് ഒരു കൂട്ടുകുടുംബത്തിൽ പുതുതായി വിവാഹം ചെയ്തതുവന്ന യുവാവ് , ഭക്ഷണം മോശമെന്ന് പറഞ്ഞ് നിത്യവും കലഹം. കൊള്ളാത്ത ഭക്ഷണമെന്ന് ശകാരിച്ചുകൊണ്ട് ഭാര്യയെ കൊണ്ട് കഴിപ്പിക്കും. സമീപസ്ഥയായ ഒരു വൃദ്ധ യുവാവിനെ വിളിച്ച് ഗുണദോഷിച്ചപ്പോൾ അയാൾ പറയുകയാണ്, ചിലപ്പോൾ അവൾക്ക് ഭക്ഷണം കിട്ടാറില്ല, അതുകൊണ്ട് അവൾ കൂടി കഴിച്ചുകൊള്ളട്ടേ എന്ന് കരുതി മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള കൗശലമാണ് ഇതെന്ന്.
പഴയ കാലത്ത് ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിച്ചിരുന്നു , എന്ന് പറയുമ്പോൾ തന്നെ ഇന്നത്തെ കാലത്ത് ഭർത്താവും ഭാര്യയും തമ്മിൽ സ്നേഹമില്ലെന്നും , അവർ ഫാസ്റ്റ് ഫുഡ് പോലെ ഫാസ്റ്റ് ആയി കലഹിച്ച് പിരിയുന്നെന്നും ഹേമ സൂചിപ്പിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിൽ സൗഹൃദം ഉണ്ടാവണമെന്നും ഹേമ പറയുന്നു.
ഹേമ വിവാഹിത ആണോയെന്ന് എനിക്കറിയില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ളത് സൗഹൃദ ബന്ധമല്ല. സൗഹൃദങ്ങൾക്ക് ഒരു പരിധിയുണ്ട്. ആ പരിധി ലംഘിക്കപ്പെട്ടാൽ സൗഹൃദം തകരും.
ഭാര്യാ ഭർതൃ ബന്ധം ഒരു സൗഹൃദമല്ല . അത് കുടുംബബന്ധമാണ്. ഒരു കുടുംബത്തിൻറെ അടിസ്ഥാനഘടകമാണ് ഭാര്യയും ഭർത്താവും. ഇരുവരുടെയും സ്വകാര്യതയും , അവിടെ വലിയൊരളവിൽ ബലികഴിക്കപ്പെടുന്നു. സ്വകാര്യത പുലർത്താൻ ശ്രമിച്ചാൽ സംശയമുണരും. കുടുംബജീവിതം താളം തെറ്റും.
ഞാൻ ഏതായാലും ഈ വിഷയം അത്ര പഠിച്ചിട്ടില്ല. അതുകൊണ്ട് എഴുതുന്നില്ല. ഹേമയുടെ ഈ ലേഖനം തന്നെ ഫാസ്റ്റ് ആയിട്ടാണ് തോന്നിയത്. ഫാസ്റ്റ് ഫുഡ് പോലെ ഫാസ്റ്റ് ലേഖനം. അതിൻറെ പോരായ്മയുമുണ്ട്.
malayalam.pratilipi.com/user/hema-malini-fp4l99096z
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ