അങ്ങനെ പി കെ രാജമ്മയ്ക്കും സർക്കാരുദ്യോഗം കിട്ടി . ആറുമാസത്തേക്ക് സർക്കാർ ഉദ്യോഗസ്ഥ. ആറുമാസമെങ്കിൽ ആറുമാസം. പി കെ രാജമ്മ ഒരു ദരിദ്ര നായർ പെൺകൊടിയാകുന്നു. വയസ് ഇരുപത്തിരണ്ടേ ആയിട്ടുള്ളൂ. പത്താം ക്ലാസ് പാസായതുകൊണ്ട് ഗുണമില്ലെന്നാരു പറഞ്ഞു ? രാജമ്മയെ സ്‌കൂളിൽ പഠിപ്പിച്ച (?) സാർ എപ്പോഴും പറയുമായിരുന്നു , "പഠിച്ചിട്ടെന്തിനാ ? പഠിച്ചവർ ജോലി കിട്ടാതെ നടക്കുകയല്ലേ ? പിന്നെന്തിനാ പഠിക്കുന്നത് ?"
"പഠിച്ചിട്ട് ഗുണമൊന്നുമില്ലാത്തതുകൊണ്ടാവും സാർ എപ്പോഴും സംഘടനാ പ്രവർത്തനത്തിലായിരുന്നു. ഒരിക്കലും സാറിനെ ക്ലാസിൽ കണ്ടിട്ടില്ല. ചിലപ്പോഴൊക്കെ സംഘനാ പ്രവർത്തനമെന്നും പറഞ്ഞ് ചിലരോടൊപ്പം വന്ന് പ്രസംഗിച്ചിട്ട് അവരോടൊപ്പം പോകും. പഠിച്ചിട്ടാണ് സാറിന് ജോലി കിട്ടിയതെന്ന് പറയണമെന്ന് രാജമ്മയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കലും പറഞ്ഞിട്ടില്ല. അടുത്ത കൂട്ടുകാരിയോട് പറഞ്ഞ് രാജമ്മ തൻറെ ക്ഷോഭം അടക്കി. "നീ ആ സാറിനോട് ഇങ്ങനൊന്നും പറയേണ്ട , എന്ന് കൂട്ടുകാരി ഉപദേശിച്ചിരുന്നില്ലെങ്കിലും രാജമ്മ സാറിനോട് ഒന്നും പറയുമായിരുന്നില്ല. എവിടെ ചെന്ന് കണ്ടിട്ട് പറയാനാണ് !
ഏതായാലും പഠിച്ചതുകൊണ്ട് രാജമ്മയ്ക്ക് ഇപ്പോൾ സർക്കാർ ഓഫീസിൽ ക്ലർക്ക് ഉദ്യോഗം കിട്ടി. രാജമ്മ അങ്ങനെ രാജമ്മ സാറായി . ആളുകൾ വന്ന് മുന്നിൽ ഭവ്യതയോടെ നില്കുമോൾ രാജമ്മ സാറിന് ഒരു കനമൊക്കെ തോന്നി.ഒരു വിഷമം മാത്രം. ഈ സാർ ആറുമാസം കഴിഞ്ഞാൽ വെറും രാജമ്മ ആവും. എങ്കിലും ആപ്പീസിൽ ഇരിക്കുമ്പോൾ ആറുമാസത്തെ രാജാവാണെന്ന് ഓർമ്മവരില്ല. ആപ്പീസിൽ നിന്നിറങ്ങുമ്പോൾ ഉള്ളിലൊരു നീറ്റലാണ്. താൻ മാത്രം ആറുമാസം കഴിയുമ്പോൾ പോകണം. അപ്പോഴും ബാക്കിയുള്ളവരൊക്കെ ഇവിടെ തന്നെ കാണും. ഇപ്പോൾ രാജമ്മ സാറെന്ന് വിളിക്കുന്നവർ അപ്പോൾ കണ്ടാൽ അറിയണമെന്നില്ല. അതോർക്കുമ്പോൾ രാജമ്മയുടെ കണ്ണ് നിറയും. മുല്ലക്കൽ ഭഗവതിയുടെ മുന്നിലൂടെ പോകും. കാത്തോളണേ എന്ന് പ്രാർത്ഥിക്കും. അല്ലാതെന്ത് ചെയ്യാൻ ?
ആറുമാസ ആപ്പീസറായതുകൊണ്ട് രാജമ്മയ്ക്ക് ഡസ്പാച്ച് ആണ് കൊടുത്തത്. രാജമ്മ ആദ്യമായി ജോലിക്കയറിയതുകൊണ്ട് , ആറുമാസ സാറായതുകൊണ്ട് , കൃത്യം ഒൻപത് നാല്പത്തഞ്ചിനാപ്പീസിൽ കേറും. അഞ്ച് അഞ്ചിന് ആപ്പീസിൽ നിന്നിറങ്ങും. സ്ഥിരം സാറന്മാർ പത്തു പത്തര പത്തേമുക്കാൽ ഒക്കെ ആകുമ്പോൾ എത്തും. മാണി നാല്, നാലര, നാലേമുക്കാൽ ആകുമ്പോഴേക്ക് പോകും.
സെയ്ത് ഹുസ്സൈൻ കോയയും രാജമ്മയോടൊപ്പം ആറുമാസ സാറായ് കയറിയതാണ്. സെയ്ത് സാറിന് ആറുമാസം അല്ലേ ജോലിയുള്ളൂ . പിന്നെന്തിന് ആപ്പീസിൽ കയറണമെന്ന് മനസിലായില്ല. ആരെങ്കിലും ചോദിച്ചാൽ "ആറുമാസമല്ലേയുള്ളൂ " എന്നാണ് കോയയുടെ മറുപടി. അദ്ദേഹം വരുമ്പോൾ ആപ്പീസിൽ കയറി അതുവരെയുള്ള കോളത്തിലെല്ലാം ഒപ്പിടും . ശമ്പളം കൃത്യമായി സമയത്ത് വന്ന് വാങ്ങും. പിന്നെ കാണുന്നത് അടുത്ത ശമ്പളത്തിന്,
അങ്ങനെ കാലം കഴിയവേ , അസൂയ മൂത്ത സാറന്മാരും മേലാവികളും ആഹ്ലാദിച്ചു. കോയായുടെ ഒടുക്കത്തെ ശമ്പളം. ഒരുമാസം കൂടി കഴിഞ്ഞാൽ പറഞ്ഞു വിടാമല്ലോ. ഹുസ്സൈൻ കോയ തിരുവനന്തപുരത്ത് പോയി സമുദായ പാർട്ടി നേതാക്കളെയും പാർട്ടി മന്ത്രിയെയും കണ്ടു സങ്കടം ഉണർത്തിച്ചു. മന്ത്രിമാർ ഉണർന്ന് പ്രവർത്തിച്ചു. കോയയെയും കോയയോടൊപ്പം എംപ്ലോയ്‌മെന്റിൽ നിന്ന് താൽക്കാലികമായി നിയമിച്ചവരെയും സ്ഥിരപ്പെടുത്തിയിരിക്കുന്നു.
രാജമ്മയ്ക്ക് ഇതിൽപ്പരമൊരു സന്തോഷം വരാനുണ്ടോ ? ചാക്കോ പതിവായി രാജമ്മയോടൊപ്പം എവിജെ ജംക്ഷൻ വരെ വൈകിട്ട് നടക്കും. അപ്പോഴാണ് ചാക്കോയോട് രാജമ്മ തൻറെ വിഷമങ്ങളും ദുഖങ്ങളും പറയുന്നത്. സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നപ്പോൾ ചാക്കോ രാജമ്മയോട് പറഞ്ഞു. "സെക്രട്ടേറിയറ്റിൽ ഒരാളെ പരിചയമുണ്ടായിരുന്നു. ആദ്യമൊക്കെ പറ്റത്തില്ല എന്ന് തീർത്ത് പറഞ്ഞതാ. പിന്നെ ഞാൻ വിടുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ അത് ചെയ്തു.തന്നു " ചാക്കോ സാർ ഒരുകാര്യം കൂടി പറഞ്ഞു. "ഞങ്ങളുടെ പള്ളിയിൽ ഒരു നേര്ച്ച പറഞ്ഞിരുന്നു രാജമ്മയുടെ കാര്യം നടക്കാൻ. ഇനി അത് നടത്തണം " രാജമ്മ അത് വിശ്വസിച്ചു. തനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത ചാക്കോസാറിനോട് രാജമ്മയ്ക്ക് തീർത്താൽ തീരാത്ത കടപ്പാട് തോന്നി. നേർച്ചയ്ക്ക് എത്ര രൂപയെന്ന് ചോദിച്ചിട്ട് ചാക്കോച്ചൻ പറഞ്ഞില്ല. അതുകൊണ്ട് സ്ഥിരപ്പെടുത്തിയ ശേഷമുള്ള ആദ്യമാസത്തെ ശമ്പളം അതുപോലെ രാജമ്മ ചാക്കോച്ചന് കൊടുത്തു.
അവരങ്ങടുത്തു. ചാക്കോച്ചനെ കുറിച്ച് രാജമ്മ ഒന്നും അന്വേഷിച്ചില്ല. ചാക്കോച്ചന് രാജമ്മയെക്കുറിച്ച് എല്ലാമറിയാം. അങ്ങനെയിരിക്കെ, ഒരു ദിവസം രാജമ്മ അറിഞ്ഞു , ചാക്കോച്ചൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.
രാജമ്മ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്. രാജമ്മ വളരെ കരഞ്ഞു. ചാക്കോച്ചൻ പതിവുപോലെ വൈകിട്ട് ഒപ്പം നടന്നപ്പോൾ രാജമ്മ ചോദിച്ചു. "കല്യാണം കഴിച്ചതല്ലേ ?" "ഉവ്വ് " ചാക്കോച്ചൻ പറഞ്ഞു. "പിന്നെന്തിനാ എൻറെ കൂടെ നടക്കുന്നത് ?" "രാജമ്മയെ ഇഷ്ടമായത് കൊണ്ട് " "വേണ്ട " രാജമ്മ പറഞ്ഞു.
രാജമ്മ മിണ്ടാതായപ്പോൾ , രാജമ്മയുടെ മേശയുടെ ഡ്രായറിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചാക്കോച്ചൻറെ കുറിപ്പുകൾ. പിന്നെ രാജമ്മ മറുകുറിപ്പ് എഴുതി മേശ വലിപ്പിൽ ഇടാൻ തുടങ്ങി. കുറിപ്പും മറുകുറിപ്പുമായി ആ ബന്ധം വീണ്ടും വളർന്നു. ചാക്കോച്ചനെ സഹായിക്കാൻ രാജമ്മയല്ലേ ഉള്ളൂ. രാജമ്മയുടെ ജോലി സ്ഥിരപ്പെട്ടത് ചാക്കോച്ചൻ കാരണമല്ലേ. പിന്നെ പിന്നെ ആ പ്രേമമങ്ങു പൂത്തുവിരിഞ്ഞു. ചാക്കോച്ചൻറെ സുഹൃത്തിൻറെ മുകളിലുള്ള വിശ്രമ മുറിയിൽ ഉച്ചവിശ്രമവേളകളിൽ ചാക്കോച്ചനും രാജമ്മയും ഒത്തുകൂടി. ഒരുമിച്ച് കിടക്കയിൽ വിശ്രമിച്ചു. ഉച്ച നേരങ്ങളിൽ അവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു.
അതിയാൻറെ ഓരോ പൈസയുടെയും വരവും പോക്കും കൊച്ചു ത്രേസ്യയ്ക്ക് അറിയാമായിരുന്നു. അതിയാന് രണ്ടു ശമ്പളം വന്നുതുടങ്ങിയപ്പോൾ കൊച്ചുത്രേസ്യ എതിർക്കാൻ നിന്നില്ല.
രാജമ്മയുടെ ചിട്ടിപ്പണവും , പി എഫ് ലോണും ചാക്കോച്ചൻറെ വീട്ടിലേക്കൊഴുകി. രാജമ്മയുടെ ഏട്ടത്തിമാർ മിണ്ടാതെ ആയി. രാജമ്മ അവിവാഹിതയായി ജീവിച്ചു. ഒടുവിൽ ചാക്കോച്ചൻ വിരമിച്ചു. എങ്കിലും ചാക്കോച്ചൻ രാജമ്മയെ കാണാൻ വന്നുകൊണ്ടിരുന്നു. ചിട്ടിപ്പണവും പിഎഫു ലോണും വാങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ രാജമ്മയും വിരമിച്ചു. പിഎഫും കമ്യൂട്ടേഷനും ചാക്കോച്ചന് കൊടുത്തു. വീടും സ്ഥലവും വിറ്റ് അതും ചാക്കോച്ചന് കൊടുത്തു. എന്നിട്ട് രാജമ്മ വൃദ്ധസദത്തിലേക്ക് താമസം മാറി.
ഇത് രാജമ്മയുടെയും ചാക്കോച്ചൻറെയും പ്രേമ കഥ .ഇതാണ് യഥാർത്ഥ പ്രേമം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ