2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ഗാന്ധിയും ഗാന്ധിസവും --- ജീവിതം , ചരിത്രം , ദർശനം 2

1915 ജനുവരിയിൽ ഗാന്ധി ഇന്ത്യയിലെത്തി. തുടർന്നുള്ള മൂന്നുവർഷക്കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാതെ, യാതൊരു സംഘടനയിലും അംഗമാകാതെ, ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യസേവ ചെയ്തു. ബ്രിട്ടീഷ് പട്ടാളത്തിൽ ഇന്ത്യക്കാരെ ചേർത്തു .

ഒന്നാം ലോകയുദ്ധത്തിൽ ജർമ്മനിയ്ക്കെതിരെയുള്ള യുദ്ധത്തിൽ പത്തുലക്ഷം ഇൻഡ്യാക്കാർ ബ്രിട്ടീഷ് സേനയിൽ അംഗങ്ങളായി ജർമ്മനിക്കെതിരെ യുദ്ധം ചെയ്തു. 74187  ഇൻഡ്യാക്കാർ കൊല്ലപ്പെട്ടു. 67000 ഇൻഡ്യാക്കാർക്ക് പരിക്കേറ്റു.

1919 ൽ ബ്രിട്ടീഷുകാർ റൗലത്ത് നിയമം പാസാക്കി . ആരേയും വിചാരണയോ നിയമനടപടികളോ കൂടാതെ  അറസ്റ്റ് ചെയ്ത് രണ്ടുവർഷം  ജയിലിലടയ്ക്കാൻ ഇതനുസരിച്ച് ബ്രിട്ടീഷുകാർക്ക് കഴിയുമായിരുന്നു. യുദ്ധം കഴിയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിച്ച ഇന്ത്യക്കാരെ സ്വാഗതം ചെയ്തത് റൗലത്ത് നിയമം ആയിരുന്നു. മൊണ്ടേഗൂ ചെംസ്ഫോർഡ് പരിഷ്ക്കരണ നിർദേശങ്ങളിൽ പരിമിതമായ ഭാഗഭാഗിത്വം ഇന്ത്യക്കാർക്ക് നൽകാമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും അത് നടപ്പിലായില്ല.ഈ സാഹചര്യങ്ങളിൽ രാജ്യമാസകലം ജനങ്ങൾ ക്ഷുഭിതരായി. ഗാന്ധി ഏകദിന സമരം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. 1919 ഏപ്രിൽ 13 ആം തീയതി പ്രതിഷേധക്കാർ ജാലിയൻവാല മൈതാനത്തെക്ക് നീങ്ങി. വൈശാഖി ആഘോഷത്തിൽ പങ്കെടുക്കാനായി മറ്റൊരു സംഘവും ആ മൈതാനത്തേക്ക് നീങ്ങി. പുറത്ത് കടക്കാൻ ഒരേയൊരു വാതിൽ മാത്രമുണ്ടായിരുന്ന ആ മൈതാനത്തേക്ക് ജനറൽ ഡയർ സൈന്യത്തെ നയിച്ചു . വാതിലിലൂടെ അകത്തേക്ക് കടന്ന അവർ യാതൊരു മുന്നറിയിപ്പും കൂടാതെ വെടിക്കോപ്പുകൾ തീരുന്നതുവരെ ജനങ്ങൾക്ക് മേൽ വെടിവെച്ചുകൊണ്ടേയിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പടെ പതിനായിരക്കണക്കിന് ആളുകളുണ്ടായിരുന്നു ആ സമയത്ത്. നൂറുകണക്കിന് ആളുകൾ വെടിയേറ്റു മരിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് മുറിവേറ്റു. വെടിക്കോപ്പുകൾ തീർന്നയുടൻ  ജനറൽ ഡയർ  സേനയോടൊപ്പം അവിടം വിട്ടു പോയി. ഈ സംഭവത്തോട് ഗാന്ധി ആദ്യം പ്രതികരിക്കാൻ വിമുഖത കാട്ടിയെങ്കിലും പിന്നീട്അവിടെ സൈനിക നിയമം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളെ പരസ്യമായി തല്ലിച്ചതയ്ക്കാൻ ആരംഭിച്ചതോടെ ഗാന്ധി സത്യാഗ്രഹ സമരമാരഭിച്ചു. 

ചമ്പാരൻ സത്യാഗ്രഹം  (ഏപ്രിൽ , 1917 )ബീഹാറിലെ ചമ്പാരനിലെ ജന്മിമാർ യൂറോപ്യൻമാർക്ക് നീലം കൃഷിക്ക് സ്ഥലമനുവദിച്ചു . ഇവർ ചമ്പാരനിലെ കർഷകരിൽ നിന്ന് അന്യായമായും നിയമവിരുദ്ധമായും പാട്ടം വാങ്ങുകയും 20 ൽ 5 ഭാഗത്ത് നീലം നിർബന്ധപൂർവ്വം  നീലം കൃഷിചെയ്യിക്കുകയും ചെയ്തു. എന്നാൽ നീലത്തിന് ന്യായവില നൽകാൻ അവർ തയാറായിരുന്നില്ല. പ്രദേശത്ത് സിവിലും ക്രിമിനലുമായ തർക്കങ്ങളിൽ  തീരുമാനങ്ങൾ ഇവരാണ് എടുത്തിരുന്നത്. ജെർമ്മൻകാർ കൃത്രിമ ചായങ്ങൾ കണ്ടുപിടിച്ചതോടെ അവർ നീലത്തിന്റെ വില കുത്തനെ കുറയ്ക്കുകയും കൂടുതൽ പാട്ടം ആവശ്യപ്പെടുകയും ചെയ്തു. ചമ്പാരനിലെ കർഷകരുടെ ജീവിതം ദുരിതപൂർണ്ണമായ ആ സമയത്താണ് ഗാന്ധി അവിടേക്ക് ക്ഷണിക്കപ്പെട്ടത്. ഒരു സംഘം പ്രശസ്തരായ അഭിഭാഷകരാൽ അനുഗതനായി ഗാന്ധി അവിടെ എത്തി. ജനങ്ങളുടെ നിരക്ഷരതയും അജ്ഞതയുമാണ് പ്രശ്നങ്ങളുടെ അടിത്തട്ടിൽ എന്ന് മനസിലാക്കിയ ഗാന്ധി അവിടെ മൂന്ന് സ്‌കൂളുകൾ തുറന്നു. ഭൂ ഉടമകൾക്കെതിരെ നടത്തിയ സമരങ്ങളുടെ ഫലമായി സർക്കാരും ഭൂഉടമകളും കർഷകരുമായി ധാരണയിൽ എത്തുകയും ക്ഷാമകാലം കഴിയുന്നതുവരെ എല്ലാ നികുതി വർദ്ധനകളും ഒഴിവാക്കുകയും , വർദ്ധിച്ച നഷ്ടപരിഹാരം നൽകുകയും, എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കർഷകർക്ക് നൽകുകയും ചെയ്തു.

ചമ്പാരനിലെ  ദരിദ്രരായ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് താൽക്കാലികമായെങ്കിലും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തതോടെയാണ് ഗാന്ധിയുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ചമ്പാരനിലെ സത്യാഗ്രഹകാലത്താണ് ഗാന്ധി "ബാപ്പു ", "മഹാത്മാ " എന്നീ പേരുകളിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒരു വസ്ത്രം മാത്രം ധരിക്കുന്ന തീരുമാനം ഗാന്ധി എടുത്തതും ഇവിടെ വെച്ചാണ്.ചമ്പാരനിലെ വിജയം ഇന്ത്യയൊട്ടുക്കുമുള്ള ജനങ്ങളിൽ ഗാന്ധിയെ കുറിച്ച് മതിപ്പുളവാക്കി.  കോൺഗ്രസ് എന്ന ജനങ്ങളുമായി ബന്ധമില്ലാത്ത ,ഇന്ത്യയിലെ  ഉപരിവർഗ്ഗ ബുദ്ധിജീവിപ്രസ്ഥാനം ഒരു പിടി മാന്യന്മാരായ പ്രാസംഗികരുടെ സംഘടന   ഒരു ജനകീയ പ്രസ്ഥാനമായി മാറുന്നത് ഗാന്ധിയുടെ ചമ്പാരനിലെ പ്രവർത്തനങ്ങളോടും സമരങ്ങളോടും കൂടിയാണ്.

നിസഹകരണ സമരം ( സെപ്തംബർ 1920 --ഫെബ്രുവരി 22 )ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടന് നൽകിയ പിന്തുണയ്ക്ക് പകരമായി മോണ്ടെഗു - ചെംസ്‌ഫോർഡ് റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കോൺഗ്രസ് നേതാക്കളെ നിരാശപ്പെടുത്തിക്കൊണ്ട് റൗലത്ത് നിയമമാണ് ബ്രിട്ടീഷുകാർ സമ്മാനിച്ചത്. റൗലത്ത് നിയമത്തിനെതിരായ പ്രക്ഷോഭം നാടെങ്ങും നടന്നു. അമൃത്‌സറിലെ ജാലിയൻവാലാ ബാഗ് മൈതാനത്ത് നടന്ന കൂട്ടക്കൊലയും തുടന്നുണ്ടായ മർദ്ദനങ്ങളുമായിരുന്നു ബ്രിട്ടീഷുകാരുടെ മറുപടി. ഇതിനെത്തുടർന്ന് ഗാന്ധി നിസഹകരണ സമരം ആരംഭിച്ചു. മുസ്‌ലിം നേതാക്കളുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനം നടക്കുന്ന സമയമായിരുന്നു അത്. തുർക്കിക്കെതിരായ  ബ്രിട്ടീഷ് നടപടികളോടുള്ള പ്രതിഷേധമായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. ഗാന്ധി ഖിലാഫത് പ്രക്ഷോഭത്തിന്‌ പിന്തുണ നൽകി. നിസഹകരണ -- ഖിലാഫത്ത് പ്രക്ഷോഭങ്ങൾ ഒരുമിച്ച് നടത്തപ്പെട്ടു. ഇത് ഹിന്ദു- മുസ്‌ലിം ഐക്യത്തിന് കാരണമായി. 

ബ്രിട്ടണ് ഇന്ത്യയിൽ തുടരാനാകാത്ത സാഹചര്യമുണ്ടായി. ആ സമയത്ത് , 1922 ഫെബ്രുവരിയിൽ ആരുമായും ആലോചിക്കാതെ ഗാന്ധി പെട്ടെന്ന് സമരം പിൻവലിച്ചു. "ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയാൽ ഭാരതം അന്ധകാരത്തിൽ പതിക്കുമെന്ന് ഗാന്ധിക്ക് ഉണ്ടായ തോന്നലായിരുന്നു അത്രേ സമരം പിൻവലിക്കാൻ ഗാന്ധിയെ നിർബന്ധിതനാക്കിയത് !വീണ്ടും ഇരുപത്തഞ്ച് വർഷം കൂടി ഭാരതത്തെ ഭരിക്കാനും കൊള്ളചെയ്യാനും ബ്രിട്ടീഷുകാരെ സഹായിച്ചത് ഗാന്ധിയായിരുന്നു ! ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധി നൽകിയ പിന്തുണയും അകാരണമായി , അപ്രതീക്ഷിതമായി പിൻവലിക്കപ്പെട്ടു . ഇത് മുസ്‌ലിം സമുദായത്തിലുണ്ടാക്കിയ അരക്ഷിത ബോധം ഹിന്ദു - മുസ്‌ലിം ഭിന്നതയായി വളർന്ന് 1947 ൽ ഭാരതവിഭജനത്തിന് കാരണമായിത്തീരുകയും ചെയ്തു.

ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ  വിദ്യാസമ്പന്നരും മാന്യന്മാരുമായ ഇൻഡ്യാക്കാർക്ക് ചില ആനുകൂല്യങ്ങൾക്കായി സമ്മർദ്ദം ചെലുത്തിയിരുന്ന കോൺഗ്രസുകാരിൽ നിന്നും ഭിന്നമായി ബ്രിട്ടീഷ് ഭരണത്തിൽ നിന്നും , ഇന്ത്യയിലെ മേലാള വർഗ്ഗത്തിൽ നിന്നും മോചനം നേടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച കമ്യൂണിസ്റ്റുകാർ ആണ് ബ്രിട്ടൻ ഇന്ത്യ വിട്ടുപോകണമെന്ന്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തത്. കോൺഗ്രസിലെ ഇടതുപക്ഷവും കോൺഗ്രസിൽ നിന്ന് പ്രവർത്തിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഈ മുദ്രാവാക്യങ്ങൾ കോൺഗ്രസിൻറെ വേദികളിൽ ഉയർത്തി. പെഷവാർ ഗൂഡാലോചനക്കേസ് (1922 ), കാൺപൂർ ഗൂഡാലോചനക്കേസ് (1924 ), കക്കോരി ഗൂഡാലോചനക്കേസ് (1925 ), മീററ്റ് ഗൂഡാലോചനക്കേസ് (1929  ), തുടങ്ങിയവ കമ്യൂണിസ്റ്റുകൾക്കെതിരെ ബ്രിട്ടീഷ് സർക്കാർ എടുത്ത നടപടികളാണ്. 1924 സെപ്റ്റംബർ 1 നു സി പി ഐ സ്ഥാപിതമായി. 

കോൺഗ്രസ് മാന്യന്മാരായ ആളുകളുടെ പ്രസ്ഥാനമായിരുന്നു. അവർ ഇംഗ്ലണ്ടിൽ നിന്നും വിദ്യാഭ്യാസം നേടുകയും അവിടെ ബ്രിട്ടീഷ് ജനങ്ങളുമായി അടുത്തിടപെടുകയും ചെയ്തവരായിരുന്നു. എന്നാൽ അവർക്ക് ബ്രിട്ടനിൽ ലഭിച്ച സ്വാതന്ത്ര്യമോ ആനുകൂല്യങ്ങളോ ബ്രിട്ടീഷ് ഭരണത്തിലുള്ള ഇന്ത്യയിൽ ലഭിച്ചില്ല. അവർ ഇതിൽ അസഹിഷ്ണുക്കളായിത്തീർന്നു. നെഹ്‌റു ബ്രിട്ടണിൽ നിന്നും തിരികെയെത്തിയത് തനി യൂറോപ്പ്യൻ ആയിട്ടാണ്. ഇന്ത്യയിൽ തിരികെയെത്തിയ നെഹ്‌റു ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ക്ലബിൽ അംഗത്വത്തിനപേക്ഷിച്ചു. കോളണികളിലെ തദ്ദേശീയരായ ആളുകളെ അകറ്റി നിർത്തുക എന്നതായിരുന്നു  കോളനികളിലെ ബ്രിട്ടീഷ് നയം. ഇതുകാരണം നെഹ്രുവിന് അംഗത്വം നൽകാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിൽ ക്ഷുഭിതനായാണ് നെഹ്‌റു കോൺഗ്രസിൽ അംഗത്വമെടുത്തത്. ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ച മാന്യന്മാരായ ഇൻഡ്യാക്കാർ ഇങ്ങനെയാണ് കോൺഗ്രസിൽ ചെന്നുപെട്ടത്. അവർ ബ്രിട്ടീഷുകാരിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ മാത്രമാണ് ആഗ്രഹിച്ചത്. കോൺഗ്രസ് ഒരിക്കലും സ്വാതന്ത്ര്യം ലക്ഷ്യമായി അംഗീകരിച്ചിരുന്നില്ല.1946 ൽ പോലും അവർ ഡൊമീനിയൻ പദവി മാത്രമാണ് ആവശ്യപ്പെട്ടത്. താൽകാലിക സർക്കാരിൽ മൗണ്ട് ബാറ്റൻപ്രഭു പ്രധാനമന്ത്രിയും നെഹ്‌റു ഉപപ്രധാനമന്ത്രിയുമായിരുന്നു. 1947 ൽ ഇന്ത്യ  സ്വതന്ത്രമായതിനു ശേഷവും ജിന്ന പാക്കിസ്ഥാൻറെ ആദ്യ ഗവർണർ ജനറൽ ആയപ്പോൾ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയത് ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു തന്നെയായിരുന്നു എന്നും, ഇന്നും ഒരു വലിയ മുറിവായി അവശേഷിക്കുന്ന കാശ്മീർ പ്രശ്‍നം അതിൻറെ ( സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയ ബ്രിട്ടീഷുകാരൻ മൗണ്ട് ബാറ്റൺ പ്രഭു എടുത്ത തീരുമാനങ്ങൾ ) ഫലമാണെന്നും നാം അറിയണം. സതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ബ്രിട്ടനിൽ പോയി നടത്തിയ പ്രസംഗത്തിൽ ഇന്ത്യ ബ്രിട്ടീഷ് കോമൺവെൽത്തിൽ തുടരുമെന്ന പ്രസ്താവന കോൺഗ്രസ് മനോഭാവം വ്യക്തമാക്കുന്നു.  

എന്നാൽ ഇവരിൽ നിന്ന് ഭിന്നരായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റുകൾ. കമ്യൂണിസ്റ്റ് ബന്ധമുള്ള കോൺഗ്രസ് നേതാവായിരുന്നു ബാലഗംഗാധര തിലക്. ആദ്യകാല കമ്യൂണിസ്റ്റുകൾ കോൺഗ്രസിൽ നിന്നാണ് പ്രവർത്തിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്നും ഇന്ത്യ സ്വതന്ത്രമാകണമെന്നും ആഗ്രഹിക്കുകയും അതിനായി സമരം നടത്തുകയും , അതിനാൽ ബ്രിട്ടീഷുകാർ നിരോധിക്കുകയും ചെയ്ത ഒരേയൊരു പ്രസ്ഥാനമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാക്കൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.അവർ ഇന്ത്യയിലെത്തുകയും തൊഴിലാളി കർഷക വിഭാഗങ്ങൾക്കിടയിൽ സി പി ഐ ഒരു പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിൽ സഹായിക്കുകയും ചെയ്തു. 1928 ആയപ്പോഴേക്കും ട്രേഡ് യൂണിയൻ രംഗത്ത് സ്വാധീനമുറപ്പിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് കഴിഞ്ഞു. 

ഗാന്ധി അപ്രതീക്ഷിതമായി , തികച്ചും അകാരണമായി , ആരോടും ആലോചിക്കാതെ സമരം പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ നിരാശയുണ്ടായി. അവർ സ്വതന്ത്രമായി  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കാൻ നിശ്ചയിച്ചു. ചന്ദ്രശേഖർ 'ആസാദ് ', ഈ ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ  ആർമി ( ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ ) രാജ്ഗുരു, സുഖ്‌ദേവ്, വടകേശ്വർ , ഭഗത് സിങ് എന്നിവർ ഈ സംഘടനയിൽ നിന്ന് പ്രവർത്തിച്ചവരാണ്. കോൺഗ്രസിൻറെ  സമരങ്ങൾ 'ഒത്തുതീർപ്പ് സമരങ്ങളാണെന്ന്' , സ്വാതന്ത്ര്യം നേടുന്നതിന് കോൺഗ്രസിനും ഗാന്ധിക്കും കഴിയില്ലെന്നും അവർ വിശ്വസിച്ചു. സ്വാതന്ത്ര്യാനന്തരം ഒരു സോഷ്യലിസ്റ്റ് ഇന്ത്യ അവർ വിഭാവനം ചെയ്തു.

1928 ൽ ഭാവി ഇന്ത്യയ്ക്ക് ഒരു ഭരണഘടന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാക്കി. ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം , (ബ്രിട്ടീഷ് അധീശത്വത്തിൽ നിന്ന് പൂർണ്ണ മോചനം ), വ്യവസായങ്ങളുടെ ദേശസാൽക്കരണം, നഷ്ടപരിഹാരം നൽകാതെ സമീന്ദാർമാരിൽ നിന്നും വൻകിട ഭൂ ഉടമകളിൽ നിന്നും ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യൽ ഒരു സോഷ്യലിസ്റ്റ് സർക്കാരിൻറെ സ്ഥാപനം, തൊഴിൽ അവകാശമാക്കൽ, എല്ലാവർക്കും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കൽ , മർദ്ദക, കരിനിയമങ്ങൾ ഒഴിവാക്കൽ എന്നിവയായിരുന്നു ആ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങൾ . 

1928 ൽ കോഗ്രസിനുവേണ്ടി നെഹ്‌റു തയാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് ഡൊമീനിയൻ പദവി മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്ന് കൂടി നാം കാണണം. 

1928 ൽ ലാഹോറിൽ നടന്ന ഒരു പ്രകടനത്തിനിടെ ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടു. ഗാന്ധിയുടെ അഹിംസാ കോൺഗ്രസിലായിരുന്നു ലാലാ ലജ്പത് റായ് പ്രവർത്തിച്ചിരുന്നതെങ്കിലും , അദ്ദേഹത്തിൻറെ മരണത്തിന് കാരണക്കാരനായ  ബ്രിട്ടീഷ് പോലീസ് മേധാവിയെ വധിക്കാൻ നടത്തിയ ശ്രമത്തിൽ സാൻഡേർസ് എന്ന  ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനാണ് വധിക്കപ്പെട്ടത്. 1929 ൽ ഡിഫൻസ് ഓഫ് ഇന്ത്യ നിയമത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാർലിമെൻറ് ഹാളിൽ ബോംബെറിഞ്ഞു.ധീരരായ യുവാക്കൾക്ക് രക്ഷപെടാൻ കഴിയുമായിരുന്നു എങ്കിലും അവർ മുദ്രാവാക്യം മുഴക്കി അവിടെത്തന്നെ നിന്നു . ഭഗത്‌സിംഗ് , രാജ് ഗുരു, സുഖ്‌ദേവ് എന്നീ ധീരരായ യുവാക്കൾ ഇന്ത്യയുടെ ഹൃദയം കവർന്നു. 1931 മാർച്ച് 23 ന്  ആ ധീരരായ യുവാക്കളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി. ബ്രിട്ടീഷുകാർക്കെതിരെ അക്രമം പ്രവർത്തിച്ച ആ യുവാക്കളുടെ ജീവൻ രക്ഷിക്കാൻ ഗാന്ധിയും കോൺഗ്രസും യാതൊന്നും ചെയ്തില്ല.

ഇന്ത്യയിൽ ശക്തിപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി , ബ്രിട്ടീഷുകാരിൽ പരിഭ്രാന്തി വളർത്തി. 1929 ൽ എം എൻ റോയ് ഉൾപ്പടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ മീററ്റ് ഗൂഡാലോചന കേസ് ചുമത്തി. ഇതേ വർഷം (1929 ) കോൺഗ്രസുമായുള്ള സഹകരണം , അതിൽ അംഗമാകുന്നതുൾപ്പടെ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അവസാനിപ്പിച്ചു. ഗാന്ധിക്കും കോൺഗ്രസിനുമെതിരായ നിലപാടുകൾ പാർട്ടി സ്വീകരിച്ചു.

ഉപ്പു സത്യാഗ്രഹം (1930 ) നിസഹകരണ സമരം അപ്രതീക്ഷിതമായി പിൻവലിച്ചതിനെ തുടർന്ന് ജനങ്ങൾ തന്നിൽനിന്നകന്നുപോകുന്നത് ഗാന്ധി മനസിലാക്കി. അവർ തന്നെ വിട്ട് , ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ പങ്കെടുക്കുന്നത് കണ്ട ഗാന്ധി തൻറെ ജനപിന്തുണ നിലനിർത്താൻ തികച്ചും ആകസ്മികമായി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചു. 

ഇന്ത്യയിൽ സാമ്പത്തിക തകർച്ചയുടെ ഫലമായി ആത്മഹത്യകൾ പെരുകുകയും ആളുകൾ മോഷണത്തിലേക്കും വ്യഭിചാരത്തിലേക്കും തിരിയുകയും ചെയ്ത , ജനജീവിതം ദുഷ്കരമായിത്തീർന്ന സാഹചര്യത്തിലാണ് ഗാന്ധി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചത്. ഉപ്പ് എല്ലാ വിഭാഗം ജനങ്ങൾക്കും - പണക്കാരനും ദരിദ്രനും , ഹിന്ദുവിനും മുസ്ലീമിനും -- ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. ജനങ്ങളെ തന്നോടൊപ്പം നിർത്തുന്നതിന്   ഉപ്പിലൂടെ ഗാന്ധി ശ്രമിച്ചു.

 ബ്രിട്ടീഷുകാർ ഉപ്പിനുമേൽ കുത്തക സ്ഥാപിക്കുകയും അമിത നികുതി ചുമത്തുകയും ചെയ്തിരുന്നു. ഇൻഡ്യാക്കാർ ഉപ്പുണ്ടാക്കുന്നത് നിരോധിച്ചിരുന്നു, അമിത നികുതി കാരണം വർദ്ധിച്ച വില നൽകി ഉപ്പു വാങ്ങുന്നതിനു ഇൻഡ്യാക്കാർ നിർബന്ധിതരായിരുന്നു . ഇത് പലപ്പോഴും പ്രതിഷേധ സമരങ്ങൾക്ക് ഇടയാക്കിയിരുന്നു ബ്രിട്ടീഷ് ഭരണകാലം മുഴുവനും ഇത്തരം പ്രതിഷേധങ്ങൾ നടന്നിരുന്നു. 

നിയമ ലംഘനത്തിനും നിസഹകരണത്തിനും ഗാന്ധി ഉപ്പിനെ മറയാക്കി. താൻ നിയമം ലംഘിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് ഗാന്ധി തൻറെ ആശ്രമത്തിൽ നിന്നും ദണ്ഡി  കടപ്പുറത്തേക്ക് 1930  മാർച്ച് 12 നു  സാവകാശം നടക്കാനാരംഭിച്ചു ഏപ്രിൽ 6 നു അദ്ദേഹം കടപ്പുറത്തെത്തി കടൽ വെള്ളമെടുത്ത് കുറുക്കി ഉപ്പുണ്ടാക്കി നിയമലംഘനം നടത്തി. സർക്കാർ കൗതുകത്തോടെ ഇതെല്ലാം വീക്ഷിച്ചതല്ലാതെ യാതൊരു നടപടിയുമെടുത്തില്ല. എന്നാൽ ഇന്ത്യയൊട്ടുക്ക് ജനങ്ങൾ നിയമം ലംഘിച്ച് കടൽ ജലം കുറുക്കി ഉപ്പുണ്ടാക്കാൻ തുടങ്ങിയതോടെ പോലീസ് മർദ്ദനം ആരംഭിച്ചു.  മെയ് 5 നു ഗാന്ധിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.ഗാന്ധിയുൾപ്പടെ 60000. പേരെയാണ് ബ്രിട്ടീഷുകാർ ജയിലിലടച്ചത്. 

ഒരു വർഷത്തോളം നീണ്ടു നിന്ന ഉപ്പുസമരം  ഗാന്ധിയെ 1931 ജനുവരി 26 നു ജയിൽ മോചിതനാക്കിയതോടെ യാതൊന്നും നേടാതെ അവസാനിച്ചു. ഗാന്ധിയുടെയും കോൺഗ്രസിന്റെയും സമരങ്ങളുടെ നിഷ്ഫലത സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും മനസിലാക്കുകയും അവർ കോൺഗ്രസിൽ നിന്നും ഗാന്ധിയിൽ നിന്നും അകന്നു നിൽക്കുകയും ചെയ്തത് ഈ സാഹചര്യത്തിലാണ്, കോൺഗ്രസുകാർക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന ഗാന്ധി - ഇർവിൻ കരാർ 1931 മാർച്ച് 5 നു ഒപ്പുവെയ്ക്കപ്പെട്ടു. പതിനെട്ടാം ദിവസം , ലാലാ ലജ്പത്‌റായ് യുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ശ്രമിച്ചതിൻറെ പേരിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്തതിൻറെ പേരിൽ മാർച്ച് 23 ന് ഭഗത് സിംഗും കൂട്ടരും തൂക്കിലേറ്റപ്പെട്ടു . ഗാന്ധിയോ കോൺഗ്രസോ ഈ ധീരരായ ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ട് വന്നില്ല.

1931 സെപ്റ്റംബറിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗാന്ധി പങ്കെടുത്തു. ഇന്ത്യൻ നേതാക്കൾക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാകാത്തതിനാൽ സമ്മേളനം പരാജയപ്പെട്ടു.  ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അസംതൃപ്തി, സോഷ്യലിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും ,  സുഭാഷ് ചന്ദ്ര ബോസിൻറെയും നിലപാടുകൾക്ക് ലഭിക്കുന്ന വർദ്ധിച്ച ജനപിന്തുണ എന്നിവ നിയമലംഘന  സമരം  തുടരുന്നതിന് ഗാന്ധിയെയും കോൺഗ്രസിനെയും പ്രേരിപ്പിച്ചു. 1932 ജനുവരി 1 നു സിവിൽ നിയമലംഘന സമരം പുനരാരംഭിച്ചു. 

 1930 ൽ ഡോക്ടർ ബാബാ സാഹേബ് അംബേദ്‌കർ"ഡിപ്രസ്ഡ് ക്ലാസ്സസ് അസോസിയേഷൻ" രൂപീകരിച്ചു. ദളിതർക്ക് പ്രത്യേക മണ്ഡലങ്ങൾ ആവശ്യപ്പെട്ടു. മുസ്ലീമുകൾക്കും സിഖുകൾക്കും,ക്രിസ്ത്യാനികൾക്കും പ്രത്യേക മണ്ഡലങ്ങൾ ( ഓരോ സമുദായത്തിലെയും സ്ഥാനാർത്ഥികൾക്ക് അതെ സമുദായക്കാർ മാത്രം വോട്ടു ചെയ്യുക ) അനുവദിക്കുന്നതിന് എതിർക്കാതിരുന്ന ഗാന്ധിയും കോൺഗ്രസും ഹിന്ദു സമൂഹത്തിൻറെ അടിത്തട്ടിൽ അടിമകളായി കഴിഞ്ഞിരുന്ന , യാതൊരു അവകാശങ്ങളും ഇല്ലാതിരുന്ന , അസ്പൃശ്യർ(തൊട്ടുകൂടാത്തവർ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ദളിതർക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കുന്നതിനെ (ദളിതരുടെ പ്രതിനിധിയെ ദളിതർ തന്നെ തിരഞ്ഞെടുക്കുക ) ഗാന്ധിയും കോൺഗ്രസും ശക്തിയായി എതിർത്തു 1932 ആഗസ്റ്റ് 16 നു പ്രാദേശിക നിയമസഭകളിലേക്ക്  ദളിതർക്ക് പ്രത്യേക മണ്ഡലങ്ങൾ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് സെപ്തംബർ 20 നു ഗാന്ധി നിരാഹാര സമരം ആരംഭിച്ചു. ഗാന്ധി ഇതിനെതിരെ " മരണം വരെ നിരാഹാരം " പ്രഖ്യാപിച്ചു.ദളിതർക്ക് പ്രത്യേക മണ്ഡലങ്ങൾ നൽകുന്നത് ഹിന്ദു  സമൂഹത്തെ ഭിന്നിപ്പിക്കുമെന്നതായിരുന്നു ഗാന്ധി പറഞ്ഞ കാരണം,  കുറച്ചു പൊതുമണ്ഡലങ്ങളിൽ ദളിതർക്ക് സംവരണം എന്ന് ഡോക്ടർ അംബേദ്കറുമായി നടന്ന ചർച്ചയിൽ ഗാന്ധി സമ്മതം മൂളി.

 "പൂനാ പാക്റ്റ് "(പൂനാ കരാർ ) എന്നറിയപ്പെടുന്ന ഒത്തുതീർപ്പനുസരിച്ച് ദളിതർക്ക് ഏതാനും സീറ്റുകൾ നൽകി, ഹിന്ദുക്കൾ പൊതുവിൽ അവരെ തിരഞ്ഞെടുക്കുക എന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. ദളിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ കരാർ പരാജയമായിരുന്നു. ഗാന്ധിയെയും ഹിന്ദു മേലാള വര്ഗങ്ങളേയും ( സവർണ്ണ ഹിന്ദുക്കൾ ) സംബന്ധിച്ചിടത്തോളം ഈ കരാർ അവർ നേടിയ വിജയമായിരുന്നു . ദളിതരുടെ സമർത്ഥനായ പോരാളിയായിരുന്ന അംബേദ്കറെ തന്നെ പാർലിമെന്റിലെത്താതെ പുറത്ത് നിർത്താൻ പിന്നീട് ഈ കരാറിനായി. കോൺഗ്രസിനും നെഹ്രുവിനും ഇതിൽ അഭിമാനിക്കാം. 

നവംബർ - ഡിസമ്പർ മാസങ്ങളിലായി നടന്ന മൂന്നാം വട്ടമേശ സമ്മേളനത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. 

1934 ൽ നിസഹകരണ സമരം പോലെ സിവിൽ നിയമലംഘന സമരവും ഒരു നേട്ടവും കൈവരിക്കാതെ അവസാനിച്ചു.


 

 

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ