2018 ജനുവരി 6, ശനിയാഴ്‌ച

ഡയറിക്കുറിപ്പുകൾ

പറയുന്നത് ആരോടെന്നത് വളരെ വളരെ പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് , എന്താണ് എത്രത്തോളമാണ് പറയുന്നതെന്നതും. അതുകൊണ്ടുതന്നെ ഈ ബ്ലോഗുകൾ , പേര് സൂചിപ്പിക്കുന്നതുപോലെ ഇത് വെറും ഡയറിക്കുറിപ്പുകൾ മാത്രമാണ്, ആരെങ്കിലും വായിക്കരുതെന്നാണ് എൻറെ ആഗ്രഹം.

മുൻപൊക്കെ ഞാൻ ഓരോ വർഷവും ഓരോ ഡയറി വാങ്ങുമായിരുന്നു. ഒരു ദിവസത്തിന് ഒരു പേജ്. എല്ലാ ദിവസവും എഴുതിയില്ലെന്നു വരാം. ചില ദിവസങ്ങളിൽ വളരെ എഴുതിയെന്നും വരാം. മാനസിക ഭാവങ്ങൾ വെളിപ്പെടും. പിന്നെപ്പോഴെങ്കിലും മറിച്ചുനോക്കിയതായി തോന്നുന്നില്ല. എന്നാൽ ആ സാധനം അപകടകാരിയാണ്. ആരുടെയെങ്കിലും കയ്യിൽ പെട്ടാൽ , വേറൊരാളുടെ ഡയറിയല്ലേ, വായിക്കുന്നത് മോശമല്ലേ , എന്നൊരു ചിന്തയില്ലാതെ പരിശുദ്ധ പാപം ചെയ്യുന്ന സുഖത്തോടെ ( നീ വ്യഭിചരിക്കരുതെന്ന് പറഞ്ഞിരിക്കുന്നു ) അവരതങ്ങു ചെയ്യും. ഞാനീയിടെ അതെല്ലാമെടുത്ത് കത്തിച്ചുകളഞ്ഞു. ആളുകളെക്കൊണ്ട് അത്രക്കുപദ്രവമായിട്ടുണ്ട് . ഫേസ്ബുക്കിലാകുമ്പോൾ രണ്ടുണ്ട് ഗുണം. ഡയറി വാങ്ങാൻ കാശ് ചിലവാക്കേണ്ട. ഡയറി ഒളിച്ചുവെക്കാൻ പാടുപെടേണ്ട. ഡയറിക്കുറിപ്പ് എന്ന് കണ്ടാലും ആരും ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാൻ മിനക്കെടുകയില്ല .

ഇനി അഥവാ ആരെങ്കിലും കണ്ടാൽ, വായിച്ചാൽ മൗനം ഭജിക്കണമെന്ന് അപേക്ഷയുണ്ട്. ചിലർ ഡയറി കട്ടുവായിച്ചിട്ട് അതിലുള്ളത് ഒന്നുറക്കെ പറയും. അതവർക്കൊരു സുഖമാണ്.


എനിക്ക് ഡയറി എഴുത്ത് ശീലമായിപ്പോയി. അതാണ് പ്രശ്‍നം . ആരെക്കൊണ്ടും ഉപദ്രവമുണ്ടാവില്ലെന്ന ആശയോടെ -- അതെ, ആശ . ആശയോടെ, ഞാൻ ഡയറി എഴുതിത്തുടങ്ങുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ