അവനെ കണ്ടത് മുതൽ പ്രണയം എന്നിൽ മഴയായി പെയ്തു
അവനായത് നന്നായി
അതൊരു അവളായിരുന്നെങ്കിൽ
ഇടിനാശം , വെള്ളപ്പൊക്കം
ആകെ കുഴപ്പം
നിങ്ങൾ വിചാരിക്കും , ഇത് ഏതാണ്ട് ആനക്കാര്യമാണെന്ന്
സിംപിൾ
അവനുമായി സംസാരിച്ചിരിക്കെ ചായ കുടിക്കാമെന്ന് പറഞ്ഞു വിളിച്ചു
ചായക്കടകളുടെ മുന്നിലൂടെ പോയിട്ട്
ചായക്കടകളിലൊന്നിലും കയറിയില്ല
അൽപ്പം അകലെയുള്ള ബാർ വരെ നടന്നു
ബാറിലേക്ക് കയറി
അവൻ അഭിപ്രായമൊന്നും പറഞ്ഞില്ല
വിസമ്മതം പ്രകടിപ്പിച്ചില്ല
നേരേ ബാറിലേക്ക് കയറി
ഒരു ആളൊഴിഞ്ഞ ടേബിളിനടുത്ത് കസേരയിലിരിക്കുമ്പോൾ
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു
എൻറെയിൽ പൈസ ഇല്ല
ഞാൻ ഒന്നും പറഞ്ഞില്ല
"എന്താ നിനക്ക് വേണ്ടത് ?"
"ചേട്ടൻ എന്തേലും പറ "
"ബിയർ , ബ്രാണ്ടി എന്താ വേണ്ടത് ?"
"ബിയർ മതി " ഒരു പെണ്ണിനെപ്പോലെ അവൻ കിണുങ്ങി
രണ്ട് ചിക്കൻ ബിരിയാണിയും രണ്ട് കല്യാണിയും ഓർഡർ ചെയ്ത് കാത്തിരുന്നു.
ആദ്യം ബിയർ വന്നു. ഗ്ലാസ് വന്നു.
ബിയർ ചെന്നപ്പോൾ അവന് സൗന്ദര്യം വർദ്ധിച്ചു
ഞാനവനെ കൊതിയോടെ നോക്കി
ബിയർ ചെന്നപ്പോൾ അവന് എന്നോട് സ്നേഹം വർദ്ധിച്ചു
അവനെന്നെ സ്നേഹത്തോടെ നോക്കി
ചിക്കൻ ബിരിയാണിയായി സ്വാദോടെ വന്നു
ചില്ലി ചിക്കൻ വന്നു
എരിവ് തോന്നി അവന്
ഓരോ പെഗ് ബ്രാണ്ടി ആവാം , എനിക്ക് വേണമെങ്കിൽ
അവന് സ്വാർത്ഥത ഒട്ടുമില്ല
എനിക്ക് വേണമെങ്കിൽ ഒരു കമ്പനിക്ക്, യേത്
എൻറെ സന്തോഷമാണ് അവൻറെ സന്തോഷം
ഇതാണ് യഥാർത്ഥ പ്രേമം
ഞാനൊരു പെണ്ണിനെ മുമ്പ് പ്രേമിച്ചിരുന്നു
ഞങ്ങളത് രഹസ്യമായി കൊണ്ട് നടന്നു
ഇതുപോലെ ഒരുമിച്ചിരുന്ന് ഒരു ചായ കഴിക്കാൻ പ്രയാസമാണ്
ഇന്ത്യൻ കോഫീ ഹൌസിൽ അവളെ ഒന്ന് കൊണ്ടുപോകാൻ
അവൾ അവിടെ വരും
ഞാൻ അവിടെ ചെല്ലണം
ഒരുമിച്ച് നോ ചാൻസ്
ഇറങ്ങുന്നതും വേറെ വേറെ
അവൾ പോയിക്കഴിഞ്ഞ് എനിക്ക് പോകാം
ആരും കാണരുത് , അറിയരുത്
ഞങ്ങളുടെ മതവും ജാതിയും അറിയണം
എല്ലാ ഇരപ്പാളി ബന്ധുക്കളുടെയും സമ്മതപത്രം വേണം
എന്നെ കാണുമ്പോൾ ഇളിക്കുന്നവൻ അവൾക്ക് പാര
ഒരുത്തനെയും വിശ്വസിക്കാൻ വയ്യ
ഞങ്ങൾ പ്രേമം രഹസ്യമാക്കി വെച്ചിട്ടും ആരോ അത് കണ്ടുപിടിച്ചു
അവളുടെ വീട്ടിൽ അറിഞ്ഞു
അടിപിടിയായി, വഴക്കായി.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഗാർഡ് ആയി.
ഒടുവിൽ കെട്ടിച്ച് വിട്ടു
എന്നിട്ടും അവൾക്ക് മനഃസമാധാനമില്ല
പൂർവ്വ കാമുകനെ കാണാൻ അവൻ വന്നിരുന്നു
അവൻ ഇന്റർവ്യൂ നടത്തിയിട്ട് പോയി
ഞങ്ങളുടെ പ്രേമത്തെക്കുറിച്ചായിരുന്നു അവനറിയേണ്ടത്
"ഏത് പെണ്ണ് ? എനിക്കങ്ങനെ ഒരു പെണ്ണിനെ അറിയില്ലല്ലോ ?
വല്ല ചെറ്റയും പറഞ്ഞുണ്ടാക്കിയ കഥയാവും .
കാണാൻ കൊള്ളാവുന്ന പെണ്ണാണെങ്കിൽ കഥകളൊത്തിരി വരും .
ഏതായാലും എനിക്കിങ്ങനെ ഒരു പ്രേമമുണ്ടായിരുന്നെന്ന്
ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ.
നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒന്ന് പ്രേമിച്ചേക്കാമായിരുന്നു "
ഏതായാലും എനിക്ക് അങ്ങനെ ഓരു പ്രേമം ഇല്ലായിരുന്നുവെന്ന്
ആ തെണ്ടിക്ക് ബോദ്ധ്യം വന്നു
ഒരു ഡൈവോഴ്സ് ഒഴിവായി
അവരുടെ ബന്ധം ഉലഞ്ഞിരുന്ന സമയത്ത് അവളെൻറെ മുന്നിൽ വന്നു
അവളുടെ മുഖം വാടിയിരുന്നു
കരയുന്ന ഭാവം
അവളെന്നെ കണ്ടിട്ട് മിണ്ടിയില്ല , ചിരിച്ചില്ല
കരയുന്ന ഭാവത്തിലായതുകൊണ്ട് ഞാൻ അടുത്ത് ചെന്നില്ല
സംസാരിച്ചില്ല
അവളെൻറെ നേരേ നോക്കിയതേയില്ല
അവളെയുമെന്നെയും വീക്ഷിച്ചുകൊണ്ട് അവളുടെ ഭർതൃ യജമാനൻ
അവിടെ നിൽക്കുന്നുണ്ടായിരുന്നു പോൽ
അത് ഞാനറിഞ്ഞില്ല
അതുകഴിഞ്ഞ് മറ്റുചിലരെ അന്വേഷണത്തിന് എൻറെ അടുത്ത് വിട്ട്
പിന്നീടാണ് ആ ഏഭ്യൻ അഭിമുഖത്തിന് എൻറെ അടുത്തെത്തിയത്
കഴിഞ്ഞതവണ കണ്ടപ്പോൾ അവളും കുട്ടിയും മാത്രം
അവൾ എൻറെ അടുത്തു വന്നു ചിരിച്ചു സംസാരിച്ചു
"ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല " അവളെന്നോട് പറഞ്ഞു
ഞാൻ ചിരിച്ചു
അപ്പോൾ മനസ്സിൽ നിന്നൊരു വലിയ ഭാരമൊഴിഞ്ഞതുപോലെ
ചിക്കൻ ഒഴിഞ്ഞ പ്ളേറ്റിന് മുന്നിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു
"ഓരോന്നൂടെ പറ "
പതിനെട്ടോ ഇരുപതോ പ്രായമുള്ള ചെക്കൻ വെള്ളം പോലെയാണ്
ബ്രാണ്ടി കുടിക്കുന്നത്.
അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല
ബാറിൽ നിന്നിറങ്ങി നടക്കുമ്പോൾ
ഉച്ചവെയിലിന് ചൂടുണ്ടായിരുന്നില്ല
വെറും മഞ്ഞവെയിൽ .
തിയേറ്ററിന് മുന്നിലെത്തിയപ്പോൾ അവൻ പറഞ്ഞു
"ഓരോ സിനിമ കൂടെ കണ്ടേക്കാം "
ടിക്കറ്റെടുത്ത് അകത്തെ തണുപ്പിലിരിക്കുമ്പോൾ
ഞാൻ അവനോട് സ്വകാര്യമായി പറഞ്ഞു
" ഐ ലവ് യു ഡാ "
ഞാൻ പ്രതീക്ഷിച്ച മറുപടി
നിങ്ങൾ അവൻ പറഞ്ഞെന്ന് പ്രതീക്ഷിക്കുന്ന മറുപടി
"ചേട്ടന് പെണ്ണുങ്ങളെ പ്രേമിച്ചുകൂടെ ?" എന്ന്
പക്ഷെ അവൻ അങ്ങനെ പറഞ്ഞില്ല
അവനെന്നെ മുഖത്തേക്ക് നോക്കി
എന്നിട്ട് ചിരിച്ചു
"എനിക്ക് ചേട്ടനെ ഇഷ്ടമാ " അവൻ പറഞ്ഞു
അതേ , അവനാകുമ്പോൾ ജാതി മതം ഒന്നും തടസമല്ല
അത് ഞങ്ങളുടെ രഹസ്യമായിരിക്കും.
സമൂഹം എത്തിനോക്കാൻ വരില്ല
കുറച്ച് കഴിയുമ്പോൾ അവൻ അവൻറെ വഴിക്ക് പോകുമായിരിക്കും
അപ്പോൾ പോലും അത് ഞങളുടെ കാര്യമായിരിക്കും
ഒരു പെണ്ണിനെ പ്രേമിക്കാൻ
അനുവദിക്കാത്ത സമൂഹം
ഭ !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ