രജിതാ ജെർസൺ കൊച്ചിയിലാണ് വസിക്കുന്നത്. കൊച്ചിയോടെനിക്കിഷ്ടം കൂടും. അതിന് കാര്യമെന്താണെന്ന് ഞാൻ പറയില്ല. ഉഷാ ഉതുപ്പ് പാടിയിട്ടുണ്ട്, " ഐ ലവ് കൊച്ചിൻ , ബികോസ് മൈ ലവ് ഈസ് ഹിയർ !"
കൊച്ചിയെ സ്നേഹിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.
നമ്മൾക്ക് രജിതയിലേക്ക് വരാം . രജിത സ്ത്രീ സമത്വത്തെ കുറിച്ച് എഴുതിയിരിക്കുന്നു.
രജിത തുടക്കത്തിൽ പറയുന്നു , അവരൊരു ഫെമിനിനിസ്റ്റ് അല്ലെന്ന്. അതത്ര മോശമായ കാര്യമാണെന്ന് ഞങ്ങൾ പുരുഷന്മാർ ഇതേവരെ പറഞ്ഞിട്ടില്ല. ഇതാണ് സ്ത്രീകളുടെ ഒരുകുഴപ്പം. എപ്പോഴും ഒരു നാണം കുണുങ്ങൽ . ഉഷാ ഉതുപ്പിനെ പോലെ പാടാൻ രജിതയ്ക്ക് കഴിയില്ല. "എനിക്ക് പ്രേമമൊന്നുമില്ല " , എന്നൊരു ക്ഷമാപണം നടത്തിയിട്ടേ രജിത "ഐ ലവ് കൊച്ചിൻ " , എന്ന ഗാനം ആലപിക്കൂ.
ഇതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. തീർച്ചയായും. നമ്മളത് ചോദ്യം ചെയ്ത് കൂടാ.
നമ്മൾക്ക് സ്ത്രീസമത്വത്തെ കുറിച്ച് രജിത പറയുന്നതെന്തെന്ന് നോക്കാം.
രജിതയുടെ ലേഖനം വായിച്ചാൽ നമ്മൾ മനസിലാക്കുക , പുരുഷന്മാർ ആണ് യഥാർത്ഥ ഫെമിനിസ്റ്റുകൾ എന്നാണ്. കാരണം , സ്ത്രീ തുല്യത, അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയവയൊന്നും നമ്മുടെ ഭാരതത്തിൽ സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങളല്ല. ഇങ്ങനെയൊക്കെ വേണമെന്ന് സ്ത്രീകളാരും നാളിതുവരെ പറഞ്ഞിട്ടുകൂടിയില്ല. ഇതെല്ലാം പുരുഷന്മാരനുവദിച്ചുകൊടുത്തതും പുരുഷന്മാർ അവതരിപ്പിച്ച് പാസാക്കിയ നിയമങ്ങളനുസരിച്ചുമുള്ള അവകാശങ്ങളാണ്. അപ്പോൾ രജിത പറയുന്നത് പുരുഷന്മാരാണ് ഫെമിനിസ്റ്റുകൾ എന്നാണോ ?
സതി നിരോധിച്ചത് ആരാണ് ? അയ്യോ ഈ രജിത ഇങ്ങനെയൊക്കെ പുതിയ ചരിത്രമെഴുതാൻ ശ്രമിക്കുകയാണോ ? മഹാനായ അക്ബർ ചക്രവർത്തിയാണ് ഭാരതത്തിൽ സതി സമ്പ്രദായം നിരോധിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് അപ്രത്യക്ഷമായ തീണ്ടൽ എന്ന ദുരാചാരം , അടിയന്തിരാവസ്ഥയ്ക്ക് ശേഷം തിരികെ വന്നതുപോലെ , അക്ബർ ചക്രവർത്തിയുടെ കാല ശേഷം സതി എന്ന ദുരാചാരം തിരികെ വന്നു. ഇത് പിന്നീട് ബ്രിട്ടീഷുകാർ നിരോധിച്ചു. അതിന് പിന്നിൽ രാജാറാം മോഹൻ റോയിയെ പോലെ ചില പുരോഗമന വാദികൾ ഉണ്ടെന്നത് ശരി. ബ്രിട്ടീഷുകാർ നിയമ മൂലം സതി നിരോധിച്ചെങ്കിലും ആ നിയമം അത്ര കർക്കശമായി നടപ്പാക്കിയില്ല. നമ്മുടെ സ്വതന്ത്ര ഭാരതത്തിൽ പോലും സതി ആചരിക്കപ്പെട്ടിട്ടുണ്ട് !
രാജാറാം മോഹൻ റോയ് ഫെമിനിസ്റ്റാണോ എന്ന് രജിത പറയുന്നില്ല. സന്തോഷം.
സ്ത്രീകളെ അടിച്ചമർത്തുന്നത് മാത്രമേ രജിത കാണുന്നുള്ളൂ. ഇവിടെ ജനതയാകെ തന്നെ അടിച്ചമർത്തപ്പെടുന്നു. നമ്മുടെ ഭാരതീയ സംസ്കാരം അടിച്ചമർത്തലുകളുടെ സംസ്കാരമാണ്. നമ്മൾ അടിമകളുടെ രാജ്യമായി പോയത് അതുകൊണ്ടാണ്. മറ്റുജനതകൾ സ്വതന്ത്രരായിരുന്നു. അവർ സ്വാതന്ത്ര്യമനുഭവിച്ചു. നമ്മുടെ ജനത അടിമകളായിരുന്നു. സ്വാതന്ത്ര്യമെന്തെന്ന് അവരൊരിക്കലും അറിഞ്ഞില്ല. അതുകൊണ്ട് , അടിമകളുടേതായ നമ്മുടെ രാജ്യത്തെ കീഴടക്കാനും അടിമകളായി വെച്ചുകൊണ്ടിരിക്കാനും ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു. സ്വാതന്ത്ര്യത്തിനുവേണ്ടി പട്ടിണികിടക്കുകയും , ബ്രിട്ടീഷുകാർ പോയാൽ ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും എന്നാലോചിച്ചു ഭയന്ന് അവർ പോകാതിരിക്കാൻ വേണ്ടി സമരം പിൻവലിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരപോരാളികളുടെ നാടാണ് ഭാരതം.
നമ്മുടെ നാട്ടിലെ സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്‍നം വിവാഹവും ഭർത്താവും കുട്ടികളുമൊത്തുള്ള ജീവിതവുമാണ്. ഒന്നോ രണ്ടോ പെൺകുട്ടികൾ തലയും വാലുമില്ലാതെ തുള്ളിച്ചാടി നടക്കുന്നത് കണ്ടിട്ട് " ഹായ് ! അവരെ നോക്കൂ. അവർ പാറിപ്പറക്കുകയാണ് " എന്ന് ആഹ്ലാദത്തോടെ പറയാൻ വരട്ടെ, രജിത. അവരുടെ ശേഷം കഥ കൂടിയറിഞ്ഞിട്ട് രജിത ചിരിച്ചാൽ മതി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ