എഴുത്ത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഒരാൾ മനസിലാക്കുക , എഴുതിത്തുടങ്ങുമ്പോൾ ആണ്. ഒരു കടലാസും പേനയുമായി എഴുതാൻ കുത്തിയിരുന്നിട്ട് ഒന്നുമെഴുതാതെ സമയം നഷ്ടമായ അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടാവും. അതേ സമയം എഴുത്ത് തീവ്രമായ ഒരനുഭവമായും നിങ്ങളനുഭവിച്ചിട്ടുണ്ടാവും. അവിടെ കടലാസും പേനയുമില്ല. എഴുതാനുള്ള കാത്തിരിപ്പുമില്ല. എഴുതിനിർത്തുമ്പോൾ മാത്രമാണ് നിങ്ങളറിയുക, നിങ്ങൾ എഴുതിക്കഴിഞ്ഞു എന്ന്. വികാരാവേഗമാണ് എഴുത്തിനുപിന്നിലുള്ള ശക്തി.
ഞാൻ പ്രതിലിപിയിലേക്ക് വന്നത് മുൻപെന്നോ എഴുതിയ എൻറെ രചനകളുമായാണ്. അത് പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. പിന്നീട് നേരിട്ട് പ്രതിലിപിയിലേക്ക് ടൈപ്പ് ചെയ്തു തുടങ്ങി. അപ്പോൾ അവയിൽ പലതും എന്നെ നിരാശപ്പെടുത്തി. നമ്മളെ നിരാശപ്പെടുത്തുന്ന കുട്ടികളെ നമ്മൾ ഉപേക്ഷിക്കാറില്ലല്ലോ.
എനിക്ക് ചെറുകഥകളിലും , ഗദ്യകവിതകളിലുമായിരുന്നു കമ്പം. നീണ്ട തുടരൻ കഥകൾ എനിക്ക് വായിക്കുന്നതിനുള്ള മനസ്സാന്നിധ്യം കിട്ടാറില്ല. അപ്പോഴാണ് പ്രതിലിപി തുടരൻ കഥകളെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ഞാൻ തുടങ്ങിയപ്പോൾ നാല് കഥകളുമായി -- ഓ , ഇതെന്തെളുപ്പം ! എന്ന മട്ടിൽ -- ആരംഭിച്ചു. അവ നാലും തുടക്കത്തിൽ തന്നെ മുടങ്ങി, മുപ്പതിനപ്പുറം കടക്കാതെ രണ്ടെണ്ണം അടച്ചു പൂട്ടി. ബാക്കി രണ്ടെണ്ണത്തിൽ ഒന്നിൻറെ കഥ ഇപ്പോഴും മനസിലുണ്ട്. എഴുതാൻ പറ്റുന്നില്ല. കടലാസും പേനയുമായി കുത്തിയിരിക്കുംപോലെ. ഒരു കഥയുടെ തീം ഓർമ്മയുമില്ല. എഴുതി പൂർത്തിയാക്കിയവ വീണ്ടും മാറ്റിയെഴുതേണ്ടതുണ്ട്. നേരിട്ട് ടൈപ്പ് ചെയ്യുമ്പോഴുള്ള പരിമിതിയാണത്.
ഞാനിപ്പോൾ എന്തിനിതെല്ലാം പറയുന്നു, എന്നല്ലേ ? ആതിര പുഷ്പരാജ് അടക്കമുള്ള തുടരൻ കഥ എഴുത്തുകാരെ ഞാൻ അസൂയയോടെയാണ് കാണുന്നത്. പലരും സീരിയലുകൾ പോലെ നീണ്ടു നീണ്ടു പോകുന്ന കഥകളാണ് എഴുതുന്നത്. എല്ലാ ദിവസവും എഴുതുന്നവരുണ്ട്. ഇതെങ്ങനെ സാധ്യാമാകുന്നു എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ എഴുതുമ്പോൾ എന്തെഴുതിയാലും ഒരു മിനിറ്റിനുള്ളിൽ തീർന്ന് പോകും. പലരും മിനിറ്റുകളോളമാണ് എഴുതുന്നത്. എല്ലാ ദിവസവും.
അവരാണ് പ്രതിലിപിയിലെ യഥാർത്ഥ എഴുത്തുകാർ. അവർക്ക് അഭിനന്ദനങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ