ഗാന്ധി (ജീവിതം,ചരിത്രം,ദർശനം )
ഗാന്ധി 1869 ഒക്ടോബർ 2 നു ഗുജറാത്തിലെ പോർബന്തറിൽ ഒരു ബനിയ കുടുംബത്തിൽ ജനിച്ചു. പിതാവ് കത്തിയവാറിൽ ഏതാനും നാട്ടുരാജ്യങ്ങളിൽ ദിവാൻ ( മന്ത്രി ) ആയിരുന്നു. കരംചന്ദ് ഗാന്ധിയുടെ നാലാമത്തെ ഭാര്യയിൽ ജനിച്ച ഏറ്റവും ഇളയ കുട്ടിയായിരുന്നു മോഹൻദാസ്. വലിയ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ദീനാരായ സാധാരണ ജനങ്ങൾക്കും കുടില ബുദ്ധികളായ രാജാക്കന്മാർക്കും സർവ്വ ശക്തരായ ബ്രിട്ടീഷുകാർക്കും സ്വീകാര്യനായിത്തീരാനുള്ള സാമർഥ്യം അദ്ദേഹം കാട്ടി.
ഗാന്ധിയുടെ മാതാവ് പുത്തലി ബായ് വീട്ടുകാര്യങ്ങളിലും ക്ഷേതദർശനങ്ങളിലും മുഴുകി ജീവിച്ചു. വൈഷ്‌ണവ വിശ്വാസി ആയിരുന്നെങ്കിലും അതിൽ ജൈന മതത്തിൻറെ സ്വാധീനം പ്രകടമായിരുന്നു. അഹിംസ, സസ്യാഹാരം , ഉപവാസങ്ങൾ ( ഭക്ഷണം കഴിക്കാതെ പ്രാർത്ഥനയിൽ മുഴുകിയിരിക്കൽ ) എന്നിവ ജീവിതത്തിൻറെ ഭാഗമാക്കിയ പുത്തലി ബായ് ലളിത വസ്ത്രധാരണം , അനാർഭാട ജീവിതം എന്നിവ ജീവിതശൈലിയാക്കി. അവർ ആഭരണങ്ങൾ ഉപയോഗിച്ചിരുന്നില്ല.തൻറെ മാതാവ് പുത്തലി ബായിയുടെ ജീവിത ദർശനത്തെയും രീതികളെയും ജീവിതകാലം മുഴുവൻ മുറുകെ പിടിക്കുക മാത്രമാണ് ഗാന്ധി ചെയ്തത്.
ബാല്യത്തിൽ ആരുടേയും ശ്രദ്ധ ലഭിക്കാതിരുന്ന വിദ്യാർത്ഥി . പഠനത്തിൽ വളരെ പിന്നിൽ.കായിക വിനോദങ്ങളിൽ പങ്കെടുത്തിരുന്നില്ല. നിത്യവും പ്രാർത്ഥനകളിലും ഉപവാസത്തിലും മുഴുകിയിരുന്ന മാതാവിനോടൊപ്പമുള്ള ജീവിതം. പ്രഹ്ലാദനും ഹരിശ്ചന്ദ്രനും മാതൃകാപുരുഷന്മാരായിരുന്ന ബാല്യം.
സ്പെല്ലിങ് അറിഞ്ഞുകൂടാത്ത ഗാന്ധിജി കോപ്പിയടിക്കാൻ അദ്ധ്യാപകൻ നൽകിയ അനുവാദത്തെ - കോപ്പിയടിക്കാതിരുന്നതിലുള്ള തൻറെ സത്യസന്ധതയായി ഉയർത്തിക്കാട്ടി തൻറെ അധ്യാപകനെ പരിഹാസപാത്രമാക്കിയ കൗശലക്കാരൻ . ആ കൗശലമാണ് ഗാന്ധിയെ മഹാത്മായി ഉയർത്തിനിർത്തിയത്.
മുതിർന്നവരുടെ നിർദേശങ്ങൾ വിമർശനങ്ങൾ കൂടാതെ അക്ഷരംപ്രതി അനുസരിക്കുക എന്നതായിരുന്നു ഗാന്ധിയുടെ സ്വഭാവം . എന്നാൽ കൗമാരത്തിലേക്ക് കാലൂന്നിയതോടെ ഗാന്ധി ഒരു കലാപകാരിയായിത്തീർന്നു. ചെറിയ മോഷണങ്ങൾ, മദ്യപാനം പുകവലി , മാംസഭക്ഷണം, നിരീശ്വരചിന്ത തുടങ്ങി വൈഷ്‌ണവർക്ക് ഏറ്റവും വർജ്ജ്യമായിരുന്ന എല്ലാറ്റിലൂടെയും ഗാന്ധി കടന്നു പോയി. ഗാന്ധി ഓരോ കൃത്യത്തിലും പങ്കെടുത്തത് , അത് തെറ്റാണെന്ന വിശ്വാസത്തോടെതന്നെയായിരുന്നു. ഓരോ കൃത്യത്തിനു ശേഷവും താൻ ഇനി അത് ആവർത്തിക്കില്ല എന്ന് ഗാന്ധി തന്നോടുതന്നെ പ്രതിജ്ഞ ചെയ്തു. ആ പ്രതിജ്ഞകൾ ഗാന്ധി ജീവിതത്തിലുടനീളം പാലിക്കുകയും ചെയ്തു. ഗാന്ധിയുടെ ആദർശ പുരുഷന്മാർ പ്രഹ്ലാദനും ഹരിശ്ചന്ദ്രനും ആയിത്തീർന്നു. സത്യവും ആത്മസമർപ്പണവും ഗാന്ധിയുടെ ദർശനമായിത്തീർന്നത് അങ്ങനെയാണ്.
1887 ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് മെട്രികുലേഷൻ പാസായി ഭുവനഗറിലെ സമൽദാസ് കോളേജിൽ ചേർന്നെങ്കിലും ഗുജറാത്തി മാധ്യമത്തിൽ പഠിച്ച അദ്ദേഹത്തിന്കോളേജിൽ ഇംഗ്ളീഷിലേക്കുള്ള മാറ്റം പ്രയാസകരമായി .
ഒരു ഡോക്ടർ ആകണമെന്നതായിരുന്നു ഗാന്ധിയുടെ ആഗ്രഹം. എന്നാൽ ഏതെങ്കിലും നാട്ടുരാജ്യത്തിൽ ഉയർന്ന പദവി ലഭിക്കുന്നതിന് ബാരിസ്റ്റർ ആകുകയാണ് വേണ്ടതെന്ന് കുടുംബം തീരുമാനിച്ചു. അതിലേക്ക് ഇംഗ്ലണ്ടിൽ പോകേണ്ടിയിരുന്നു. സമൽദാസ് കോളേജിലെ അധ്യയനം ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഗാന്ധി ഈ നിർദേശം സസന്തോഷം സ്വീകരിച്ചു. ഗാന്ധിയുടെ യുവമനസിൽ ഇംഗ്ലണ്ട് തത്വജ്ഞാനികളുടെയും കവികളുടെയും നാടായിരുന്നു. സംസ്കാരത്തിൻറെ പറുദീസയായിരുന്നു. സമുദായ വിലക്ക് മറികടന്ന് ഇംഗ്ലണ്ടിലേക്ക് പോകാൻ ഗാന്ധി തയാറായി. മാതാവ് മൂന്നുപാധികളാണ് വെച്ചത്. മറുനാട്ടിൽ ആയിരിക്കുമ്പോൾ മാംസം മദ്യം മദിരാക്ഷി ഇവ മൂന്നും തൊടുകയില്ലെന്ന് മാതാവിനോട് ഗാന്ധി സത്യം ചെയ്തു.
1888 സെപ്റ്റംബറിൽ ഗാന്ധി ലണ്ടൻ നഗരത്തിലെത്തി. ഇന്നർ ടെംപിളിൽ നിയമബിരുദത്തിനു ചേർന്നു .ലണ്ടനിൽ ഗാന്ധി നേരിട്ട പ്രധാന പ്രശ്‍നം സസ്യാഹാരത്തിൻറെതായിരുന്നു . ലണ്ടനിലെത്തിയ ഇൻഡ്യാക്കാർ മാംസാഹാരത്തിലേക്ക് മാറുകയായിരുന്നു പതിവ്. എന്നാൽ ഗാന്ധി ഇതിനു കൂട്ടാക്കിയില്ല. ഗാന്ധി ഒരു സസ്യാഹാര ഭക്ഷണശാല കണ്ടെത്തുകയും സസ്യാഹാരം കഴിക്കുന്നവരുടെ സൊസൈറ്റിയിൽ ഭരണസമിതി അംഗമായിരുന്നുകൊണ്ട് സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അതിൻറെ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതുകയും ചെയ്തു.
ലണ്ടൻ വെജിറ്റേറിയൻ സൊസൈറ്റിയുടെ പ്രവർത്തനമായിരുന്നു ഗാന്ധിയുടെ ആദ്യ പൊതുപ്രവർത്തനം. സസ്യാഹാരമാണ് ഗാന്ധിസത്തിൻറെ ഒരു ഘടകം .
ഭഗവത് ഗീതയും ബൈബിളും ഗാന്ധി ആദ്യമായി വായിക്കുന്നത് ഇംഗ്ലണ്ടിൽ വെച്ചാണ്. ഗീതയുടെ ഇംഗ്ലീഷ് തർജ്ജുമായാണ് ഗാന്ധി വായിച്ചത്. ഗാന്ധിയുടെ വീക്ഷണങ്ങളെ ഏറെ സ്വാധീനിച്ചത് ഭഗവത് ഗീതയാണ്. മുതലാളിത്തേതര ചിന്തകളുമായി ഗാന്ധി പരിചയപ്പെടുന്നതും ലണ്ടനിൽ വെച്ചാണ്.ലണ്ടനിലെ ജീവിതകാലത്താണ് ഭൗതിക നേട്ടങ്ങൾക്ക് മേൽ ആദർശ നിഷ്ഠ ജീവിതത്തിൻറെയും ലളിത ജീവിതത്തിന്റേതുമായ ചിന്തകൾ അദ്ദേഹത്തെ ആകർഷിച്ചത് ഇതാണ് ഗാന്ധിസത്തിൻറെ രണ്ടാമത്തെ ഘടകം
1891 ജൂലായിൽ ഗാന്ധി തിരികെയെത്തി. അപ്പോഴേക്കും മാതാവ് മരിച്ചിരുന്നു. ബാരിസ്റ്റർ പഠനം കൊണ്ട് നേടാനാവുമെന്ന് കരുതിയ ഉയർന്ന ജോലി വെറും മോഹമായി അവശേഷിച്ചു. ഒരു വക്കീൽ ആയി ശോഭിക്കാൻ കഴിയാതിരുന്ന ഗാന്ധി , ഒരു സ്‌കൂളിൽ പാർട് ടൈം അധ്യാപക ജോലി സ്വീകരിച്ചു.അതും കൈവിട്ടുപോയപ്പോൾ രാജ്കോട്ടിലേക്ക് തിരികെയെത്തികക്ഷികൾക്ക് പരാതികളും നിവേദനങ്ങളും തയാറാക്കി നൽകുന്ന ജോലി ആരംഭിച്ചു. ഒരു പ്രാദേശികബ്രിട്ടീഷ് ഉദ്യോഗസ്ഥനുണ്ടായ നീരസം കാരണം ആ തൊഴിലിലും തുടരാൻ ഗാന്ധിക്ക് കഴിഞ്ഞില്ല. നാറ്റാളിലെ (തെക്കേ ആഫ്രിക്ക ) ഒരു ഇന്ത്യൻ വ്യാപാരിയുടെ ക്ഷണം--ഒട്ടും തന്നെ ആകർഷകമായിരുന്നില്ലെങ്കിലും --സ്വീകരിക്കാൻ ഗാന്ധി നിർബന്ധിതനായത് അങ്ങനെയാണ്.
1893 ൽ 23 വയസുള്ള ഗാന്ധി , ദാദാ അബ്ദുല്ല എന്ന ഇന്ത്യൻ വ്യാപാരിയുടെ നിയമസഹായി ആയി നാറ്റാളിലെ ദർബനിലെത്തി . ദാദാ അബ്ദുള്ളയുടെ നിർദേശമനുസരിച്ച് പ്രീറ്റോറിയയിലേക്ക് തീവണ്ടിയിൽ യാത്ര തിരിച്ചു. ഒന്നാംക്ലാസ് ടിക്കറ്റെടുത്ത് ഗാന്ധി ഒന്നാം ക്ലാസ് കോച്ചിൽ കയറി ഇരിപ്പുറപ്പിച്ചു.കമ്പാർട്മെന്റിലേക്ക് കടന്നുവന്ന ഒരു വെള്ളക്കാരൻ റെയിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. അവർ ഗാന്ധിയോട് ഒന്നാം ക്ലാസ് മുറിയിൽ നിന്നിറങ്ങിപ്പോകാൻ ആജ്ഞാപിച്ചു. ഇൻഡ്യാക്കാർ അക്കാലത്ത് കൂലികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അടിമവ്യാപാരം അവസാനിപ്പിച്ചപ്പോൾ വെള്ളക്കാർ ആഫ്രിക്കൻ നീഗ്രോഅടിമകളെ ഇന്ത്യൻ കൂലികളെക്കൊണ്ട് പകരം വെച്ചു . വെള്ളക്കാരല്ലാത്തവർക്ക് ട്രെയിനുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസ് ടിക്കറ്റ് കാട്ടി ഇറങ്ങിപോകുന്നതിനു വിസമ്മതിച്ച ഗാന്ധിയെ ഒരു പോലീസുകാരൻ പുറത്തേക്ക് തള്ളിയിട്ടു. ഗാന്ധിയുടെ ലഗ്ഗേജ് പ്ലാറ്റഫോമിലേക്ക് വലിച്ചെറിഞ്ഞു. ട്രെയിൻ സ്റ്റേഷൻ വിട്ടുപോകുകയും ചെയ്തു.
ഗാന്ധി കാത്തിരിപ്പ് മുറിയിലേക്ക് പോയി. തണുപ്പ് കാലമായിരുന്നു.ഗാന്ധിയുടെ ഓവർകോട്ട് ലഗേജിൽ ആയിരുന്നു. അപമാന ഭീതിയാൽ ലഗ്ഗേജ് ആവശ്യപ്പെടാനുള്ള ധൈര്യം ഗാന്ധിക്ക് ഉണ്ടായില്ല. അനീതിയെ ചെറുക്കാതിരിക്കൽ എന്നതാണ് ഗാന്ധിസത്തിൻറെ ഒരു ഘടകം .തണുത്ത് വിറച്ച് ആ രാത്രി ഗാന്ധി കഴിച്ചുകൂട്ടി. അടുത്ത ദിവസം ഗാന്ധി ട്രെയിനിൽ ദുരനുഭവങ്ങളില്ലാതെ യാത്ര ചെയ്തു.
എന്നാൽ അനുഭവിച്ചതിലും വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ചാൾസ് ടൗണിൽ നിന്നും ജോഹന്നാസ് ബർഗിലേക്കുള്ള യാത്ര കുതിരവണ്ടിയിലായിരുന്നു. ഗാന്ധിക്ക് കുതിരവണ്ടിക്കാരനോടൊപ്പം ഇരിക്കേണ്ടി വന്നു. കണ്ടക്ടറും വെള്ളക്കാരും വണ്ടിയിലും. യാത്രാമധ്യേ പുകവലിക്കാൻ വേണ്ടി കണ്ടക്ടർ വണ്ടിയിൽ നിന്നും പുറത്തിറങ്ങി ഒരു വൃത്തികെട്ട ചാക്ക് ചവിട്ടുപടിയിൽ വിരിച്ച് അതിലേക്കിറങ്ങിയിരിക്കാൻ ആജ്ഞാപിച്ചു. ഗാന്ധി വിസമ്മതിച്ചതോടെ ഗാന്ധിയെ ദാരുണമായി ആക്രമിച്ചു. എന്നാൽ ഗാന്ധി താനിരുന്നിരുന്ന സീറ്റിൽ നിന്നും മാറാതെ ,ആക്രമണത്തെ പ്രതിരോധിക്കാതെ , അവിടെത്തന്നെ അള്ളിപ്പിടിച്ചിരുന്നു. യാതൊരു ചെറുത്തു നിൽപ്പും നടത്താതെ മർദ്ദനത്തെ നേരിട്ട ഗാന്ധിയോട് വണ്ടിയിലുണ്ടായിരുന്ന വെള്ളക്കാർ അനുഭാവം കാട്ടിയതോടെ കണ്ടക്ടർക്ക് പിന്മാറേണ്ടിവന്നു. അക്രമത്തെ സഹനം കൊണ്ട് നേരിടാൻ ഗാന്ധിയെ പ്രാപ്തനാക്കിയത് ക്രിസ്തീയ ദർശനങ്ങളായിരുന്നു . ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കിലും ക്രിസ്തീയ ധർമ്മവുമായി ഗാന്ധിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു . അക്രമത്തെ സഹനം കൊണ്ട് നേരിടുക എന്ന ഗാന്ധിമാർഗം യഥാർത്ഥത്തിൽ ക്രിസ്തീയദര്ശനമാണ്
1893 ൽ 23 വയസുള്ള കല്ലൻ ബാച്ച് എന്ന ജർമ്മൻ യഹൂദനും തെക്കേ ആഫ്രിക്കയിലെത്തി.1907 മുതൽ ഗാന്ധി കല്ലൻ ബാച്ചിനൊപ്പം ജീവിക്കാനാരംഭിച്ചു. 1908 ൽ കസ്തൂർബായുമായുള്ള ബന്ധം അവസാനിപ്പിച്ചു. 1914 ൽ ഗാന്ധി ഇന്ത്യയിലേക്ക് തിരികെ പോകുന്നത് വരെ അവർ ഒരുമിച്ചു ജീവിച്ചു." നീയെൻറെ ശരീരം സ്വന്തമാക്കി " എന്നും " കിടപ്പുമുറിയിൽ നിൻറെ ചിത്രം മാത്രമേ ഉള്ളൂ"വെന്നും ഗാന്ധി കല്ലൻ ബാച്ചിനെഴുതിയ കത്തുകളിൽ പറയുന്നു.
ബ്രിട്ടനിൽ വംശീയ വിവേചനം അനുഭവിക്കേണ്ടി വരാതിരുന്ന ഗാന്ധി ബ്രിട്ടീഷ് ഭരണത്തിലുള്ള തെക്കേ ആഫ്രിക്കയിൽ കടുത്ത വംശീയ വിവേചനത്തിനിരയായി. ഇതിലുള്ള ക്ഷോഭവും അതൃപ്തിയും തെക്കേ ആഫ്രിക്കയിലെ ബ്രിട്ടീഷ് അധികാരികളുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഗാന്ധി തൻറെ പരാതികൾ ലണ്ടനിലെ അധികാരികളെ അറിയിക്കുകയും ലണ്ടനിലെ പത്രങ്ങളിൽ വാർത്തകൾ കൊടുക്കുകയും ചെയ്തു. തന്നെയും ഇന്ത്യക്കാരെയും വംശീയ വിവേചനത്തിൽ നിന്നൊഴിവാക്കണം എന്നതായിരുന്നു ഗാന്ധിയുടെ നിലപാട്. ആഫ്രക്കൻ ജനങ്ങളിൽ നിന്ന് വ്യത്യസ്തമായി തങ്ങൾക്ക് പരിരക്ഷയും സംരക്ഷണവും ലഭിക്കണമെന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം.എന്നാൽ ഇന്ത്യൻ കൂലികളെ ആഫ്രിക്കൻ ജനതയിൽ നിന്ന് വേറിട്ട് കാണേണ്ടതിൻറെ ആവശ്യം ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നില്ല.
ദർബനിലെ പോസ്റ്റ് ഓഫിസിൽ രണ്ടു വാതിലുകൾ ആണുണ്ടായിരുന്നത്.ഒന്ന് വെള്ളക്കാർക്കും രണ്ടാമത്തേത് വെള്ളക്കാർ അല്ലാത്തവർക്കും. ഗാന്ധി ഇന്ത്യക്കാർക്ക് പ്രത്യേകമായി ഒരു വാതിൽ ആവശ്യപ്പെടുകയും അങ്ങനെ മൂന്നാമതൊരു വാതിൽ നേടിയെടുക്കുകയും ചെയ്തു. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ കണ്ണുകളിലൂടെയാണ് ഗാന്ധി വർണ്ണവിവേചനത്തെ കണ്ടത്. തെക്കേ ആഫ്രിക്കയിൽ രണ്ടു വിഭാഗങ്ങളാണുണ്ടായിരുന്നതെങ്കിൽ , അത് മൂന്നുവിഭാഗങ്ങളാക്കി മാറ്റാനാണ് -- വെള്ളക്കാർ ഏറ്റവും മുകളിൽ, ഇന്ത്യക്കാർ അതിനു താഴെ , ഏറ്റവും അടിത്തട്ടിൽ കറുത്ത വർഗ്ഗക്കാരായ തദ്ദേശ ജനങ്ങളും , അതായിരുന്നു ഗാന്ധിയുടെ വിശ്വാസം. വർണ്ണവിവേചനത്തിലും ജാതിവ്യവസ്ഥയിലും ഗാന്ധി വിശ്വസിച്ചിരുന്നു. ഗാന്ധിസം വർണവിവേചനത്തെയും ജാതിവ്യവസ്ഥയെയും അംഗീകരിക്കുന്നു
1899 ൽ ഡച്ച് ജർമ്മൻ കുടിയേറ്റക്കാരുടെ പിൻഗാമികളായ ബോവർമാരും ബ്രിട്ടീഷ് സാമ്രാജ്യവുമായുണ്ടായ യുദ്ധത്തിൽബോയർമാരോടായിരുന്നു ഗാന്ധിയുടെ അനുഭാവം. ബോയർമാരുടെ ഭാഗത്താണ് ശരി എന്ന് ഗാന്ധി വിശ്വസിച്ചു. എന്നാൽ തനിക്ക് ബോയർമാരോടുള്ള അനുഭാവം മറച്ചുവെച്ചുകൊണ്ട് ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണച്ചു. ഇന്ത്യയുടെ അധീശ ശക്തിയായ ബ്രിട്ടീഷ് സാമ്രാജ്യത്വം ബോയർമാരുടെയും അധീശ ശക്തിയായിരിക്കുന്നത് ഇൻഡ്യാക്കാർക്ക് ഗുണകരമായിരിക്കുമെന്ന് ഗാന്ധി കരുതി. ബ്രിട്ടീഷുകാർ ആവശ്യപ്പെടാതെയായിരുന്നു ഇത്. അവരുടെ സൈന്യത്തിൽ ഇന്ത്യക്കാരെ ചേർക്കുകയുണ്ടായില്ല. പകരം മുറിവേറ്റ സൈനികർക്ക് സഹായം നൽകാനുള്ള വോളണ്ടീയർമാരായി പ്രവർത്തിക്കാൻ അനുമതി നൽകി. ഇതനുസരിച്ച് ഇൻഡ്യാക്കാരെ വോളണ്ടീയർമാരായി സംഘടിപ്പിച്ച് ഗാന്ധി ബ്രിട്ടീഷുകാരെ സഹായിച്ചു.ഇൻഡ്യാക്കാരെ ബ്രിട്ടീഷുകാർ ആഫ്രിക്കക്കാരെ പോലെ കാണുന്നതും , ആഫ്രിക്കക്കാരോടൊപ്പം തടവിലിടുന്നതും ഗാന്ധിക്ക് അസഹനീയമായിരുന്നു. ഇന്ത്യയിലെ താണജാതിക്കാരെപ്പോലെ അസ്‌പൃശ്യരായാണ് -- തൊട്ടുകൂടാത്തവർ ആയാണ് -- ഗാന്ധി ആഫ്രിക്കക്കാരെ കണ്ടത്. ബിട്ടീഷുകാർ സുലു ജനതയുമായി നടത്തിയ യുദ്ധത്തിലും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ ഗാന്ധി ഇന്ത്യൻ വോളണ്ടീയർമാരെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാരെ സഹായിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം നിലനിൽക്കേണ്ടത് ലോകനന്മയ്ക്ക് ആവശ്യമാണെന്നായിരുന്നു ഗാന്ധിയുടെ വിശ്വാസം .ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കേണ്ടത് തൻറെ കടമയാണെന്ന് ഗാന്ധി വിശ്വസിച്ചു.തീർച്ചയായും ഇത് ഗാന്ധിസത്തിൻറെ ഒരു ഘടകമാണ്.
സുലുവിഭാഗങ്ങൾ നടത്തിയ സ്വാതന്ത്ര്യ സമരങ്ങളിൽ ബ്രിട്ടീഷ്
പട്ടാളക്കാർക്ക് ഗാന്ധി ഇന്ത്യൻ സമൂഹത്തിൻറെ പിന്തുണ നൽകി. സുലു ജനത ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കുകളെയും പീരങ്കികളെയും നേരിട്ടത് കുറുവടികളും കുന്തങ്ങളുമുപയോഗിച്ചായിരുന്നിട്ടുകൂടി , ബ്രിട്ടീഷുകാരുടെ കയ്യിൽപെട്ടവരുടെ അതിദയനീയ അവസ്ഥ കണ്ടിട്ടുകൂടി , ഗാന്ധി ബ്രിട്ടീഷുകാരെ പിന്തുണച്ചു! ഗാന്ധി അന്നാട്ടുകാരെ കാഫിർ എന്നാണ് വിളിച്ചിരുന്നത്, ഇന്ത്യയിൽ മുസ്ലീമുകൾ ഹിന്ദുക്കളെ വിളിച്ചിരുന്ന അതേ പേരുതന്നെ ആഫ്രിക്കക്കാരെ വിളിക്കാൻ ഗാന്ധി ഉപയോഗിച്ചു . അവരെ അസ്പൃശ്യരായാണ് ഗാന്ധി കണ്ടത്. തദ്ദേശീയരെ
അടിച്ചമർത്തുന്നതിലും കൂട്ടക്കൊലകൾ നടത്തുന്നതിലും ഗാന്ധിയുടെ നേതൃത്വത്തിൽ
രൂപീകരിക്കപ്പെട്ട ഇന്ത്യൻ സന്നദ്ധ ഭടന്മാർ ബ്രിട്ടീഷ് സൈന്യത്തിന് എല്ലാ
പിന്തുണയും നൽകി. ഗാന്ധി തദ്ദേശീയർക്കെതിരെ ബ്രിട്ടൻ നടത്തിയ അതിനീചമായ യുദ്ധത്തെ പിന്തുണച്ചു ! ബ്രിട്ടൻ നടത്തിയ അക്രമങ്ങളിളിലും ആക്രമണങ്ങളിലും ഗാന്ധി എല്ലാ പിന്തുണയും നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള തൻറെ കൂറ് തെളിയിക്കാനായിരുന്നു ഗാന്ധിയുടെ ശ്രമം. സത്യധർമ്മങ്ങളോടല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തോടായിരുന്നു ഗാന്ധിയുടെ കൂറ്.ഗാന്ധിസത്തിൻറെ ഒരു ഘടകം ഇതാണ്.
എന്നാൽ , കലാപത്തെ അടിച്ചമർത്തിയ ശേഷവും ബ്രിട്ടീഷുകാരുടെ ഇൻഡ്യാ വിരുദ്ധ നിലപാടുകളിൽ യാതൊരു മാറ്റവും ഉണ്ടായില്ല.
1914 ൽ ഗാന്ധി ലണ്ടനിലെത്തി.. ഒന്നാം ലോകയുദ്ധത്തിൽ ജർമ്മനിയ്ക്കെതിരെ യുദ്ധം ചെയ്യുന്ന ബ്രിട്ടണ് പിന്തുണ പ്രഖ്യാപിച്ചു. മുൻപ് ചെയ്തിരുന്നതുപോലെ ഇപ്പോഴും മുറിവേറ്റവരെ സഹായിക്കാൻ ആംബുലൻസ് സംഘം ഉണ്ടാക്കി.. ഗാന്ധിക്ക് സാർജൻറ് മേജർ പദവി ലഭിച്ചത് മാത്രമായിരുന്നു ബ്രിട്ടീഷുകാർക്ക് നൽകിയ പിന്തുണയിലൂടെ ലഭിച്ച ഏക ആനുകൂല്യം ! ഏതായാലും മുറിവേറ്റ ഇന്ത്യൻ സൈനികരെ സഹായിക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല, അങ്ങനെ സമാധാനത്തിൻറെ പ്രവാചകൻ ബ്രിട്ടീഷ് സാമ്രാജ്യത്വ യുദ്ധങ്ങളുടെ സഹയാത്രികനായി !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ