2022 മാർച്ച് 30, ബുധനാഴ്‌ച

ഞാനൊരു ചെറിയ മനുഷ്യനാണ്

 മലയാളത്തിൽ ഞാനൽപ്പം വീക്കാണ് കേട്ടോ. നിങ്ങളെ പോലെ , നിങ്ങളിൽ പലരെയും പോലെ , പഠിപ്പൊന്നും ഇല്ല. എന്നാൽ സ്വയം ഒന്ന് നന്നാകാം എന്ന് കരുതി എപ്പോഴും മലയാള സാഹിത്യമെന്നും പ്രസംഗിച്ച്  ചിലരോട് അടിയൻ ചെറിയ ഒരു ആവശ്യം പറഞ്ഞു. അവരൊക്കെ ഒന്ന് മൂളി. അല്ലാതൊന്നും സംഭവിച്ചില്ല. 

എൻറെ ആവശ്യം ഇതായിരുന്നു. മലയാളത്തിലെ വായിച്ചിരിക്കേണ്ട , മലയാള സാഹിത്യത്തെക്കുറിച്ച് അറിയാൻ പറ്റിയ പത്ത് പുസ്തകങ്ങൾ ഒന്നെഴുതിത്തരണം. ഒരു മൂളൽ അല്ലാതെ ഒന്നും സംഭവിച്ചില്ല. 

പിന്നെ ഞാൻ എന്ത് ചെയ്തു എന്നല്ലേ? ഒരു ദിവസം ഡി സി ബുക്ക്സിലേക്ക് കയറി ചെന്നു . ഒന്നും രണ്ടും പുസ്തകങ്ങൾ വീതം വാങ്ങി വായിച്ചു. ഇതിനൊരു ആന്റി ക്ളൈമാക്സ് കൂടിയുണ്ട്. ഒരിക്കൽ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ എല്ലാരും ചേർന്ന് പൊങ്കാലയിട്ടു. വായിക്കണമെങ്കിൽ ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് വായിച്ചാൽ പോരായിരുന്നോ ? ആർക്കെങ്കിലും വേണമെങ്കിൽ കുറച്ച് കുറഞ്ഞാലും , കിട്ടുന്ന വിലയ്ക്ക് ആർക്കെങ്കിലും കൊടുത്തുകള. 

അവർ ഉപദേശിച്ചത് പോലെ പുസ്തകം പടക്കക്കാർക്ക് വിറ്റില്ല. പ്രതിസന്ധി എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ വരുന്നതാണെന്ന് ആരോടും പറഞ്ഞില്ല. പുസ്തകം വാങ്ങുന്ന ശീലം ഉപേക്ഷിച്ചു. കാരണം പൈസ വേണ്ടേ . ഇപ്പോഴും പുസ്തകം വായിക്കുന്നുണ്ട്. പിന്നെ ഒരു സന്തോഷ വാർത്ത. പുസ്തകങ്ങൾ വിറ്റില്ലെങ്കിലും ഇപ്പോൾ ഒന്നും ബാക്കിയില്ല. ചിലരൊക്കെ വായിച്ചിട്ട് തരാമെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ട് പോയി. വായിച്ചിട്ട് തരാമെന്നാണ്. വായിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിൽ തന്നേനേ. ആരും കൊണ്ടുപോകാതിരുന്ന പുസ്തകങ്ങളുടെ കാര്യം . അവയൊക്കെ മരിച്ചുപോയി. ചിതൽ തിന്നു ചത്തുപോയി. മനുഷ്യരുടെ ഓരോരോ ദുഖങ്ങളെ. 

എനിക്ക് മലയാളത്തിൽ അധികം വാക്കുകളൊന്നും അറിയില്ല. വർണ്ണിക്കാനും അലങ്കാരവും ഒന്നും എനിക്ക് വഴങ്ങില്ല. എള്ളോത്ത മൂക്കീ, എന്നോ മറ്റോ ഒരു  കവിതയുണ്ടത്രേ. കേട്ടിട്ടേയുള്ളു. അറിയില്ല. അറിയുന്നത് മാധവിക്കുട്ടിയെയാണ്. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലമാണ്. മാധവിക്കുട്ടിയുടെ എൻറെ കഥയാണ്. കുഞ്ഞുക്കുട്ടൻറെ പോത്ത് ആണ് മാടമ്പ് കുഞ്ഞുകുട്ടൻറെ ഉത്തരകോളനിയാണ്. ഭ്രഷ്ട് ആണ്. ബഷീറിൻറെ പാത്തുമ്മയുടെ ആടാണ്.  ബാല്യകാല സഖിയാണ്. കവിത ? അത്രയ്ക്ക് സ്റ്റാൻഡേഡ് ഒന്നും ഇല്ല.  കക്കാടിൻറെ സഫലമീ യാത്രയും കുരീപ്പുഴ ശ്രീകുമാറിൻറെ ജൂലിയും  ഇഷ്ടമാണ്. 

ഇപ്പോൾ വായന പ്രതിലിപിയിലേക്ക് ഒതുങ്ങി. വായിക്കുന്നുണ്ട്. റിവ്യൂഎഴുതുന്നില്ലെന്ന് മാത്രം. റിവ്യൂ എഴുതിയാൽ ആളുകൾക്ക് ഇഷ്ടമാവില്ല. എന്തിന് ആളുകളെ മുഷിപ്പിക്കണം. ആദ്യമൊക്കെ സ്‌കൂളിലെ സാറന്മാർ മാർക്ക് ഇടുന്നതുപോലെയായിരുന്നു സ്റ്റാർ നിശ്ചയിച്ചിരുന്നത്. പ്രതികരണം അത്ര സുഖകരമല്ലാത്തതുകൊണ്ട് അത് നിർത്തി. നന്നായി , എന്നല്ലേ നിങ്ങൾ മനസ്സിൽ പറഞ്ഞത്? എനിക്കറിയാം. 

ചുരുക്കി പറയാം. നിങ്ങൾ കാണുന്നതുപോലെ ഞാനൊരു ചെറിയ മനുഷ്യനാണ്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ