2022 ഏപ്രിൽ 13, ബുധനാഴ്‌ച

സാർ പറയുന്നത് പോലെ

 കുരുത്തക്കേടിനൊരതിരുണ്ട് .നിങ്ങളും സമ്മതിക്കും. ആ അതിരെവിടെയാണ് ? അത് കണ്ടുപിടിക്കാൻ കഴിയുമോ ? 

 

 26 ജൂൺ 


ഞാൻ നേരം വെളുത്ത് എഴുന്നേറ്റിട്ടില്ല. നേരം വെളുത്ത് എന്ന് പറഞ്ഞാൽ അത്രയ്ക്കങ്ങ് വെളുത്തിട്ടില്ല. വെളുത്ത് വരുന്നതേയുള്ളൂ. ഏത് പൊട്ടനെന്നറിയില്ല , വാതിലിൽ തട്ടുന്നു. ആരുമെന്നെ വിളിക്കേണ്ട കാര്യമൊന്നുമില്ല. അപ്പോൾ ഇതാര് ? ഞാൻ ചെന്ന് വാതിൽ തുറന്നു. ആതിരയാണ്. എൻറെ ട്യൂഷൻ വിദ്യാർത്ഥിനിയാണ്. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. കയ്യിലൊരു ചെറിയ ബ്രീഫ് കേസ് ഉണ്ട്. 

 

" എന്താ ഇത്ര രാവിലെ ?" . 

"ഞാനിനി വീട്ടിലേക്കില്ല "

"എന്താ ? എന്ത് പറ്റി ?"

"എൻറെ വിവാഹം നിശ്ചയിക്കാൻ പോകുന്നു. അതുകൊണ്ട് ഞാൻ വീട്ടീന്നിങ്ങ് പോന്നു."

"ഇനിയെന്താ പരിപാടി ?" 

( ദൈവമേ ! ഈ കൊച്ച് എന്തുദ്ദേശിച്ചാ ? )

"സാർ പറയുന്നത് പോലെ " 

" ഞാനെന്ത് പറയാനാ ? നിനക്ക് ഇഷ്ടം അല്ലെങ്കിൽ നിൻറെ മമ്മിയോട് പറ. അല്ലെങ്കിൽ പാപ്പയോട് പറ "

"അങ്ങനെയല്ലല്ലോ സാർ പറഞ്ഞത് ?" അവൾ പറഞ്ഞു.

"ഞാനെന്ത് പറഞ്ഞു ?"

അവൾ ബ്രീഫ് കേസ് തുറന്നൊരു കടലാസ്സ് പുറത്തെടുത്തു. അതെൻറെ കയ്യിൽ തന്നു. ഞാൻ അമ്പരന്ന് പോയി. എൻറെ പേര് , ഒപ്പ് എല്ലാമായി എൻറെ കൈപ്പടയിൽ ഒരു കത്ത്. നിനക്കിഷ്ടമില്ലാത്ത വിവാഹത്തിന് നീ സമ്മതിക്കരുത്. ഞാൻ നിന്നെ കെട്ടാം. നമ്മൾക്കൊരുമിച്ച് ജീവിക്കാം. ഞാൻ നിന്ന നിലയിൽ ഉരുകിപ്പോയി. ഞാനെങ്ങനെയൊരു കത്തെഴുതിയിട്ടില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ ചില അക്ഷരങ്ങൾ ഞാനെഴുതുംപോലെയല്ല . ആയുടെ ദീർഘം , ര , അങ്ങനെ ചില അക്ഷരങ്ങൾ വ്യത്യസ്ഥങ്ങൾ . ഒപ്പ് ഒരുവിധം അനുകരിച്ച് ഒപ്പിച്ചു വെച്ചിരിക്കുകയാണ്. ആകെപ്പാടെ ഒറ്റനോട്ടത്തിൽ ഞാനെഴുതിയതെന്ന് തോന്നും. ശ്രദ്ധിച്ച് നോക്കിയാൽ അത് ഞാനെഴുതിയതല്ലെന്ന് മനസിലാകും. 


ഈ പെണ്ണ് ഈ കത്ത് വിശ്വസിച്ച് വന്നിരിക്കയാണ്. അവളങ്ങനെ തലകുനിച്ച്നിൽക്കുകയാണ്. 

ഞാൻ പറഞ്ഞു "ഇത് ഞാനെഴുതിയതല്ല "

അവൾ പുറത്തിറങ്ങി കിണറിനു നേരേ ഒരോട്ടം. എൻറെ ചങ്കിൽ ഒരു അമിട്ട്. കൂടെ ഓടാതിരിക്കാൻ പറ്റില്ലല്ലോ. കിണറിൻറെ മറയിൽ കയറും മുമ്പ് വട്ടം പിടിച്ചു. അയലത്തെ അന്നാമ്മ ചേടത്തി മിഴിച്ച് നിന്നു. 

ലൈലമ്മ ഓടിവന്നു. " എന്താ സാറേ ,  എന്താ പ്രശ്‍നം ?" അപ്പോഴേക്കും അന്നാമ്മ ചേടത്തിയും വന്നു. ഞാനെന്താ പറയുക ? അവളെ ഞാൻ വട്ടം പിടിച്ചിരിക്കുന്നു. അവൾ നിന്ന് മോങ്ങുന്നു. 

ലൈലമ്മ പറഞ്ഞു. "സാർ അവളെ വിട് "

"അവൾ കിണറ്റിൽ ചാടും "

"നമ്മൾക്ക് മുങ്ങിയെടുക്കാം. സാർ വിട് "

ഞാൻ ധർമ്മസങ്കടത്തിലായി. അവൾ ചാടിയാൽ ? ആര് മുങ്ങിയെടുക്കും ? ചത്തുപോയാൽ ?

ലൈലമ്മ പറഞ്ഞു " സാർ വിട്. അവൾ ചാടുകയില്ല "

ഞാൻ പിടി അയച്ചു. പിന്നെ പിടി വിട്ടു.  

അവൾ കിണറ്റിൽ ചാടിയില്ല. ലൈലമ്മ ചോദിച്ചു " എന്താടീ പെണ്ണെ കാര്യം ?"

ലൈലമ്മ നിന്നിടത്തുനിന്ന്  എൻറെ അടുത്ത് വന്നിട്ട് ചെവിയിൽ ചോദിച്ചു "വല്ലതും ഒപ്പിച്ച് വെച്ചോ ?"

ഞാൻ ലൈലമ്മയുടെ കണ്ണുകളിൽ നോക്കി. 

ഞങ്ങൾ മൂന്നുപേരും അവളെയും കൊണ്ട് വീടിനകത്തേക്ക് പോന്നു. ലൈലമ്മ അവളുടെ ബ്രീഫ് കേസ് തുറന്ന് നോക്കി. അവളുടെ സ്വർണ്ണാഭരണങ്ങൾ എല്ലാം എടുത്തിട്ടുണ്ട്. ഡ്രസ് എടുത്തിട്ടുണ്ട്. പിന്നെ ഒരടുക്ക് കടലാസുകൾ മടക്കി വെച്ചിരിക്കുന്നു. എല്ലാം എൻറെ പേരും ഒപ്പുമുള്ള പ്രേമലേഖനങ്ങൾ. 

" ഇതേതായാലും നിങ്ങളെഴുതിയതല്ല. ചില അക്ഷരങ്ങൾക്ക് സാമ്യമുണ്ട്. ചില അക്ഷരങ്ങൾ വ്യത്യസ്ഥങ്ങളും . അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ഉണ്ട് . ആരോ നിങ്ങൾക്ക് പണിതരാണ് വേണ്ടി മിനക്കെട്ട് പണിതതാണ് " ലൈലമ്മയുടെ പ്രഖ്യാപനം . അതുകൊണ്ടെന്താവാനാണ്? അവൾ കരച്ചിൽ  നിർത്തി മിണ്ടാതിരിക്കുകയാണ്. 

" കൊച്ചേ , നിന്നെ ആരോ പറ്റിച്ചതാണ്. ഇത്  എങ്ങനെയാ നിനക്ക് കിട്ടിയത് ?" ലൈലമ്മ ചോദിച്ചു.

"എന്നെ ആരും പറ്റിച്ചതല്ല . " അവൾ നിർത്തിവെച്ചിരുന്നു കരച്ചിൽ വീണ്ടും തുടങ്ങി. " സാർ എന്നോടാണ് പുസ്തകം വാങ്ങുന്നത്. പുസ്തകം തിരികെ തരുമ്പോൾ സാർ കത്ത് അതിൽ വെച്ച് തരും."

" നീ മറുപടി കൊടുക്കുമോ ?"

"മറുപടി എഴുതി പുസ്തകത്തിൽ വെയ്ക്കും."

" അപ്പോൾ ഇടയ്ക്ക് ഒരു തേഡ് പാർട്ടി ഇല്ല " , ലൈലമ്മ എന്നെ നോക്കി.

സംഗതി ശരിയാണ്. ക്ലാസെടുക്കുമ്പോൾ ഞാൻ അവളോട്‌പുസ്തകം വാങ്ങുന്നു. ക്ലാസ്കഴിയുമ്പോൾ  അവൾക്ക് പുസ്തകം തിരികെ കൊടുക്കുന്നു. ഇതിനിടയിൽ അവളെഴുതിയ കത്തെടുക്കണം. അവൾക്കുള്ളകത്ത്  അതിൽ വെയ്ക്കണം . ഒരു തേഡ് പാർട്ടിക്ക് സാധ്യത ഇല്ല. അതല്ലെങ്കിൽ മറ്റാരെങ്കിലും കത്തെടുത്തിട്ട് മറ്റൊരു കത്ത് പുസ്തകത്തിൽ വെയ്ക്കണം. അതിന് ചാൻസില്ലെന്ന് അവൾ. 


അപ്പോഴേക്കും ഗൾഫ് ഓമന പറന്നുവന്നു. വന്നപാടെ ഓമന പ്ളേറ്റ് വെച്ചു. നാലാള് അറിയണമല്ലോ. "എന്തിയേടാ എൻറെ കൊച്ച്. ഞാൻ നിലത്ത് വെയ്ക്കാതെ വളർത്തിക്കൊണ്ടുവന്നതാ. അവളെ നിൻറെ അടുത്തോട്ട് വിട്ടത് പഠിപ്പിക്കാനാ , പ്രേമിക്കാനല്ല."

"അവളല്ല്യോ ഈ നിൽക്കുന്നത് ?" ലൈലമ്മ ചോദിച്ചു.

"നിന്നെ ഞാൻ സ്റ്റേഷനി കേറ്റുമെടാ. ഇനി അവളെ ആര് കെട്ടും ?" ഓമന വിലപിച്ചു.

" എൻറെ കയ്യിൽ എല്ലാ തെളിവുകളുമുണ്ട്. അവളെല്ലാം വിസ്തരിച്ചെഴുതി  വെച്ചിട്ടാ നിൻറെ കൂടെ ഇറങ്ങിപ്പോന്നത്." ഗൾഫോമന തെളിവ് ഉയർത്തിക്കാട്ടി. അവളെഴുതി വെച്ചിട്ട് പോന്ന കടലാസ്.

"നിങ്ങടെ മോളല്ലേ ?" ലൈലമ്മ പറഞ്ഞു 

"എൻറെ വയറ്റിൽ പിറന്നിട്ടെന്താ ഇവളിങ്ങനെ മൂളയില്ലാതായതെന്ന് ഞാനാലോചിക്കുകയാ ", ഗൾഫോമന ഉദീരണം ചെയ്തു.

ഗൾഫോമന ബ്രീഫ് കേസ് എടുത്ത് മുന്നിൽ നടന്നു. പെണ്ണ് പിന്നാലെ നടന്നു. ആളുകൾ റോഡിനിരുവശത്തും നിന്ന് വീക്ഷിച്ചു.


26 ജൂലായ് 

എൻറെ ട്യൂഷൻ കുട്ടികളിൽ പകുതിയും പോയി.  വാസുപിള്ളയുടെ  ട്യൂട്ടോറിയലിൽ പോയി. എൻറെ കൂടെ പഠിപ്പിച്ചിരുന്ന സണ്ണിയും പോയി. ഹാഫ് പിള്ളേരും ഒരു സ്റ്റാഫും പോയി. ട്യൂട്ടോറിയൽ പൊന്നപ്പന് ഒരു സ്റ്റാഫിനെ എടുത്തപ്പോൾ ബോണസ്സായി കിട്ടിയത് ഇരുപത്തൊന്ന് കുട്ടികളെയാണ്. ഒരു വർഷത്തെയല്ല , തുടർന്നുള്ള വർഷങ്ങളിലും ഈ കുട്ടികളുമുണ്ടാവും. 

നഷ്ടം എനിക്ക് മാത്രം. പ്രേമ ട്യൂഷൻ സെൻറർ എന്ന് ചിലർ എനിക്ക് ഒരു പേരും തന്നു. പ്രേമിക്കാൻ മികച്ച ട്യൂഷന് സമീപിക്കുക. പ്രേമ ട്യൂഷൻ സെൻറർ . എസ് എഫ് ഐ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യ മതിലെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും ബാക്കിക്കുട്ടികൾ എവിടെയും പോയില്ല. 


25 ഡിസംബർ 


ക്രിസ്തുമസ് അവധി ദിനം . പ്രതീക്ഷിക്കാത്ത ഒരു വിസിറ്റർ വന്നു.  ഗൾഫോമനയുടെ മകൾ ആതിരയോടൊപ്പം , സണ്ണിയോടൊപ്പം , മറ്റ് ഇരുപത് കുട്ടികളോടൊപ്പം വാസുപിള്ളയുടെ ട്യൂട്ടോറിയലിലേക്ക് പോയ അനുഗ്രഹ. 

അനുഗ്രഹ എന്തോ പറയാനുള്ളത് പോലെ ചുറ്റിപ്പറ്റി നിന്നു. 

"അനുഗ്രഹയ്ക്ക് എന്തോ പറയാറുണ്ടല്ലോ ?" ഞാൻ ചോദിച്ചു.

"സാർ ദേഷ്യപ്പെടുമോ ?"

"ഇല്ല "

"സത്യം ?"

"സത്യം "

"ആരോടും പറയരുത് "

"ഇല്ല "

ഇവളെന്ത് കുന്തമാ പറയാൻ പോകുന്നതെന്ന് ഞാനാലോചിക്കുകയായിരുന്നു. 

"ആതിരയുടെ പുസ്തകത്തിൽ കത്ത് വെച്ചത് ഞാനാ "

ഞാനവളെ മിഴിച്ച് നോക്കി. 

"ആതിരയുടെ പുസ്തകത്തിൽ ഞാൻ കത്ത് വെയ്ക്കും. അവളെഴുതുന്ന കത്തുകൾ ഞാനെടുക്കും," അനുഗ്രഹ പറഞ്ഞു. "കത്തെഴുതി എൻറെ കയ്യിൽ തന്നത് സണ്ണി സാറാ . ആതിരയുടെ പുസ്തകത്തിൽ നിന്നെടുക്കുന്ന കത്ത് ഞാൻ സണ്ണിസാറിന് കൊടുക്കും. ആരോടും പറയില്ലെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചു."

ഞാൻ ഒന്നും പറഞ്ഞില്ല. അനുഗ്രഹ പാവം കുട്ടിയാണ്. കൂട്ടിന്   വല്യമ്മച്ചിയും പട്ടിണിയും . ഞാൻ ഫീസ് വാങ്ങിയിരുന്നില്ല. ഫീസ് വേണ്ടെന്ന് പറഞ്ഞ് സണ്ണിയാണ് അവളെ വാസുപിള്ളയുടെ ട്യൂട്ടോറിയലിൽ കൊണ്ടുപോയത്. ഫീസ് കൊടുക്കാത്തതുകൊണ്ട് അവളെ ആക്ഷേപിച്ച് ഇറക്കി വിട്ടു. അവളിരുന്ന് കരഞ്ഞു. ഞാൻ പറഞ്ഞു " അനുഗ്രഹ ഇങ്ങ് പോരെ. നമ്മൾക്ക് പഴയത് പോലെ ഹാപ്പിയായി കഴിയാം. അനുഗ്രഹയുടെ പഴയ കൂട്ടുകാർ ഇവിടെയാണല്ലോ."

"വരാം , സാർ ", എന്ന് പറഞ്ഞ് അവൾ പോയി .


3 ജാനുവരി 


സണ്ണി കാണാൻ വന്നു. സുഖമാണോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ചിരിച്ചു. കുറെ നേരം അമേരിക്കയെ കുറ്റം പറഞ്ഞു. പിന്നെ ബി ജെ പി ക്ക് ഇന്ത്യയിൽ സ്കോപ്പില്ലെന്ന് സമർഥിച്ചു. ഞാൻ കേട്ടിരുന്നു. ഒടുവിൽ പറഞ്ഞു " അവിടെ കഴിഞ്ഞ നാലുമാസമായി എനിക്ക് ശമ്പളം തന്നിട്ടില്ല."

" ചോദിക്കണം. തരാൻ പറയണം " ഞാൻ പറഞ്ഞു. പോരെങ്കിൽ നിങ്ങളൊരേ രാഷ്ട്രീയപ്പാർട്ടിക്കാരല്ലേ ?"

"ഞാൻ ഈ മാസം മുതൽ ഇവിടെ വന്നോട്ടെ ?"

" ആകെ ഇരുപത് പിള്ളേരുണ്ട്. ഞാനെങ്ങനെ ശമ്പളം തരാനാ ? " ഞാൻ ചോദിച്ചു. 







2022 ഏപ്രിൽ 12, ചൊവ്വാഴ്ച

ജനാധിപത്യം

ജനാധിപത്യത്തിൻറെ ശവക്കുഴികൾ തീർക്കുന്നത് ജനാധിപത്യമെന്ന് സാദാ സമയവും മോങ്ങുന്ന അമേരിക്കതന്നെയാണ്.

ജനാധിപത്യ വിരുദ്ധമായ തങ്ങളുടെ പ്രവർത്തനങ്ങളെ സോവിയറ്റ് യൂണിയനെന്ന ഭൂതത്തെ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക നേരിട്ടുകൊണ്ടിരുന്നത്. ഇൻഡോ ചൈനയിലെയും കൊറിയയിലെയും ജനങ്ങളെ ബോംബിട്ട് കൊന്നുകൊണ്ടിരുന്നത് സോവിയറ്റ് യുണിയനെന്ന ഭൂതത്തെ നേരിടാൻ എന്ന പേരിലായിരുന്നു. ലോകമെങ്ങും സോഷ്യലിസ്റ്റ് ഭൂതത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചവർ ആയിരുന്നു അവർ. അതിനുവേണ്ടി ജനാധിപത്യത്തെ നിഷ്കരുണം അവർ കൊന്നു. സൈനിക ഭരണത്തെയും ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ അവർ പിന്തുണച്ചത് സോഷ്യലിസമെന്ന ഭൂതത്തെ നേരിടാൻ വേണ്ടിയായിരുന്നു. അപ്പോളവർ ജനാധിപത്യത്തിൻറെ ഉസ്താദുമാരല്ല, ജനാധിപത്യത്തിൻറെ ഘാതകരായി. വാക്കും പ്രവർത്തിയും തമ്മിൽ ഒരിക്കലും എന്തെങ്കിലും ബന്ധമുണ്ടെന്ന് അവർ കരുതിയിരുന്നില്ല. ജനാധിപത്യമെന്ന് മോങ്ങിക്കൊണ്ട് , ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഭീകരരാണവർ. " ഞങ്ങളോടൊപ്പമല്ലെങ്കിൽ , ഞങ്ങളുടെ ശത്രു ". അതായിരുന്നു അവരുടെ വിദേശ നയം. 

ആദ്യമായി അമേരിക്കയുടെ പടക്കപ്പലുകൾ ജപ്പാൻ തീരത്തേക്ക് സന്ദർശനം നടത്തിയത് , നമ്മളാവശ്യപ്പെടുന്ന കരാറുകളിൽ അവർ ഒപ്പിടുന്നില്ലെങ്കിൽ , യുദ്ധത്തിനുള്ള അധികാരത്തോടെയാണ്. പക്ഷേ,  അമേരിക്ക കരുതിയത് പോലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കപ്പലുകളിൽ കൊണ്ടുപോയ മദ്യം മുഴുവൻ തീർന്നിട്ട് , അവസാനം വിനാഗിരി ഒഴിച്ചു നൽകി. കുടിച്ചു ബോധം കെട്ട് വീണ അവർ അമേരിക്കൻ നാവികർ നൽകിയ കടലാസുകളിലെല്ലാം വേണ്ടത്ര ഒപ്പിട്ടു നൽകി . അമേരിക്കയുടെ അധികാരവും അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും തുടങ്ങുന്നതിവിടെയാണ്. ചമ്പാരനിലെ കൃഷിക്കാരുടെ അവസ്ഥയിലായിരുന്നു , ജാപ്പനീസ് അധികാരികൾ. അതേ ! ലോകം മുഴുവൻ ചമ്പാരനിലെ കൃഷിക്കാർ ആണുള്ളത്. കൊടുക്കുന്ന കടലാസുകളിലെല്ലാം ഒപ്പിട്ട് രസിക്കുന്നവർ !

ഒപ്പിടാൻ മടിക്കുന്നവർക്കുള്ളതാണ് റഷീo ചേഞ്ച് . അവരെയങ്ങ് മാറ്റുക. എങ്ങനെയും മാറ്റുക. വിമാനാപകടത്തിൽ കൊലപ്പെടുത്തുക. ഭീകരാക്രമണത്തിൽ കൊലപ്പെടുത്തുക. കലാപങ്ങളുണ്ടാക്കുക. ഭരണകൂടത്തെ അട്ടിമറിക്കുക. അമേരിക്ക നേരിട്ട് യുദ്ധം ചെയ്ത് രാജ്യം പിടിച്ചെടുത്ത് ഭരണാധികാരിയെ കൊലപ്പെടുത്തുക. തങ്ങളെ എതിർക്കുന്നവരെ കൊലപ്പെടുത്തുക. അവർ വീണ്ടും അധികാരത്തിൽ തിരിച്ചെത്താതിരിക്കാൻ അതിനേക്കാൾ നല്ലൊരു വഴിയുണ്ടോ , വേറെ ? മറ്റ് ഭരണാധികാരികളെ വിരട്ടാനും ഈ കൊലപാതകങ്ങൾ ഉപകരിച്ചു. ജീവനിൽ കൊതിയുള്ള ഭരണാധികാരികൾ വായടച്ച് മിണ്ടാതെയിരുന്നു. കൊടുത്ത കടലാസുകളിൽ ഒപ്പിട്ട് നൽകി അധികാരം നിലനിർത്തി.

ജനാധിപത്യമെവിടെ ? അമേരിക്കയിൽ തന്നെ ജനാധിപത്യമുണ്ടോ ? അമേരിക്കൻ ജനാധിപത്യമൊരു ഫലിതമാണ്. എസ് എൻ ഡി പി ക്കാരിൽ നിന്ന് അമേരിക്ക കോപ്പിയടിച്ചതാണോ ജനാധിപത്യമെന്ന് ഒരു എസ് എൻ ഡി പി ക്കാരൻ സംശയം ചോദിച്ചു. അതേ , എസ് എൻ ഡി പി യിലെ ജനാധിപത്യമാണ് , അമേരിക്കയിലെ ജനാധിപത്യം . അംഗങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. പ്രതിനിധികൾ അവർക്ക് തോന്നിയവരെ തിരഞ്ഞെടുക്കുന്നു.കഴുത പാർട്ടിയും ആന പാർട്ടിയും , എന്ന് രണ്ടു പാർട്ടികൾ. ഏത് പാർട്ടി അധികാരത്തിൽ വന്നാലും ലോകം രണ്ടായി തിരിഞ്ഞിരിക്കുന്നു. അമേരിക്ക സംരക്ഷിക്കേണ്ട ഭരണകൂടങ്ങളും, അമേരിക്ക നശിപ്പിക്കേണ്ട ഭരണകൂടങ്ങളും. മറ്റൊരു ജനാധിപത്യ മൂല്യങ്ങളും അവർക്കില്ല. "ഗോർബി , ഗോർബി " , എന്ന് ആഹ്ലാദത്തോടെ അവർ കൈകൊട്ടി ആർത്ത് വിളിച്ചപ്പോൾ ഗോർബച്ചേവ് എന്ന മരമണ്ടൻ സാഹ്ലാദo  അവർക്കൊപ്പം തുള്ളിച്ചാടി. അതേ സമയം പിന്നിൽ നിന്നിരുന്ന യെൽട്സിൻറെ കയ്യിലവർ കത്തിനൽകിയത് ഗോർബി കണ്ടില്ല; അതെന്തിനെന്ന് അറിഞ്ഞുമില്ല. അറിഞ്ഞപ്പോൾ കൂടെ കരയാൻ ആരുമുണ്ടായതുമില്ല. ഒരു രാഷ്ട്രത്തിൻറെ സമ്പൂർണ്ണ തകർച്ചയായിരുന്നു, അത് .

ഇന്തോനേഷ്യയിലും , ചിലിയിലും അവർ സോഷ്യലിസ്റ്റ് ഭൂതത്തെ നശിപ്പിക്കാൻ നടത്തിയ കൂട്ടക്കൊലകൾ ചരിത്രം ഒരിക്കലും മറക്കാതിരിക്കട്ടെ. രാജ്യത്തെ പകുതി ജനങ്ങളെ കൂട്ടക്കശാപ്പ് ചെയ്തുകൊണ്ടാണ് ഇന്തോനേഷ്യയിലും ചിലിയിലും അവർ സോഷ്യലിസ്റ്റ്  ഭൂതത്തെ എതിരിട്ടത്. ഇറാഖിലും ലിബിയയിലും അകാരണമായി യുദ്ധത്തിലൂടെ ജനങ്ങൾ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത ഭരണാധികാരികളെ കൊലപ്പെടുത്തി. എന്താണ് ജനാധിപത്യം എന്ന് ചോദിച്ചാൽ , അത് സമയം വരുമ്പോൾ അമേരിക്ക തീരുമാനിക്കും എന്നാണ് ഉത്തരം. 

അമേരിക്കയുടെ ലക്ഷ്യം ഏകലോകക്രമം തന്നെയാണ്. അമേരിക്ക പറയും. ലോകം അനുസരിക്കും. അതാണ് ജനാധിപത്യം. അമേരിക്ക ജനാധിപത്യ രാജ്യമല്ലേ , അപ്പോൾ അമേരിക്ക പറയുന്നതല്ലേ ജനാധിപത്യം ?






അങ്ങനെയേ പറ്റൂ

 പ്രണയമൊരു  നോവായി എന്നിൽ പെയ്തു 

വേണ്ടാ വേണ്ടായെന്ന് ആത്മാവ് ചൊല്ലി 

വേണം വേണമെന്ന് ഹൃദയം 

ഞാൻ വിഷമവൃത്തത്തിലായി 

 

 

രണ്ടു ദിവസം കണ്ടില്ല , അവളെ 

ഞാൻ ജയിച്ചൂന്ന് ഞാൻ കരുതി 

മൂന്നാം ദിവസം കാണുകയും 

അവൾ ചിരിക്കുകയും ചെയ്തപ്പോൾ 

ഞാൻ തോറ്റെന്ന് ഞാനറിഞ്ഞു 

കാണാതിരുന്നാൽ മറക്കാൻ ആവുമെന്ന് 

ഞാൻ അല്പമൊരഹങ്കാരത്തോടെ കണ്ടെത്തി .

അടുത്ത ദിവസം അവളെ കണ്ടതേയില്ല 

ഞാനവളെ ഓർമ്മിച്ചതേയില്ല 


ഞാൻ ചെല്ലുമ്പോൾ അവളെനിക്ക് തൊട്ടടുത്ത സീറ്റിൽ 

ഇവൾക്കെന്നെ കാണാതിരിക്കാൻ ആവുന്നില്ലേ ?

എന്നിലെപ്പോലെ പ്രണയമവളിലും 

ഒരു നോവായി പെയ്യുന്നുണ്ടാവുമോ ?


അവൾ ചിരിച്ചു : ഞാൻ ചിരിച്ചു 

ഈ സീറ്റിലേക്ക് എന്നെ മാറ്റി 

അവളെന്നെ നോക്കി 

ഞാനവളെ നോക്കി 


ദൈവം നിശ്ചയിച്ചത് അങ്ങനെയെങ്കിൽ 

അങ്ങനെയാകട്ടെ , ഞാൻ ചിന്തിച്ചു 

ഉച്ചയായപ്പോൾ അവൾ ചോദിച്ചു 

എവിടെയാണൂണ് കഴിക്കുക ?

ഞാൻ ചോറ് കൊണ്ടുവന്നിട്ടില്ല 

ബില്ല് പേ ചെയ്യുമെങ്കിൽ കൂടെ പോര് .

 

ബില്ല് പേ ചെയ്യുമെങ്കിൽ ആരുടേയും കൂടെ പോകുമോ ?

നീയാണ് ബില്ല് പേ ചെയ്യുന്നതെങ്കിൽ !

ഓ , ഞാൻ കരുതി ആര് വിളിച്ചാലും പോകുമെന്ന് !

അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു 


ഹോട്ടൽ ബിൽ അവൾ കൊടുത്തു. 

ഒരു സിനിമ കണ്ടാലോ ?

അവൾക്ക് സമ്മതം 

സിനിമയും കണ്ടിറങ്ങുമ്പോൾ 

വഴിപിരിയാൻ വിഷമം  തോന്നി 

അടുത്ത ദിവസം അവൾ നേരത്തേ വന്നു 

പിന്നെ എല്ലാ ദിവസവും അവൾ നേരത്തേ വന്നു 

ഓഫീസിൽ പോകാനൊരുന്മേഷം തോന്നിത്തുടങ്ങി 

അവധിദിനങ്ങൾ ബോറായിത്തുടങ്ങി 

നാളെ  വരാമോ ? അവൾ ചോദിച്ചു 

വരാം , ഞാൻ പറഞ്ഞു .


അവൾ വന്നു. ഞാനും.

എന്താ പ്ലാൻ ?

 

എന്ത് പ്ലാൻ ? എനിക്കൊരു പ്ലാനും ഉണ്ടായിരുന്നില്ല 

നമ്മൾക്ക് എവിടെയെങ്കിലും പോകാം , അവൾ പറഞ്ഞു 

നമ്മൾക്ക് റൂമെടുക്കാം , അവൾ പറഞ്ഞു 

വാ , എന്താ ഇങ്ങനെ നിക്കണേ ? 

നമ്മൾക്ക് തിരികെ പോകണ്ടേ ?


അവളെൻറെത് തന്നെയെന്നെനിക്ക് ബോധ്യമായി 

അല്ലങ്കിലൊരു പെണ്ണ് ഇങ്ങനെ തയാറാകുമോ ?

ഞാനവളെ ആസക്തിയോടെ ചുംബിച്ചു 

വിയർപ്പിൽ കുളിച്ച് അവൾ കിടന്നു 

എൻറെത് , എൻറെത് മാത്രം , ഞാൻ മന്ത്രിച്ചു 

അവളെന്നെ നോക്കി ചിരിച്ചു 

ഇനിയും വരണം നമ്മൾക്ക് , അവൾ പറഞ്ഞു 

ഓരോ അവധിദിനവും അവൾ ആഘോഷമാക്കി 


ഒരു ദിനം ഞാനത് അവളോട് പറഞ്ഞു 

ഇങ്ങനെ മതിയോ ? നമ്മൾക്ക് വിവാഹിതരാകാം 

ഞാൻ വിവാഹിതയാണ് , നിസംഗതയോടെ അവൾ പറഞ്ഞു 

പിന്നെന്തിനായിരുന്നു , ഇതെല്ലാം ? ഞാൻ ചോദിച്ചു 

ഒരിറ്റ് സുഖത്തിന് വിവാഹം കഴിക്കണമെന്നുണ്ടോ ?

അപ്പോൾ ഞാൻ വെറുമൊരു -------?

എന്ന് ഞാൻ പറഞ്ഞില്ല. നിങ്ങൾക്കും സന്തോഷമാകുമെന്ന് കരുതി 

എനിക്ക് നിന്നെ വേണം 

എടുത്തോ 

അങ്ങനെയല്ല 

അങ്ങനെയേ പറ്റൂ 





2022 ഏപ്രിൽ 11, തിങ്കളാഴ്‌ച

ദൈവത്തിൻറെ പദ്ധതി

 അവനോട് ഞാനെൻറെ പ്രണയത്തെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു.

കരയിൽ കയറ്റിവെച്ച വഞ്ചി തുഴയുന്നതുപോലെ ആയിരുന്നു അത് 

നിഷ്ഫലം, നിഷ്പ്രയോജനം 

എങ്കിലും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.

 

അവനത് കേൾക്കുമ്പോൾ ചിരിവരും 

നിഷേധിക്കുമെങ്കിലും അവനത് മുഴുവൻ ശ്രദ്ധയോടെ കേൾക്കും 

അവനെന്നോടുള്ള അടുപ്പം കൂടിക്കൂടി വന്നു 

അപ്പോഴും അവൻ പറഞ്ഞു "നോ "

 

ഒരു പക്ഷേ ആ ഒരു രാത്രി സംഭവിച്ചില്ലായിരുന്നെങ്കിൽ 

ഞങ്ങളുടെ ആ പകലുകൾ വിരസങ്ങളായി 

അർത്ഥനകളും നിഷേധങ്ങളുമായി തുടർന്നേനെ 

ആ ഒരു രാത്രി സംഭവിച്ചില്ലായിരുന്നെങ്കിൽ !

 

അവസാന ബസും പോയിക്കഴിഞ്ഞ ആ രാത്രിയിൽ 

ഒരു രാത്രി കഴിയാൻ , ഒന്നുറങ്ങാൻ 

ഞാനവൻറെ വസതിയിലേക്ക് ചെന്ന്.

അവനോടൊപ്പം ഭക്ഷണം കഴിച്ച് അവനോടൊപ്പം കിടന്നു 

 

ആ രാത്രി ഞങ്ങൾക്ക് വേണ്ടി ദൈവം പ്ലാൻ ചെയ്തതായിരുന്നു 

എന്ന് ഞങ്ങൾക്കിരുവർക്കും അറിയില്ലായിരുന്നു 

ആ രാത്രിയിൽ ഞങ്ങൾ ദൈവത്തിൻറെ പദ്ധതി നിറവേറ്റി 

അവൻ ചിരിച്ചതെയുള്ളൂ. അവനെന്നോട് സ്നേഹം കൂടിയതയുള്ളൂ 

 

ദൈവം നിശ്ചയിക്കുന്നു . ദൈവത്തെ തിരുത്താൻ മനുഷ്യന് ആകുമോ ?

ദൈവ നിശ്ചയം നടപ്പാകുന്നു  മനുഷ്യന് എന്ത് ചെയ്യാനാകും ?

വിലക്കപ്പെട്ട കനി തിന്നണമെന്നത് ദൈവനിശ്ചയം , സംശയമെന്ത് ?

ദൈവത്തെ മനുഷ്യൻ ചെറുതാക്കുന്നതെന്തിന് ?

 


 

ഞാൻ വന്നു

 സുന്ദരീ സുന്ദരീ  , കൊച്ചുമ്മൻ തോമസ് വിളിച്ചു 

ഞാൻ സുന്ദരിയാണെന്ന് എനിക്കറിയാം , മോളി മാത്യു പറഞ്ഞു.

ഞാൻ പറഞ്ഞ കാര്യമെന്തായി ? കൊച്ചുമ്മൻ തോമസ് ചോദിച്ചു .

കാത്തിരിക്ക് , മോളി മാത്യു പറഞ്ഞു.


ഞാൻ പറഞ്ഞ കാര്യമെന്തായി ? കൊച്ചുമ്മൻ തോമസ് ചോദിച്ചു 

കാത്തിരിക്ക് , മോളി മാത്യു പറഞ്ഞു .

ഫസ്റ്റ് ഐ മാരി എ റിച്ച് മാൻ ,  ദൻ ഐ ഷാൽ മാരി യു , മോളി വിശദീകരിച്ചു .

കൊച്ചുമ്മൻ തുടർന്നൊന്നും പറഞ്ഞില്ല 


മോളി പറഞ്ഞത് പോലെ പ്രവർത്തിച്ചു 

ഒരു ധനികനെ വിവാഹം ചെയ്തു. മൂന്ന് വർഷം അയാൾക്കൊപ്പം കഴിഞ്ഞു. 

മൂന്നാം വർഷം അയാൾ മരിച്ചു.

 

അവളുടെ ദോഷം കൊണ്ടാ അയാൾ ചത്തത് . അവളുടെ കാൽ കണ്ടില്ലേ? അത്തരം പെണ്ണുങ്ങൾക്ക് ഭർത്താവ് വാഴില്ല. പൊതുജനം  അവർക്കറിയുന്ന ശാസ്ത്രം പറഞ്ഞു നടന്നു.

 

കൊച്ചുമ്മൻ തോമസ് ശവ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു .

പിന്നെയൊരു ദിവസം മോളിയെ കണ്ടു 

നീയിപ്പോഴും സുന്ദരിയാണ് , കൊച്ചുമ്മൻ തോമസ് പറഞ്ഞു 

അതെനിക്കറിയാം , മോളി പറഞ്ഞു 

നിൻറെ ഭർത്താവ് മരിച്ചു 

അതും എനിക്കറിയാം 

എന്നെ വിവാഹം ചെയ്യാമെന്ന് ---

ഞാനൊരാൾക്ക് വിവാഹ വാഗ്ദാനം നൽകിപ്പോയല്ലോ , അടുത്ത ചാൻസ് തീർച്ചയായും നിങ്ങൾക്ക് 

അതെന്നത്തേക്ക് ?

നിശ്ചയിക്കാൻ ഞാൻ ദൈവമാണോ ?


കൊച്ചുമ്മൻ തോമസ് കാത്തിരുന്നു 

നാലാം വർഷത്തിൽ പെരുമഴയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അയാൾ മരിച്ചു. 

പൊതുജനം പറഞ്ഞു. അവളുടെ കാൽ കണ്ടില്ലേ ? അത്തരം പെണ്ണുങ്ങൾക്ക് ഭർത്താക്കന്മാർ വാഴില്ല. ആദ്യമൊരുത്തനെ കെട്ടി. അവൻ ചത്തു. പിന്നെ ഇയാളെ കെട്ടി. ഇയാളും ചത്തു.

ശവ സംസ്കാരത്തിന് ചെന്നപ്പോൾ തന്നെ അവസരമുണ്ടാക്കി കൊച്ചുമ്മൻ തോമസ് മോളിയുടെ വിവാഹ വാഗ്ദാനം ഓർമ്മിപ്പിച്ചു. 

സംഗതി ശരി തന്നെ. ഇപ്പോൾ എനിക്ക് ധാരാളം പണമുണ്ട്. പക്ഷെ ഒരു ജോലിയില്ല. സർക്കാർ ജോലിയുള്ള ആരെയെങ്കിലും വിവാഹം ചെയ്യാനായിരുന്നെങ്കിൽ എനിക്കൊരു സർക്കാർ ജോലി ആയേനെ . ആ ആശ കൂടി ഒന്ന് സാധിക്കും വരെ കാത്തിരിക്ക് 


മോളി ഒരു സർക്കാർ ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു. രണ്ടാം വർഷം അയാൾ ചത്തു. മോളിക്ക് സർക്കാർ ജോലിയായി.

പൊതുജനം പറഞ്ഞു , അവളുടെ കാലുകൾ നോക്ക്. ഇത്തരം പെണ്ണുങ്ങൾ വിവാഹം ചെയ്യാതിരിക്കയാണ് നല്ലത്. വെറുതെ ആണുങ്ങളെ കൊല്ലാൻ !

ആണുങ്ങള് അവരെ കെട്ടാതിരുന്നാൽ പോരേ ?

കാലമെത്താറായവർ അവരെ ഓടിച്ചെന്ന് കെട്ടും. 

അതാ വിധിയെന്ന് കരുതിയാൽ പോരെ? അവരെയെന്തിനാ കുറ്റം പറയുന്നത് ?

പൊതുജനത്തിന് ആ അഭിപ്രായം അത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. എടാ ആ പോകേടെ മോള് ഒരുത്തനോടൊപ്പം ഒളിച്ച് പോയെന്ന് കേട്ടത് ശരിയാണോടാ ? കൊച്ചുപാക്കരൻ മോഹനനോട് വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു. 


കൊച്ചുമ്മൻ തോമസ് മോളിയെ ചെന്ന് കണ്ടു. 

ഹും എന്നാ വേണം തനിക്ക് ? ഞാൻ ചത്താൽ എൻറെ ജോലിയും സർവ്വ സ്വത്തുക്കളും തനിക്ക് കിട്ടണം , അല്ലേ ? ഈ മോളി അത്രയ്ക്ക് മണ്ടിയല്ല. 


മോളി പിന്നീട് വിവാഹമൊന്നും ചെയ്തില്ല. വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല. കൊച്ചുമ്മൻ തോമസും വിവാഹമൊന്നും ചെയ്തില്ല. വിവാഹത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്തില്ല.


ഒരു ദിവസം മോളി മാത്യു കൊച്ചുമ്മൻ തോമസിനെ ഓർമ്മിച്ചു. കൊച്ചുമ്മൻ തോമസിൻറെ പ്രേമത്തെ കുറിച്ചോർത്തു. കൊച്ചുമ്മൻ തോമസ് ഇപ്പോഴും തന്നെ പ്രേമിക്കുന്നുണ്ടോയെന്ന് അത്ഭുതം കൂറി . ഉത്തരം കണ്ടെത്താൻ കൊച്ചുമ്മൻ തോമസിൻറെ വീട്ടിലേക്ക് ചെന്നു. അവിടെ സിറ്റ് ഔട്ടിൽ ചാരുകസേരയിൽ കിടക്കുകയായിരുന്നു കൊച്ചുമ്മൻ തോമസ്. .

ഞാൻ വന്നു , മോളി പറഞ്ഞു 

എനിക്കറിയാമായിരുന്നു, വരുമെന്ന് . കൊച്ചുമ്മൻ തോമസ് പറഞ്ഞു 

വിവാഹം ചെയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ടോ ? മോളി ചോദിച്ചു 

ആ ദിവസം കാത്തിരിക്കയാണ് ഞാൻ . കൊച്ചുമ്മൻ പറഞ്ഞു 

എനിക്ക് സമ്മതം . മോളി സമ്മതം അറിയിച്ചു.

കൊച്ചുമ്മന് ഒന്ന് കിടക്കണമെന്ന് തോന്നി . നീണ്ടു നിവർന്നൊന്ന് കിടന്നു. പിന്നെ അനക്കമില്ലാണ്ട് ആയി. 

മൂക്കിന് നേരെ വിരൽ പിടിച്ച് നോക്കിയിട്ട് , മോളി അയൽക്കാരെ വിളിച്ച് വിവരം പറഞ്ഞു 





2022 ഏപ്രിൽ 10, ഞായറാഴ്‌ച

ബി സ്മാർട്ട്

കുറെ ദിവസമായി അവളാകെ  മൂഡ് ഓഫ് ആയി നടക്കുന്നു. കാമുകൻ വേറെ പെണ്ണിൻറെ പിന്നാലെ പോയിക്കാണും. അല്ലെങ്കിൽ രണ്ടും കൂടി പിണങ്ങിക്കാണും. ഞാൻ വിചാരിച്ചു. എൻറെ ക്ലാസിലെ കുട്ടിയാണ്. ഓ , എനിക്ക് ഇവളുമാരുടെ പ്രേമത്തെ കുറിച്ചൊന്നും അറിയില്ല. അവറ്റയ്ക്ക് തമ്മിൽ തമ്മിൽ ആർക്ക് ആരൊക്കെയുമായി ലൈനാണെന്ന് അറിയാം. 

 

ഹാജർ ബുക്കെടുത്ത് പേരുവിളിച്ചു. ഒക്കെയും പ്രസൻറ് സെർ ! ഒന്നൊഴികെ .  ഇന്ന് സോണിയ വന്നിട്ടില്ല. ഹാജർ വിളികഴിഞ്ഞ്  അടുത്തിരുന്ന നിമ്മിയുടെ പുസ്തകം വലിച്ചെടുത്തു. നിമ്മി കരഞ്ഞു. ക്ലാസ്‌ നിശ്ശബ്ദം. കുറെ ദിവസമായി ശ്രദ്ധിക്കുന്നതാണ് , ആകെ മൂടിക്കെട്ടിയതുപോലൊരു മുഖവുമായി നിമ്മി നടക്കുന്നത്. ഇപ്പോൾ പെട്ടെന്ന് കരയാൻ എന്തുണ്ടായി? 

 

ഞാൻ ചോദിച്ചു " നിമ്മി , വാട്ട് ഹാപ്പൻഡ് ?" . നിമ്മി കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. 

"കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ പ്രശ്‍നം ? പറയൂ ?"

കരച്ചിലല്ലാതെ മറുപടിയില്ല. 

"സെൻഡ് യു റ്റു ഹെഡ് മിസ്ട്രസ് ?" ഞാൻ ചോദിച്ചു.

"നോ " അവൾ പറഞ്ഞു.

"ഓക്കേ , ബട്ട് യു കം റ്റു മി ഇൻ ടീച്ചേർസ് റൂം ആൻഡ് ടെൽ മി വൈ യു ക്രയ്ഡ് . നൗ യു ഗോ വാഷ് യുവർ ഫേസ് "

അവൾ പോയി മുഖം കഴുകി വന്നു. അത് വരെ ഞാൻ വെയ്റ്റ് ചെയ്തു. 

അതൊരു ഹാബിറ്റ് ആയിത്തീർന്നിരുന്നു.  അവൾ വന്നിട്ടേ ക്ലാസ് തുടങ്ങു. അവളുണ്ടെങ്കിലേ ക്ലാസ്‌ എടുക്കൂ. സോണിയ വരുന്നത് വരെ പഠിപ്പിക്കാൻ നിമ്മിയുടെ പുസ്തകമാണ് എടുക്കുക. 

സോണിയ അടുത്ത സമയത്താണ് വന്നത്. ഒരു പുതിയ അഡ്മിഷൻ. അഫ്ഗാൻ പെണ്ണ്. അഫ്ഗാൻ അഭയാർത്ഥിയുടെ മകൾ. നോസ് ഒൺലി ഇംഗ്ലീഷ്. പഷ്ത്തൂ അറിയാം. എന്ത് പ്രയോജനം ? പഷ്ത്തൂ ഭാഷ അറിയുന്ന മറ്റൊരു കൂട്ടിയില്ല. 

 ഹെഡ് മിസ്ട്രസ് അവളുടെ പപ്പയോട് പറഞ്ഞു. "വി കണ്ടക്റ്റ് ആൻ എൻട്രൻസ് ടെസ്റ്റ്. ഷീ ഹാസ് റ്റു പാസ് ഇറ്റ് ."

സോണിയ എൻട്രൻസ് ടെസ്റ്റിന് വന്നു. കുറെ ചോദ്യങ്ങൾ എഴുതിക്കൊടുത്തിട്ട്  പറഞ്ഞു " ഗോ ഓവർ ദെയ്ർ ആൻഡ് റൈറ്റ് ആൻസേർസ് ". എന്നിട്ട് എന്നെ നോക്കാനേൽപ്പിച്ചു. എന്ത് നോക്കാനാണ് ? ഷിറ്റ് . ഞാൻ ഒരു കസേരയിൽ ഇരുന്ന് ഉറങ്ങാൻ നോക്കി. 

അവൾ ചോദ്യങ്ങൾ നോക്കി മിഴിച്ചിരിക്കുന്നത് കണ്ടപ്പോൾ ഓർത്തു, അവൾക്ക് അഡ്മിഷൻ കിട്ടിക്കോട്ടെ. ഞാൻ  ഉത്തരങ്ങൾ പറഞ്ഞുകൊടുത്തു. കുറച്ചൊക്കെ. അത് മതി. പാസാകാൻ . ഉത്തരങ്ങൾ കൊണ്ടുകൊടുത്തപ്പോൾ അവരുടെ ചോദ്യം " അഡ്മിഷൻ കൊടുക്കാനോ ?" 

ഉത്തരക്കടലാസ് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. 'കുഴപ്പമില്ല, അഡ്മിഷൻ കൊടുക്കാം "

അങ്ങനെ സോണിയ എൻറെ ക്ലാസിൽ തന്നെ വന്നു. നല്ല വെളുത്ത കുട്ടി. നല്ല ഉയരം. സ്മാർട്ട്. ഉയരത്തിനൊത്ത വണ്ണം. എല്ലാവരുടെയും കണ്ണുകൾ അവളിൽ. ക്ലാസിൽ വന്ന അവൾ നിമ്മിയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു. നിമ്മിയുമായി കൂട്ടായി. 

ഹാജർ എടുത്തുകഴിയുമ്പോൾ ഞാൻ നിമ്മിയുടെ പുസ്തകമെടുക്കും മുമ്പ് സോണിയ അവളുടെ പുസ്തകമെടുത്ത് എനിക്ക് നേരെ നീട്ടും. അത് വാങ്ങി ഞാൻ ക്ലാസെടുക്കും. 

വടിയെടുക്കാൻ , ചോക്കെടുക്കാൻ , ഓഫീസിലേക്ക് നിമ്മി പോയ്‌കൊണ്ടിരുന്നിടത്ത് അവൾ ആദ്യമെഴുന്നേറ്റ് പോകും. 

ഷി ഫസ്റ്റ് . അതാണ് അവസ്ഥ. നമ്മൾക്ക് ഒരു കുട്ടിയെ ഒഴിവാക്കാൻ പറ്റില്ലല്ലോ. ഒരു കുട്ടിയോട് പ്രത്യേകത കാട്ടാൻ പറ്റില്ലല്ലോ. അങ്ങനെ നിമ്മിയുടെ സ്ഥാനം സോണിയ കൈക്കലാക്കി. 

അപ്പോഴും നിമ്മിയെ നോക്കി ഞാൻ ചിരിക്കും. കണ്ണിറുക്കി കാട്ടും. ഷി വാസ് ഹാപ്പി . 

അങ്ങനെ ഹാപ്പിയായ നിമ്മി മെല്ലെ മെല്ലെ ദുഖിതയായി. എന്താ വീട്ടിൽ എനി ഇഷ്യു ? എനി പേഴ്സണൽ ഇഷ്യു ? ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പറ്റിയില്ല. ഇന്ന് രാവിലെ അവൾ കരഞ്ഞിരിക്കുന്നു. എന്താ കാരണം ? അറിയണം. ലേഡി ടീച്ചേർസ് അറിഞ്ഞാൽ ആകെ കുളമാക്കും 

ഓ നിമ്മിയുടെ കാര്യം പിന്നീട് ഓർത്തതേയില്ല. നാല് കഴിഞ്ഞ് കുട്ടികൾ ലൈബ്രറി പുസ്തകമെടുക്കാൻ വന്ന സമയത്താണ് നിമ്മി വന്നത്. 

ഒരു കോണിലേക്ക് മാറി നിന്ന് ഞാൻ നിമ്മിയെ അടുത്തേക്ക് വിളിച്ചു. നിമ്മി വന്നു. 

"എന്തിനാ നിമ്മി കരഞ്ഞത്?"

"സാറിപ്പോ എന്നോട് മിണ്ടില്ല. എന്നോട് പുസ്തകം വാങ്ങില്ല " വീണ്ടും അവൾ കരയാൻ തുടങ്ങി. ഞാൻ കൈലേസ് എടുത്ത് അവളുടെ മുഖം തുടച്ചു. 

'സോണിയ ആദ്യം പുസ്തകമെടുത്തു തരുന്നതുകൊണ്ടല്ലേ ?" ഞാൻ പറഞ്ഞു.

"അവളെന്നോട് പറഞ്ഞല്ലോ, സാറിന് അവളെ ഇഷ്ടമാണ്. സാർ ഉത്തരമെല്ലാം പറഞ്ഞുകൊടുത്തിട്ട് ആണ് അവൾക്ക് ഇവിടെ അഡ്മിഷൻ കിട്ടിയതെന്ന് "

"യു സില്ലി" ഞാൻ പറഞ്ഞു. "ഇതൊക്കെ കേട്ട് കരയാൻ നീയും. നീ അത്ര മണ്ടിയാണോ ?" ഞാൻ ചോദിച്ചു 

അവളുടെ തോളത്ത് ആശ്വസിപ്പിക്കാൻ ഞാൻ കൈ വെച്ചു. അവളെൻറെ മാറിലേക്ക് ചാരി.

"നീ കരയാതെ. ബി സ്മാർട്ട്. ഇനി കരയരുത്."

"ഇല്ല." ഏങ്ങലടിച്ചുകൊണ്ട് അവൾ പറഞ്ഞു. 

 

അടുത്ത ദിവസം രാവിലെ ഞാൻ കേട്ട വാർത്ത എന്നെ ഞെട്ടിച്ചു " ഇവിടത്തെ ഒരു സാറും ഒരു കുട്ടിയും തമ്മിൽ പ്രേമത്തിലാണ് "

ആരെന്ന് ചോദിച്ചിട്ട് ഉത്തരമില്ല . 

 

 

 



2022 ഏപ്രിൽ 9, ശനിയാഴ്‌ച

വിജയൻ ചേട്ടൻ

ജാനകി  രമ്യ മാങ്കുളത്ത് "അവൻ " എന്നൊരു കഥ എഴുതിയിരിക്കുന്നു. വായിച്ചിട്ടില്ലാത്തവർ വായിക്കുക. നിങ്ങൾക്കറിയാമല്ലോ, ചില വിഭാഗം ജോലിക്കാർ ഇത്തിരി തരികിടകളായിരിക്കും. അതവരുടെ ജോലിയുടെ സ്വഭാവം കൊണ്ടാണെന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നത് , ചില പെണ്ണുങ്ങളുടെ സ്വഭാവം കൊണ്ടാണ് അവരിങ്ങനെയാകുന്നതെന്നാണ്.

 

ഉദാഹരണത്തിന് , നിങ്ങൾക്ക് മോഹനത്തെ അറിയാമല്ലോ. അവളുടെ 'അമ്മ ചെല്ലമ്മ ഭർത്താവിനെ കളഞ്ഞിട്ട് കാമുകനോടൊപ്പം പോയവകയിൽ ജനിച്ചവളാണ് മോഹനം. അവളുടെ തന്ത വാസുദേവൻ ഭാര്യയെ കളഞ്ഞിട്ട് കാമുകി ചെല്ലമ്മയോടൊപ്പം പോയവകയിലാണ് അവൾ ജനിച്ചത്. അതായത് തന്ത വഴിയിലും , തള്ളവഴിയിലും ഒരേ  കേസ് ! ചെല്ലമ്മ ഹൌസ് വൈഫ് ആയിരുന്നു. വാസുദേവൻ ബസ് ഡ്രൈവറും. അല്ലല്ല, രമ്യയുടെ കഥയും ഈ കഥയും രണ്ടും രണ്ടാണ്. ഇവിടെ കാമുകി കാമുകനൊപ്പം ഓടിപോയി ഒരുമിച്ച് ഉഷാറായി ജീവിച്ചു. രമ്യയുടെ കഥയിലെ പോലെ വളിച്ച് പുളിശ്ശേരിയടിച്ചില്ല . അവർ ഹീറോയും ഹീറോയിനുമായി ജീവിച്ചു. 


അതൊക്കെ പോകട്ടെ. ഞാനിപ്പോൾ പരിചയപ്പെടുത്തുന്നത് വിജയനെ ആണ്. വിജയൻ  ഹൌസ് വൈഫ് ആണ്. ശ്രീമതി വിജയമ്മ സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. വല്ല ലോണോ മറ്റോ വേണമെങ്കിൽ പറയണം കേട്ടോ. നമ്മൾക്ക് വിജയനെക്കൊണ്ട് പറയിപ്പിക്കാം .


അപ്പോൾ നമ്മുടെ ശ്രീമതി വിജയമ്മ എട്ടുമണിയാകുമ്പോഴേക്കും വീട്ടിൽ നിന്നിറങ്ങി ഓട്ടം തുടങ്ങിയിട്ടുണ്ടാവും. സഹകരണ ബാങ്ക് ഓഫീസുവരെയും ഓടും. ശ്രീമതി വിജയമ്മയുടെ ആരോഗ്യത്തിൻറെ രഹസ്യം ഈ ഓട്ടം ആകുന്നു. ഒന്നാം തരം ഓട്ടക്കാരിയാണ് ശ്രീമതി വിജയമ്മ. സിയൂളിൽ ഒളിമ്പിക്സിന് ഓടാൻ പോയിരുന്നെങ്കിൽ സ്വർണ്ണവുമായി തിരികെ വന്നേനെ. രാജ്യത്തിന് ഒരു സ്വർണ്ണമെഡൽ നഷ്ടം. അല്ലാതെന്താ ? ഓട്ടം രാവിലെ മാത്രമേയുള്ളൂ. വൈകിട്ട് റിട്ടേൺ മെല്ലെ നടന്നാണ്. അമേരിക്കയുടെ റോക്കറ്റ് അങ്ങോട്ട് പോകുമ്പോൾ വലിയ സ്പീഡിലല്ലേ പോക്ക്. തിരികെ വരുമ്പോൾ വേഗത കുറച്ച് പാരച്യൂട്ട് ഒക്കെ വിടർത്തി , മഴയായാലും വെയിലായാലും കുട നിവർത്തിപ്പിടിക്കുംപോലെ നിവർത്തിപ്പിടിച്ച് മെല്ലെയല്ലേ വരവ് . അതുപോലെ തന്നെ ഡാ 


രാവിലെ വിജയമ്മ ഒന്നും ഉണ്ടാക്കിയിട്ടില്ല. പുവർ വിജയൻ തനിയെ ഉണ്ടാക്കാനൊന്നും മിനക്കെടില്ല . രാത്രിയിൽ വന്നിട്ട് അവളുണ്ടാക്കും. അപ്പോൾ വിജയൻ ഉണ്ണും. അത്രേയുള്ളൂ. അപ്പോൾ രാവിലെയും ഉച്ചയ്ക്കും ? അത് രാജമ്മ കൊണ്ടുക്കൊടുക്കും, അല്ലെങ്കിൽ വന്നുവിളിക്കും. അപ്പോൾ ചെന്ന് കഴിക്കും. അങ്ങനെ വിജയമ്മയും വിജയനും വിജയകരമായി ജീവിക്കുന്നു. ത്രീ ചിൽഡ്രൻസ് നെ പ്രൊഡ്യൂസ് ചെയ്തിട്ടുമുണ്ട്. 


അങ്ങനെയിരിക്കേ , വരുന്നു വിലാസ ലോലിത , തന്വ൦ഗി , താമര നയന , മുഖം കമല പുഷ്പം പോലെ , മാറത്ത് കമല മൊട്ടുകളുമായി . അവൾ മൊഴിയുന്നു. "ചേട്ടൻ രാവിലെ വല്ലതും കഴിച്ചോ ?" 

"ചേട്ടൻ രാവിലെ വല്ലതും കഴിച്ചോ ?" ചോദ്യം ഒന്നൂടെ കേൾക്കാൻ കൊതിച്ചു വിജയൻ. സുന്ദരിയുടെ വദന കാന്തി കണ്ട് മയങ്ങിയങ്ങിരുന്നുപോയി. പെണ്ണ് പോകും മുമ്പ് ധൃതി പിടിച്ച് പറഞ്ഞറിയിച്ചു "ഇല്ല , അവള് രാവിലെ ഒന്നും ഉണ്ടാക്കിയില്ല "


"ചേട്ടൻ ഒന്നും ഉണ്ടാക്കിയില്ലേ ?" മാധുര്യമൂറുന്ന ശബ്ദം കാതിനിമ്പം ചേർത്തു. " ഓ , എനിക്ക് രാവിലെ ഒരു വയ്യായ്ക "


"ഞാനുണ്ടാക്കി തരാലോ !" പെണ്ണ് അടുക്കളയിലേക്ക് നടന്നു. വേണ്ടതെന്തെന്ന് പെണ്ണുര ചെയ്യും , വിജയൻ ചേട്ടൻ അതെടുത്തു കൊടുക്കും. അതിനിടയിൽ വിജയൻ ചേട്ടൻ പറഞ്ഞു " ഉണ്ടാക്കുമ്പോൾ നിനക്ക് കൂടി ഉണ്ടാക്കണം. എനിക്ക് മാത്രമായി ഉണ്ടാക്കിയാൽ ഞാൻ കഴിക്കില്ല . 


പെണ്ണ് രാവിലത്തേത് ഉണ്ടാക്കി. രണ്ടുപേരും ഒപ്പമിരുന്ന് കഴിച്ചു.  ഉച്ചയ്ക്കുള്ളത് ഉണ്ടാക്കി വെച്ചു. വിജയനെടുത്ത് കഴിച്ചാൽ മതി.


അന്ന് രാജമ്മ വന്ന് വിളിച്ചിട്ട് വിജയൻ പോയില്ല. 


പെണ്ണ് അടുത്ത ദിവസവും രാവിലെ വന്നു. രാവിലത്തേത് ഉണ്ടാക്കി വിജയൻ ചേട്ടനും ലതയും ഒരുമിച്ച് കഴിച്ചു. ഉച്ചയ്ക്ക് കഴിക്കാറുള്ളത് ഉണ്ടാക്കി വെച്ചു. പെണ്ണ് പോകാനിറങ്ങിയപ്പോൾ വിജയൻ ചേട്ടൻ ചോദിച്ചു "എന്താത്ര ധൃതി ?"

"ഒന്നൂല്ല " പെണ്ണ് മൊഴിഞ്ഞു.

"ഉച്ചയ്ക്ക് കഴിച്ചിട്ട് പോകാം "

"ചേട്ടൻ എടുത്ത് കഴിച്ചാൽ മതി."

"ഉച്ചയ്ക്ക് ഉണ്ടാൽ , നാലുമണിക്ക് കുടിക്കാൻ ചായ ഇട്ടുതരണമെന്ന് പറയുമെന്ന് പേടിച്ചാണോ ? വേണേൽ ചായ ഞാൻ അനത്തിത്തരാം "

'യ്യോ , അതുകൊണ്ടൊന്നുമല്ല ചേട്ടാ "

"എന്നാൽ നില്ല് . ഊണുകഴിച്ചിട്ട് , വൈകിട്ട് ചായയുമിട്ടിട്ട് പോകാം."

ചേട്ടൻ പറഞ്ഞാൽ പെണ്ണെങ്ങനെ പോകും ? പെണ്ണ് നിന്നു. ഉച്ചയ്‌ക്കൊരുമിച്ചുണ്ടു . വൈകിട്ട് ചായയും രണ്ടുപേരുമൊരുമിച്ചു കുടിച്ചു. 

രാജമ്മാസ് ഫുഡ് കംപ്ലീറ്റ്‌ലി കട്ട് . വേണ്ടെന്ന് വെച്ചു.

അങ്ങനെ എല്ലാം സുഖം സ്വസ്ഥം 

ജീവിതം സുന്ദരം.  സുഖകരം. സ്വപ്ന സദൃശം . മനോമോഹനം. മോഹനം 

ദൈവം പരാമദുഷ്ടൻ , ആർക്കുമങ്ങനെ കൂടുതൽ സുഖം കൊടുക്കില്ല. ചില മൊശടുപിടിച്ച കിളവന്മാരെപ്പോലെയാണ് ദൈവം . ദൈവമാണെന്ന് പറഞ്ഞിട്ടെന്താ ? അസൂയയിൽ പെണ്ണുങ്ങളെ കവച്ചുവെയ്ക്കും. ദൈവം പണിയൊപ്പിച്ചു. ഒരു ദിവസം വിജയമ്മ ഓടിപ്പടഞ്ഞ് ഓഫീസിലെത്തിയപ്പോൾ പണിമുടക്ക്. സിംപ്ലി ഗോ ബാക്ക് . 

വിജയമ്മ മെല്ലെ നടന്നു. രാവിലെ ഓടിയത് മിച്ചം. ഒന്ന് വിശ്രമിക്കാൻ പോലുമൊത്തില്ല . വീട്ടിൽ ചെന്നൊന്ന് കിടക്കണം. ക്ഷീണം മാറീട്ട് എഴുന്നേറ്റ് വല്ലതുമുണ്ടാക്കാം. 


വീട്ടിലെത്തിയപ്പോൾ എല്ലാം അടച്ചുപൂട്ടിക്കിടക്കുന്നു. അങ്ങേരിതെവിടെ പോയി? ആരോടന്വേഷിക്കും ? അപ്പോൾ അകത്ത് കിക്കിക്കി എന്നൊരു പെൺചിരി. "ഭഗവാനേ " വിജയമ്മ വിളിച്ചുപോയി. 

ശബ്ദം കേട്ട മുറിയുടെ ജനാലപ്പാളിയുടെ വിടവിലൂടെ നോക്കി. 

പിന്നൊന്നൂടെ നോക്കാൻ വിജയമ്മക്ക് കഴിഞ്ഞില്ല.

ജനാല ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി വിജയമ്മ. നിലത്ത് തളർന്നിരുന്നു വിജയമ്മ.

ആരെന്ന് നോക്കാൻ വിജയൻ ജനാലപ്പാളി അൽപ്പമൊന്ന് തുറന്ന് പുറത്തേക്ക് നോക്കി. പുറത്ത് വിജയമ്മ .

"ഞാൻ പൂവാ ചേട്ടാ " എന്നുംപറഞ്ഞ് ലത പുറത്തേക്ക് 

"എടീ " എന്നും വിളിച്ച് ലതയുടെ പിന്നാലെ വിജയമ്മ.

"അവളെ തൊട്ടുപോകരുത് " വിജയൻ 

വിശ്വസിക്കാനാവാതെ വിജയനെയും നോക്കി നിന്നുപോയി വിജയമ്മ. "  "നീയിങ്ങുവാടീ " എന്ന് വിജയൻ ചേട്ടൻ 

" ഈ വീട്ടിൽ ഒരാള് മതി " എന്ന് വിജയമ്മ 

"എന്നാൽ നീയിറങ്ങിക്കോ " എന്ന് വിജയൻ ചേട്ടൻ 

"എന്താ , എന്താ ?" എന്ന് അയലോക്കക്കാർ 

വിജയമ്മ കിണറ്റിൽ ചാടാൻ കിണറിൻറെ വക്കത്ത് 

വിജയൻ ചേട്ടനും ലതയ്ക്കും സമാധാനമായി 

അവള് ചത്താൽ അവടെ ജോലി ഭർത്താവിന് കിട്ടണമല്ലോ.

അപ്പോൾ താൻ വിജയൻ സാറാകും. മാസാമാസം ശമ്പളം തനിക്ക് കിട്ടും. വീട്ടുകാരി പുഷ്പം പോലുള്ള കോച്ച് പെണ്ണ് , ലത. ഹാ 

ലതയുംഅതുതന്നെയാണലോചിച്ചത് . വിജയമ്മ ചത്താൽ വിജയൻ ചേട്ടന് ജോലി കിട്ടും . താൻ വിജയൻ ചേട്ടൻറെ ഭാര്യ. എന്തൊരു ഭാഗ്യം !

അപ്പോഴാണ് വിജയമ്മയുടെ അമ്മാവൻ ഓടിച്ചെന്ന് വിജയമ്മയെ കിണറിൻ വക്കത്ത് നിന്ന് പിടിച്ചു മാറ്റിയത് 

"എനിക്കിനി ജീവിക്കേണ്ട "  എന്ന് വിജയമ്മ 

"എന്താടാ ?" എന്ന് വിജയമ്മയുടെ അമ്മാവൻ 

" എനിക്ക് ഇവളാ വല്ലതും വെച്ച് വിളമ്പി ത്തരുന്നത് . എനിക്കിവൾ മതി " വിജയൻ പറഞ്ഞു തീർന്നില്ല, വിശ്വനാഥ സ്വാമി , വിജയമയുടെ അമ്മാവൻ , കിളവൻ , വൃദ്ധൻ ലതയ്ക്കിട്ട് ഒറ്റത്തൊഴി . പെണ്ണ് മൂന്ന് കരണം മറിഞ്ഞ് മൂന്ന് മീറ്റർ അകലെ ചെന്ന് നടുവടിച്ച് ലാൻഡ് ചെയ്തു. എന്നിട്ട് കൽപ്പിച്ചു. ഇനി നിന്നെ ഈ ഭാഗത്ത് കണ്ടുപോയിട്ടുണ്ടെങ്കിൽ കൊതി അരിഞ്ഞ് കളയും , $$$$$  (അത് മലയാളത്തിൽ എഴുതാൻ കൊള്ളില്ല )

വിജയൻ നാവിറങ്ങിപ്പോയത് പോലെ മിണ്ടാതെ നിന്നു. പെണ്ണ് നോക്കിയപ്പോൾ അതുവരെ ഗജരാജനെപ്പോലെ നിന്ന വിജയൻ ചേട്ടൻ സിംഹത്തിന് മുന്നിൽ  എലിയായി നിന്ന് വിറയ്ക്കുന്നു. കൂടുതൽ ക്ഷതം തട്ടും മുമ്പ് പോകുന്നതാണ് ആരോഗ്യത്തിന് നന്നെന്ന് കണ്ട പ്കജാക്ഷിപുത്രി ലത അവിടന്ന് എഴുന്നേറ്റ് പോയതിൽ പിന്നെ ആ ഭാഗത്തേക്ക് ചെന്നതായി അറിവില്ല . ആ കശ്മലൻ വിജയൻ ചേട്ടൻ ലതയെ അന്വേഷിച്ച് പോയതുമില്ല. 


പ്രീയ ജാനകി രമ്യ  മാങ്കുളമേ , ഈ കഥ ഇവിടെ സമാപ്തം .