2022 ഫെബ്രുവരി 21, തിങ്കളാഴ്‌ച

പൂക്കാത്ത ചെടികൾ

പൂക്കാത്ത ചെടികൾ ഞാനേറെ കണ്ടിട്ടുണ്ട്.പൂക്കുന്ന ചെടികളിൽ തന്നെ പലതും പൂക്കാത്ത ചെടികൾക്കൊപ്പം ആണ്.  ബോഗെയിൻ വില്ലയും , ചെമ്പരുത്തിയും , റോസും , മുല്ലയും ഒക്കെ പൂത്തിട്ട് എന്ത് കാര്യം ? ഒരു പൂവിൻറെ ധർമ്മം എന്താണ് ? ഫലമായി തീരണം , പൂവായി , കായ് ആയി , പഴമായി തീരണം. അല്ലെങ്കിൽ പൂക്കുന്നതെന്തിന് ?

പെണ്ണായാൽ പ്രസവിക്കണം. കുട്ടികളെ വളർത്തണം . അതല്ലെങ്കിൽ പിന്നെ ആണായി --- , ഇല്ലില്ല , ഞാനൊന്നും പറയുന്നില്ല. 

ഞാനാദ്യമൊരു പെണ്ണിനെ പ്രേമിച്ചു. ദേവ. ചക്കയാണെങ്കിൽ തുന്നിച്ച് നോക്കാം. പെണ്ണിനെ തുന്നിച്ച് നോക്കാൻ പറ്റുമോ ? ഹ , പാറപ്പാടൻ കരുണാകരൻ ചക്ക വിൽക്കാൻ ചന്തയിൽ കൊണ്ടുപോകുമ്പോൾ ഒരു സൂത്രപ്പണി ചെയ്യും. ചക്ക തുന്നിച്ച് വെയ്ക്കും. തുന്നിച്ചതിനുള്ളിൽ വിളഞ്ഞ ചക്കച്ചുള ഒരു കഷ്ണം തിരുകി വയ്ക്കും . ആളുകൾ വന്ന് ചക്ക തുന്നിച്ചിടം നോക്കും. നല്ല വിളഞ്ഞ ചക്ക ! കാശ് കൊടുത്ത് വാങ്ങിക്കൊണ്ടു പോകും. വീട്ടിൽ ചെല്ലുമ്പോൾ പൊട്ട് ചക്ക ! അപ്പോൾ തുന്നിച്ചു നോക്കിയിട്ടും സത്യം അറിയാൻ പറ്റില്ല. 

ഞാനാദ്യം പ്രേമിച്ച പെണ്ണ് അവളുടെ പ്രേമത്തെ കുറിച്ച് എന്നോട് പറഞ്ഞവളാണ്. എന്നോട് എൻറെ പ്രേമത്തെ കുറിച്ച് ചോദിച്ചവളാണ്. ഞങ്ങൾ പ്രേമത്തെ കുറിച്ച് പരസ്പരം പറഞ്ഞുപറഞ്ഞ് ഞങ്ങൾ പ്രേമത്തിലായി. ഞങ്ങളൊരേ പ്രായക്കാരായതുകൊണ്ട് , അവളെ നേരത്തേ കാലത്തേ കെട്ടിച്ച് വിട്ടു.  ഞാനും കരഞ്ഞു. അവളും കരഞ്ഞു. വിരഹം. വിരഹദുഃഖം. കണ്ണീർക്കടൽ. 

അവൾ പോയെന്ന് കരുതി നമ്മൾ കുറച്ച് കാലം മോങ്ങിക്കൊണ്ട് നടക്കും , എന്നല്ലാതെ , എന്നും കരഞ്ഞുവിളിച്ച് നടക്കില്ലലോ. കുറച്ച് കഴിഞ്ഞപ്പോൾ  ഞാൻ മറ്റൊരു പെണ്ണിനെ പ്രേമിച്ചു . അവളെന്നേയും. അവൾക്ക് എന്നെക്കാൾ പ്രായം കുറവായിരുന്നു. എങ്കിലും ഞങ്ങൾ പ്രേമത്തിലായതുകൊണ്ട് അവളെ നേരത്തേ കാലത്തേ കെട്ടിച്ച് വിട്ടു. വീണ്ടും വിരഹ ദുഃഖം . കണ്ണീർ, ഒക്കെ ആവർത്തനം. അവളും പോയി. 

രണ്ടാമത്തെ  വിരഹ ദുഖമൊക്കെ ഒന്ന് തണുത്തപ്പോൾ ആദ്യ കാമുകി അവളുടെ വീട്ടിൽ തിരികെയെത്തി. വിവാഹ മോചനം. മച്ചി. അവൾ അമ്മച്ചിയായില്ല. വെറും മച്ചിയായി. തിരികെ കൊണ്ടുവിട്ടു. എനിക്ക് തരാതെ വലിയ കേമമായി കൊമ്പത് കെട്ടിച്ച് വിട്ടതാണ്. ഇപ്പോൾ ബാക്ക് ഹോം. പഴയ സൗന്ദര്യം വെറും ഓർമ്മ. നിറം കെട്ട് , സൗന്ദര്യം  നഷ്ടപ്പെട്ട് അവൾ അവളുടെ വീട്ടിൽ ഉണ്ട് ഇപ്പോൾ. 

ഇപ്പോൾ രണ്ടാമത്തെ കാമുകിയും അവളുടെ വീട്ടിൽ തിരികെയെത്തിയിട്ടുണ്ട്. അതും പറയുന്നത് മച്ചിയാണെന്നാണ്. അവളെ കൂടുതൽ നിർത്തി വിഷമിപ്പിക്കാതിരിരുന്നത് കൊണ്ടാവാം, അവളുടെ നിറം കെട്ടിട്ടില്ല. അവളുടെ സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ല. 

അങ്ങനെ നമ്മുടെ രണ്ടുകാമുകിമാരും ഇപ്പോൾ ഫ്രീ ആണ്. എനിക്കൊരു രണ്ടാംകെട്ടിൻറെ  ആവശ്യം ഇല്ലല്ലോ. ഞാൻ  ഒരു മൂന്നാം പ്രേമത്തിനുള്ള ഒരുക്കത്തിലാണ്. ഏത് പെണ്ണ് എന്നെ പ്രേമിച്ചാലും അവളുടെ വിവാഹം പെട്ടെന്ന് നടക്കും. അവളുടെ വീട്ടുകാർ അവളുടെ വിവാഹം പെട്ടെന്ന് നടത്തിയിരിക്കും. വിവാഹം പെട്ടെന്ന് നടക്കണമെന്നുള്ളവർ എന്നെ സിംപ്ലി പേമിക്കുക . 

എനിക്ക് പ്രേമിക്കാനെ വിധിയുള്ളൂ. അവളെ വല്ലവരും കെട്ടിക്കൊണ്ടു പൊയ്ക്കോളും. വിവാഹം നടക്കാതെ നിൽക്കുന്ന പെൺകുട്ടികൾ ഉടനേ എന്നെ പ്രേമിച്ചുതുടങ്ങുക. നിങ്ങളുടെ വിവാഹം വീട്ടുകാർ പെട്ടെന്ന് നടത്തിത്തരുന്നതാണ്. 


എല്ലാവർക്കും വിവാഹ മംഗളാശംസകൾ !




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ